Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

17 രാജ്യങ്ങളിൽ പ്രവർത്തനം ഉള്ള സ്ഥാപനത്തിന്റെ ഏക ഓഫീസ് വാളകത്ത്; ഇന്ത്യയിലെ യൂണിവേഴ്സിറ്റി സെന്ററിന്റെ ചിത്രമായി നൽകിയത് കേരള നിയമസഭാ മന്ദിരത്തിന്റെ ചിത്രം; ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഏഷ്യാ വിഭാഗം തലവനും ഇന്ത്യൻ പ്രതിനിധിയുമായ ബേബി പാപ്പച്ചൻ കേരളത്തിലെ എബൻസർ മിഷൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീൻ! ഒളിമ്പിക് മെഡൽ ജേതാവ് കർണം മല്ലേശ്വരിക്ക് ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഡോക്ടറേറ്റ് നൽകിയത് തട്ടിപ്പിന്റെ ഉസ്താദ്; പാപ്പച്ചൻ ബേബിയെ തേടി പൊലീസ്

17 രാജ്യങ്ങളിൽ പ്രവർത്തനം ഉള്ള സ്ഥാപനത്തിന്റെ ഏക ഓഫീസ് വാളകത്ത്; ഇന്ത്യയിലെ യൂണിവേഴ്സിറ്റി സെന്ററിന്റെ ചിത്രമായി നൽകിയത് കേരള നിയമസഭാ മന്ദിരത്തിന്റെ ചിത്രം; ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഏഷ്യാ വിഭാഗം തലവനും ഇന്ത്യൻ പ്രതിനിധിയുമായ ബേബി പാപ്പച്ചൻ കേരളത്തിലെ എബൻസർ മിഷൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീൻ! ഒളിമ്പിക് മെഡൽ ജേതാവ് കർണം മല്ലേശ്വരിക്ക് ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഡോക്ടറേറ്റ് നൽകിയത് തട്ടിപ്പിന്റെ ഉസ്താദ്; പാപ്പച്ചൻ ബേബിയെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: വനിതാ ഒളിമ്പിക് മെഡൽ ജേതാവ് കർണം മല്ലേശ്വരിക്ക് ഉൾപ്പെടെ നിരവധി പ്രമുഖർക്ക് ഡോക്ടറേറ്റ് നൽകിയ മലയാളിയുടെ പേരിൽ വ്യാജബിരുദദാനത്തിന് കേസ് അന്വേഷണത്തിലേക്ക് കടക്കുമ്പോൾ തെളിയുന്നത് തട്ടിപ്പിന്റെ വ്യാപ്തി. വാളകം പാലയ്ക്കൽ ബിൽഡിങ്ങിൽ പാപ്പച്ചൻ ബേബിയുടെ പേരിലാണ് കേസ്. ഇല്ലാത്ത സർവകലാശാലയുടെ പേരിൽ ബിരുദവും ഡോക്ടറേറ്റും നൽകുന്നതായാണ് പരാതി. പാപ്പച്ചൻ നിലവിൽ വാളകത്ത് ഇല്ല. ഇയാളെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

ലണ്ടൻ ഡൊമനിക്ക് റിപ്പബ്ലിക്കിലെ ബാൾസ് ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പേരിൽ നടത്തുന്ന ബിരുദ ദാനങ്ങളും ഡോക്ടറേറ്റുകളും വ്യാജമാണെന്നാണ് തെളിയുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൊമനിക്കൻ ഹൈക്കമ്മിഷണറാണ് ഇന്ത്യൻ ഹൈക്കമ്മിഷണർക്ക് പരാതി നൽകിയത്. വിദേശകാര്യ മന്ത്രാലയം മുഖാന്തരം കൊല്ലം റൂറൽ ജില്ലാ പൊലീസിനു പരാതി ലഭിച്ചു. തുടർന്ന് കൊട്ടാരക്കര ഡിവൈ.എസ്‌പി. നടത്തിയ പ്രാഥമികാന്വേഷണത്തിൽ വലിയ തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്.

ജൂലായിലാണ് ഇന്ത്യൻ എംബസിക്ക് ഡൊമനിക്കൻ ഹൈക്കമ്മിഷണറുടെ പരാതി ലഭിക്കുന്നത്. ഡൊമനിക്കിലെ ബാൾസ് ബ്രിഡ്ജ് സർവകലാശാലയുടെ ഏഷ്യയിലെ ചുമതലക്കാരെന്ന പേരിലാണ് കേരളം ആസ്ഥാനമായുള്ള എബനേസർ മിഷൻ നയിക്കുന്ന ബാൾസ് ബ്രിഡ്ജ് സൊസൈറ്റി ഫോർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് പ്രവർത്തിക്കുന്നത്. എന്നാൽ ഡൊമനിക്കയിൽ ഇങ്ങനെയൊരു സർവകലാശാല രജിസ്റ്റർ ചെയ്തിട്ടില്ല. ഇത്തരത്തിൽ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള ലൈസൻസ് ആരും എടുത്തിട്ടുമില്ല.

സർവകലാശാലയുടെ ഏഷ്യൻ മേധാവി എന്നു വിശേഷിപ്പിക്കുന്ന പാപ്പച്ചൻ ബേബി നിരവധി പ്രമുഖർക്ക് ഡൽഹിയിൽ ഡോക്ടറേറ്റ് നൽകി ആദരിക്കൽ നടത്തിയിരുന്നു. കേരള പൊലീസ് കേസെടുത്തതുകൂടാതെ കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. 17 രാജ്യങ്ങളിൽ പ്രവർത്തനം ഉണ്ടെന്ന് അവകാശപ്പെടുന്ന സ്ഥാപനത്തിന്റെ ഏക ഓഫീസ് വാളകത്ത് ആണെന്നുള്ളതാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ബാക്കിയെല്ലാം കള്ളത്തരവും.

പതിനേഴ് രാജ്യങ്ങളിൽ കാമ്പസുകൾ, ആറായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ, 30 പ്രൊഫസർമാർ, 97 ശതമാനത്തിലധികം വിദ്യാർത്ഥികളും ബിരുദം നേടുന്നു, നൂറുകണക്കിന് കോഴ്സുകൾ-ഇത്രയെല്ലാം വെബ്സൈറ്റിൽ അവകാശപ്പെടുന്ന ബാൾസ് ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഏക മേൽവിലാസം റൂം 421, ഒന്നാംനില, പാലയ്ക്കൽ ബിൽഡിങ്, വാളകം പി.ഒ., കൊല്ലം എന്നതാണ്. ഇന്ത്യയിലെ യൂണിവേഴ്സിറ്റി സെന്ററിന്റെ ചിത്രമായി നൽകിയിരിക്കുന്നത് കേരള നിയമസഭാ മന്ദിരത്തിന്റെ ചിത്രവും. പാപ്പച്ചൻ ബേബിക്ക് ഡി.ലിറ്റും പിഎച്ച്.ഡി.യുമടക്കം നിരവധി ബിരുദങ്ങൾ കാണിച്ചിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയം വഴിയാണ് പൊലീസിൽ പരാതി ലഭിക്കുന്നതെന്നും പ്രാഥമിക അന്വേഷണത്തിൽത്തന്നെ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് ബോധ്യമായെന്നും കൊല്ലം റൂറൽ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. ഇല്ലാത്ത സർവകലാശാലയുടെ പേരിൽ ബിരുദവും ഡോക്ടറേറ്റും നൽകുന്നതായാണ് പരാതി. കേരള പൊലീസ് ഐ.പി.സി സെക്ഷൻ 420 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഏഷ്യാ വിഭാഗം തലവനും ഇന്ത്യൻ പ്രതിനിധിയുമെന്ന് പറയപ്പെടുന്ന ബേബി പാപ്പച്ചൻ കേരളത്തിലെ എബൻസർ മിഷൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീൻ ആണ്. ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് ഇയാൾ വ്യാജ ഓണററി ഡ്രിഗ്രികൾ വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്സ് മെഡൽ ജേതാവ് കർണ്ണം മല്ലേശ്വരി ഈ ഓണററി ഡിഗ്രി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇവരെ കൂടാതെ സർവകലാശാല അദ്ധ്യാപകർ, ഡോക്ടർമാർ, വ്യവസായ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർക്കാണ് ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി ഓണററി ഡിഗ്രി നൽകിയത്. മോണിക്ക സ്റ്റീൽ ഉടമ ഗുൺവന്ത് സിങ്, വി.ഐ.പി ക്ലോത്തിങ് ബ്രാൻഡ് ഡയറക്ടർ കപിൽ പതാരേ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടെന്ന് ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.

സിയാറ്റലിൽ യു.എസ് ഫെഡറൽ ഗവൺമെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എയർക്രാഫ്റ്റ് എഞ്ചീനിയറിങ് ആൻഡ് സർട്ടിഫിക്കേഷൻ കോർപറേഷനായ കെയ്ലേ ഏയ്റോസ്പേസ് സിഇഒ ഡോ. ബിഷ്ണുജീ സിംഗും ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഓണററി ഡിഗ്രി സ്വീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രതിനിധികൾക്ക് 'കാര്യങ്ങൾ സംഘടിപ്പിക്കാനുള്ള തുക' നൽകിയും ചില അപേക്ഷാഫോമുകൾ പൂരിപ്പിച്ച് കൊടുത്തും ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡിഗ്രികൾ നേടാനാകുമെന്ന് കണ്ടെത്തിയതായി ഡൊമിനിക്ക ഹൈകമ്മിഷണർ ഇന്ത്യക്ക് അയച്ച കത്തിൽ പറയുന്നു.

ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി ഡൊമിനിക്കയിൽ രജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്ന് മാത്രമല്ല, ഈ സ്ഥാപനത്തിന് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ നടത്താനുള്ള അനുമതിയേ ഇല്ലെന്നും ഈ കത്തിൽ പറയുന്നു. ഡൊമിനിക്കയുടെ തലസ്ഥാനമായ റൊസേവിലാണ് ഈ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നതെന്നാണ് പല രേഖകളിലും പറയുന്നത്. പക്ഷെ റോസേവിൽ അത്തരത്തിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന് ഡൊമിനിക്കൻ സർക്കാർ അറിയിച്ചിട്ടുണ്ട്.

നിരവധി കോളേജുകളും സർവകലാശാലകളുമായി അഫ്ലിയേറ്റ് ചെയ്തുകൊണ്ട് ഡൊമിനിക്ക തലസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയാണ്' ബാൾസ്ബ്രിഡ്ജ് എന്നാണ് യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പറയുന്നത്. സാംബിയ, ലൈബീരിയ, ഘാന, നാംബിയ, റുവാണ്ട എന്നീ രാജ്യങ്ങളിലും സർവകലാശാലക്ക് ക്യാംപസുകളുണ്ടെന്നും ഇതിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP