Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണം: അൽമായ നേതൃസമ്മേളനം

സ്വന്തം ലേഖകൻ

കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിൽ ക്രൈസ്തവ സമൂഹത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണമെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിലവിലുള്ള ഉത്തരവുകൾക്കും നിലപാടുകൾക്കുമെതിരെ ക്രൈസ്തവസമൂഹം ഉണരണമെന്നും സീറോ മലബാർ സഭ അല്മായ ഫോറം സംഘടിപ്പിച്ച അല്മായ നേതൃസമ്മേളനം ആവശ്യപ്പെട്ടു.

ബിഷപ്പുമാർ, വൈദികർ, സന്യാസിനികൾ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ, അല്മായ സംഘടനാനേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത ദേശീനേതൃത്വ വെബ്കോൺഫറൻസിൽ അല്മായ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവ്വഹിച്ചു. ജനാധിപത്യപ്രക്രിയയിൽ മത-ഭാഷ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം കൊടുക്കേണ്ടത് സമൂഹബാധ്യതയാണെന്നും അത് നീതിനിഷ്ടമായി നിറവേറ്റിയാലേ അർത്ഥപൂർണ്ണമാകുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പങ്കാളിത്ത ജനാധിപത്യത്തിൽ ഭൂരിപക്ഷവിഭാഗങ്ങളുടെ സംരക്ഷണം ന്യൂനപക്ഷവിഭാഗങ്ങൾക്ക് അനിവാര്യമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളുടെ സമഗ്രവളർച്ചയ്ക്ക് ഇത് ആവശ്യമാണ്. കോവിഡ് മഹാമാരി മനുഷ്യസമൂഹത്തിന് ഏൽപ്പിച്ചിരിക്കുന്ന ആഘാതം മറികടക്കാൻ എല്ലാ സഭാമക്കളും സംവിധാനങ്ങളും മുന്നിട്ടിറങ്ങണമെന്നും കർദ്ദിനാൾ ചൂണ്ടിക്കാട്ടി.

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം പൂർണ്ണമാകുവാൻ ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ ഭൂരിപക്ഷവിഭാഗങ്ങളുടെ നിയന്ത്രണത്തിലാവും സമൂഹത്തിന്റെ ചലനങ്ങൾ. അതുപോലെ ക്രൈസ്തവരുൾപ്പെടെ ന്യൂനപക്ഷങ്ങൾക്കുള്ള ഭരണഘടനാപരമായ തുല്യനീതി ഉറപ്പാക്കണമെന്ന് ബിഷപ് മാർ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി.

സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ.അഡ്വ.വി സി.സെബാസ്റ്റ്യൻ ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ചും ക്രൈസ്തവർ നേരിടുന്ന ആനുകാലിക വെല്ലുവിളികളെക്കുറിച്ചും പ്രബന്ധാവതരണം നടത്തി. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും സാംസ്‌കാരിക ഉന്നമനത്തിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികൾ വിവരിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും ധനകാര്യകോർപ്പറേഷനും ആസൂത്രിതമായി ക്രൈസ്തവരുടെ ന്യായമായ അവകാശങ്ങളെ തമസ്‌കരിക്കുന്ന നടപടി തുടരാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഷപ്പുമാരായ മാർ റമീജിയസ് ഇഞ്ചനാനിയിൽ, മാർ ജോസ് പുളിക്കൽ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ പ്രസിഡന്റ് ലാൻസി ഡി. കുണ, അല്മായ ഫോറം സെക്രട്ടറി അഡ്വ.ജോസ് വിതയത്തിൽ, ഫാമിലി, ലെയ്റ്റി, ജീവൻ കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ.ജോബി മൂലയിൽ, കെസി ബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് പാലക്കാപ്പിള്ളി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം, മുൻ ലേബർ കമ്മീഷണർ എം പി ജോസഫ് ഐഎഎസ്, ഡോ.കൊച്ചുറാണി ജോസഫ്, ലെക്സി ജോയ് മൂഞ്ഞേലി, ഇന്ത്യയിലെ വിവിധ രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ഡോ.സി.പി. ജോൺസൻ (മഹാരാഷ്ട്ര), അഡ്വ.പി ടി ചാക്കോ (ഗുജറാത്ത് ), ഡോ.മാത്യു മാമ്പ്ര (കർണാടക), സിറിയക് ചൂരവടി (തമിഴ്‌നാട്), പി ജെ തോമസ് (ഡൽഹി) എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിലവിലുള്ള ഘടനയിൽ മാറ്റംവരുത്തി രാഷ്ട്രീയേതരമായി പുനഃസംഘടിപ്പിക്കണം. ക്രിസ്ത്യൻ പിന്നോക്കാവസ്ഥ പഠിക്കാൻ ഒരു വിദഗ്ധസമിതിയെ നിയമിക്കണം. യാതൊരു പഠനവുമില്ലാതെ സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം പിൻവലിക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും, രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾക്കും നിവേദനം നൽകാൻ നേതൃസമ്മേളനം തീരുമാനിച്ചതായി സെക്രട്ടറി അഡ്വ.ജോസ് വിതയത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP