Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണബ് ദാ വിട വാങ്ങി; ഭാരതരത്‌ന നൽകി രാജ്യം ആദരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു; അന്ത്യം ഡൽഹി ആർമി റിസർച്ച് റഫറൽ ആശുപത്രിയിൽ; തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രണബിന്റെ നില വഷളാക്കിയത് ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ; പതിമൂന്നാമത് രാഷ്ടപ്രതിയായി ചുമതലയേറ്റത് വിവിധ കേന്ദ്ര മന്ത്രിസഭകളിലെ അനുഭവപരിചയം മുതൽകൂട്ടാക്കി

പ്രണബ് ദാ വിട വാങ്ങി; ഭാരതരത്‌ന നൽകി രാജ്യം ആദരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു; അന്ത്യം ഡൽഹി ആർമി റിസർച്ച് റഫറൽ ആശുപത്രിയിൽ; തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രണബിന്റെ നില വഷളാക്കിയത് ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ;  പതിമൂന്നാമത് രാഷ്ടപ്രതിയായി ചുമതലയേറ്റത് വിവിധ കേന്ദ്ര മന്ത്രിസഭകളിലെ അനുഭവപരിചയം മുതൽകൂട്ടാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. ഭാരതരത്‌ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായിരുന്നു. കോവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് മകൻ അഭിജിത് മുഖർജിയാണ് ട്വീറ്റ് ചെയ്തത്.

ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽവച്ചായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച ആശുപത്രിയിലെത്തിയ അദ്ദേഹം കോവിഡ് 19 പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു.

2019-ൽ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി പ്രണബ് മുഖർജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നൽകിയ സംഭാവനകൾ മാനിച്ചായിരുന്നു ബഹുമതി നൽകിയത്. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതൽ '17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനുമായിരുന്ന കമഡ കിങ്കർ മുഖർജിയുടെയും രാജലക്ഷ്മിയുടെയും മകനായി 1935 ഡിസംബർ 11-ന് പശ്ചിമബംഗാളിലെ ബീർഭും ജില്ലയിലാണ്
പ്രണബ് മുഖർജിയുടെ ജനനം.സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാൽ ബ്രിട്ടീഷുകാർ തടവിലാക്കിയ വ്യക്തിയാണ് കിങ്കർ മുഖർജി.

സുരി വിദ്യാസാഗർ കോളേജിൽനിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും എം.എ. ബിരുദം നേടിയ പ്രണബ് കൽക്കത്ത സർവകലാശാലയിൽനിന്ന്എൽ.എൽ.ബി.യും കരസ്ഥമാക്കി. കൊൽക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ (പോസ്റ്റ് ആൻഡ് ടെലിഗ്രാം) ക്ലർക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ബംഗാളി പ്രസിദ്ധീകരണമായ 'ദേശേർ ഡാക്' ൽ പത്രപ്രവർത്തകനായും പിന്നീട് അഭി
ഭാഷകനായും തൊഴിൽ ചെയ്ത ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്.

1969-ലെ തിരഞ്ഞെടുപ്പിൽ വി.കെ.കൃഷ്ണമേനോന്റെ ഇലക്ഷൻ ഏജന്റായി പ്രണബ് പ്രവർത്തിച്ചിരുന്നു. പ്രണവിന്റെ പ്രവർത്തന മികവ് ശ്രദ്ധയിൽ പെട്ട ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. വളരെ വേഗത്തിൽ തന്നെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി പ്രണബ്.

1969-ൽ രാജ്യസഭാംഗമായ പ്രണബ് 73-ൽ ഇന്ദിരാസർക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായസഹമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തനായതിനാൽ ആരോപണങ്ങൾ നേരിടേണ്ടി വന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു പ്രണബും. ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലേറിയപ്പോൾ 82 മുതൽ 84 വരെ ധനകാര്യമന്ത്രിയായിരുന്നു പ്രണബ്. എന്നാൽ ഇന്ദിരയുടെ മരണശേഷം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പുതിയപോരാട്ടത്തിനിറങ്ങിയപ്പോൾ പ്രണബ് മുഖർജിയെ കോൺഗ്രസ് തഴയുകയാണ് ഉണ്ടായത്. ഇന്ദിരയുടെ പിൻഗാമിയെന്ന് സ്വയം കരുതിയിരുന്നു മുഖർജി. അതുതന്നെയായിരുന്നു തഴയാനുണ്ടായ കാരണവും. പിന്നീട് 1995-ൽ നരസിംഹറാവു മന്ത്രിസഭയിലാണ് വിദേശകാര്യമന്ത്രിയായി പ്രണബ് എത്തുന്നത്.

കോൺഗ്രസ് നേതൃത്വം വീണ്ടും ഗാന്ധികുടുംബത്തിന്റെ കൈകളിൽ സുരക്ഷിതമാക്കി, പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് 1998-ൽ സോണിയയെ ഉയർത്തിയതിന് പിറകിൽ ചരടുവലിച്ചത് പ്രണബ് മുഖർജിയായിരുന്നു.
2004-ൽ മന്മോഹൻ സിങ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന പ്രണബ് രാഷ്ട്രപതിയാകുന്നതിന് വേണ്ടിയാണ് മന്ത്രിപദം രാജിവെച്ചത്. 1997-ൽ മികച്ച പാർലമെന്റേറിയൻ പുരസ്‌കാരം നേടി. പത്മവിഭൂഷണും കരസ്ഥമാക്കിയുണ്ട്. രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും കൈകാര്യം ചെയ്യുന്ന അഞ്ച് പുസ്തകങ്ങൾ പ്രണബ് മുഖർജി രചിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ചരിത്രം പ്രസിദ്ധീകരിക്കുന്നത് പ്രണബിന്റെ പത്രാധിപ മേൽനോട്ടത്തിലാണ്.

പരേതയായ സുവ്രയയാണ് ഭാര്യ. അഭിജിത്, ഇന്ദ്രജിത്,ശർമിഷ്ഠ എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP