Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടൂർ പ്രകാശിന്റെ സ്വപ്ന പദ്ധതി; എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതിയെ അവഗണിച്ചു; കോന്നി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചതോടെ വീണ്ടും ജീവൻ വച്ചു; കോന്നി മെഡിക്കൽ കോളജ് 14 ന് നാടിന് തുറന്നു കൊടുക്കും; സർക്കാരിന്റെ ജനകീയ നേട്ടമാക്കാനുള്ള നീക്കത്തിനെതിെര കോൺഗ്രസും

അടൂർ പ്രകാശിന്റെ സ്വപ്ന പദ്ധതി; എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതിയെ അവഗണിച്ചു; കോന്നി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചതോടെ വീണ്ടും ജീവൻ വച്ചു; കോന്നി മെഡിക്കൽ കോളജ് 14 ന് നാടിന് തുറന്നു കൊടുക്കും; സർക്കാരിന്റെ ജനകീയ നേട്ടമാക്കാനുള്ള നീക്കത്തിനെതിെര കോൺഗ്രസും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോന്നി മണ്ഡലത്തെ 23 വർഷം പൊന്നു പോലെ നോക്കിയ അടൂർ പ്രകാശിന്റെ സ്വപ്ന പദ്ധതിയായിരുന്നു കോന്നി നെടുമ്പാറയിലെ സർക്കാർ മെഡിക്കൽ കോളജ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തറക്കല്ലിട്ട് അതിവേഗം മുന്നോട്ടു പോയ പദ്ധതി എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ അവഗണന നേരിട്ടു. കോന്നി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചതോടെ പദ്ധതിക്ക് ജീവൻ വച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടക്കം മുന്നിൽ കണ്ട് കോന്നി മെഡിക്കൽ കോളജ് 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. എൽഡിഎഫ് സർക്കാരിന്റെ നേട്ടമാണ് പദ്ധതിയെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിനെതിരേ കോൺഗ്രസ് പ്രക്ഷോഭത്തിനാണ്.

14 ന് രാവിലെ 10.30 നാണ് ചടങ്ങെന്ന് കെയു ജനീഷ് കുമാർ എംഎ‍ൽഎ, ജില്ലാ കലക്ടർ പിബി നൂഹ് എന്നിവർ അറിയിച്ചു. ആരോഗ്യമന്ത്രി കെകെ ഷൈലജ അധ്യക്ഷത വഹിക്കും. തുടർന്ന് ഓപി വിഭാഗവും പ്രവർത്തനം ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കും ഉദ്ഘാടനം നടത്തുക. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം അൻപതിൽ താഴെയായിരിക്കും. പ്രത്യേക ക്ഷണിതാക്കളും മാധ്യമ പ്രവർത്തകരും മാത്രമായിരിക്കും പങ്കെടുക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും മുന്നോടിയായി കോവിഡ് ആന്റിജൻ ടെസ്റ്റിനു വിധേയമാക്കും. പൊതുജനങ്ങൾക്ക് ഓൺലൈൻ വഴിയും പ്രാദേശിക ചാനൽ വഴിയും ഉദ്ഘാടനം ലൈവായി കാണുന്നതിന് അവസരമൊരുക്കും.

നിർമ്മാണം പൂർത്തിയാക്കിയ ആശുപത്രി കെട്ടിടം, അക്കാദമിക്ക് ബ്ലോക്ക് എന്നിവയാണ് മുഖ്യമന്ത്രി നാടിനു സമർപ്പിക്കുന്നത്.
32,900 സ്‌ക്വയർ മീറ്റർ വിസ്തീർണമുള്ള ആശുപത്രി കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. കാഷ്വാലിറ്റി, ഓപി വിഭാഗം, ഐപി വിഭാഗം, അഡ്‌മിനിസ്ട്രേഷൻ വിഭാഗം, ഓപ്പറേഷൻ തീയറ്ററുകൾ, കാന്റീൻ ഉൾപ്പെടെ വിപുലമായ വിഭാഗങ്ങളാണ് ആശുപത്രി കെട്ടിടത്തിലുള്ളത്. നാലുനിലകളായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ 10 വാർഡുകളിലായി 30 കിടക്കൾ വീതം ആകെ 300 കിടക്കകളാണുള്ളത്. അക്കാദമിക്ക് ബ്ലോക്കിന് നാല് നിലകളിലായി 16,300 സ്‌ക്വയർ മീറ്റർ വിസ്തീർണമാണുള്ളത്. വിവിധ ഡിപ്പാർട്ട്മെന്റുകൾ, ക്ലാസ് മുറികൾ, ലാബ് ഉൾപ്പെടെ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഇതിൽ ഒരുക്കുന്നത്.

മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടവും അക്കാദമിക്ക് ബ്ലോക്കും ഉൾപ്പെടെ 49,200 സ്‌ക്വയർ മീറ്റർ വിസ്തീർണമുള്ള രണ്ട് കെട്ടിടങ്ങളാണ് പൂർത്തിയായിട്ടുള്ളത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് റവന്യൂ വകുപ്പിൽ നിന്നും കൈമാറി നൽകിയ 50 ഏക്കർ ഭൂമിയിലാണ് മെഡിക്കൽ കോളജ് നിർമ്മിച്ചിട്ടുള്ളത്. പ്രൊജക്ട് മാനേജ്മെന്റ് കൺസൽട്ടന്റായി പ്രവർത്തിക്കുന്നത് ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് ആണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്ത് നടത്തിയത്. 130 കോടിക്കാണ് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയത്.

2012 മാർച്ച് 24 ന് ആണ് കോന്നിയിൽ മെഡിക്കൽ കോളജ് ആരംഭിക്കാൻ യുഡിഎഫ് സർക്കാർ ഉത്തരവിട്ടത്. അന്ന് അടൂർ പ്രകാശ് ആരോഗ്യമന്ത്രിയായിരുന്നു. 2013 ഡിസംബർ 23 ന് ആരംഭിച്ച് 2015 ജൂൺ 22 ന് നിർമ്മാണം പൂർത്തീകരിക്കേണ്ടിയിരുന്നു. 18 മാസമായിരുന്നു നിർമ്മാണ കാലാവധി. എന്നാൽ വിവിധ കാരണങ്ങളാൽ 2014 മെയ് 15 നാണ് മെഡിക്കൽ കോളജ് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞത്. തുടർന്നും ഫണ്ട് ലഭ്യമാകാതിരുന്നതിനാൽ നിർമ്മാണ പ്രവർത്തനം തടസപ്പെടുന്ന സ്ഥിതി ഉണ്ടായി. 2016 ലാണ് നിർമ്മാണ കമ്പനിയുടെ കുടിശിക തീർത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് വേഗത്തിലാക്കിയത്.

കേരളത്തിലെ 33-ാമത്തെ മെഡിക്കൽ കോളജാണ് കോന്നിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ജില്ലയിലെ ആദ്യ ഗവൺമെന്റ് മെഡിക്കൽ കോളേജുമാണ്. ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള അനുവാദത്തിനായി മെഡിക്കൽ കൗൺസിലിന് ഉടൻ തന്നെ അപേക്ഷ നൽകും. ഐപി വിഭാഗവും ഈ വർഷം തന്നെ ആരംഭിക്കും. മെഡിക്കൽ കോളജിനോടു ചേർന്നുള്ള ഒന്നര കിലോമീറ്റർ റോഡ് നാല് വരിപാതയായി നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. കോന്നിയിലും പയ്യനാമണ്ണിലും നിന്നുമുള്ള പ്രധാന റോഡുകൾ മെഡിക്കൽ കോളേജിനായി വികസിപ്പിക്കും. പ്രതിദിനം 50 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ കഴിയുന്ന ശുദ്ധല വിതരണ പദ്ധതിയുടെ നിർമ്മാണവും പൂർത്തിയാക്കിയിട്ടുണ്ട്. 13.98 കോടി രൂപയുടെ നബാർഡ് സഹായത്തോടെ മെഡിക്കൽ കോളേജിനോടു ചേർന്ന ഒരേക്കർ സ്ഥലത്താണ് നടപ്പിലാക്കിയത്. അരുവാപ്പുലം പഞ്ചായത്തിലെ 1,2,14,15 വാർഡുകളിലും ഈ പദ്ധതിയിൽ നിന്ന് ജലം ലഭ്യമാക്കും.

എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് ഓ.പി. വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത്. ഓപിയിൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഇതിനോടകം നൽകികഴിഞ്ഞു. പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും മെഡിക്കൽ കോളേജിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്. മെഡിക്കൽ കോളേജിലെ എല്ലാ നിയമനങ്ങളും വ്യവസ്ഥാപിത മാർഗങ്ങളിൽക്കൂടി മാത്രമായിരിക്കും. നിയമനങ്ങൾ പിഎസ്‌സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് നടത്തുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP