Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സനാതന ധർമ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂർണമായി ഉൾക്കൊണ്ട കർമ്മയോഗിയാണ് ശ്രീനാരായണ ഗുരു; അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവൻ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പിൽക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്; നിരീശ്വരത്തിന്റെ വിത്തുകൾ പാകുന്നവർക്കും ഗുരുദേവമൂല്യങ്ങളെ കച്ചവടമാക്കുന്നവർക്കും ഗുരുദേവനെന്ന കർമ്മയോഗിയായ ജ്ഞാനിയുടെ പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ല; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

സനാതന ധർമ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂർണമായി ഉൾക്കൊണ്ട കർമ്മയോഗിയാണ് ശ്രീനാരായണ ഗുരു; അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവൻ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പിൽക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്; നിരീശ്വരത്തിന്റെ വിത്തുകൾ പാകുന്നവർക്കും ഗുരുദേവമൂല്യങ്ങളെ കച്ചവടമാക്കുന്നവർക്കും ഗുരുദേവനെന്ന കർമ്മയോഗിയായ ജ്ഞാനിയുടെ പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ല; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ദൈവമേ! കാത്തുകൊൾകങ്ങു 

കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം.
(ദൈവദശകം)

ആലുവായിലെ സംസ്കൃതപാഠശാലയിലെ കുട്ടികൾക്കുവേണ്ടി ഗുരുദേവൻ എഴുതിയ ലളിതവും എന്നാൽ ഗഹനവുമായ സ്തോത്രത്തിലെ ആദ്യ നാലുവരികളാണിത്. പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരബ്രഹ്മം. ആ പരമ ചൈതന്യത്തോട് തങ്ങളെയെല്ലാവരെയും കാത്തുകൊള്ളണമേയെന്ന പ്രാർത്ഥനയാണിത്.

ഒരു നൂറ്റാണ്ടിനിപ്പുറം ഇന്ന് ഈ മഹാമാരികാലത്ത് ഓരോ മനുഷ്യനും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതും ഇതു തന്നെയാണ്. ഗുരുദേവൻ ഒരു നൂറ്റാണ്ട് മുമ്പ് അരുളിയ മഹത്വചനങ്ങൾ ഓരോന്നും അന്വർത്ഥമാവുന്ന ഒരു മഹാമാരികാലത്തിലെ ചതയജയന്തിയാണ് ഇന്ന്. അഹംബോധത്തിലൂറ്റംകൊണ്ട് എല്ലാം തന്റെ കാൽക്കീഴിലാണെന്ന്‌ അഹങ്കരിച്ചിരുന്നവർ പോലും ( ലോകരാഷ്ട്രങ്ങൾ വരെ) ഒരു കുഞ്ഞൻ വൈറസിന്‌ മുൻപിൽ പ്രാണരക്ഷാർത്ഥം പരക്കംപായുന്ന മഹാമാരികാലത്ത് വെറും 33 വയസ്‌ മാത്രമുണ്ടായിരുന്ന ത്രികാലജ്‌ഞാനിയും ഈശ്വരസ്വരൂപനുമായ ഒരു യുവയോഗി 1888 ൽ അരുവിപ്പുറത്തെ ശിലാഖണ്ഡത്തിൽ കുറിച്ചിട്ട മാനവസാഹോദര്യമന്ത്രത്തിന്റെ പൊരുൾ എന്തെന്നു ലോകം തിരിച്ചറിയുന്നിടത്താണ് ഗുരുദേവവചനങ്ങളുടെ പ്രസക്തി. മാനവ സേവയാണ്‌ യാഥാർഥ ഈശ്വരാരാധനയെന്നും മുട്ട്‌ കൂടാതെ കിട്ടുന്ന അന്നവസ്‌ത്രാദികളാണ്‌ യഥാർഥ ഈശ്വരനെന്നും പരിമിതമായ വിഭവങ്ങൾ കൊണ്ടും സുഖമായി ജീവിക്കാമെന്നും ‌ ഇന്ന് ലോകത്തിലാകമാനം ബോധ്യമായിരിക്കുന്നു.

അരുളുള്ളവനാണ്‌ ജീവിയെന്നും ശുചിത്വമാണ്‌ ഈശ്വരനെന്നുമുള്ള ഗുരുവചനവും പൂർണ്ണമായും അന്വർത്ഥമായി. ജാതിയുടെയോ മതത്തിന്റെയോ രാഷ്‌ട്രത്തിന്റെയോ സമ്പത്തിന്റെയോ അതിരുകൾ വെറും മനുഷ്യനിർമ്മിതമാണെന്നും പ്രകൃതിക്കും മഹാരോഗങ്ങൾക്കും അത്തരം അതിരുകളൊന്നുമില്ലെന്നും നാം എല്ലാവരും തിരിച്ചറിഞ്ഞു. ഗുരുദേവവചനമായ ദൈവങ്ങൾ ദേവാലയത്തിലല്ല മനുഷ്യഹൃദയങ്ങളിലാണ്‌ കുടികൊള്ളേണ്ടതെന്ന സത്യം ‌ മനസിലാക്കിയതും ഈ മഹാമാരികാലത്ത് തന്നെ.

ഒരു നൂറ്റാണ്ടിനപ്പുറം അറിവും അനുഭവവും സഹവർത്തിത്വവും കൊണ്ട് സുരഭിലമായ ജീവിതം നയിക്കേണ്ട മനുഷ്യർ, പരസ്പരം ഭിന്നിച്ചും കലഹിച്ചും ആത്മവിരോധികളായിത്തീരുന്ന ചരിത്രം കണ്ടുകൊണ്ടാണ് ചെമ്പഴന്തി വയൽവാരം വീട്ടിൽ ജാതനായ നാണു, നാണുച്ചട്ടമ്പിയും നാണുഭക്തനും നാണുവാശാനും ഒക്കെയായി ഒടുവിൽ ആത്മസാക്ഷാത്കാരം നേടിയ ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളായി രൂപാന്തരപ്പെട്ടത്. ആ രൂപാന്തരമാകട്ടെ സാമൂഹ്യപരിഷ്കരണത്തിലെ തങ്കലിപികളാൽ എഴുതപ്പെട്ട ചരിത്രവും.

സനാതന ധർമ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂർണമായി ഉൾക്കൊണ്ട കർമ്മയോഗിയാണ് ശ്രീനാരായണ ഗുരു. കണ്ണാടിയും ഓങ്കാരവും ദീപവും ശാരദാ മഠവും, പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ച് സമൂഹത്തെ പരബ്രഹ്മ ചൈതന്യത്തിലേക്ക് ഉയർത്തി. ജനനാലുള്ളതും ജനനം മുതൽ മരണംവരെ ഒരുവനിൽ നിലകൊള്ളുന്നതുമായ മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്നു ഗുരുദേവൻ അസന്ദിഗ്ധമായി വെളിപ്പെടുത്തി. സന്ന്യാസത്തിന്റെ സാമ്പ്രദായികരീതി വിട്ട് ജീവിതത്തെ മാനവികതയിലധിഷ്ഠിതമായി സംസ്കരിക്കുന്നതിനുള്ള ആധുനികരീതിയിലേക്ക് സന്ന്യസിക്കലിനെ മാറ്റിയെടുത്തത് ഗുരുദേവനാണ്. ഇങ്ങനെ സന്ന്യാസത്തിൽ സന്ന്യാസീകരണത്തിന്റെ ഒരു നവാദ്വൈതപ്പൊരുൾ നട്ടുവളർത്തിയ ചരിത്രത്തിലെ ആദ്യത്തെ ഋഷിവര്യനാണ് ഗുരുദേവൻ.

അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവൻ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പിൽക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്.തന്റെ പരിപാവനമായ ജീവിതം കൊണ്ട് ഗുരുദേവൻ അടയാളപ്പെടുത്തിയത് കേരളത്തിന്റെ നവോത്ഥാനചരിത്രമാണ്. ആ നവോത്ഥാനചരിത്രത്തെയാണ് അഭിനവരാഷ്ട്രതന്ത്രജ്‌ഞർ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റിയെഴുതാൻ ശ്രമിക്കുന്നത്. ഒപ്പം ഗുരുദേവ ആദർശങ്ങളെ വിറ്റ് തിന്ന് സ്വന്തം തറവാടിനെ മാത്രം കൊഴുപ്പിച്ച നടേശതന്ത്രങ്ങളെയും ഇനിയെങ്കിലും ശ്രീനാരായണീയർ തിരിച്ചറിയണം.

പരിപാവനനായ യുഗപുരുഷനെ ചങ്ങലയ്ക്കിടാൻ ശ്രമിച്ച രാഷ്ട്രീയപ്രത്യയശാസ്ത്രത്തേയും ചതയദിനത്തിൽ കരിദിനമാചരിക്കുന്ന രാഷ്ട്രീയമനസ്സുകളിലെ ഇരുട്ടിനെയും നമ്മൾ തിരിച്ചറിയണം. ഗുരുവെന്നാൽ പ്രകാശമാണ്. പ്രകാശമെന്നാൽ ഈശ്വരനും! നിരീശ്വരത്തിന്റെ വിത്തുകൾ പാകുന്നവർക്കും ഗുരുദേവമൂല്യങ്ങളെ കച്ചവടമാക്കുന്നവർക്കും ഗുരുദേവനെന്ന കർമ്മയോഗിയായ ജ്ഞാനിയുടെ പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP