Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടിലയ്ക്ക് വേണ്ടി ഇരുപക്ഷവും കടിപിടികൂടിയ നാളുകളിൽ സി. എഫ്.തോമസ് പറഞ്ഞത് താൻ യഥാർത്ഥ കേരള കോൺഗ്രസിന് ഒപ്പം നിൽക്കുമെന്ന്; തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ്.കെ.മാണി പക്ഷത്തിന് അനുകൂലമായി വിധി എഴുതിയതോടെ മുതിർന്ന നേതാവിനെ ഒപ്പം നിർത്താൻ നീക്കം; താൻ പിതൃതുല്യം സ്‌നേഹിക്കുന്ന നേതാക്കന്മാർക്ക് വേണ്ടി ഈ പ്രസ്ഥാനത്തിന്റെ വാതിലുകൾ തുറന്നിടുകയാണെന്ന് ജോസ് കെ.മാണി; അവസാന വിജയം തങ്ങളുടേതാകുമെന്ന അവകാശവാദവുമായി ജോസഫും

രണ്ടിലയ്ക്ക് വേണ്ടി ഇരുപക്ഷവും കടിപിടികൂടിയ നാളുകളിൽ സി. എഫ്.തോമസ് പറഞ്ഞത് താൻ യഥാർത്ഥ കേരള കോൺഗ്രസിന് ഒപ്പം നിൽക്കുമെന്ന്;  തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ്.കെ.മാണി പക്ഷത്തിന് അനുകൂലമായി വിധി എഴുതിയതോടെ മുതിർന്ന നേതാവിനെ ഒപ്പം നിർത്താൻ നീക്കം; താൻ പിതൃതുല്യം സ്‌നേഹിക്കുന്ന നേതാക്കന്മാർക്ക് വേണ്ടി ഈ പ്രസ്ഥാനത്തിന്റെ വാതിലുകൾ തുറന്നിടുകയാണെന്ന് ജോസ് കെ.മാണി; അവസാന വിജയം തങ്ങളുടേതാകുമെന്ന അവകാശവാദവുമായി ജോസഫും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് തർക്കത്തിൽ ജോസ് കെ.മാണി പക്ഷത്തിന് മേൽക്കൈ വന്നതോടെ എംഎൽമാരായ മോൻസ് ജോസഫും, പി.ജെ.ജോസഫും മാത്രമല്ല കോൺഗ്രസും യുഡിഎഫും കൂടിയാണ് വെട്ടിലായത്. മുതിർന്ന നേതാവ് സിഎഫ് തോമസ് ആകട്ടെ രോഗാതുരനുമാണ്. അദ്ദേഹം ഏതുപക്ഷത്താണെന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ ആശയക്കുളപ്പുണ്ടെങ്കിലും ജോസഫിനോടാണ് ചായ് വെന്ന് പിന്നീട് വ്യക്തമായിരുന്നു. ജോസഫിനോടും അദ്ദേഹം പരസ്യമായി കൂറുപ്രഖ്യാപിച്ചതുമില്ല. ഇരുപക്ഷത്തോടും സന്ന്യാസതുല്യമായ അകലം പാലിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ രോഗാവസ്ഥ മൂലം പങ്കെടുക്കാതിരുന്നതുകൊണ്ട് വിപ് ലംഘനമെന്ന പ്രശ്്‌നവും ഉദിച്ചില്ല. അതുകൊണ്ട് തന്നെ അയോഗ്യതാ പ്രശ്‌നവുമില്ല. ഏതായാലും കേരള കോൺഗ്രസ് എമ്മും രണ്ടില ചിഹ്നവും കൈപ്പിടിയിയതോടെ സി.എഫ് .തോമസിനെ കൂടി തനിക്കൊപ്പം നിർത്താനുള്ള ശ്രമത്തിലാണ് ജോസ്.കെ.മാണി. ഇക്കാര്യം അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.

നേരത്തെ സിഎഫ്.തോമസ് ആർക്കൊപ്പമെന്ന സസ്‌പെൻസ് ചോദ്യമുയർന്നപ്പോൾ അദ്ദേഹത്തിന്റെ മറുപടി താൻ യഥാർത്ഥ കേരള കോൺഗ്രസിന് ഒപ്പമായിരിക്കുമെന്നാണ്. ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരിക്കുന്നു, ജോസ്.കെ.മാണി പക്ഷമാണ് യഥാർത്ഥ കേരള കോൺഗ്രസ് എമ്മെന്ന്. ഈ സാഹചര്യത്തിൽ സിഎഫ് തോമസിനെ ജോസ് കെ.മാണി നേരിട്ട് സന്ദർശിക്കുമെന്നാണ് സൂചന.

ജോസ് കെ.മാണിയുടെ വാർത്താസമ്മേളനത്തിലെ വാക്കുകൾ ഇങ്ങനെ:

മാണി സാറിന്റെ ഓർമ്മകളെപ്പോലും അപമാനിക്കുകയും, മാണി സാറിന്റെ രാഷ്ട്രീയത്തെ ഒറ്റുകൊടുക്കയും ചെയ്തവർക്ക് ഈ ചിഹ്നത്തിൽ അർഹതയില്ല എന്നതിലൂടെ തെളിയിക്കപ്പെട്ടത് കാലത്തിന്റെ നീതിയാണ്.മാണി സാറിന്റെ വേർപാടിന്ശേഷമുണ്ടായ നിർണ്ണായകമായ രാഷ്ട്രീയഘട്ടത്തിൽ കേരളത്തിലെ മഹാഭൂരിപക്ഷം പാർട്ടി പ്രവർത്തകരും സത്യത്തിന് ഒപ്പമാണ് നിന്നത്.

എന്നാൽ അപൂർവ്വം ചില ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടു, അവരിൽ അങ്ങേയറ്റം ഞാൻ ആദരിക്കുന്ന പിതൃതുല്യം സ്നേഹിക്കുന്ന നേതാക്കന്മാരുമുണ്ട്. അവർ തെറ്റിദ്ധരിക്കപ്പെട്ടതിൽ വീണതിൽ ഏറെ വേദന ഉണ്ട്. അവരോടൊന്നും എനിക്ക് പരാതിയില്ല. യഥാർത്ഥ കേരളാ കോൺഗ്രസ്സ് ഏതെന്ന് തെളിയിക്കപ്പെടുന്ന ഈ ഘട്ടത്തിൽ അവർക്ക് വേണ്ടി ഈ പ്രസ്ഥാനത്തിന്റെ വാതിലുകൾ തുറന്നിടുകയാണ്.

മുന്നോട്ടുള്ള വഴികളിൽ അവർ ഒപ്പമുണ്ടാകണമെന്ന ആഗ്രഹവും അഭ്യർത്ഥനയും പരസ്യമായി തന്നെ മുമ്പോട്ടുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു' ജോസ് കെ മാണി പറഞ്ഞു.

കേരളാ കോൺഗ്രസ്സിന്റെ ഔദ്യോഗിക ചിഹ്നം തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. കുതിര ചിഹ്നം തട്ടിയെടുത്തപ്പോൾ ലഭിച്ച രണ്ടില എന്ന ചിഹ്നത്തെ കർഷകരാഷ്ട്രീയത്തിന്റെ പ്രതീകമാക്കിയത് മാണി സാർ നടത്തിയ നിരന്തരമായ ഇടപെടലുകളും പോരാട്ടങ്ങളുമാണ്. ആ ചിഹ്നം കവർന്നെടത്തുക്കൊണ്ട് മാണിസാറിന്റെ രാഷ്ട്രീയ പൈതൃകം കൂടി കവർന്നെടുക്കാൻ നടത്തിയ ഗൂഢാലോചനയ്ക്ക് ചരിത്രം നൽകിയ തിരിച്ചടിയാണ് ഈ വിധിയെന്ന് അദ്ദേഹം പറഞ്ഞു.

നിർണ്ണായകമായ തെരെഞ്ഞെടുപ്പുകളിലെല്ലാം ചിഹ്നം നൽകാൻ അവകാശം തനിക്കാണ് എന്ന് പറഞ്ഞ് വിവാദം ഉയർത്തിയും, ചെയർമാന്റെ അധികാരം തനിക്കാണ് എന്ന് പറഞ്ഞ് നുണ പ്രചരണം നടത്തിയും ആവർത്തിച്ച പരാക്രമങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിധി.

ഏറ്റവും നീചമായ പദപ്രയോഗങ്ങൾകൊണ്ടു പോലും എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. വ്യക്തിഹത്യ ആവർത്തിച്ചപ്പോഴൊന്നും ആ നിലയിലുള്ള ഒരു പദപ്രയോഗംപ്പോലും തിരികെ ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം മാണിസാർ എന്നെ പഠിപ്പിച്ചത് അതല്ല.മാണിസാറിന്റെ വേർപാടിന്ശേഷം ഈ പ്രസ്ഥാനത്തെ ശിഥിലമാക്കാൻ അച്ചാരം വാങ്ങിയവരുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് കേരളം കണ്ടത്. കേരളാ രാഷ്ട്രീയത്തിൽ മറ്റൊരു നേതാവിനെതിരെയും ഉണ്ടായിട്ടില്ലാത്ത നീചമായ വ്യക്തിഹത്യയും വേട്ടയാടലും എനിക്കെതിരെ ഉണ്ടായി.

നിർണ്ണായകമായ ഘട്ടങ്ങളിൽ ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കാൻ കരുത്ത് പകർന്ന തോമസ് ചാഴികാടൻ എംപി, എംഎ‍ൽഎമാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ്, എക്സ്. എംഎ‍ൽഎമാർ, സ്റ്റിയറിങ് കമ്മറ്റി അംഗങ്ങൾ ഉൾപ്പടെയുള്ള പാർട്ടിയുടെ സംസ്ഥാന നേതൃത്വം, 14 ജില്ലാ കമ്മറ്റികൾ ഉൾപ്പടെയുള്ള മുഴുവൻ പാർട്ടി ഘടകങ്ങൾ, ലക്ഷകണക്കായ പ്രവർത്തകരോടും നന്ദി പറയുന്നതായും ജോസ് കെ മാണി പറഞ്ഞു.

യഥാർത്ഥ കേരളാ കോൺഗ്രസ്സ് (എം) ഏതാണെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനം. കേരളാ കോൺഗ്രസ്സ് (എം) എന്ന പേര് ഞങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാം ജോസ് പക്ഷമെന്ന വിശേഷിപ്പിച്ചവരുണ്ട്. ഇനി ആ പ്രയോഗങ്ങളെല്ലാം അവസാനിക്കുകയാണ്. കേരളാ കോൺഗ്രസ്സ് (എം) ന്റെ യഥാർത്ഥ അവകാശികൾ ഞങ്ങളാണെന്ന് പരമോന്നത ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇനി മുതൽ കേരളാ രാഷ്ട്രീയത്തിൽ ഒരേ ഒരു കേരളാ കോൺഗ്രസ്സ് (എം) മാത്രമേയുള്ളൂ. ഔദ്യോഗിക കേരളാ കോൺഗ്രസ്സ് (എം) ന്റെ ചിഹ്നം മാണിസാർ കർഷകരാഷ്ട്രീയത്തിന്റെ പ്രതീകമായി ഉയർത്തിപ്പിടിച്ച രണ്ടില തന്നെ ആയിരിക്കും. ഈ വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.കേരളാ കോൺഗ്രസ്സിനെ തകർക്കാൻ ശ്രമിച്ച, മാണി സാറിന്റെ ആത്മാവിനെപ്പോലും നിന്ദിച്ച ശക്തികളോട് സന്ധിയില്ലാതെ പൊരുതുക എന്ന രാഷ്ട്രീയ ചുമതലമാണ് താൻ ഇനി ഏറ്റെടുക്കുക എന്നും ജോസ് കെ.മാണി പറഞ്ഞു.

ചെയർമാനാകുന്നതിന് ജോസിന് വിലക്കുണ്ടെന്ന് ജോസഫ്

കേരള കോൺഗ്രസ്- എം ചെയർമാനായി പ്രവർത്തിക്കുന്നതിനു ജോസ് കെ. മാണിക്കുള്ള വിലക്കു നിലനിൽക്കുന്നുണ്ടെന്നു വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. രണ്ടില ചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കെ. മാണി ചെയർമാനാണെന്നു പറയുന്നതു കോടതിയലക്ഷ്യമാണ്. ചെയർമാനായി തെരഞ്ഞെടുത്തതു നിയമവിരുദ്ധമാണെന്നു മൂന്നു കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റേത് അവസാന വാക്കല്ല. തീരുമാനത്തിനെതിരെ ഡൽഹി കോടതിയിൽ റിട്ട് ഹർജി നൽകി അവസാന വിജയം തങ്ങളുടേതാകുമെന്നും ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.

രണ്ടില ചിഹ്നത്തിനുള്ള അവകാശം തങ്ങൾക്കാണെന്ന ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തള്ളിയാണു കമ്മീഷൻ ജോസ് കെ. മാണി വിഭാഗത്തിനു ചിഹ്നം അനുവദിച്ചത്. കമ്മീഷനു മുന്നിലുള്ള രേഖകൾ, അതുവരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാന്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.

രണ്ടില ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തർക്കം തുടരുകയായിരുന്നു. പാലാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ ജോസ് വിഭാഗം സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിലാണു മത്സരിച്ചത്. എന്നാൽ, തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായതു ജോസഫ് പക്ഷത്തിനു കനത്ത തിരിച്ചടിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP