Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വടിവാളുമായി നടക്കുക...അടിപിടി കേസുകളിൽ ഇടപെടുക... നിലയ്ക്കു നിർത്തേണ്ടവരെ വാളുകൊണ്ട് ദേഹത്ത് വരയുക... കത്തി കാട്ടി ഭീഷണിപ്പെടുത്തുക... സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി തടുക്കം; അച്ഛന്റെ മീൻ കച്ചവടം പേരിനൊപ്പം 'കാരി'യെ നൽകി; മുത്തൂറ്റ് കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുമ്പോഴും മനസിൽ നിറയെ മോഷണവും ഗുണ്ടായിസവും; പരോളിൽ ഇറങ്ങിയ കാരി സതീശൻ മോഷണ കേസിൽ അറസ്റ്റിൽ; ഒരിക്കലും നന്നാകാത്ത ക്രിമനിലിന്റെ കഥ

വടിവാളുമായി നടക്കുക...അടിപിടി കേസുകളിൽ ഇടപെടുക... നിലയ്ക്കു നിർത്തേണ്ടവരെ വാളുകൊണ്ട് ദേഹത്ത് വരയുക... കത്തി കാട്ടി ഭീഷണിപ്പെടുത്തുക... സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി തടുക്കം; അച്ഛന്റെ മീൻ കച്ചവടം പേരിനൊപ്പം 'കാരി'യെ നൽകി; മുത്തൂറ്റ് കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുമ്പോഴും മനസിൽ നിറയെ മോഷണവും ഗുണ്ടായിസവും; പരോളിൽ ഇറങ്ങിയ കാരി സതീശൻ മോഷണ കേസിൽ അറസ്റ്റിൽ; ഒരിക്കലും നന്നാകാത്ത ക്രിമനിലിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: പരോളിൽ ഇറങ്ങിയ പോൾ മുത്തൂറ്റ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീശൻ (37) അറസ്റ്റിൽ. പരോളിൽ ഇറങ്ങിയശേഷം വീടുകളിൽ കയറി ഭീഷണിപ്പെടുത്തി സ്വർണവും പണവും പിടിച്ചുപറിച്ച കേസിലാണ് അറസ്റ്റ്. ഗുണ്ടാസംഘങ്ങളുമായെത്തി വീടുകളിൽ ഭീഷണി മുഴക്കുകയും സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്ത പരാതിയിലാണ് പിടിയിലായത്.

ഗുണ്ടയാവുക... മുത്തൂറ്റ് പോൾ എം ജോർജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട കാരി സതി എന്ന സതീശന്റെ ഏറ്റവും വലിയ മോഹമായിരുന്നു അത്. വടിവാളുമായി നടക്കുക...അടിപിടി കേസുകളിൽ ഇടപെടുക... നിലയ്ക്കു നിർത്തേണ്ടവരെ വാളുകൊണ്ട് ദേഹത്ത് വരയുക... കത്തി കാട്ടി ഭീഷണിപ്പെടുത്തുക... ഇതിലൂടെയാണ് കാരി സതീശൻ എന്ന ഗുണ്ട വളർന്നത്. ചങ്ങനാശേരി തൃക്കൊടിത്താനം മുക്കാട്ടുപടിക്ക് സമീപം ധാക്ക എന്ന സ്ഥലത്തായിരുന്നു ഇയാൾ ആദ്യം താമസിച്ചിരുന്നത്. പിന്നീട് സമീപത്തെ ആരമലയിലേക്ക് താമസം മാറി. പോൾ കൊല്ലപ്പെട്ടതിനു ശേഷം പായിപ്പാട് പുത്തൻകാവിലേക്കും മാറി. ചങ്ങനാശേരിയിൽ മീൻ കച്ചവടക്കാരന്റെ മകനായിരുന്ന സതീശിന് 'കാരി' എന്ന മത്സ്യത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ് കാരി സതിഷ എന്ന ഇരട്ടപ്പേര് വീണത്.

ഗുണ്ടായിസത്തിലൂടെയെങ്കിലും പണക്കാരനാകണമെന്നതായിരുന്നു കാരിയുടെ സ്വപ്നം. പായിപ്പാട് പ്രദേശത്ത് സ്ഥിരം ശല്യമുണ്ടാക്കുന്ന ക്രിമിനൽ സംഘമായി കാരി സതീശനും കൂട്ടരും മാറിയിരുന്നു. സ്‌കൂൾ പഠനകാലത്ത് സതീശൻ അദ്ധ്യാപകനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. 'എസ്' ആകൃതിയിലുള്ള കത്തിയാണ് പോളിനെ കുത്താൻ ഉപയോഗിച്ചത്. ഇതുകൊണ്ട് മുറിവേൽപ്പിച്ചാൽ ഉണങ്ങാൻ കാലതാമസം നേരിടും. മുത്തൂറ്റ് പോൾ എം ജോർജിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നഷ്ടപ്പെട്ട മൊബൈൽ ഫോണാണ് കാരിയെ കുടുക്കിയത്. വാഹനം കയറി മൊബൈൽ തകർന്നിരുന്നു. ഇതിലെ സിം പരിശോധിച്ചപ്പോൾ കാരിയുടെ അമ്മയുടെ വിലാസത്തിലാണ് സിം എടുത്തതെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാൾ പിടിയിലായത്.

പോൾ മുത്തൂറ്റ് കേസിൽ ജീവപര്യന്തം അനുഭവിച്ചിട്ടും കാരിയുടെ സ്വഭാവം മാറിയില്ല. ഇതാണ് പരോൾ കാലത്തെ മാല മോഷണവും വടിവാൾ പ്രയോഗവും ചർച്ചയാക്കുന്നത്. നാലുകോടി വേഷ്ണാൽ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന സനീഷിന്റെ വീട്ടിൽ കയറി സനീഷിനെയും ഭാര്യയെും ഭീഷണിപ്പെടുത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇയാളെ അറസ്റ്റു ചെയ്തതറിഞ്ഞ് മറ്റൊരു പരാതികൂടി തൃക്കൊടിത്താനം പൊലീസിനു ലഭിച്ചു. നാലുകോടി വേഷ്ണാൽ ഭാഗത്ത് ആനിക്കുടി ജോയിച്ചന്റെ വീട്ടിലെത്തി മകൻ പീറ്ററിന്റെ ഒരു പവന്റെ സ്വർണമാല പൊട്ടിച്ചെടുത്തതായാണു പരാതി. വടിവാൾ കഴുത്തിൽ വച്ചായിരുന്നു മാല പിടിച്ചുപറിച്ചത്.

23നു രാത്രി 11നായിരുന്നു സംഭവം. സതീശനെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു ഇയാളെ അറസ്റ്റു ചെയ്തത്.

ഏറെ വിവാദമായ പോൾ എം. ജോർജ്ജ് വധക്കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പ്രധാന പ്രതി കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന് തെളിഞ്ഞതിനാലാണ് ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി പ്രതി ഫൈസൽ, ഏഴാം പ്രതി രാജീവ് കുമാർ എട്ടാം പ്രതി ഷിനൊ പോൾ എന്നിവരെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയത്. നിയമചരിത്രത്തിലെ അപൂർവം സംഭവങ്ങളിലൊന്നാണിത്.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഡി.ജി.പി വിൻസൻ എം.പോളിനെ ഒത്തുകളി ആരോപണത്തിന്റെ മുൾ മുനയിൽ നിർത്തുകയും ചെയ്ത കേസായിരുന്നു യുവ വ്യവസായി പോൾ എം. ജോർജ്ജിന്റെ കൊലപാതകം. പോളിനെ കൊല്ലാൻ കാരി സതീഷ് ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിയാത്തതിനാൽ പൊലീസ് ആലപ്പുഴയിലുള്ള കൊല്ലനെ കൊണ്ട് കത്തിയുണ്ടാക്കിയത് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. അതോടെ കേസ് അട്ടിമറിക്കാനാണ് നീക്കമെന്ന് വ്യാപകമായ ആക്ഷേപം ഉയർന്നു. ഇതോടെ പോളിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിലും വിൻസൻ എം. പോൾ കണ്ടെത്തിയ കാര്യങ്ങൾ ശരിയായിരുന്നെന്ന് തെളിഞ്ഞു.

ക്വട്ടേഷന്റെ ഭാഗമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കാരി സതീഷും സംഘവും ആലപ്പുഴ - ചങ്ങനാശേരി റോഡിൽ വെച്ച് പോളുമായി വാക്ക് തർക്കമുണ്ടായി. വഴിയിലുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു തർക്കം. പിന്നീട് സംഘം ആലപ്പുഴയ്ക്ക് തിരിച്ചെങ്കിലും കാരി സതീഷിന്റെ നിർബന്ധപ്രകാരം തിരികെ വന്ന് പോളുമായി വീണ്ടും തർക്കമുണ്ടായി. ഒടുവിൽ പോളിനെ കാറിൽ നിന്ന് പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തുകയായിരുന്നു കാരി സതീഷ്. പൊങ്ങ ജംക്ഷനിലാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോൾ പോളിനൊപ്പം ഉണ്ടായിരുന്ന കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും കോടതി മാപ്പുസാക്ഷികളാക്കി. കേസിലെ ഒൻപത് പ്രതികൾക്കും ജീവപര്യന്തം തടവും വിധിച്ചിരുന്നു. കാരി സതീശൻ ഒഴികെയുള്ളവർ അപ്പീലിന് പോവുകയായിരുന്നു. ഇത് ശരിവച്ചു.

ഓംപ്രകാശിനും പുത്തൻപാലം രാജേഷിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യാപക പ്രചരണം ഉണ്ടായിരുന്നു. പോളിനെ വധിക്കാനായി ഇരുവരും കൂടെ കൂട്ടുകയായിരുന്നെന്നായിരുന്നു ആക്ഷേപം. എന്നാൽ സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോൺ കോളുകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ, ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്. പോളുമായുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് കുത്തിയതെന്ന് കാരി സതീഷ് മൊഴിയും നൽകിയിരുന്നു. ആദ്യ ഒൻപതു പ്രതികൾക്കു കൊലയിൽ നേരിട്ടു പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. ശിക്ഷിച്ച 13 പേരും തിരുവല്ല സ്വദേശി ഹസൻ എന്ന സന്തോഷ് കുമാർ, സബീർ, സുൽഫിക്കർ, പ്രദീഷ് എന്നിവരും ഉൾപ്പെടെ 17 പ്രതികളും ക്വട്ടേഷൻ കേസിലും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. ഇങ്ങനെ കേരളം ഏറെ ചർച്ച ചെയ്ത കേസിലെ പ്രതിയാണ് കാരി സതീഷ്. ഇങ്ങനെ കുപ്രസിദ്ധനായ പ്രതിയാണ് പരോളിൽ പുറത്തിറങ്ങിയ ശേഷവും ക്രിമിനൽ പ്രവർത്തനം തുടരുന്നത്.

പെട്ടെന്നുണ്ടായ പ്രകോപനവും പ്രതികളുടെ മദ്യലഹരിയുമാണ് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പ്പിറ്റാലിറ്റി ഡിവിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ പോൾ എം ജോർജിന്റെ കൊലപാതകത്തിനു നിമിത്തമായത്. 2009 ഓഗസ്റ്റ് 22ന് രാത്രിയിലാണ് കൊലപാതകം നടന്നത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ ബിസിനസ് സാമ്രാജ്യത്തിൽ പെട്ടെന്നു ഉദിച്ചുയർന്ന താരമായിരുന്നു പോൾ എം ജോർജ് എന്ന മുപ്പതുകാരൻ. ബംഗളൂരു സർവകലാശാലയിൽനിന്നു എംബിഎ എടുത്തശേഷം 2005ൽ ആണ് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പ്പിറ്റാലിറ്റി ഡിവിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പോൾ എം ജോർജ് ചുമതലയേറ്റത്.

ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഈ ഗ്രൂപ്പിന്റെ വിശാലമായ ബിസിനസ് ലോകത്ത് വൈവിധ്യപൂർണമായ പദ്ധതികൾക്ക് പോൾ രൂപംനൽകി. ഫിനാൻസ് രംഗത്തും വിദ്യാഭ്യാസമേഖലയിലും മാത്രം ഒതുങ്ങിനിന്ന മുത്തൂറ്റ് ഗ്രൂപ്പിനെ വിനോദസഞ്ചാരമേഖലയിലേക്കും പുരത്തോണി ബിസിനസിലേക്കും അവിടെനിന്നു റിസോർട്ട് രംഗത്തേക്കും നയിക്കുന്നതിൽ പോൾ പ്രധാന പങ്കു വഹിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തിയിലുള്ള റിസോർട്ടിൽനിന്ന് ചമ്പക്കുളത്ത് പുതുതായി വാങ്ങിയ റിസോർട്ടിലേക്കുള്ള യാത്രാമധ്യേയാണ് പോൾ എം ജോർജ് കൊല്ലപ്പെട്ടത്. യാത്രയ്ക്കിടയിൽ രാത്രി പത്തരയോടെ പോൾ ഓടിച്ച ഫോർഡ് എൻഡവർ കാർ ബിജു എന്ന യുവാവ് സഞ്ചരിച്ച ബൈക്കിൽ തട്ടി. എന്നാൽ എൻഡവർ കാർ നിർത്താതെ ഓടിച്ചുപോയി. ബൈക്കിൽ കാർ തട്ടിയസമയം എ സി റോഡിൽ കോടായ ടെമ്പോ ട്രാവലർ നന്നാക്കുകയായിരുന്നു പ്രതികൾ.

ചങ്ങനാശേരിയിൽനിന്ന് രണ്ട് ടെമ്പോ ട്രാവലർ, ഒരു സ്‌കോർപിയോ കാർ, ഒരു സാൻട്രോ കാർ എന്നീ വാഹനങ്ങളിലായി ആലപ്പുഴയിൽ ഒരാളെ അപായപ്പെടുത്താൻ ക്വട്ടേഷൻ എടുത്തുപോകുകയായിരുന്നു പ്രതികൾ. ബൈക്കിൽ ഇടിച്ച എൻഡവർ കാർ നിർത്താതെ പോകുന്ന കണ്ട ക്വട്ടേഷൻ സംഘത്തിലെ ചിലർ ബൈക്ക് യാത്രികനെ സഹായിക്കാനെത്തി. മറ്റു ചിലർ രണ്ടാമത്തെ ടെമ്പോ ട്രാവലറിൽ പോളിന്റെ എൻഡവർ കാറിനെ പിൻതുടർന്നു. രണ്ടര കിലോമീറ്റർ പിന്നിട്ടപ്പോൾ നെടുമുടി പൊങ്ങ ജ്യോതി ജങ്ഷനിൽ റോഡിന്റെ ഇടതുവശത്ത് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. ടെമ്പോ ട്രാവലർ നിർത്തി പുറത്തിറങ്ങിയ ക്വട്ടേഷൻ സംഘം അവിടെ നിന്നിരുന്ന പോളുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും കാരി സതീശ് പോളിനെ കുത്തുകയുമായിരുന്നുവെന്നായിരുന്നു കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP