Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെഞ്ഞാറമൂട് കൊലപാതകങ്ങളുമായി എന്നെ ബന്ധിപ്പിച്ചത് എൻഐഎ സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ; പ്രതികൾ എന്നെ വിളിച്ച് സന്ദേശം കൈമാറി എന്ന് പറയുമ്പോൾ തെളിവു കൂടി ഹാജരാക്കണം; മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുകയും ജയരാജൻ മന്ത്രിയായി തുടരുകയും ചെയ്യുമ്പോൾ ഇതിനു എന്താണ് പ്രയാസം? ആറ്റിങ്ങലിൽ പഞ്ചായത്ത് മെമ്പറെപ്പോലെ ഞാൻ കറങ്ങി നടക്കുന്നത് സിപിഎമ്മിന് രുചിക്കുന്നില്ല; തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ച് അടൂർ പ്രകാശ് മറുനാടനോട്

വെഞ്ഞാറമൂട് കൊലപാതകങ്ങളുമായി എന്നെ ബന്ധിപ്പിച്ചത് എൻഐഎ സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ; പ്രതികൾ എന്നെ വിളിച്ച് സന്ദേശം കൈമാറി എന്ന് പറയുമ്പോൾ തെളിവു കൂടി ഹാജരാക്കണം; മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുകയും ജയരാജൻ മന്ത്രിയായി തുടരുകയും ചെയ്യുമ്പോൾ ഇതിനു എന്താണ് പ്രയാസം? ആറ്റിങ്ങലിൽ പഞ്ചായത്ത് മെമ്പറെപ്പോലെ ഞാൻ കറങ്ങി നടക്കുന്നത് സിപിഎമ്മിന് രുചിക്കുന്നില്ല; തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ച് അടൂർ പ്രകാശ് മറുനാടനോട്

എം മനോജ്കുമാർ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇന്നലെ തിരുവോണനാളിൽ നടന്ന ഇരട്ടക്കൊലപാതകങ്ങൾ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടു ഗ്രൂപ്പുകൾ തമ്മിൽ നിരന്തരമായി നടന്ന സംഘട്ടനങ്ങൾക്ക് രാഷ്ട്രീയച്ചായ കൈവരുകയായിരുന്നു. ഒരു ഭാഗത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മറുഭാഗത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരുമായപ്പോൾ സംഘട്ടനം തീർത്തും രാഷ്ട്രീയമായി മാറി. ഹഖ്- മുഹമ്മദ് മിഥിലാജ് കൊലപാതകങ്ങളിൽ പ്രതികൾ കോൺഗ്രസ് പ്രവർത്തകർ ആണെന്നാണ് ഇപ്പോൾ പൊലീസിന്റെ എഫ്‌ഐആർ വന്നിരിക്കുന്നത്. ഇതോടെ ഗ്രൂപ്പുകളുടെ ഏറ്റുമുട്ടലുകൾക്ക് രാഷ്ട്രീയ സംഘട്ടനത്തിന്റെ മാനം കൈവരുകയും ചെയ്തു. നിരന്തരമായി നടന്ന ആക്രമണങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കൊലപാതകം നടന്നിരിക്കുന്നത്. ഈ പകയുടെ ഭാഗമായി നടന്ന ആക്രമണങ്ങളിൽ മരണത്തിന്റെ വക്കിൽ നിന്നും മുൻപ് പ്രവർത്തകർ രക്ഷപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴതുകൊലപാതകം തന്നെയായി മാറി.

സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മും പിണറായി സർക്കാരും പ്രതിരോധത്തിലായ അവസരത്തിൽ തന്നെയാണ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുന്നത്. ഇതോടെ സിപിഎം രാഷ്ട്രീയമായി കോൺഗ്രസിനെതിരെ രംഗത്ത് വന്നു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെ ലക്ഷ്യംവച്ചാണ് സിപിഎം നീങ്ങിയത്. കൊലപാതകത്തിൽ അടൂർ പ്രകാശിനും പങ്കുണ്ടെന്ന് പറഞ്ഞു അതിഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നത് മന്ത്രി ഇ.പി.ജയരാജനാണ്. സംഭവമുണ്ടായ ശേഷം കൊലയാളികൾ ഈ വിവരം അറിയിക്കുന്നത് അടൂർ പ്രകാശിനെയാണ്. 'ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിന് കൊടുത്ത സന്ദേശം. ഇതാണോ കോൺഗ്രസ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോൾ ഇതിന്റെ പിന്നിൽ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് രംഗത്തില്ലാത്ത അടൂർ പ്രകാശ് എംപികൂടി കൊലപാതക ആരോപണങ്ങളുമായി കെട്ടുപിണയുന്നത്.

പക്കാ ക്രിമിനലുകളെ സംഘടിപ്പിക്കുക. അത് പണ്ട് കോൺഗ്രസ് ശീലിച്ചതാണ്. തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിക്കുക. അക്രമികളെ സംരക്ഷിക്കുക. ഈ നിലപാട് സമാധാനം ഉണ്ടാക്കുന്നതല്ല. ജനങ്ങൾ പ്രതികരിക്കണം. ജനസേവനം മാത്രം കൈമുതലാക്കി എല്ലാവരേയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നത്. നാട് ക്ഷോഭിക്കും. അപ്പോൾ ഈ അക്രമികൾക്ക് നേരെ തിരിച്ചടിക്കും.'-ജയരാജൻ കൂട്ടിച്ചേർത്തു. ജയരാജന്റെ ആരോപണങ്ങൾക്ക് ശേഷം അടൂർ പ്രകാശ് മറുനാടനോട് പ്രതികരിച്ചു. മണ്ഡലം കൈവിട്ട നഷ്ടമാണ് വെറുതെ ആരോപണങ്ങൾ ഉന്നയിച്ച് അവർ തീർക്കാൻ ശ്രമിക്കുന്നത്. തെളിവ് ഹാജരാക്കട്ടെ. മന്ത്രി മാത്രമല്ല സിപിഎമ്മിന്റെ മുതിർന്ന നേതാവ് കൂടിയാണ് ഇ.പി.ജയരാജൻ. അദ്ദേഹം ആരോപണം ഉന്നയിക്കുമ്പോൾ തെളിവ് കൂടി ഹാജരാക്കണം.

ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളം ഭരിക്കുന്നത്. ഫോൺ വിളിച്ചു സന്ദേശം കൈമാറി എന്നൊക്കെ പറയുമ്പോൾ അതിനുള്ള തെളിവ് ഫോൺ രേഖകൾ കൂടി ഹാജരാക്കാനുള്ള രാഷ്ട്രീയ അന്തസ് കാണിക്കണം. ഈ അന്തസ് ഇല്ലാതെയാണ് ഇ.പി.ജയരാജൻ ആരോപണം ഉന്നയിച്ചത്-അടൂർ പ്രകാശ് പറഞ്ഞു. ജയരാജൻ ഉയർത്തുന്നത് രാഷ്ട്രീയ ആരോപണമാണ്. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണത്തിനായി സെക്രട്ടറിയേറ്റിൽ എൻഐഎ ഇന്നു വന്ന സമയം തന്നെയാണ് വെഞ്ഞാറമൂട് രാഷ്ട്രീയ കൊലപാതകങ്ങളുമായി എന്നെ കൂടി ബന്ധപ്പെടുത്തി രാഷ്ട്രീയ ആരോപണം വ്യവസായമന്ത്രി ഉതിർത്തത്. ചീഫ് സെക്രട്ടറി തന്നെ പറഞ്ഞിരിക്കുന്നത് കേട്ടില്ലേ? സെക്രട്ടറിയെറ്റിൽ ആർക്കും പ്രവേശനമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതി അന്വേഷിക്കാതിരിക്കാനാണ് അകത്ത് പ്രവേശിക്കാൻ പാടില്ലെന്ന് പറയുന്നത്. സർക്കാർ ചീഫ് സെക്രട്ടറിയെക്കൊണ്ട് പറയിപ്പിച്ച കാര്യമാണ് അത്. മാധ്യമങ്ങൾ അടക്കമുള്ളവരെയാണ് തീ കത്തിയ സമയത്ത് അവിടെ നിന്നും ചീഫ് സെക്രട്ടറി പുറത്താക്കിയത്. ഇതെല്ലാം കൂട്ടി വായിക്കുമ്പോഴാണ് എന്താണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസിലാകുന്നത്.

28 വർഷങ്ങൾക്ക് ശേഷം ആറ്റിങ്ങൽ മണ്ഡലം മണ്ഡലം നഷ്ടമായത് സിപിഎം ഇതുവരെ മറന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇ.പി.ജയരാജന്റെ രംഗപ്രവേശം. എ ന്നെ മണ്ഡലത്തിൽ നിന്നും ഒഴിവാക്കാൻ അവർ നിരന്തര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്നിടയിലാണ് വീണു കിട്ടിയ രീതിയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎമ്മിന് ലഭിക്കുന്നത്. എനിക്ക് കൊലപാതകങ്ങളുമായി ബന്ധം ഉണ്ടെന്നു ജയരാജന്റെ ആരോപണം സിപിഎമ്മിന്റെ ഈ നീക്കത്തിന്റെ തെളിവാണ്. പ്രതികൾ എന്നെ അപ്പോൾ തന്നെ വിളിച്ചു എന്നാണ് മന്ത്രി ഇ.പി.ജയരാജൻ ആക്ഷേപം മുഴക്കിയത്. പത്രവാർത്തയിലൂടെയാണ് ഞാൻ കൊലപാതകം അറിയുന്നത്. മന്ത്രിസഭ ഇടത് മന്ത്രിസഭയാണ്. ആഭ്യന്തരവകുപ്പ് കയ്യാളുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

ആധുനിക സംവിധാനങ്ങൾ ആഭ്യന്തര വകുപ്പിന്റെ കയ്യിലുണ്ട്. എന്നെ ആരെങ്കിലും ഫോണിൽ വിളിച്ചിരുന്നോ ഞാൻ ആരെയെങ്കിലും വിളിച്ചിരുന്നോ എന്നൊക്കെ അറിയാൻ കഴിയും. ആരോപണങ്ങൾ ഉന്നയിച്ചാൽ അത് തെളിയിക്കാൻ കഴിയണം. അതിനുള്ള ഉത്തരവാദിത്തം മന്ത്രി എന്ന നിലയിൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴുണ്ട്. ഈ കാര്യങ്ങൾ തെളിയിക്കാൻ കഴിയണം.കാടടക്കി വെടിവെച്ചിട്ടു കിട്ടുന്നതെല്ലാം ലാഭം എന്ന് പറയുന്ന രീതി പിന്തുടരുന്നത് രാഷ്ട്രീയ അന്തസിനു യോജിച്ചതല്ല. മുതിർന്ന നേതാവ് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവ് സഹിതം വേണം ആരോപണം ഉന്നയിക്കാൻ. ജയരാജന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ടു നിയമനടപടി സ്വീകരിക്കണോ എന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് ചെയ്യും.

ആറ്റിങ്ങൽ എംപിയെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കോൺഗ്രസുകാർ മാത്രമല്ല ആറ്റിങ്ങലിലെ ജനം മുഴുവനായാണ് ബന്ധപ്പെടുന്നത്. ഇതിൽ സിപിഎമ്മിന് ചൊരുക്കുണ്ട്. മണ്ഡലത്തിൽ നിന്നും ആവശ്യം ഉയരുമ്പോൾ കഴിയുന്ന കാര്യം എല്ലാം തന്നെ ചെയ്തുകൊടുക്കാറുണ്ട്. പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ സ്വഭാവമാണത്. പൊലീസ് സ്റ്റേഷനിൽ തന്നെ പല കള്ളക്കേസുകളും ഉണ്ടാകാറുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികൾക്ക് എതിരെ സിപിഎം കള്ളക്കേസുകൾ എടുക്കുന്നുണ്ട്. അപ്പോൾ പൊലീസ് കേൾക്കുന്നത് ഒരു ഭാഗം മാത്രമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ പരാതികൾ ഞാൻ അന്വേഷിക്കാറുണ്ട്. അത് എംപി എന്ന നിലയിൽ കടമയും ഉത്തരവാദിത്തവുമാണ്.

പഞ്ചായത്ത് മെമ്പറെക്കാളും സജീവമാണ് ഞാൻ മണ്ഡലത്തിൽ. എന്നെ മണ്ഡലത്തിൽ നിന്നും ഒഴിവാക്കണം എന്നാണ് സിപിഎം തീരുമാനം. ഒന്നേകാൽ വർഷത്തിനുള്ളിൽ മണ്ഡലത്തിനായി കുറെ അധികം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ആറ്റിങ്ങൽ ബൈപ്പാസ് ഇതിനു ഒരു ഉദാഹരണമാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതൊന്നും അവർക്ക് സഹിക്കാൻ കഴിയാത്ത കാര്യമാണ്. എന്നെ ഒഴിവാക്കി നിർത്തിയാൽ അത് സിപിഎമ്മിന്റെ രാഷ്ട്രീയ നേട്ടമായി മാറും. ഇതിനായുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തുന്നത്. ഈ ആരോപണവും അതിന്റെ ഭാഗം തന്നെ-അടൂർ പ്രകാശ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP