Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനീഷ് രാജിനെ സ്ഥലം മാറ്റിയ അമിതാവേശം വിനയായി; കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനെ രാഷ്ട്രീയചാപ്പ കുത്തിയത് സ്വർണ്ണക്കടത്തിൽ തിരിച്ചടിച്ചെന്ന് ബിജെപിക്കുള്ളിൽ വിലയിരുത്തൽ; ജോലിയുടെ പേരിൽ രാഷ്ട്രീയവൈരം തീർക്കുമെന്ന സ്ഥിതി വന്നതോടെ കേസ് കടുപ്പിച്ചു കസ്റ്റംസ് ഉദ്യോഗസ്ഥർ; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ ബിജെപിയും പ്രതിരോധത്തിലായി; ജനം ടിവിയെ തള്ളിപ്പറയേണ്ട അവസ്ഥ വന്നതും രാഷ്ട്രീയ തിരിച്ചടിയായി

അനീഷ് രാജിനെ സ്ഥലം മാറ്റിയ അമിതാവേശം വിനയായി; കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനെ രാഷ്ട്രീയചാപ്പ കുത്തിയത് സ്വർണ്ണക്കടത്തിൽ തിരിച്ചടിച്ചെന്ന് ബിജെപിക്കുള്ളിൽ വിലയിരുത്തൽ; ജോലിയുടെ പേരിൽ രാഷ്ട്രീയവൈരം തീർക്കുമെന്ന സ്ഥിതി വന്നതോടെ കേസ് കടുപ്പിച്ചു കസ്റ്റംസ് ഉദ്യോഗസ്ഥർ; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ ബിജെപിയും പ്രതിരോധത്തിലായി; ജനം ടിവിയെ തള്ളിപ്പറയേണ്ട അവസ്ഥ വന്നതും രാഷ്ട്രീയ തിരിച്ചടിയായി

എം മനോജ് കുമാർ

തിരുവനന്തപുരം: കസ്റ്റംസ് കൊച്ചി ജോയിന്റ് കമ്മീഷണർ അനീഷ് രാജിനെ സ്ഥലം മാറ്റാൻ ബിജെപി നേതൃത്വത്തിലെ ചിലർ കാണിച്ച അമിതാവേശം വിനയായെന്ന വിലയിരുത്തൽ ബിജെപിയിൽ ശക്തിപ്രാപിക്കുന്നു. തിടുക്കപ്പെട്ടു ഈ രീതിയിൽ ഒരു നീക്കം അനീഷ് രാജിനെതിരെ വേണ്ടിയിരുന്നില്ലെന്നാണ് ബിജെപിയിലെ ഒരു പ്രബലവിഭാഗം ശക്തമായി വിശ്വസിക്കുന്നത്. ഇത് തന്നെയാണ് ജനം ടിവിയിലെ കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്ക് വിനയായതെന്ന് ഇവർ ഇപ്പോൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് പ്രതികരിച്ച അനീഷ് രാജിനെ നാഗ്പൂരിലേക്കാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്ന വേളയിൽ സ്ഥലം മാറ്റിയത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനുള്ള മൊഴിയാണ് ഇതെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവർ അന്ന് രംഗത്ത് വന്നിരുന്നു. അനീഷ് രാജിന്റെ ഇടത് അനുകൂല ബന്ധം തുറന്നു കാട്ടി മറ്റു പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നതോടെ വിവാദം കനത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ കസ്റ്റംസ് ഓഫീസിലേക്ക് അനീഷ് രാജിനെ മാറ്റിയത്.

അനീഷ് രാജിന് കൊടുക്കാവുന്ന ഏറ്റവും 'മികച്ച' സമ്മാനമായാണ് ഈ സ്ഥലം മാറ്റത്തെ അനീഷ് രാജിനെ പ്രബലമായി എതിർത്ത ബിജെപിയിലെ ഒരു വിഭാഗം അന്ന് വിശേഷിപ്പിച്ചത്. മടങ്ങിവരുമ്പോൾ സംഘിയായി വരും എന്നാണ് സ്വകാര്യ സംഭാഷണങ്ങളിൽ ഇവർ പ്രതികരിച്ചത്. പക്ഷെ അന്ന് തന്നെ അനീഷ് രാജിനെതിരെ ഒരു നടപടിയും അവശ്യമില്ലെന്നു ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രം ഭരിക്കുന്നത് ബിജെപി. കസ്റ്റംസ് കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസി. അതുകൊണ്ട് തന്നെ നീക്കങ്ങൾ അവശ്യമില്ലെന്നാണ് ഒരു വിഭാഗം നിലപാട് എടുത്തത്. കസ്റ്റംസിന് രാഷ്ട്രീയക്കളികൾക്ക് മുതിരില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. കസ്റ്റംസിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നു അനീഷ് രാജ്. ഈ ഒരു പ്രസ്താവനയുടെ പേരിൽ അനീഷ് രാജിനെതിരെ നടപടികൾ ആവശ്യമില്ലെന്നാണ് ഇവർ വാദിച്ചത്.

അനീഷ് രാജിന്റെ സ്ഥലം മാറ്റത്തിൽ സ്വാഭാവികമായി കസ്റ്റംസിൽ അതൃപ്തി വളർന്നുവന്നിരുന്നു. കേസുകളിൽ രാഷ്ട്രീയം നോക്കുക കസ്റ്റംസിന്റെ രീതിയല്ല. ഇത് ദേശീയ അന്വേഷണ ഏജൻസികളിൽ ഉൾപ്പെടുന്നതുമാണ്. പ്രസ്താവനയിൽ നടപടി ആവശ്യപ്പെട്ടു ചില ബിജെപി നേതാക്കൾ അനീഷ് രാജിനെതിരെ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റം വന്നത്. ഇതോടെ കസ്റ്റംസ് അന്വേഷണം ശക്തമാക്കുകയും ആരും തന്നെ ഊരിപ്പോകാത്ത വിധം കേസിൽ പിടിമുറുക്കുകയും ചെയ്തു. ഈ നീക്കമാണ് അനിൽ നമ്പ്യാർക്ക് വിനയായത്. സ്വർണക്കടത്ത് കേസിൽ നിന്നും തടിയൂരാൻ ആവശ്യമായ നിർദ്ദേശമാണ് അനിൽ നമ്പ്യാർ സ്വപ്നയെ അങ്ങോട്ട് വിളിച്ച് നൽകിയത്. സ്വപ്ന കുടുങ്ങിയപ്പോൾ ഒപ്പം നിന്ന എല്ലാവരും കുടുങ്ങുകയും ചെയ്തു. മൊഴിയിൽ ഒരു തിരുത്തലും ഒരിക്കലും വരാതിരിക്കാൻ ശ്രദ്ധിച്ച കസ്റ്റംസ് സ്വപ്നയുടെ മൊഴി പ്രത്യേകാനുമതി തേടി കോടതിയിൽ ഫയൽ ചെയ്തു. സാധാരണ ഗതിയിൽ കുറ്റപത്രത്തോടോപ്പമാണ് മൊഴി ഫയൽ ചെയ്യുക. ഇവിടെ കസ്റ്റംസ് നേരത്തെ തന്നെ ഫയൽ ചെയ്തു. സ്വപ്നയുടെ മൊഴി രേഖയായി കോടതിക്ക് മുന്നിൽ വന്നു. ഇതോടെയാണ് അനിൽ നമ്പ്യാരുടെ മാരത്തോൺ ചോദ്യം ചെയ്യൽ വന്നത്.

സ്വപ്നയ്ക്കും അനിൽ നമ്പ്യാർക്കും അടുപ്പമുണ്ടെന്നു കസ്റ്റംസിന് മനസിലായിരുന്നു. അതിന്റെ തെളിവുകളും അവരുടെ കൈവശമുണ്ട്. സ്വപ്നയോടുള്ള അടുപ്പം തന്നെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിനയായത്. ഇത്ര ഗാഡമായ അടുപ്പം അനിൽ നമ്പ്യാർക്ക് സ്വപ്നയോട് ഇല്ലെങ്കിലും സ്വപ്നയ്ക്ക് വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തുകയും ഒപ്പമിരുന്നു ഡിന്നറും മദ്യവും സേവിച്ച വ്യക്തിയാണ് അനിൽ നമ്പ്യാർ. ഇത് മനസിലാക്കിയാണ് അനിൽ നമ്പ്യാരെക്കൂടി സ്വപ്ന ബന്ധത്തിന്റെ ,കസ്റ്റംസ് ചോദ്യം ചെയ്തത്. അനീഷ് രാജിന്റെ ട്രാൻസ്ഫർ പ്രശ്‌നം മുന്നിൽ നിൽക്കുന്നതിനാൽ സംശയാസ്പദമായ ഒരാളും കേസിൽ നിന്നും ഊരിപ്പോരേണ്ടതില്ലെന്നു കസ്റ്റംസ് തീരുമാനിക്കുകയും സ്വപ്നയുടെ മൊഴി അനുവാദം വാങ്ങി കോടതിയിൽ രേഖയാക്കുകയും ചെയ്തു. ഇതോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ ബിജെപി-ജനം ടിവി ബന്ധം കൂടി വന്നത്. അനീഷ് രാജ് പ്രശ്‌നത്തിൽ ഇടത് ബന്ധം ആരോപിച്ച് രംഗത്ത് മുൻപ് രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ജനം ടിവിയെ തള്ളിപ്പറയേണ്ട അവസ്ഥ വന്നു.

സുരേന്ദ്രൻ പറഞ്ഞത് ജനത്തിനു ബിജെപിയുമായോ ആർഎസ്എസുമായോ ഒരു ബന്ധവും ഇല്ലെന്നാണ്. ഒരർഥത്തിൽ ഇത് സത്യവുമാണ്. സിംഗപ്പൂരിൽ വ്യവസായിയായ വിശ്വരൂപനാണ് ജനം ചാനലിന്റെ സാരഥി. ആർഎസ്എസിന്റെ എന്ന പേരിൽ വിശ്വരൂപൻ സ്വന്തമായി തുടങ്ങിയ ചാനൽ ആണ് ജനം. ബിജെപി-ആർഎസ്എസ് അനുകൂല വാർത്തകൾക്ക് വേണ്ടി ഒരു ചാനൽ. അത്രമാത്രമേ ഈ ചാനലിനു ആർഎസ്എസ് വിലകൽപ്പിക്കുന്നുള്ളൂ. ഇത് തന്നെയാണ് ബിജെപി നേതാക്കളും കരുതുന്നത്. പക്ഷെ സംഘി പ്ലാറ്റ്‌ഫോമിലെ മാധ്യമ പ്രവർത്തകന് സ്വപ്നയുമായി ബന്ധം എന്ന് വന്നപ്പോൾ അത് ബിജെപി-ആർഎസ്എസ് പ്രസ്ഥാനങ്ങൾക്ക് വൻ തിരിച്ചടിയായി മാറി. സുരേന്ദ്രന്റെ പ്രസ്താവന തന്നെ ഇതിന്റെ സൂചനയാണ്. ഇത് ഇടത് കക്ഷികൾ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അനീഷ് രാജിനെതിരെ ഒരു നടപടിയും അന്ന് അവശ്യമുണ്ടായിരുന്നില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം ശക്തമായി വാദിക്കുന്നത്.

അനിൽ നമ്പ്യാർ-സ്വപ്ന ബന്ധം വെളിയിൽ വന്നപ്പോൾ അത് മൊത്തത്തിൽ പരിവാർ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടിയായെന്നാണ് ആർഎസ്എസിന്റെ ഒരു വിഭാഗവും വിലയിരുത്തുന്നത്. ഇതുകൊണ്ട് തന്നെയാണ് ബിജെപി-ആർഎസ്എസ് ചാനൽ അല്ലാതിരുന്നിട്ടുകൂടി ചാനലിൽ നിന്ന് അനിൽ നമ്പ്യാരെ മാറ്റിനിർത്തണം എന്ന് ചാനൽ മേധാവികളോട് പരിവാർ നേതൃത്വം ആവശ്യമുന്നയിച്ചത്. ജനത്തിലെ വിശ്വരൂപനുമായി അടുപ്പം പുലർത്തുന്ന മാധ്യമ പ്രവർത്തകനാണ് അനിൽ നമ്പ്യാർ. അനിൽ നമ്പ്യാരുടെ സ്വന്തം തീരുമാനല്ല ഇത്. ചാനലിൽ നിന്നും അനിൽ നമ്പ്യാർക്ക് വന്ന നിർദ്ദേശപ്രകാരമാണ് ഈ മാറി നിൽക്കൽ. സ്വന്തം വിശ്വസ്തനെ കുരുതികൊടുക്കാൻ വിശ്വരൂപൻ തയ്യാറായത് തന്നെ ബിജെപി-ആർഎസ്എസ് ഭാഗത്ത് നിന്നും ഉയർന്നു വന്ന അതിസമ്മർദ്ദം കാരണമാണ്. എല്ലാത്തിനും കാരണം കസ്റ്റംസിനെ പിണക്കിയത് കാരണമെന്നാണ് പരിവാർ പ്രസ്ഥാനങ്ങളിൽ നിന്നും ഉയരുന്ന ആക്ഷേപം.

അനിൽ നമ്പ്യാർ കുടുങ്ങിയപ്പോൾ അനിൽ നമ്പ്യാരുടെ ആവശ്യം ഒന്നുകൂടി ശക്തമായി ഉന്നയിക്കാൻ ബിജെപി-ആർഎസ്എസ് നേതാക്കൾ ഒരുങ്ങുകയാണ്. അനിൽ നമ്പ്യാർ കുടുങ്ങിയത് മാനക്കെടായപ്പോൾ അനിൽ നമ്പ്യാർ ഉന്നയിച്ച ആരോപണങ്ങൾ ശക്തമാക്കി ശ്രീകണ്ഠൻനായരുടെ 24 ചാനലിനു എതിരെ ആഞ്ഞടിക്കാൻ പരിവാർ നേതൃത്വം ഒരുങ്ങുകയാണ്. സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഇതാണ് അനിൽ നമ്പ്യാർ കുറിച്ചത്. ' സ്വർണ്ണക്കടത്തിന് പിന്നിൽ ഇവരാണെന്നറിഞ്ഞിട്ടും ഒളിവിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിലെത്തിയ കാര്യം എല്ലാവർക്കുമറിയാമല്ലോ.പക്ഷെ ആര് എത്തിച്ചുവെന്ന് ആരും തിരക്കുന്നില്ല സ്വപ്നയുമായി ടെലിഫോണിൽ സംസാരിച്ച മാധ്യമപ്രവർത്തകൻ ഞാൻ മാത്രമാണോയെന്ന് ആരും അന്വേഷിക്കുന്നില്ല ! അവരുമായി അടുപ്പമുള്ള മാധ്യമപ്രവർത്തകർ ആരൊക്കെയാണെന്ന് ആർക്കും അറിയേണ്ട

ഇതാണ് അനിൽ നമ്പ്യാർ കുറിച്ചത്. രാജ്യദ്രോഹ കുറ്റത്തിൽ പ്രതിയാണെന്ന് സമൂഹത്തിന് അറിവുള്ളപ്പോഴാണ് അതു സംബന്ധിച്ച് 24 ചാനൽ വോയിസ് ക്ലിപ്പ് പുറത്തുവിടുന്നത്. ഇതും കൂടി എൻഐഎ അന്വേഷിക്കണം എന്ന ആവശ്യം പരിവാർ നേതാക്കൾ ഉന്നയിച്ചേക്കും. അന്വേഷണം വന്നാൽ ഇടത് ചാനൽ എന്ന ലേബലിൽ തുടരുന്ന 24 ന്യൂസിന് അത് ഒരടിയായി മാറും. ഇത് ഇടതുപക്ഷത്തിനുള്ള അടി കൂടിയായി മാറും. ഇതോടെ മാധ്യമ രംഗത്ത് നിന്ന് തങ്ങൾക്കേറ്റ തിരിച്ചടിക്ക് മറുമരുന്നു ആവുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. ഇതുകൊണ്ട് തന്നെ സ്വപ്നയുടെ ശബ്ദരേഖ 24 ചാനലിൽ എത്തിയത് എങ്ങനെ എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം പരിവാർ നേതാക്കൾ ഉന്നയിക്കാൻ ഒരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP