Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി തിരുത്തി കേന്ദ്ര സർക്കാർ; ഡിക്ഷ്ണറി ഓഫ് മാർട്ടിയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന പുസ്തകത്തിന്റെ അഞ്ചാം വാല്യം പിൻവലിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം; പ്രധാനമന്ത്രി പ്രകാശനം ചെയ്ത നിഘണ്ടുവിൽ ഭേദഗതി വരുത്താൻ ഏകപക്ഷീയമായി സാധിക്കില്ലെന്ന് ഐസിഎച്ച്ആർ ഡയറക്ടറും

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി തിരുത്തി കേന്ദ്ര സർക്കാർ; ഡിക്ഷ്ണറി ഓഫ് മാർട്ടിയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന പുസ്തകത്തിന്റെ അഞ്ചാം വാല്യം പിൻവലിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം; പ്രധാനമന്ത്രി പ്രകാശനം ചെയ്ത നിഘണ്ടുവിൽ ഭേദഗതി വരുത്താൻ ഏകപക്ഷീയമായി സാധിക്കില്ലെന്ന് ഐസിഎച്ച്ആർ ഡയറക്ടറും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സംഘപരിവാർ സംഘടനകൾ തന്നെ എതിർപ്പും അമർഷവും പ്രകടിപ്പിച്ചതോടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി തിരുത്തി കേന്ദ്ര സർക്കാർ. ഡിക്ഷ്ണറി ഓഫ് മാർട്ടിയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന പുസ്തകത്തിൽ നിന്ന് ഇതുവരുന്ന അഞ്ചാം വാല്യം കേന്ദ്ര സാംസ്കാരിക മന്ത്രാലയം പിൻവലിച്ചു. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെക്കുറിച്ചുള്ളതായിരുന്നു അഞ്ചാംവാല്യം. പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്. എന്നാൽ ഈ പട്ടികയിൽ നിന്ന് മാപ്പിള ലഹളയിൽ ഏർപ്പെട്ടവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് നടപടി.

വിവാദമായതോടെ നിഘണ്ടു പുനഃപരിശോധിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഈ ഭാഗങ്ങൾ അടങ്ങിയ നിഘണ്ടുവിന്റെ അഞ്ചാം വോള്യം പിൻവലിക്കുകയും ചെയ്തു. ബിജെപിയും ഹിന്ദുഐക്യവേദിയും നേരത്തെ തന്നെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്വാതന്ത്ര്യ സമര പോരാളിയുടെ പരിവേഷം നൽകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. മലബാർ സമരം ഹിന്ദുവിരുദ്ധമായിരുന്നുവെന്നായിരുന്നു എന്നാണ് ഇവർ പ്രധാനമായും ആരോപണമുയർന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടക്കമുള്ളവരെ നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നതിനെതിരെ എതിർപ്പുകൾ ഉയർന്നെങ്കിലും നിഘണ്ഡു തയ്യാറാക്കിയ എഡിറ്റോറിയൽ ടീമംഗങ്ങളിൽ ചിലർ ഇവരുടെ പേരുകൾ ഉൾപ്പെടുത്തുകയായിരുന്നുവെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്.

ഇതിനെതിരെ വ്യാപക പരാതി കേന്ദ്രസർക്കാരിനും ഐസിഎച്ച്ആറിനും ലഭിച്ചതോടെയാണ് കേരളത്തിലെ സ്വാതന്ത്ര്യസമര നായകരുടെ പേരുകൾ ഉൾപ്പെട്ട നിഘണ്ഡു പിൻവലിച്ചത്. കേന്ദ്രസാംസ്കാരിക മന്ത്രാലയവും ഐസിഎച്ച്ആറും സംയുക്തമായാണ് രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളികളുടെ പേരുവിവരങ്ങൾ അടങ്ങിയ സമ്പൂർണ നിഘണ്ടു പുറത്തിറക്കിയത്. കേരളത്തിലെ പട്ടിക തയ്യാറാക്കിയവരുടെ രാഷ്ട്രീയമാണ് പട്ടികയെപ്പറ്റി വിവാദമുണ്ടാവാൻ കാരണമെന്നാണ് വിമർശകർ പറയുന്നത്. . ആന്ധ്ര, തെലങ്കാന, കർണ്ണാടക, തമിഴ്‌നാട്, കേരള എന്നീ തെക്കേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യസമര പോരാളികളാണ് വോള്യം അഞ്ചിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ വോള്യംപൂർണ്ണമായും വെബ്‌സൈറ്റിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്

അതേസമയം, വെബ് സൈറ്റിൽ നിന്ന് അഞ്ചാം വോള്യം പിൻവലിച്ചതിന് പിന്നാലെ നീക്കം തടഞ്ഞ് ഐസിഎച്ച്ആർ ഡയറക്ടർ അരവിന്ദ് പി ജാംഖേദ്കർ രംഗത്തെത്തി. പ്രധാനമന്ത്രി പ്രകാശനം ചെയ്ത നിഘണ്ടുവിൽ ഭേദഗതി വരുത്താൻ ഏകപക്ഷീയമായി സാധിക്കില്ലെന്ന് അരവിന്ദ് പി ജാംഖേദ്കർ അഭിപ്രായപ്പെട്ടു. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ഐസിഎച്ച്ആർ ആണ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. നിഘണ്ടു പിൻവലിക്കാൻ സാധിക്കില്ലെന്ന് അരവിന്ദ് പി ജാംഖേദ്കർ വ്യക്തമാക്കി. അതിന് പ്രത്യേകം നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും നിലവിൽ അത് സാധ്യമല്ലെന്നും അദ്ദേഹം അറിയിച്ചു.

നിഘണ്ടു തയാറാക്കാനുള്ള പദ്ധതി ആരംഭിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണെന്ന് ജന്മഭൂമിയിൽ എഴുതിയ കുറിപ്പിൽ ഐസിഎച്ച്ആർ അംഗം ഡോ. സി ഐ ഐസക്ക് ചൂണ്ടിക്കാട്ടുന്നു. സിപിഎം പിന്തുണയിൽ മന്മോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെയാണ് പദ്ധതിയുടെ തുടക്കം. ഡിഎൻ ത്രിപാഠിയായിരുന്നു ഐസിഎച്ച്ആർ ചെയർമാൻ. അഞ്ച് വാല്യങ്ങളായി ഗ്രന്ഥം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. പ്രൊഫ. അമിത് കുമാർ ഗുപ്തയായിരുന്നു ജനറൽ കോ ഓർഡിനേറ്റർ. കേരളത്തിന്റെ ചുമതല കേരള സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസർ. ബി. ശോഭനനെ ഏൽപ്പിച്ചു. ഐസിഎച്ച്ആർ അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇടതു ചരിത്രകാരന്മാർ തമ്പടിച്ചിരുന്ന കാലമായിരുന്നു അതെന്നും ഐസക് പറയുന്നു.

ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് മുസ്ലിം ലീഗിന്റെ സ്വാധീനം വർധിച്ചതോടെയാണ് കേന്ദ്ര- കേരള സർക്കാരുകൾ മലബാർ ലഹളയെ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ചത്. ഈ സാഹചര്യം നിലനിൽക്കെ മറ്റൊരു നിലപാടെടുക്കാൻ ഐസിഎച്ച്ആറിനെ അനുവദിക്കുമായിരുന്നില്ല. ചരിത്ര വസ്തുതകൾ വളച്ചൊടിക്കുകയും തമസ്കരിക്കുകയും ചെയ്ത് മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിച്ചത് കോൺഗ്രസാണ്. നിഘണ്ടു ഇറങ്ങിയാലും ഇല്ലെങ്കിലും മാപ്പിള ലഹളക്കാർ നിലവിൽ സ്വാതന്ത്ര്യ സമര സേനാനികളാണ്. ആ വസ്തുതയിൽ കവിഞ്ഞ ഒന്നും പുതിയതായി പുറത്തിറങ്ങിയ നിഘണ്ടുവിലുമില്ല. മാറ്റം വരേണ്ടത് ഇന്ദിരാഗാന്ധി സർക്കാരിന്റെ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

വിവാദം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിൽ സജീവ ചർച്ചാവിഷയമായി മാറിയത് ആഷിഖ് അബു പുതിയ സിനിമ പ്രഖ്യാപിച്ചതോടെയാണ്. ഈ സിനിമയെ എതിർത്തു കൊണ്ട് ബിജെപി പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ, അതേ ബിജെപിയുടെ പ്രധാനമന്ത്രി തന്നെ വാരിയംകുന്നത്ത് ഹാജി സ്വാതന്ത്ര്യ സമര സേനാനിയാണെന്ന പുസ്തകം പുറത്തിറക്കിയത് വിവാദമാകുകയായിരുന്നു. നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഇടംപിടിക്കുകയായിരുന്നു. ഡിക്ഷണറി ഓഫ് മാർട്ടയേഴ്സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് ഉൾപ്പെട്ടിരിക്കുന്നത്.

2018ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാരിയംകുന്നത്ത് കുറ്റഹമ്മദ് ഹാജി മലബാറിലെ മൊയ്ദീൻ ഹാജിയുടെയും ആമിനയുടെയും മകനായാണ് ജനിച്ചത് എന്ന് തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന ബ്രിട്ടീഷ് വിരുദ്ധ നായക പോരാളിയായിരുന്ന ആലി മുസ്ലിയാരുടെ ബന്ധുവും സന്തത സഹചാരിയുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ അദ്ദേഹവും പിതാവും മക്കയിലേക്ക് നാടുകടത്തപ്പെട്ടു. പിന്നീട് മടങ്ങിയെത്തിയ അവർ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം അവസാനിപ്പിച്ചില്ല. തുടർന്ന് ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി കുഞ്ഞഹമ്മദ് ഹാജി മാറിയെന്നും പുസ്തകം വിവരിക്കുന്നു.

1922 ജനുവരി മാസത്തിൽ കല്ലാമൂലയിൽ വച്ച് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാർ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് ബ്രിട്ടീഷുകാർ അദ്ദഹത്തെ വെടിവെച്ചു വീഴ്‌ത്തി....' (Dictionary of Martyrs Volume 5 Page 248). തുടങ്ങിയ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലി മുസ്ലിയാരുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലബാർ വിപ്ലവ ചരിത്രത്തെക്കുറിച്ച് പൃഥിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയൻകുന്നൻ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കേരളത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്തിയിരുന്നു. ആഷിഖ് അബു ചിത്രം അനൗൺസ് ചെയ്തുകൊണ്ട് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം വലിയ സൈബർ ആക്രമണം സംഘപരിവാറിൽ നിന്ന് നേരിട്ടിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബിജെപി നേതാക്കളും പരസ്യമായി രംഗത്ത് വന്നിരുന്നു.

മലബാർ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമില്ലെന്നും സംഘപരിവാർ നേതാക്കളടക്കം വലിയ രീതിയിൽ പ്രചരണങ്ങൾ നടത്തുന്ന സമയത്ത് തന്നെയാണ് പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ പേരും അടങ്ങിയിരിക്കുന്നത് എന്നത് സംഘപരിവാറിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നേതാക്കൾ പരസ്യമായി തന്നെ ഇതിനെതിരെ രം​ഗത്ത് വരികയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP