Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എൻസി ലാവ്‌ലിൻ കേസ് കേൾക്കുന്നത് മൂന്നുവർഷമായി ജസ്റ്റിസ് രമണയുടെ ബഞ്ച്; ഹർജികൾ ജസ്റ്റിസ് രമണയുടെ ബഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ പുതിയ രണ്ടംഗ ബഞ്ച്; തന്റെ ബഞ്ചിലേക്ക് കേസ് തെറ്റായി ലിസ്റ്റ് ചെയ്തത് ആകാമെന്ന് ജസ്റ്റിസ് യു.യു. ലളിത്; സെപ്റ്റംബർ 21 ന് ശേഷം ഹർജികൾ പഴയ ബഞ്ചിൽ തന്നെ ലിസ്റ്റ് ചെയ്യും; പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ പഴയ ബഞ്ചിലേക്ക് തന്നെ മാറ്റി

എസ്എൻസി ലാവ്‌ലിൻ കേസ് കേൾക്കുന്നത് മൂന്നുവർഷമായി ജസ്റ്റിസ് രമണയുടെ ബഞ്ച്; ഹർജികൾ ജസ്റ്റിസ് രമണയുടെ ബഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ പുതിയ രണ്ടംഗ ബഞ്ച്; തന്റെ ബഞ്ചിലേക്ക് കേസ് തെറ്റായി ലിസ്റ്റ് ചെയ്തത് ആകാമെന്ന് ജസ്റ്റിസ് യു.യു. ലളിത്; സെപ്റ്റംബർ 21 ന് ശേഷം ഹർജികൾ പഴയ ബഞ്ചിൽ തന്നെ ലിസ്റ്റ് ചെയ്യും; പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ പഴയ ബഞ്ചിലേക്ക് തന്നെ മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എസ്.എൻ.സി. ലാവലിൻ കേസിലെ ഹർജികൾ ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിലേക്ക് തന്നെ മാറ്റി. ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബർ 21ന് തുടങ്ങുന്ന ആഴ്ച, ഹർജികൾ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും.

ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ. നൽകിയ ഹർജിയും വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യർ ഉൾപ്പടെയുള്ള മൂന്നു പ്രതികൾ നൽകിയ ഹർജികളും ഇന്ന് ജസ്റ്റിസുമാരായ യു.യു. ലളിതും വിനീത് ശരണും അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ലിസ്റ്റ് ചെയ്തിരുന്നത്.

ഹർജികൾ പരിഗണനയ്ക്ക് എടുത്തപ്പോൾ 2017 മുതൽ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹർജികളാണ് ഇതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. അവസാനമായി പരിഗണിച്ച ജസ്റ്റിസ് എൻ.വി രമണയുടെ ബെഞ്ച് കേസിൽ നിന്ന് പിന്മാറിയിട്ടില്ല. അതിനാൽ തന്റെ ബെഞ്ചിലേക്ക് കേസ് തെറ്റായി ലിസ്റ്റ് ചെയ്തതാകാമെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് പറഞ്ഞു. ഓഗസ്റ്റ് 27 നാണ് കേസ് ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരൺ എന്നിവരുടെ ബെഞ്ചിലേക്ക് മാറ്റിയത്.

സെപ്റ്റംബർ 20ന് ശേഷം ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ പുതിയ ബെഞ്ച് ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.

ജസ്റ്റിസ് ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹർജി കേൾക്കുന്നതിൽ കേസിലെ കക്ഷികൾക്ക് ആർക്കും എതിർപ്പില്ലെന്ന് പിണറായി വിജയനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി.ഗിരി കോടതിയെ അറിയിച്ചു. എന്നാൽ തങ്ങൾ കേൾക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജികൾ വീണ്ടും ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ബെഞ്ച് നിർദ്ദേശിച്ചത്. സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ ആണ് ഇന്ന് ഹാജരായത്.

2017 ഒക്ടോബറിലാണ് ലാവ്ലിൻ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. മൂന്നു വർഷം കഴിഞ്ഞിട്ടും അന്തിമവാദം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബർ ഒന്നിനായിരുന്നു അവസാനം കേസ് പരിഗണനയ്ക്ക് വന്നത്.

കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഒന്നാം പ്രതിയായിരുന്ന മുൻ ഊർജജ സെക്രട്ടറി കെ മോഹനചന്ദ്രൻ, എട്ടാം പ്രതി മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സിബിഎയുടെ ഹർജി. കുറ്റപത്രം പൂർണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലവിൽ പ്രതി പട്ടികയിലുള്ളവർ നൽകിയതാണ് മറ്റ് ഹർജികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP