Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിവിങ് ടുഗെതർ പങ്കാളി ലൈംഗിക വൈകൃതങ്ങൾ അടക്കം കാട്ടുന്ന കൊടുംക്രൂരൻ; സ്വന്തമായി ക്ലിനിക്ക് ഇട്ടപ്പോൾ വരുമാനം മുഴുവൻ തട്ടിയെടുത്ത് തന്നെ പെരുവഴിയിലാക്കിയ ക്രിമിനൽ; തന്നെ കടുകൈ ചെയ്യാൻ പ്രേരിപ്പിച്ച സാഹചര്യങ്ങൾ വിശദീകരിച്ചുള്ള നിമിഷപ്രിയയുടെ അപ്പീൽ അനുവദിച്ചു; യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്‌സിന്റെ വധശിക്ഷയ്ക്ക് സ്റ്റേ; ബ്ലഡ് മണി നൽകി ശിക്ഷ ഇളവ് ചെയ്യാനുള്ള ശ്രമങ്ങളും ഊർജ്ജിതം

ലിവിങ് ടുഗെതർ പങ്കാളി ലൈംഗിക വൈകൃതങ്ങൾ അടക്കം കാട്ടുന്ന കൊടുംക്രൂരൻ; സ്വന്തമായി ക്ലിനിക്ക് ഇട്ടപ്പോൾ വരുമാനം മുഴുവൻ തട്ടിയെടുത്ത് തന്നെ പെരുവഴിയിലാക്കിയ ക്രിമിനൽ; തന്നെ കടുകൈ ചെയ്യാൻ പ്രേരിപ്പിച്ച സാഹചര്യങ്ങൾ വിശദീകരിച്ചുള്ള നിമിഷപ്രിയയുടെ അപ്പീൽ അനുവദിച്ചു; യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്‌സിന്റെ വധശിക്ഷയ്ക്ക് സ്റ്റേ; ബ്ലഡ് മണി നൽകി ശിക്ഷ ഇളവ് ചെയ്യാനുള്ള ശ്രമങ്ങളും ഊർജ്ജിതം

മറുനാടൻ മലയാളി ബ്യൂറോ

സന: യെമൻ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് മലയാളി നഴ്‌സ് നിമിഷപ്രിയക്ക് വിധിച്ച വധശിക്ഷയ്ക്ക് സ്റ്റേ. ശിക്ഷ നടപ്പാക്കുന്നതാണ് തൽക്കാലത്തേക്ക് തടഞ്ഞത്. ശിക്ഷ നീട്ടി വയ്ക്കാനായി നൽകിയ അപ്പീൽ യെമനിലെ കോടതി ഫയലിൽ സ്വീകരിച്ചു. ഇതോടെയാണ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ മാറ്റിവച്ചത്.

തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണമെന്ന് നിമിഷപ്രിയ ഉന്നത കോടതിയിൽ നൽകിയ അപ്പീലിൽ ആവശ്യപ്പെടടിരുന്നു. നിമിഷയെ കടുംകൈയിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിഗണിക്കണമെന്നാണ് മുഖ്യആവശ്യം. യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ ക്രിമിനൽ സ്വഭാവവും കേസിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നിമിഷയുടെ കേസിൽ ഇന്ത്യൻ ഏംബസിയും ഇടപെട്ടിരുന്നു. അപ്പീൽ നൽകാനും കേസ് വാദിക്കാനും അഭിഭാഷകനെ ഏർപ്പെടുത്തിയതും ഏംബസിയാണ്. അതിനിടെ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി നിമിഷയുടെ ശിക്ഷ ഇളവ് ചെയ്യാൻ കഴിയുമോ എന്നും നോക്കുന്നുണ്ട്. ബ്ലഡ് മണി കുടുംബം സ്വീകരിച്ചാൽ മാത്രമേ, അതിന് വഴിയൊരുങ്ങുകയുള്ളു. 70 ലക്ഷം രൂപ ഇതിന് വേണ്ടി വരുമെന്നാണ് സൂചന.

നിമിഷയുടെ കത്തിൽ ഇടപെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

നിമിഷ പ്രിയ സഹായം അഭ്യർത്ഥിച്ച് അയച്ച കത്ത് പരിഗണിച്ചാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശിക്ഷ ഇളവ് ചെയ്യാൻ ഇടപെട്ടത്. കൊല്ലങ്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ നെന്മാറ എംഎൽഎ കെ.ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടു.

ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ചെയ്തു പോയതാണ് കുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടി നിമിഷപ്രിയ സർക്കാർ സഹായം അഭ്യർത്ഥിച്ച് ജയിലിൽ നിന്ന് കത്തെഴുതുകയായിരുന്നു. തലാൽ അബ്ദുമഹ്ദി എന്ന യെമൻ സ്വദേശിയായ യുവാവിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. ആദ്യമെല്ലാം നല്ലനിലയിൽ പോയിരുന്ന സൗഹൃദം പിന്നീട് വഞ്ചനയായി മാറുകയായിരുന്നു. ഇതേത്തുടർന്നായിരുന്നു യുവതി സഹികെട്ട് കാമുകനെ വെട്ടിനുറുക്കുന്നത്. പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും പിന്നീട് തന്നെ തടവിലാക്കി ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിച്ചെന്നും ജയിലിൽ നിന്നുള്ള നിമിഷയുടെ കത്തിൽ വ്യക്തമാക്കിയിരുന്നു.

യെമനിൽ എത്തുന്നത് മുതൽ ജയിലിലായതുവരെയുള്ള കാര്യങ്ങൾ എഴുതി യുവതി കത്തയച്ചതോടെയാണ് കാര്യങ്ങൾ പുറംലോകം അറിയുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായം സ്വദേശിനിയാണ് നിമിഷ പ്രിയ. യെമനിലെ അൽദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ ജല സംഭരണിയിൽനിന്നു കണ്ടെടുത്തിരുന്നു. ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരിക്കുന്നില്ലെന്നും ലിവിങ് ടുഗെദർ ബന്ധമായിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ സംഭവത്തിൽ അറസ്റ്റിലായ നിമിഷയെ വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിച്ചു.

യുവതി താമസിക്കുന്ന സ്ഥലത്തെ വാട്ടർ ടാങ്കിൽ വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ തന്നെയായിരുന്നു യെമൻ സ്വദേശി യുവാവും താമസിച്ചിരുന്നത്. ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ എന്ന നിലയിലാണ് പൊലീസ് ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. കൊലപാതകത്തിന് ശേഷം നിമിഷയെ കാണാതായി. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നു നടന്ന വിചാരണയിലാണ് കോടതി ശിക്ഷ വിധിച്ചത്.

നിമിഷ പ്രിയയുമായി ബന്ധപ്പെട്ട് ആദ്യം വാർത്ത വന്നത് യെമൻ സ്വദേശിയായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവതി ഒളിവിൽ പോയി എന്നാണ്. പിന്നീടുള്ള അന്വേഷണത്തിൽ ഇരുവരും വിവാഹം ചെയ്തിട്ടില്ല എന്ന വിവരം ലഭിച്ചു. അന്വേഷണം ഊർജിതമായപ്പോഴാകട്ടെ ഒരു മലയാളിയെ വിവാഹം കഴിച്ചയാളാണ് നിമിഷയെന്നും ഇവർക്ക് ഒരു കുഞ്ഞുമുണ്ടെന്ന വിവരം കൂടി അന്വേഷകർ പുറത്തുവിട്ടു.

വിവാഹം ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ

തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ. 2011 ജൂൺ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോയി. ഒരു കുഞ്ഞും പിറന്നു. പിന്നീട് കുടുംബം വർഷങ്ങൾക്കുശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭർത്താവും മകളും തൊടുപുഴയിലാണ് ഇപ്പോൾ താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. ഇവരുമായി നിമിഷയ്ക്ക് അടുത്തകാലത്തൊന്നും യാതൊരു അടുപ്പവുമില്ല.

വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭർത്താവും നാട്ടിൽ വന്നപ്പോൾ എല്ലാവരും സന്തോഷത്തിലായിരുന്നു. ഇപ്പോൾ കൊല്ലപ്പെട്ട യമൻ സ്വദേശിയായ യുവാവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഈ സുഹൃത്തുമായുള്ള ബന്ധം വഴിവിട്ടതായതോടെയാണ് ഭർത്താവ് ടോമി അകലുന്നതും പിന്നീട് നിമിഷ മകളെയും ഭർത്താവിനേയും ഉപേക്ഷിച്ച് ഗൾഫിൽ തന്നെ താമസം തുടരുന്നതും. ഇതോടെ വീടുമായും നാടുമായും നിമിഷ അകന്നു. അതിനാൽ യെമനിൽ എങ്ങനെയായിരുന്നു ഇവരുടെ ജീവിതമെന്നത് നാട്ടുകാർക്കും പഴയ അടുപ്പക്കാർക്കും ബന്ധുക്കൾക്കുമെല്ലാം ദുരൂഹമായി തുടർന്നു. ഇതിനിടെയാണ് കൊലപാതക വാർത്തയും ഇവരെ അന്വേഷിക്കുന്നതായ അറിയിപ്പുമെല്ലാം വരുന്നത്.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ലാണ് തലാൽ എന്ന യെമൻ പൗരന്റെ സഹായം തേടുന്നത്. താൻ ഭാര്യയാണെന്ന് തലാൽ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ കത്തിൽ വ്യക്തമാക്കുന്നു. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ സ്വന്തമാക്കി. തന്റെ സ്വർണാഭരണങ്ങൾ പോലും തട്ടിയെടുത്ത് വിറ്റു. ഇത് ചോദ്യംചെയ്തതോടെയാണ് തടവിലിട്ട് പീഡിപ്പിക്കുന്നതും ലൈംഗിക വൈകൃതങ്ങൾക്ക് നിർബന്ധിക്കുന്നതും. സഹികെട്ടാണ് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കൊല നടത്തിയതെന്ന് വ്യക്തമാക്കിയാണ് ജയിലിൽ നിന്ന് യുവതി സഹായംതേടി കത്തയച്ചത്.

യമൻ പൗരനെ കൊലപ്പെടുത്തിയ കേസാണെങ്കിലും മോചനത്തിനായി പണം നൽകാൻ യമനിലെ മാരിബ് ആസ്ഥാനമായ എൻജിഒയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായാണ് വിവരം. സഹായം തേടിയുള്ള നിമിഷയുടെ കത്ത് പുറത്തുവന്നതോടെയാണ് ജനപ്രതിനിധികളും ഇതിൽ ഇടപെടുന്നത്. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് ഇടുക്കി എംപി ജോയ്‌സ് ജോർജ് കത്ത് നൽകി. എംബസി മുഖേന കേസ് പരിശോധിക്കാമെന്നാണ് മന്ത്രാലയത്തിൽ നിന്ന് എംപിക്ക് ലഭിച്ച മറുപടി. നെന്മാറ എംഎൽഎ കെ.ബാബു മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പ്രകാരം നോർക്ക മുഖേന മുഖ്യമന്ത്രിയുടെ ഓഫീസും ഇവരെ സഹായിക്കാൻ കഴിയുമോ എന്ന സാധ്യത ആരായുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP