Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇസ്രയേലിൽ നിന്നും ആദ്യ യാത്രാവിമാനം യുഎഇയിലേത്തി; ചരിത്രപരമായ നീക്കം ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ; എൽവൈ 971 നമ്പർ വിമാനം യാത്ര ചെയ്തത് സൗദി അറേബ്യയുടെ വ്യോമമേഖലയിലൂടെ; സൗദിയുടെ വ്യോമമേഖലയിലൂടെ ഇസ്രയേൽ വിമാനം പറക്കുന്നതും ഇതാദ്യം; യുഎഇയുമായുള്ള കരാർ അറബ്-ഇസ്രയേൽ ബന്ധത്തിലെ നാഴികകല്ലാകുമോ?

ഇസ്രയേലിൽ നിന്നും ആദ്യ യാത്രാവിമാനം യുഎഇയിലേത്തി; ചരിത്രപരമായ നീക്കം ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ; എൽവൈ 971 നമ്പർ വിമാനം യാത്ര ചെയ്തത് സൗദി അറേബ്യയുടെ വ്യോമമേഖലയിലൂടെ; സൗദിയുടെ വ്യോമമേഖലയിലൂടെ ഇസ്രയേൽ വിമാനം പറക്കുന്നതും ഇതാദ്യം; യുഎഇയുമായുള്ള കരാർ അറബ്-ഇസ്രയേൽ ബന്ധത്തിലെ നാഴികകല്ലാകുമോ?

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ഇസ്രയേൽ- യുഎഇ യാത്രാവിമാനം പുതിയ ചരിത്രം കുറിച്ചു കൊണ്ട് യുഎഇയിലെത്തി. ഇസ്രയേൽ യുഎഇ സമാധാനകരാറിനു പിന്നാലെയാണ് ആദ്യ യാത്രാവിമാനം അബുദാബിയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണു ചരിത്രത്തിലാദ്യമായി ഇസ്രയേലിൽനിന്നുള്ള യാത്രാവിമാനം യുഎഇയിലെത്തുന്നത്.

സൗദി അറേബ്യയുടെ വ്യോമമേഖലയിലൂടെയായിരുന്നു എൽവൈ 971 നമ്പർ വിമാനത്തിന്റെ യാത്ര. ഇതാദ്യമായാണു സൗദിയുടെ വ്യോമമേഖലയിലൂടെ ഇസ്രയേൽ വിമാനം പറക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും മുഖ്യഉപദേശകനുമായ ജാറെദ് കുഷ്‌നർ അടക്കമുള്ള യുഎസ് ഉദ്യോഗസ്ഥരും ഇസ്രയേൽ പ്രതിനിധികളും ആദ്യ യാത്രയുടെ ഭാഗമായി. ഹീബ്രു, അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സമാധാനം എന്നു രേഖപ്പെടുത്തിയ വിമാനം നാളെ അബുദാബിയിൽനിന്ന് ഇസ്രയേലിലേക്കു മടങ്ങും. തുടർന്ന് ഇരുരാജ്യങ്ങളുടെയും വ്യോമയാനമന്ത്രാലയങ്ങളുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കും.

നേരത്തെ യുഎഇ-ഇസ്രയേൽ കരാറിന്റെ ഭാഗമായി യുഎഇ ഭക്ഷ്യ-ജല സുരക്ഷ സഹമന്ത്രി മറിയം അൽ മെയിരിയും ഇസ്രയേലിന്റെ കൃഷി, ഗ്രാമവികസന മന്ത്രി അലോൺ ഷസ്റ്ററും ഓൺലൈൻ ചർച്ച നടത്തിയിരുന്നു. സമാധാന ഉടമ്പടിയുടെ ഫലമായി ഇരു രാജ്യങ്ങൾക്കും മുന്നിലുള്ള വലിയ അവസരങ്ങൾ യോഗത്തിൽ ഇരുപക്ഷവും പ്രതിപാദിച്ചു.

പശ്ചിമേഷ്യയിലെ സമാധാനത്തിനും സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും പിന്തുണ നൽകുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇയും ഇസ്രയേലും വലിയ പ്രാധ്യാന്യം കൽപ്പിക്കുന്ന ഭക്ഷ്യ-ജല സുരക്ഷ, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്, അക്വാകൾച്ചർ, അഗ്രിടെക് എന്നിങ്ങനെയുള്ള മേഖലകളിൽ സഹകരിക്കുമെന്ന് രണ്ട് മന്ത്രിമാരും തമ്മിലുള്ള ചർച്ചയിൽ തീരുമാനമായി. രണ്ട് മന്ത്രാലയങ്ങളും ഇനി ഒരു നേരിട്ടുള്ള ചാനൽ തുറന്ന് സഹകരണത്തിന്റെ പദ്ധതി തയ്യാറാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും വാർത്താ ഏജൻസി അറിയിച്ചു.

അതിനിടെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുകയും അറബ് ജനതയ്ക്ക് 1967ന് മുമ്പുള്ള അതിർത്തിയോടെ സ്വാതന്ത്ര്യ പരമാധികാര രാജ്യമുണ്ടാവുകയും ചെയ്യാതെ മധ്യപൗരസ്ത്യ ദേശത്ത് സമാധാനം ഉണ്ടാവില്ലെന്ന് ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. ഇസ്രയേലി അധിനിവേശം അവസാനിപ്പിക്കാതെ മേഖലയിൽ സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും ഉണ്ടാകില്ല.

ബ്രിട്ടീഷ് വിദേശമന്ത്രി ഡൊമിനിക് റാബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അബ്ബാസ് ഇക്കാര്യം പറഞ്ഞത്. സ്വതന്ത്ര ഫലസ്തീനിന്റെ തലസ്ഥാനമാവേണ്ട കിഴക്കൻ ജെറുസലെമിൽ ഇസ്രയേൽ ഇപ്പോഴും നിയന്ത്രണം തുടരുന്നതിനെയും വെസ്റ്റ്ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റ വ്യാപനം തുടരുന്നതിനെയും ഭൂമി തട്ടിയെടുക്കൽ പൂർണമായും അവസാനിപ്പിക്കാത്തതിനെയും അബ്ബാസ് അപലപിച്ചു. ഇത്തരം നടപടികൾ സംഘർഷത്തിന് രാഷ്ട്രീയപരിഹാരം കാണാനുള്ള സാധ്യതകൾ ഇല്ലാതാക്കും. അന്താരാഷ്ട്ര അംഗീകാരമുള്ള പ്രമേയങ്ങളും അറബ് സമാധാന നിർദേശവും(എപിഐ) നടപ്പാക്കുന്നതിനെ ആശ്രയിച്ചേ ബന്ധം മെച്ചപ്പെടൂ. അതിനർഥം ഇസ്രയേൽ ഫലസ്തീനുമായി കരാർ ഒപ്പിട്ടശേഷമേ അവരുമായി ബന്ധം സാധാരണ നിലയിലാക്കാൻ അറബ്സമൂഹത്തിലെ അംഗങ്ങൾക്ക് കഴിയൂ എന്ന് അബ്ബാസ് പറഞ്ഞു.

അതേസമയം ഇസ്രയേലും അവരുമായി നയതന്ത്രബന്ധം ആരംഭിക്കാൻ കരാറുണ്ടാക്കിയ യുഎഇയും തമ്മിൽ വിമാനയാത്രാബന്ധം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് അമേരിക്ക അറിയിച്ചു. ആദ്യമായിട്ടാണ് ഒരു ഗൾഫ് അറബ് രാജ്യത്തേക്ക് ഇസ്രയേലിൽനിന്ന് യാത്രാവിമാനം സർവീസ് ആരംഭിക്കുന്നത്. ഇസ്രയേൽ- യുഎഇ ബന്ധത്തിന് സൗദി അറേബ്യയുടെയും അംഗീകാരമുണ്ടെന്നതിന്റെ സൂചനയാണ് വിമാനസർവീസ്.

മേഖലയിലുള്ള അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ബഹറിൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ, കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇസ്രയേലുമായി കരാറുണ്ടാക്കാൻ ബഹറിനോടും പോംപിയോ ആവശ്യപ്പെട്ടു. യുഎഇ ഭരണാധികാരികളുമായും പോംപിയോ ചർച്ച നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP