Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുകെയിലേക്കുള്ള ഒഴുക്ക് കൂടിയതോടെ കേരളമടക്കം ഇന്ത്യയിലെങ്ങും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആൾ ക്ഷാമം കനക്കുമെന്നു ബ്രിട്ടീഷ് പത്രങ്ങൾ; കേരളത്തിൽ അടുത്തിടെ ജോലി ലഭിച്ച ഡോക്ടർമാരിൽ 1080 പേരിൽ 900 പേരും വിദേശത്തേക്ക് കടന്നു; ഇന്ത്യ നേരിടുന്നത് ആറു ലക്ഷം ഡോക്ടർമാരുടെയും 20 ലക്ഷം നഴ്‌സുമാരുടെയും കുറവ്; ഇക്കണക്കിനു കേരളത്തിലെ ആശുപത്രികൾ നടത്താനും അതിഥി നഴ്‌സുമാരെ ആശ്രയിക്കേണ്ടി വന്നേക്കാം; കേരള സർക്കാരിനെ വിമർശിച്ചു 'ദി ടെലിഗ്രാഫ് '

യുകെയിലേക്കുള്ള ഒഴുക്ക് കൂടിയതോടെ കേരളമടക്കം ഇന്ത്യയിലെങ്ങും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആൾ ക്ഷാമം കനക്കുമെന്നു ബ്രിട്ടീഷ് പത്രങ്ങൾ; കേരളത്തിൽ അടുത്തിടെ ജോലി ലഭിച്ച ഡോക്ടർമാരിൽ 1080 പേരിൽ 900 പേരും വിദേശത്തേക്ക് കടന്നു; ഇന്ത്യ നേരിടുന്നത് ആറു ലക്ഷം ഡോക്ടർമാരുടെയും 20 ലക്ഷം നഴ്‌സുമാരുടെയും കുറവ്; ഇക്കണക്കിനു കേരളത്തിലെ ആശുപത്രികൾ നടത്താനും അതിഥി നഴ്‌സുമാരെ ആശ്രയിക്കേണ്ടി വന്നേക്കാം; കേരള സർക്കാരിനെ വിമർശിച്ചു 'ദി ടെലിഗ്രാഫ് '

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ:  കേരളത്തിൽ നിന്നുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കുമായി വിദേശത്തു മാത്രമല്ല ഇന്ത്യയിൽ തന്നെ പിടിച്ചു പറിയാണെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രം ടെലിഗ്രാഫിന്റെ റിപ്പോർട്ട്. കോവിഡ് ഇന്ത്യയിലും കനത്തതോടെ ജോലിയിൽ പ്രത്യേക 'സ്‌കിൽ' പ്രകടിപ്പിക്കുന്ന മലയാളി ഡോക്ടർമാർക്കും നഴ്സുമാർക്കും വിദേശത്തു മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വലിയ ഡിമാൻഡ് ആണെന്നാണ് വിദേശ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

കേരളം കോവിഡ് കൈകാര്യം ചെയ്ത രീതിയെ കുറിച്ച് വിദേശ മാധ്യമങ്ങൾ നല്ലതു പറയുമ്പോൾ തന്നെ ഒട്ടും ആകർഷകമല്ലാത്ത ശമ്പളമാണ് കേരളം അടക്കമുള്ള സ്ഥലങ്ങളിൽ നൽകുന്നത് എന്നതാണ് ഈ ഒഴുക്കിന്റെ പ്രധാന കാരണമായി മാധ്യമ റിപ്പോർട്ടുകൾ എടുത്തു കാട്ടുന്നതും. ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആവശ്യം ഉയർന്നതോടെ ലോകത്തു മിക്കയിടത്തും കൂടുതൽ ശമ്പളം നൽകാൻ ആരോഗ്യ മേഖല തയ്യാറാകുന്നത് കേരളത്തിന്റെ ആരോഗ്യ രംഗത്തിനും വലിയ ഭീഷണി ആയി മാറിയേക്കും എന്ന മുന്നറിയിപ്പും റിപ്പോർട്ടുകൾ എടുത്തുകാട്ടുന്നു.

അടുത്തിടെ കേരളത്തിൽ തൊഴിൽ പരിശീലനം പൂർത്തിയാക്കിയ 1080 ഡോക്ടർമാരിൽ 900 പേരും വിദേശത്തേക്ക് കടന്നത് ഒരു സൂചനയായി കേരളം കണ്ടില്ലെങ്കിൽ കനത്ത വെല്ലുവിളിയെ നേരിടേണ്ടി വരും. കോവിഡ് ആശുപത്രികളായി മാറിയടത്തു ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണ് കയ്യോടെ ജോലി ഉപേക്ഷിക്കാൻ തയ്യാറായതും. മറ്റു മാർഗം മുന്നിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടി ഇവരുടെ വേതനം 42000 രൂപയിൽ നിന്നും 27000 ആയി വെട്ടികുറച്ചതാണു ഉടൻ പ്രകോപനത്തിന് കാരണമായി മാറിയതെന്ന് മിനിഞ്ഞാന്ന് പുറത്തുവന്ന ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

പൊടുന്നനെ ശമ്പളം വെട്ടികുറച്ചതിനു ഇനിയും ഔദ്യോഗിക ഭാക്ഷ്യം പുറത്തുവന്നിട്ടില്ല. എന്നാൽ പ്രവർത്തന ചെലവ് വല്ലാതെ അധികരിക്കുന്നു എന്നാണ് ഇതിനു ലഭിക്കുന്ന അനൗദ്യോഗിക വിശദീകരണം. ഇക്കാര്യത്തിൽ മറുപടി തേടി കേരള സർക്കാരിനെ സമീപിച്ചെങ്കിലും മൗനമാണ് ഉത്തരമായി ലഭിച്ചതെന്നും ടെലിഗ്രാഫ് റിപ്പോർട്ട് തുടരുന്നു.

കൂടുതൽ മികച്ച ശമ്പളം നൽകുക എന്ന ഒറ്റമൂലി മാത്രമാണ് ഇവിടെ പരിഹാരമായി നിർദ്ദേശിക്കാൻ ബാക്കിയാകുന്നത്. നിലവിൽ ഒരു സാഹചര്യത്തിലും വീട്ടിൽ നിന്നും മാറിനിൽക്കാൻ കഴിയാത്തവർ മാത്രമാണ് വിദേശത്തും അന്യ സംസ്ഥാനത്തും തൊഴിൽ തേടി യാത്രയാകാത്തത് എന്നതും കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിന്നുള്ള ട്രെന്റ് ആയി മാറുകയാണ്.

കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ഒഴുക്ക് ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ ആശുപത്രികളും മറ്റും പ്രവർത്തിപ്പിക്കാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നും അതിഥി തൊഴിലാളികൾ എത്തിയത് പോലെ നഴ്‌സുമാരും മറ്റും എത്തുന്ന കാലം വിദൂരമായിരിക്കില്ല എന്ന സൂചനയും ഈ രംഗത്തെ വിദഗ്ദ്ധർ പങ്കുവയ്ക്കുന്നുണ്ട്.

അടുത്തിടെ ഒരു മെഡിക്കൽ ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയിൽ നിന്നും 80 ശതമാനം ഡോക്ടർമാരും വിദേശത്തെത്താൻ കാരണം കുറഞ്ഞ വേതനമാണെന്നു വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യക്കു ആറു ലക്ഷം ഡോക്ടർമാരെയും 20 ലക്ഷം നഴ്സുമാരെയും ആവശ്യമുള്ള സമയത്താണ് ഈ കൊഴിഞ്ഞു പോക്ക് എന്നതാണ് ശ്രദ്ധേയം. ആരോഗ്യ രംഗത്ത് ഉടൻ വേതന വർധന നടപ്പിലാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകാൾ തയ്യാറായില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമാകാൻ സാധ്യത ഏറെ.

എന്നാൽ സർക്കാരുകൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. നിരവധി കോടതി വിധികൾ ഉണ്ടായതിനെ തുടർന്ന് അടുത്ത കാലത്ത് അൽപം വേതന വർധന ഉണ്ടായെങ്കിലും കോവിഡ് എത്തിയതോടെ ലോകമെങ്ങും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആവശ്യം ഉയർന്നതോടെ ഈ രംഗത്ത് വിദഗ്ധരായവരുടെ സേവനം ഉറപ്പാക്കാൻ കേരളം ഏറെ പ്രയാസപ്പെടും എന്ന മുന്നറിയിപ്പും ആരോഗ്യ മേഖലയിലെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വേതനം വെട്ടികുറയ്ക്കുന്ന നിലപാടാണ് ഇന്ത്യയിൽ ഇപ്പോൾ പല സ്ഥലത്തും നടപ്പാക്കുന്നത്. ഇത് വിദേശ രാജ്യത്ത് എങ്ങനെയും ജോലി സംഘടിപ്പിക്കാൻ ആരോഗ്യ മേഖലയിൽ ഉള്ളവരെ പ്രേരിപ്പിക്കുന്ന പ്രധാന കാരണമായി മാറുന്നുണ്ട്. മാത്രമല്ല ഇന്ത്യയിൽ പലയിടത്തും ആരോഗ്യപ്രവർത്തകർക്കു പ്രതിമാസം ശമ്പളം കൈപ്പറ്റുന്നത്തിന് കഴിയുന്നില്ല എന്നും വിദേശ മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടുന്നു.

ഇതടക്കമുള്ള കാരണത്താൽ യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും ഒരു ലക്ഷത്തോളം ഡോക്ടർമാർ ആണ് അടുത്ത കാലത്തായി കുടിയേറ്റം നടത്തിയിരിക്കുന്നത്. ഈ ട്രെന്റ് ഇപ്പോൾ കൂടുതൽ വേഗത്തിൽ ആയിട്ടുണ്ട്. ഒരു ഡോക്ടർ ദിവസം ഗുരുതര നിലയിൽ ഉള്ള 30 കോവിഡ് രോഗികളെ ചികിൽസിക്കേണ്ട ഗതികേടിൽ ആണെന്ന് സൂറത്തിൽ നിന്നുള്ള ഡോക്ടറെ ഉദ്ധരിച്ചു ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരം കടുത്ത പരീക്ഷണത്തിൽ അധിക കാലം ഒരാൾക്കും ജോലി ചെയ്യാനാകില്ല. ഇതോടൊപ്പം പലയിടത്തും പി പി ഇ സൗകര്യം പോലും ഇല്ലാത്തതും സ്ഥിതി വഷളാക്കുന്നു. മാത്രമല്ല രോഗികളാകുന്നവരും തുടർന്ന് മരിക്കുകയും ചെയ്യുന്ന മുതിർന്ന ഡോക്ടർമാർ അടക്കം ഉള്ളവരുടെ അവസ്ഥ തികച്ചും മനം മടുപ്പിക്കാൻ കാരണമാണെന്ന് പൂണെയിൽ നിന്നുള്ള ഡോ രാജ ദേശ്പാണ്ഡെ നൽകിയ അഭിമുഖത്തിൽ തുറന്നടിക്കുന്നു. ഇത് ഒറ്റപ്പെട്ട ശബ്ദം അല്ലെന്നും പൊതുവിൽ ഇതാണ് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥയെന്നും അദ്ദേഹം തുടരുന്നു.

യുകെയിൽ ഡോക്ടർമാർക്ക് 2.8 ശതമാനം വേതന വർധന നടപ്പിൽ വന്നതും ഫ്രാൻസ് വേതന വർധനയ്ക്കായി എട്ടു ബില്യൺ യൂറോയുടെ പദ്ധതി പുറത്തു വിട്ടതും യൂറോപ്പിൽ എത്താൻ ഇന്ത്യൻ ഡോക്ടർമാർക്ക് ആവശ്യത്തിൽ അധികം പ്രചോദനമായി മാറുന്നുണ്ട്. ബാലികേറാ മലയായി കരുതപ്പെട്ടിരുന്ന ഐഇഎൽടിഎസിനു ബദലായി ഓഇടി എന്ന ലളിതമായ ടെസ്റ്റ് നടപ്പാക്കുക വഴി ആയിരക്കണക്കിന് മലയാളി നഴ്‌സുമാരാണ് ഇപ്പോൾ യുകെയിൽ എത്തികൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP