Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുവിന്റെ ആത്മഹത്യ ഖേദകരം; എക്‌സൈസ് റാങ്ക് പട്ടിക റദ്ദാക്കിയിട്ടില്ല; മൂന്നുമാസത്തേക്ക് പട്ടികയുടെ കാലാവധി നീട്ടിയിരുന്നു; ഇതുവരെ നിയമനം നൽകിയത് 72 പേർക്ക്; എക്‌സൈസ് ഓഫീസർ ട്രെയിനി തസ്തികയായി മാറ്റിയെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവർഷമെന്നും പിഎസ് സി വിശദീകരണം; അനുവിന്റെ മരണത്തിൽ പിഎസ്‌സിയെയും സർക്കാരിനെയും പഴിച്ച് പ്രതിപക്ഷം; തിരുവോണനാളിൽ പിഎസ്‌സി ഓഫീസിനുമുന്നിൽ പട്ടിണി സമരത്തിന് യൂത്ത് കോൺഗ്രസ്

അനുവിന്റെ ആത്മഹത്യ ഖേദകരം; എക്‌സൈസ് റാങ്ക് പട്ടിക റദ്ദാക്കിയിട്ടില്ല; മൂന്നുമാസത്തേക്ക് പട്ടികയുടെ കാലാവധി നീട്ടിയിരുന്നു; ഇതുവരെ നിയമനം നൽകിയത് 72 പേർക്ക്; എക്‌സൈസ് ഓഫീസർ ട്രെയിനി തസ്തികയായി മാറ്റിയെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവർഷമെന്നും പിഎസ് സി വിശദീകരണം; അനുവിന്റെ മരണത്തിൽ പിഎസ്‌സിയെയും സർക്കാരിനെയും പഴിച്ച് പ്രതിപക്ഷം; തിരുവോണനാളിൽ പിഎസ്‌സി ഓഫീസിനുമുന്നിൽ പട്ടിണി സമരത്തിന് യൂത്ത് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തിരുവനന്തപുരത്ത് സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന അനു.എസ് എന്ന ഉദ്യോഗാർത്ഥി തൊഴിൽ ലഭിക്കാത്തതിനാൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവം ഖേദകരമെന്ന് പിഎസ്‌സി സിവിൽ എക്സൈസ് ഓഫീസർ തസ്തിക 2016 ലെ ഉത്തരവുപ്രകാരം ട്രെയിനി തസ്തികയായി മാറ്റിയിട്ടുണ്ട്. ആയതുപ്രകാരം ഈ റാങ്ക്ലിസ്റ്റിന്റെ കാലാവധി 1 വർഷമാണ്.

8/4/2019 ൽ നിലവിൽ വന്ന റാങ്ക്ലിസ്റ്റ് 07/04/2020 ന് അവസാനിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് 19 വ്യാപനം മൂലംനീട്ടിയ റാങ്ക്ലിസ്റ്റുകളിൽ ഇതും ഉൾപ്പെട്ടിരുന്നു. 2020 ജൂൺ 19 നാണ്ഇതിന്റെ കാലാവധി പൂർത്തിയായത്. ഈ റാങ്ക്ലിസ്റ്റ് റദ്ദുചെയ്തതാണ് എന്ന് തെറ്റായ വാർത്തയും പ്രചരിക്കുന്നുണ്ട്.

ഈ കാലയളവിൽ 72 പേർക്ക് നിയമനഃശിപാർശ നൽകി. 77 ആം റാങ്ക്ആയതുകൊണ്ട് അനു. എസ്. ഈ നിയമന ശിപാർശയിൽ ഉൾപ്പെട്ടിരുന്നില്ല. ഈ തസ്തികയിൽ ശരാശരി 50 പേർക്കാണ് വർഷംതോറും നിയമന ശുപാർശ നൽകുന്നതെന്നും പിഎസ് സി വാർത്താക്കുറിപ്പിൽ അറിയിച്ചു

തിരുവനന്തപുരം കാരക്കോണത്താണ് റദ്ദാക്കപ്പെട്ട പിഎസ്‌സി റാങ്ക് ലിസ്റ്റിൽ 77ാം റാങ്കുകാരനായിരുന്ന എസ്.അനു ജീവനൊടുക്കിയത്. രാവിലെ സഹോദരനാണ് അനുവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജോലി കിട്ടാത്തതിനെ തുടർന്നു കടുത്ത മാനസിക സംഘർഷത്തിലാണെന്ന് വ്യക്തമാക്കുന്ന അഞ്ചുവരികളുള്ള ആത്മഹത്യ കുറിപ്പ് അനു എഴുതിവച്ചിരുന്നു.

എക്‌സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടില്ലായിരൂന്നെങ്കിൽ ജോലി ലഭിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാത്രി വൈകിയോളം പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും സർക്കാർ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന അനു നേരത്തെ പൊലീസ് ലിസ്റ്റിൽ വന്നിരുന്നെങ്കിലും കായികക്ഷമത പരീക്ഷ മറികടക്കാനായില്ല.

അതേസമയം, വിവിധ രാഷ്ട്രീയ കക്ഷികൾ സർക്കാരിനെയും പിഎസ്‌സിയെയും പഴിച്ച് രംഗത്തെത്തി. അനുവിന്റെ മരണത്തിനുത്തരവാദി പിണറായി വിജയനും,പി എസ്.സിയും ഗവൺമെന്റുമാണെന്നും ഈ യുവജന വഞ്ചനയ്‌ക്കെതിരെ തിരുവോണനാളിൽ പിഎസ്‌സി ഓഫീസിനുമുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരായ K S ശബരിനാഥൻ MLA, NS നുസൂർ, SM ബാലു, പ്രേംരാജ്, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി എന്നിവർ പട്ടിണി സമരം നടത്തുകയാണെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. DYFI ഉൾപ്പടെയുള്ള സംഘടനകൾ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മുഖ്യമന്ത്രിയെക്കാൾ ശമ്പളത്തിൽ സ്വപ്ന സുരേഷിനെ ജോലിയിൽ നിയമിച്ച ഈ ഗവൺമെന്റ്, അനുവിനെ പോലെയുള്ള ചെറുപ്പക്കാരന് എന്തുകൊണ്ട് ജോലി നിഷേധിച്ചു എന്നത് കേരളത്തിലെ ജനങ്ങൾക്ക് അറിയണമെന്നും അദ്ദേഹം പറഞ്ഞു.പാലത്തായിയിലെ പെൺകുട്ടിക്ക് നീതി നിഷേധിക്കാൻ പൊലീസും സംവിധാനങ്ങളും കൂട്ടു നിൽക്കുമ്പോൾ അതിനെതിരെ ശബ്ദമുയർത്തേണ്ട ബാലാവകാശകമ്മീഷൻ മൗനം പാലിക്കുകയാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

അനുവിന്റെ മൃതദേഹവുമായി ബിജെപി പ്രതിഷേധം

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ മൃതദേഹവുമായി ബിജെപിയുടെ പ്രതിഷേധിച്ചു. ക്ലിഫ് ഹൗസിലേക്കുള്ള വഴിയിലാണ് ബിജെപി പ്രതിഷേധവുമായി രംഗത്തു വന്നത്. പ്രതിഷേധ മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. സർക്കാരിന്റെ പ്രതിനിധികൾ തന്നെ അനുവിന്റെ വീട്ടിലെത്തി സംസാരിക്കുമെന്ന് ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ അനുവിന്റെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി.

അനുവിന്റെ കുടുംബത്തിലെ ആൾക്ക് ജോലി കൊടുക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധം നടത്തിയതെന്നും സർക്കാരിന്റെ പ്രതിനിധികൾ തന്നെ അനുവിന്റെ വീട്ടിലെത്തി സംസാരിക്കുമെന്ന് ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ അനുവിന്റെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണെന്നും ബിജെപി തിരുവനന്തപുരം ജില്ലാസെക്രട്ടറി വി.വി രാജേഷ് അറിയിച്ചു.

സെക്രട്ടേറിയറ്റ് പടിക്കലും പ്രതിഷേധം

അതേസമയം നിരവധി യുവജന സംഘടനകൾ സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധവുമായി എത്തി. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകൾ രംഗത്തെത്തിയിരുന്നു. എബിവിപി, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് എന്നീ സംഘടനകൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്

മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലർക്കും പരിക്കേറ്റു. സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ രണ്ട് യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ഞായറാഴ്ച രാവിലെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം തുടങ്ങിയിരുന്നു. എബിവിപി പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. അവർ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരാൾക്ക് പരിക്കേറ്റു.

തൊട്ടുപിന്നാലെയാണ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. അവരും സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ രണ്ട് വനിതാ പ്രവർത്തകർ മതിൽ ചാടിക്കടന്ന് സെക്രട്ടേറിയറ്റിന് അകത്തെത്തി. അവരെ പിന്നീട് വനിതാ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. അതേസമയം കോവിഡ് മൂലം നിയമനം നടക്കാത്ത സാഹചര്യത്തിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കെങ്കിലും നീട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നേരത്തേ പി എസ് സി നിമമനം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യചെയ്ത അനുവിന്റെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചിരുന്നു. കുടുംബത്തിൽ മറ്റൊരാൾക്ക് ജോലി നൽകണമെന്നും, സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളും സർക്കാരിനും പി എസ് സിക്കും എതിരെ രംഗത്തെത്തി. ആത്മഹത്യക്ക് കാരണം സർക്കാരാണെന്നും പി എസ് സിയെ സർക്കാർ അട്ടിമറിച്ചെന്നും ചെയർമാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.ബക്കറ്റിൽ തൊഴിൽ എടുത്ത് വച്ചിട്ടില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും, പി.എസ്.സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദിയെന്നും കേരളം മുഴുവൻ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പ്രതികരണം.

നിയമനങ്ങളിലെ കാലതാമസവും റാങ്ക് പട്ടികകളെ നോക്കു കുത്തിയാക്കിയുള്ള പിൻവാതിൽ നിയമനങ്ങളുമെല്ലാം വീണ്ടും ചർച്ചയാക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥ ചർച്ചയായിട്ടും ആശങ്ക തീർക്കുന്നതിന് പതരം മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗാർത്ഥികളെ വിലക്കുമെന്ന് ഭീഷണിവരെ മുഴക്കി പിഎസ്‌സി. കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കാരക്കോണത്ത് ഉദ്യോഗാർഥിയുടെ ആത്മഹത്യ. പിഎസ്‌സി നടപടികളെ മുഖ്യമന്ത്രി തന്നെ പരസ്യമായി പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ അനുവിന്റെ ആത്മഹത്യയുടെ ഉത്തരവാദി സർക്കാരാണെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഒഴിവുകൾ ഇല്ലാതിരുന്നതുകൊണ്ടാണ് അനുവിന് നിയമനം കിട്ടാതെ പോയതെന്നാണ് പിഎസ്‌സി വിശീദകരണം. 2019ൽ നിലവിൽ വന്ന 3205 അംഗ സിവിൽ എക്‌സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് കേവലം 416 നിയമനങ്ങൾ മാത്രമാണ് നടന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP