Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തങ്ങളുടെ പ്രകടന പത്രികയിലെ മറ്റൊരു വാ​ഗ്ദാനം കൂടി നടപ്പാക്കാനൊരുങ്ങി ബിജെപി; രാജ്യമാകെ ഒരൊറ്റ വോട്ടർ പട്ടിക സംബന്ധിച്ച ചർച്ചകൾ സജീവം; നിലവിൽ രണ്ട് വോട്ടർ പട്ടികയുള്ള സംസ്ഥാനങ്ങളുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചർച്ച നടത്തും

തങ്ങളുടെ പ്രകടന പത്രികയിലെ മറ്റൊരു വാ​ഗ്ദാനം കൂടി നടപ്പാക്കാനൊരുങ്ങി ബിജെപി; രാജ്യമാകെ ഒരൊറ്റ വോട്ടർ പട്ടിക സംബന്ധിച്ച ചർച്ചകൾ സജീവം; നിലവിൽ രണ്ട് വോട്ടർ പട്ടികയുള്ള സംസ്ഥാനങ്ങളുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചർച്ച നടത്തും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായി ഒരൊറ്റ വോട്ടർ പട്ടിക നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ലോക്സഭ, നിയമസഭ, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകൾക്ക് പൊതു വോട്ടർ പട്ടികയെന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളുമായും അഭിപ്രായ ഐക്യമുണ്ടാക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി തുടങ്ങി. കേരളമുൾപ്പെടെ ഇപ്പോൾ രണ്ട് വോട്ടർ പട്ടികയുള്ള സംസ്ഥാനങ്ങളുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചർച്ച നടത്തും. ഒരൊറ്റ വോട്ടർ പട്ടിക എന്ന ആശയം പുതിയതല്ല. 2015-ൽ നിയമ കമ്മിഷൻ 255-ാം റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും 1999, 2004 വർഷങ്ങളിൽ ഇതേ നിലപാട് സ്വീകരിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാഗ്ദാനങ്ങളിലാന്നായിരുന്നു പൊതു വോട്ടർ പട്ടിക എന്നത്. ലോക്‌സഭ, നിയമസഭകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തും എന്ന വാഗ്ദാനവുമായി ബന്ധമുള്ളതാണ് പൊതു വോട്ടർ പട്ടിക എന്നത്. തിരഞ്ഞെടുപ്പുകൾ പ്രത്യേകം നടത്തുന്നതിനു വരുന്ന വലിയ മനുഷ്യാധ്വാനവും സാമ്പത്തികച്ചെലവുമാണ് ഈ വാദത്തെ പിന്തുണയ്ക്കുന്നതിനായി ബിജെപി ചൂണ്ടിക്കാണിക്കുന്നത്. വോട്ടർ പട്ടിക രണ്ട് വ്യത്യസ്ത ഏജൻസികൾ തയാറാക്കുമ്പോൾ പേരുകൾ ഇരട്ടിക്കുന്നു. കൂടാതെ, ചെലവും ശ്രമവും ഇരട്ടിയാണ്.

പൊതു വോട്ടർ പട്ടികയെന്ന ആശയം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനുമായി അടുത്തിടെ ചർച്ച ചെയ്തിരുന്നു. സംസ്ഥാനങ്ങളുമായുള്ള ചർച്ചയ്ക്ക് ഈ യോഗമാണു തീരുമാനമെടുത്തത്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാക്കുന്ന വോട്ടർ പട്ടിക ഉപയോഗിച്ചാണു ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ. മിക്ക സംസ്ഥാനങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിനും ഈ പട്ടിക ഉപയോഗിക്കുന്നു. എന്നാൽ കേരളം, അസം, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അവിടെ തയാറാക്കുന്ന വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പ്.

എല്ലാ തിരഞ്ഞെടുപ്പിനും ഒരു വോട്ടർ പട്ടികയെന്ന വ്യവസ്ഥയുണ്ടാക്കണമെങ്കിൽ ഭരണഘടനയുടെ 243 കെ, 243 സെഡ്എ വകുപ്പുകൾ ഭേദഗതി ചെയ്യണം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനു സംസ്ഥാന കമ്മിഷനുള്ള അധികാരം സംബന്ധിച്ചതാണ് ഈ വകുപ്പുകൾ. കേന്ദ്ര കമ്മിഷൻ തയാറാക്കുന്ന പട്ടിക ഉപയോഗിക്കണമെങ്കിൽ അതിനു സംസ്ഥാനങ്ങളുടെ നിയമവും ഭേദഗതി ചെയ്യണം.

പൊതു വോട്ടർ പട്ടികയും ഒരുമിച്ചുള്ള തിരഞ്ഞെടുപ്പും ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പെന്ന ആശയത്തെ കോൺഗ്രസും സിപിഎമ്മും സിപിഐയും തെലുങ്കു ദേശവും തൃണമൂലും മുസ്‌ലിം ലീഗുമുൾപ്പെടെ പല കക്ഷികളും എതിർത്തിരുന്നു. ലോ കമ്മിഷൻ ഓഫ് ഇന്ത്യ അനുകൂലിച്ചെങ്കിലും കൂടുതൽ ചർച്ച വേണമെന്നു നിലപാടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP