Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഴകുളം കിഴക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ പ്യൂണിനെതിരായ പരാതിയിൽ മൊഴി നൽകാൻ തയാറാകാതെ ബാങ്ക് അധികൃതർ; മൊഴി നൽകാതെ കേസെടുക്കില്ലെന്ന നിലപാടിൽ പൊലീസും; മാനേജരെ സസ്പെൻഡ് ചെയ്തു; സെക്രട്ടറിക്കും തട്ടിപ്പിൽ പങ്കെന്ന് പ്യൂണിന്റെ കുറ്റസമ്മതം: സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ നേരിട്ടിറങ്ങുന്നത് ജില്ലാ നേതാവ്

പഴകുളം കിഴക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ പ്യൂണിനെതിരായ പരാതിയിൽ മൊഴി നൽകാൻ തയാറാകാതെ ബാങ്ക് അധികൃതർ; മൊഴി നൽകാതെ കേസെടുക്കില്ലെന്ന നിലപാടിൽ പൊലീസും; മാനേജരെ സസ്പെൻഡ് ചെയ്തു; സെക്രട്ടറിക്കും തട്ടിപ്പിൽ പങ്കെന്ന് പ്യൂണിന്റെ കുറ്റസമ്മതം: സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ നേരിട്ടിറങ്ങുന്നത് ജില്ലാ നേതാവ്

ശ്രീലാൽ വാസുദേവൻ

അടൂർ: സിപിഎമ്മിനെ വെട്ടിലാക്കിയ പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ആരോപണ വിധേയനായ സെക്രട്ടറിയെ രക്ഷിക്കാൻ ജില്ലാ നേതാക്കളുടെ ശ്രമം. മുഴുവൻ ഉത്തരവാദിത്തവും വനിതാ ബാങ്ക് മാനേജരുടെ തലയിൽ വച്ച് സെക്രട്ടറിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. 31.50 ലക്ഷം രൂപയാണ് പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക് അടൂർ ബോയ്സ് ഹൈസ്‌കൂൾ ശാഖയിലെ പ്യൂണായ മുകേഷ് തട്ടിയെടുത്തത്.

തട്ടിപ്പിനെ കുറിച്ച് ബ്രാഞ്ച് മാനേജരായ ഷീലയ്ക്കും സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രസന്നനും അറിയാമായിരുന്നുവെന്ന് ലഭിക്കുന്ന വിവരം. തട്ടിയെടുത്ത പണം തിരികെ അടയ്ക്കാമെന്ന് മുകേഷ് വാക്കു നൽകിയത് കാരണം ഇവർ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഒടുക്കം മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ ഈ വിവരം പുറത്തു കൊണ്ടു വന്നതോടെ ഇവർക്ക് നിൽക്കകള്ളിയില്ലായി. പിടിച്ചു നിൽക്കാൻ വേണ്ടി മാനേജർ ഷീലയെ സസ്പെൻഡ് ചെയ്തു. പ്യൂണിനെതിരേ അടൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, പരാതിക്കാർ മൊഴി നൽകാൻ തയാറാകാത്തതിനാൽ എഫ്ഐആർ എടുക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

പൊലീസ് തന്നെ അറസ്റ്റ് ചെയ്താൽ ബാങ്കിലെ മറ്റു ചിലരെയും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളുടെയും പങ്ക് താൻ വിളിച്ചു പറയുമെന്നാണ് പ്യൂണിന്റെ ഭീഷണി. അതു കൊണ്ട് തട്ടിയെടുത്ത പണം തിരികെ അടയ്ക്കാൻ മുകേഷിന് സാവകാശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഞ്ചു ലക്ഷം രൂപ ഇയാൾ തിരിച്ചടച്ചു. ശേഷിച്ച പണം തിങ്കളാഴ്ച നൽകാമെന്നാണ് വാഗ്ദാനം. അതിന് മുൻപ് അറസ്റ്റിലാകേണ്ടി വന്നാൽ സെക്രട്ടറി അടക്കമുള്ളവരുടെ തട്ടിപ്പുകൾ താൻ വിളിച്ചു പറയുമെന്നാണ് മുകേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞിട്ടുള്ളത്.

കാൽനൂറ്റാണ്ടായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്ക് പിടിച്ചെടുക്കാൻ എൽഡിഎഫ് സർക്കാർ നടത്തിയ നീക്കമാണ് തിരിച്ചടിച്ചിരിക്കുന്നത്. പഴകുളം ശിവദാസൻ പ്രസിഡന്റായുള്ള ഭരണ സമിതിയെ നിസാരകാരണം പറഞ്ഞ് പിരിച്ചു വിട്ട് അഡ്‌മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയായിരുന്നു. അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയിൽ ഉൾപ്പെടുത്തിയ മൂന്നു പേരും സിപിഎം നേതാക്കളായിരുന്നു. ഇവരുടെ കാലയളവിൽ നടക്കുന്ന രണ്ടാമത്തെ തട്ടിപ്പാണ് ഇപ്പോഴേത്തേത്. ആദ്യം മിത്രപുരം ശാഖയിൽ നിന്നും ഗിരീഷ് എന്ന ജീവനക്കാരൻ 60 ലക്ഷം തട്ടിയെടുത്തിരുന്നു. അതിന് പിന്നാലെയാണ് മുകേഷിന്റെ തട്ടിപ്പ് പുറത്തായിരിക്കുന്നത്.

മുകേഷ് തട്ടിയത് 31.50 ലക്ഷമല്ലെന്നും സ്ഥിര നിക്ഷേപങ്ങളിൽ നിന്നും ഇയാൾ വ്യാജരേഖ ചമച്ച് വായ്പ എടുത്തിട്ടുണ്ടെന്നും ബ്രാഞ്ച് മാനേജർ ഷീല സഹകരണ സംഘം അസി. രജിസ്ട്രാർക്ക് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അവർക്ക് സസ്പെൻഷൻ ലഭിച്ചത്. തനിക്ക് ഇതൊന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രസന്നൻ. എല്ലാ ബ്രാഞ്ചിലും ആഴ്ചയിലൊരിക്കൽ സെക്രട്ടറി സന്ദർശനം നടത്തണമെന്നും ക്യാഷ് അടക്കമുള്ളവ പരിശോധിക്കണമെന്നുമാണ് ചട്ടം. അതിൽ എന്തെങ്കിലും ക്രമക്കേട് കണ്ടാൽ ഉടൻ ഭരണ സമിതിക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. മുകേഷിന്റെ തട്ടിപ്പിന് ചുരുങ്ങിയത് ആറു മാസമെങ്കിലും പഴക്കമുണ്ട്. ഇത്രയും നാൾ ആയിട്ടും സെക്രട്ടറി ഇത് അറിഞ്ഞിട്ടില്ല എന്നു പറയുന്നത് വിശ്വസനീയമല്ലെന്ന് സഹകാരികൾ പറയുന്നു.

മാധ്യമങ്ങൾക്ക് മുകേഷ് നൽകിയ കുറ്റസമ്മതത്തിൽ തന്നെ തട്ടിപ്പിന് പ്രേരിപ്പിച്ചത് സെക്രട്ടറിയാണെന്നും പകുതി പണം മാത്രമേ താൻ എടുത്തിട്ടുള്ളൂവെന്നും ബാക്കി മറ്റു ചിലർക്ക് കൊടുത്തുവെന്നും പറയുന്നു. സെക്രട്ടറി പറഞ്ഞവർക്കാണ് ഈ പണം നൽകിയതെന്നും മുകേഷ് പറയുന്നു. ബിജെപിക്കാരനായ മുകേഷ് 10 ലക്ഷം രൂപ കോഴ കൊടുത്താണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ ജോലി നേടിയത്. സ്റ്റോർ കീപ്പറായിട്ടായിരുന്നു തുടക്കം. പിന്നീട് പ്യൂൺ ആയി. ഇയാളെ ക്യാഷ് കൗണ്ടർ നോക്കാനുള്ള ചുമതല കൊടുത്തത് സെക്രട്ടറിയായിരുന്നു. സെക്രട്ടറിയുടെ ഈ നിലപാട് ദുരൂഹത വർധിപ്പിക്കുകയും ചെയ്യുന്നു. യോഗ്യതയില്ലാത്തയാൾക്ക് ക്യാഷ് കൗണ്ടർ കൈകാര്യം ചെയ്യാൻ അവസരം കൊടുത്തത് സഹകരണ നിയമങ്ങൾക്ക് എതിരാണ്. ഇതിന് മറുപടി പറയേണ്ടതും സെക്രട്ടറിയാണ്.

അഡ്‌മിനിസ്ട്രേറ്റീവ് ഭരണം കഴിഞ്ഞു വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ അധികാരത്തിൽ ഏറ്റാമെന്ന വാഗ്ദാനവുമായാണ് പ്രസന്നൻ സെക്രട്ടറി ഇൻ ചാർജ് ആയത്. അതിന് ശേഷം വോട്ടർ പട്ടികയിൽ അടക്കം തിരിമറി നടന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതിനെതിരേ കോടതിയിൽ കേസും നിലിവിലുണ്ട്. ഭരണം പിടിക്കാനുള്ള ശ്രമം നടന്നു വരുമ്പോഴാണ് അശനിപാതം പോലെ രണ്ടു തട്ടിപ്പുകൾ ഒന്നിനു പിറകെ ഒന്നായി ബാങ്കിൽ നടന്നത്. ഒന്നരക്കോടി നിക്ഷേപിച്ചവരുടെ പണമാണ് വ്യാജരേഖ ചമച്ച് വായ്പയായി തട്ടിയെടുത്തിരിക്കുന്നത്. ഇതോടെ ബാങ്കിലെ നിക്ഷേപങ്ങൾക്ക് യാതൊരു സുരക്ഷയുമില്ലെന്ന് സഹകാരികൾക്ക് വ്യക്തമായിരിക്കുകയാണ്. പോപ്പുലർ ഫിനാൻസ് പോലെയുള്ള ധനകാര്യ സ്ഥാപനങ്ങൾ പൊട്ടുന്നത് കണ്ടപ്പോൾ ഇവിടെയും പണം നിക്ഷേപിച്ചവർക്ക് ഉള്ളിൽ തീയാണ്. അതിനിടെയാണ് തട്ടിപ്പ് കഥകൾ ഒന്നൊന്നായി പുറത്തു വരുന്നത്. അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏറ്റെടുത്ത സിപിഎമ്മിന് നാണക്കേടാകുമെന്ന് കണ്ട് ജില്ലാ നേതാവ് പൊലീസ് അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.

സെക്രട്ടറിയാകാൻ പ്രസന്നന് യാതൊരു യോഗ്യതയും ഇല്ലെന്നും സിപിഎം നേതാവായതു കൊണ്ട് മാത്രം ആ പദവി നൽകിയതാണെന്നും മുകേഷ് പറഞ്ഞിരുന്നു. തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിട്ടും യഥാസമയം റിപ്പോർട്ട് ചെയ്തില്ല എന്ന കാരണം പറഞ്ഞാണ് മാനേജർ ഷീലയെ സസ്പെൻഡ് ചെയ്തത്. കുറ്റം മുഴുവൻ മാനേജരുടെ തലയിലേക്ക് വച്ച് രക്ഷപ്പെടുകയാണ് സെക്രട്ടറി ഇൻ ചാർജ് ചെയ്തിരിക്കുന്നത്. പണം നഷ്ടമായതിൽ ഇരുവർക്കും കൂട്ടുത്തരവാദിത്തമാണുള്ളത്. അതിൽ മാനേജരെ മാത്രം ബലിയാടാക്കി സെക്രട്ടറിയെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്രയും വലിയ തട്ടിപ്പ് പുറത്തു വന്ന വിവരം അറിഞ്ഞിട്ടും ഇതിനെതിരേ സമരം നടത്താൻ കോൺഗ്രസ് മുന്നോട്ടു വന്നിട്ടില്ല.

അടുത്ത സർക്കാരിന്റെ കാലത്ത് ബാങ്ക് ഭരണം തിരികെ പിടിക്കാമെന്നും ഇപ്പോൾ ഇങ്ങനെ ഒരു തട്ടിപ്പ് നടന്നത് പരസ്യമായാൽ സഹകാരികൾ നിക്ഷേപം പിൻവലിക്കുമെന്ന് ഭയന്നാണ് പ്രക്ഷോഭം നടത്താൻ കോൺഗ്രസ് മടിക്കുന്നത് എന്നുമാണ് പറയുന്നത്. തിങ്കളാഴ്ച കൂടി പ്യൂൺ മുകേഷ് പണം തിരിച്ച് അടച്ചില്ലെങ്കിൽ കോൺഗ്രസ് സമരത്തിന് ഇറങ്ങാൻ നിർബന്ധിതരാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP