Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വസമരം കത്തിക്കയറിയപ്പോൾ പറഞ്ഞത് കേരളത്തിൽ പൗരത്വബിൽ നടപ്പിലാക്കില്ലെന്നും കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവില്ലെന്നും; ഓണസന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജനങ്ങൾക്കിടയിൽ വേർതിരിവ് നിലനിൽക്കുന്നെന്ന്; ജനങ്ങൾക്കിടയിൽ വേർതിരിവുകൾ ഉണ്ടെന്നു പരസ്യമായി ഒരു മുഖ്യമന്ത്രി സമ്മതിക്കുന്നതും ഇതാദ്യം; വേർതിരിവിനു ഉത്തരവാദി മുഖ്യമന്ത്രിയുടെ പാർട്ടി തന്നെയെന്ന് ബാലചന്ദ്രൻ വടക്കേടത്ത് മറുനാടനോട്

പൗരത്വസമരം കത്തിക്കയറിയപ്പോൾ പറഞ്ഞത് കേരളത്തിൽ പൗരത്വബിൽ നടപ്പിലാക്കില്ലെന്നും കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവില്ലെന്നും; ഓണസന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജനങ്ങൾക്കിടയിൽ വേർതിരിവ് നിലനിൽക്കുന്നെന്ന്; ജനങ്ങൾക്കിടയിൽ വേർതിരിവുകൾ ഉണ്ടെന്നു പരസ്യമായി ഒരു മുഖ്യമന്ത്രി സമ്മതിക്കുന്നതും ഇതാദ്യം; വേർതിരിവിനു ഉത്തരവാദി മുഖ്യമന്ത്രിയുടെ പാർട്ടി തന്നെയെന്ന് ബാലചന്ദ്രൻ വടക്കേടത്ത് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ ജനങ്ങൾ തമ്മിൽ വേർതിരിവുകൾ ഉണ്ടെന്ന മുഖ്യമന്ത്രിയുടെ ഓണസന്ദേശം വിവാദമാകുന്നു. ഇന്നത്തെ പ്രത്യേക വാർത്താസമ്മേളനത്തിലാണ് കേരളത്തിൽ മനുഷ്യർ തമ്മിൽ വേർതിരിവുകൾ ഉണ്ടെന്ന കാര്യം പരസ്യമായി മുഖ്യമന്ത്രി സമ്മതിച്ചത്. പൗരത്വ ഭേദഗതി ബിൽ പ്രക്ഷോഭം കത്തിക്കയറിയപ്പോൾ ബില്ലിനെ എതിർത്ത് കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവ് അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവ് നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു ബിൽ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇതേ മുഖ്യമന്ത്രി തന്നെയാണ് കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവുണ്ടെന്നു ഓണസന്ദേശത്തിൽ തുറന്നു സമ്മതിക്കുന്നത്. സമത്വസുന്ദരമായ, മനുഷ്യനും മനുഷ്യനും തമ്മിൽ വേർതിരിവുകളില്ലാത്ത ഒരു കാലം. അത് ഇനിയും സൃഷ്ടിക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങൾക്കിടയിൽ വേർതിരിവുകൾ ഉണ്ടെന്നു പരസ്യമായി സമ്മതിക്കുന്നത്. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാണ് ഓണസങ്കൽപ്പം. അത്തരമൊരു കാലം നമുക്ക് ഇനിയും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതേയുള്ളൂ എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. നാല് വർഷം കേരളം ഭരിച്ചിട്ടും കേരളത്തിലെ വേർതിരിവുകൾ ഇല്ലാതാക്കാൻ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിഞ്ഞിട്ടില്ലെന്ന തുറന്നു പറച്ചിൽ കൂടി ഈ പ്രതികരണത്തിൽ വ്യക്തമാണ്. സമൃദ്ധിയിൽ സന്തോഷപൂർവ്വം കഴിയുന്ന കാലത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാക്കണമെങ്കിൽ ക്രിയാത്മകമായ ഇടപെടലും ആത്മാർത്ഥമായ പ്രവർത്തനവും കൂടിയേ തീരൂ.

ദീർഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലുമുള്ള പ്രവർത്തന പദ്ധതിയുംവേണം.
ഈ ലക്ഷ്യം മുൻനിർത്തി ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പാക്കുമെന്നാണ് ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ നൽകിയ വാഗ്ദാനം. അത് ഒന്നൊന്നായി പാലിച്ചുവരികയാണ്-മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വേർതിരിവ് ഉണ്ടെന്നുള്ള തുറന്നു പറച്ചിലാണ് ഓണസന്ദേശത്തിൽ മുഖ്യമന്ത്രി നടത്തിയത്. വേർതിരിവ് ഉണ്ടാക്കുന്ന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെന്ന് ഒന്ന് കൂടി കേരളീയരെ ഓർമ്മിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. കേരളത്തിൽ വേർതിരിവ് നിലനിൽക്കുന്നുണ്ടെങ്കിൽ അഞ്ചു വർഷം ഇടവിട്ട് ഇടവിട്ട് കേരളം ഭരിച്ച മാർക്‌സിസ്റ്റ് പാർട്ടിക്ക് തന്നെയല്ലേ വലിയ റോൾ എന്ന് തിരിച്ചു ചോദിച്ചാൽ മറുപടി പറയാനും പ്രയാസവുമാകും

.വേർതിരിവ് കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ പാർട്ടിക്ക് അതിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നു രാഷ്ട്രീയ നിരീക്ഷകൻ ബാലചന്ദ്രൻ വടക്കേടത്ത് ചൂണ്ടിക്കാട്ടുന്നു. ഇവർ കേരളത്തിൽ വേർതിരിവിനെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ എങ്ങനെ അത് വിശ്വസിക്കും? കമ്യൂണിസം വർഗബോധത്തെക്കുറിച്ചോ മനുഷ്യത്തെക്കുറിച്ചോക്കെ പറയുമ്പോഴും സവിശേഷമായ പ്രപഞ്ചവീക്ഷണം രൂപപ്പെടുത്തുമ്പോഴും അടിസ്ഥാനപരമായി പ്രയോഗതലത്തിൽ അത് മനുഷ്യനെ വിഭജിക്കുകയാണ്. ചൂഷകനും അല്ലാത്തവനുമായി വിഭജിക്കുന്നു. പാർട്ടിക്കാരനും അല്ലാത്തവനുമായി വിഭജിക്കുന്നു. വിവേകവും ചിന്തയുമുള്ള ഒരു സമൂഹത്തെ മാർക്‌സിസം അംഗീകരിക്കുന്നില്ല. യഥാർത്ഥത്തിൽ സമൂഹത്തിൽ ചിന്തയും വിവേകവും ആളുകൾ പറയുന്നുണ്ട്. എന്നാൽ അത് തെറിയായും സംസ്‌കാരമില്ലായ്മയായും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ചിത്രീകരിക്കുന്നത്. അത് വിവേകപൂർണമായ സമീപനമാണോ? അല്ല. വിവേകം സമൂഹത്തിൽ ഒരു ഘട്ടത്തിൽ ഉണ്ടാകുമ്പോൾ വിവേകത്തെ തള്ളിക്കളയുകയും ചിന്തിക്കരുത് എന്ന് നമ്മോട് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. ഇതാണ് പ്രായോഗിക തലത്തിൽ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇത് കോവിഡ് കാലമാണ്. പ്രതിരോധത്തിൽ അഭിപ്രായവ്യത്യാസമില്ല. പക്ഷെ നിങ്ങൾ ചിന്തിക്കരുത്. വിവേകത്തോടെ പെരുമാറരൂത് എന്ന് പറയുന്നതിൽ എന്താണ് അർഥം. നമുക്ക് വിവേകമുണ്ടാകുമ്പോൾ നമ്മൾ ശബ്ദിച്ചു എന്ന് വരും. വിവേകമുള്ളവർ മുദ്രാവാക്യം മുഴക്കി എന്ന് വരും. ചിന്തിക്കുന്നവർ വിയോജിച്ചു എന്ന് വരും. അതെല്ലാം കോവിഡിന്റെ പ്രോട്ടോക്കോൾ ലംഘനമാണ് എന്ന് പറയുന്ന രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. എനിക്ക് എന്റെ വീട്ടിലിരുന്നു ചിന്തീക്കാം. എനിക്ക് എഴുതാം. എനിക്ക് പറയാം. പറയാൻ പാടില്ലെന്ന് ആരാണ് വിധിക്കുന്നത്. മുഖ്യമന്ത്രിയും പാർട്ടിക്കാരും തന്നെ. ഞങ്ങൾ പറയുന്നത് നിങ്ങൾ കേൾക്കുക. ഞങ്ങൾ ചെയ്യും. നിങ്ങൾ ആരും ചോദിക്കരുത്. ഞങ്ങൾ ഉത്തരം പറഞ്ഞുകൊണ്ടേയിരിക്കും. ഇടതുപക്ഷം ഇപ്പോൾ ചോദ്യം ചോദിക്കാൻ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി തന്നെ വാർത്ത സമ്മേളനങ്ങളിൽ ചോദ്യം ചോദിക്കാൻ അനുവദിക്കുന്നില്ല. ചാനൽ ചർച്ചകളിൽ വരുന്ന ഇടത് നേതാക്കൾ ഉത്തരമാണ് പറയുന്നത്. വിവേകികളിൽ നിന്നും ചോദ്യം വരുമ്പോൾ അത് അവർ തടയുന്നു.

അവിശ്വാസ പ്രമേയ ചർച്ചയിൽ നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തിയ രീതി തന്നെ കണ്ടില്ലേ? പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം നൽകിയില്ല. മൂന്നു മണിക്കൂറിലേറെ സംസാരിച്ചിട്ടും ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.. കൊവിഡിനെക്കാളും വലിയ അഴിമതിക്കഥകളാണ് കേരളത്തിൽ നിന്നും വരുന്നത്. കേരളീയ സമൂഹം ചിന്തിക്കുന്നുണ്ട്. അവർ വിവേകത്തോടെ തന്നെ അതിനെ സമീപിക്കുന്നുണ്ട്.അവന്റെ ചോദ്യങ്ങളാണ് ജനങ്ങളിൽക്കൂടി പുറത്ത് വരുന്നത്. അവന്റെ അഭിപ്രായങ്ങളാണ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നത്. പക്ഷെ അതിനെ വിവേകത്തോടെ സമീപിക്കാൻ എന്തുകൊണ്ട് ഇടത് നേതാക്കൾക്ക് കഴിയുന്നില്ല. ഉത്തരങ്ങൾ ഞങ്ങൾ പറയും. ഞങ്ങൾ ഞങ്ങളോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങളാണ് ഞങ്ങൾ പറയുന്നത്. നിങ്ങൾ ചിന്തിക്കുന്ന സമൂഹം ഞങ്ങളോട് ചോദ്യം ചോദിക്കരുത് എന്നാണ് അവർ പറയുന്നത്. ഇതാണ് കമ്മ്യൂണിസമെങ്കിൽ ഇതിൽ നിന്ന് മാർക്‌സ് എപ്പോഴേ മരിച്ചു പോയിരിക്കുന്നു. കൊറോണയുടെ കാലത്തുകൊറോണ ഉയർത്തിക്കൊണ്ട് വന്ന് വിവേകികളുടെ സമൂഹത്തെ അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നത്. അങ്ങനെ ഒരു സമൂഹത്തിൽ മാത്രമേ കള്ളക്കടത്ത് നടക്കുകയുള്ളൂ. അങ്ങനെയുള്ള സമൂഹത്തിലെ അഴിമതി നടക്കുകയുള്ളൂ. അങ്ങനെയുള്ള സമൂഹത്തിലെ എന്ത് തിരിമറിയും നടക്കുകയുള്ളൂ.

പണ്ട് ഇടതുപക്ഷ നേതാക്കൾ വൃത്തികെട്ട ഭാഷ പറഞ്ഞപ്പോൾ അത് വാമൊഴി വഴ്ക്കമായി കണ്ടവരാണ് ഇടത് ചിന്തകർ. ഈ ചിന്തകർ ഇന്നു എവിടെപ്പോയി. ഇടത് നേതാക്കളുടെ വൃത്തികെട്ട പദപ്രയോഗങ്ങളെ വാമൊഴി വഴക്കത്തിന്റെ ഭാഗമായി ന്യായീകരിച്ചുകൊണ്ടിരുന്ന ഇടത് ബുദ്ധിജീവികളുടെ സമകാലിക ജീവിതം അടിമകളുടെ ജീവിതമായി മാറിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ തങ്ങൾ പറഞ്ഞ വൃത്തികെട്ട ഭാഷ വാമൊഴി വഴക്കമാണ് എന്ന് പറഞ്ഞു ന്യായീകരിച്ചയാളുകൾ ഇപ്പോൾ മറ്റുള്ളവർ വാമൊഴി വഴക്കം പ്രയോഗിക്കുമ്പോൾ അത് സംസ്‌കാര ശൂന്യതയാണ് എന്ന് പറയുന്നതിലെ വൈരുധ്യമാണോ കമ്യൂണിസം എന്ന് പറയുന്നത്. താനും മഹാബലിയും ഒന്നാണ് എന്ന് കരുതാൻ വാമനൻ തയ്യാറായില്ല.

വാമന ദർശനം ഇവിടെ നിലനിൽക്കുന്നുണ്ട്..ഇവിടെ ഒരു വാമനബോധം നിലനിൽക്കുന്നുണ്ട്. ആദ്യം നഷ്ടമാകേണ്ടത് ഈ വാമനബോധമാണ്. ഇത് നിലനിൽക്കുന്ന കാലത്തോളം ഒന്നായി കാണാൻ നമുക്ക് കഴിയില്ല. സിപിഎം ഈ വാമനബോധത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്.രാഷ്ട്രീയം പോലും വിഭാഗീയ്മായാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഇതിനൊക്കെ ഉത്തരവാദികൾ സിപിഎം തന്നെയാണ്. വിഭജനത്തിന്റെ ഭാഗമായി ഒരു ക്ലസ്റ്റർ സൃഷ്ടിച്ചവരാണ് കമ്യൂണിസ്റ്റുകാർ. നിലവിലെ സാമൂഹിക ക്രമത്തിൽ നിന്നും വ്യത്യസ്തമായ ക്ലസ്റ്റർ ഓരോ സംസ്ഥാനങ്ങളിലും സൃഷ്ടിക്കാനും ഇവർ ശ്രമിച്ചു. ഈ ക്ലസ്റ്റർ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഈ ക്ലസ്റ്റർ കമ്മ്യൂണിസത്തിന്റെ സൃഷ്ടിയാണ്. തെലുങ്കാന സ്വതന്ത്രമായത് ഈ ക്ലസ്റ്റർ ശിഥിലമായപ്പോഴാണ്. ത്രിപുര സ്വതന്ത്രമായത് ഈ ക്ലസ്റ്റർ ശിഥിലമായപ്പോഴാണ്. ബംഗാളിലും ഇത് തന്നെയാണ് സംഭവിച്ചത്. വിഭജനത്തിന്റെ ഈ ക്ലസ്റ്റർ കേരളത്തിലുണ്ട്. ഇത് അറിയാവുന്നതുകൊണ്ടാണ് ജനങ്ങൾ തമ്മിൽ വേർതിരിവുകൾ ഉണ്ടെന്ന മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിക്കുന്നത്-ബാലചന്ദ്രൻ വടക്കേടത്ത് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP