Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനാഫ് കൊലക്കേസ്: ഹൈക്കോടതിക്കും മുകളിലാണോ പി.വി അൻവർ എംഎ‍ൽഎയെന്ന് സർക്കാർ വ്യക്തമാക്കണം; കോടതി വിധി നടപ്പാക്കാതെ സർക്കാർ നിയമവാഴ്ച അട്ടിമറിക്കുന്നു; സർക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് ഹർജി നൽകുമെന്ന് പി.കെ ഫിറോസ്

മനാഫ് കൊലക്കേസ്: ഹൈക്കോടതിക്കും മുകളിലാണോ പി.വി അൻവർ എംഎ‍ൽഎയെന്ന് സർക്കാർ വ്യക്തമാക്കണം; കോടതി വിധി നടപ്പാക്കാതെ സർക്കാർ നിയമവാഴ്ച അട്ടിമറിക്കുന്നു; സർക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് ഹർജി നൽകുമെന്ന് പി.കെ ഫിറോസ്

ജംഷാദ് മലപ്പുറം

 കോഴിക്കോട് : ഹൈക്കോടതിക്കും മുകളിലാണോ പി.വി അൻവർ എംഎ‍ൽഎയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനററൽ സെക്രട്ടറി പി.കെ ഫിറോസ്. അൻവറിന്വേണ്ടി ഹൈക്കോടതി വിധി നടപ്പാക്കാതെ സർക്കാർ നിയമവാഴ്ച അട്ടിമറിക്കുന്നു. സർക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.കെ ഫിറോസ്. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരങ്ങൾക്കൊപ്പം കോഴിക്കോട് പത്രസമ്മേളനം നടത്തി യൂത്ത്ലീഗ് സംസ്ഥാന ജനററൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

പി.വി അൻവർ എംഎ‍ൽഎയ്ക്കുവേണ്ടി മനാഫ് വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാതെ സർക്കാർ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഏഴു മാസമായി ഹൈക്കോടതി വിധി നടപ്പാക്കാതെ സർക്കാർ ഭരണഘടനാ ലംഘനം നടത്തുകയാണ്. കോടതി വിധി നടപ്പാക്കാതെ കാൽനൂറ്റാണ്ടായി മനാഫിന് നീതിക്കായി നിയമപോരാട്ടം നടത്തുന്ന കുടുംബത്തിന് നീതി നിഷേധിക്കുന്ന സർക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.

പെരിയ ഇരട്ട കൊലപാതക കേസിൽ സിപിഎം പ്രതികളെ രക്ഷപ്പെടുത്തുന്നതിനും സിബിഐ അന്വേഷണം തടസ്സപ്പെടുത്തുന്നതിനും 88ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കി അഭിഭാഷകരെ കൊണ്ട് വന്ന ഇടത് സർക്കാറാണ് നീതി വേണ്ടിയുള്ള ഒരു കുടുംബത്തിന്റെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം നിരാകരിക്കുന്നത്. മനാഫ് വധക്കേസിൽ പ്രതികളായ പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രന്മാരെ രക്ഷിക്കാൻ നിയമവാഴ്ചയെതന്നെ സർക്കാർ അട്ടിമറിക്കുകയാണ്. ഹൈക്കോടതിക്കും മുകളിലാണോ പി.വി അൻവർ എംഎ‍ൽഎയെന്ന് സർക്കാർ വ്യക്തമാക്കണം.

മനാഫ് വധ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ രണ്ടു തവണയാണ് ഹൈക്കോടതി ഉത്തരവിട്ടത്. മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് നിർദ്ദേശിക്കുന്ന അഭിഭാഷക പാനലിൽ നിന്നും രണ്ടു മാസത്തിനകം സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് 2019 നവംബർ 27നാണ് ഹൈക്കോടതി അവസാനമായി ഉത്തരവിട്ടത്. മനാഫിന്റെ സഹോദരൻ അഭിഭാഷക പാനൽ സമർപ്പിച്ച് ഏഴു മാസം കഴിഞ്ഞിട്ടും സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയ്യാറായിട്ടില്ല.

പ്രതികളുടെ വിചാരണക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൾറസാഖ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും അൻവറിനോടുള്ള കടപ്പാട് കാരണം സർക്കാർ ഈ ആവശ്യം പരിഗണിച്ചില്ല. ഇതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂട്ടർ നിയമനകാര്യത്തിൽ 45 ദിവസത്തിനകം അനുകൂല തീരുമാനമെടുക്കാൻ ഹൈക്കോടതി 2019 മെയ് 20തിനാണ് ആദ്യ ഉത്തരവിറക്കിയത്.

രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവിൽക്കഴിഞ്ഞ പ്രതികൾ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്പെഷൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ് ഹൈക്കോടതി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അനുകൂല തീരുമാനമെടുക്കാൻ ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവു പ്രകാരം അഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറി നടത്തിയ വിചാരണയിൽ സ്പെഷൽ പ്രോസിക്യൂട്ടർ അനുവദിക്കാമെന്നാണ് ശുപാർശ ചെയ്തത്. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) സി. ശ്രീധരൻനായർ നൽകിയ എതിർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടർ ആവശ്യം തള്ളിയത്.

മനാഫ് വധക്കേസിൽ പൊതുതാൽപര്യമില്ലെന്നും 21 പ്രതികളെ വെറുതെവിട്ട കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയോഗിക്കുന്നത് സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നും പറഞ്ഞാണ് ഡി.ജി.പി സ്‌പെഷൽ പ്രോസിക്യൂട്ടർ ആവശ്യമില്ലെന്ന റിപ്പോർട്ട് നൽകിയത്. ഈ കേസിൽ ഡി.ജി.പി ശ്രീധരൻനായർ തന്നെയായിരുന്നു സ്‌പെഷൽ പ്രോസിക്യൂട്ടറെന്നും വെറുതെവിട്ട അൻവർ എംഎ‍ൽഎ അടക്കമുള്ള പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട സർക്കാർ അപ്പീലും മനഫിന്റെ സഹോദരന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതും മറച്ചുവെച്ചു. സ്‌പെഷൽ പ്രോസിക്യൂട്ടറുടെ വേതനം നൽകാൻ തയ്യാറാണെന്ന് മനാഫിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും അതും സർക്കാർ പരിഗണിക്കാതെയാണ് സ്‌പെഷൽ പ്രോസിക്യൂട്ടർ ആവശ്യം തള്ളിയത്. ഇതോടെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ഹരജിക്കാരനായ മനാഫിന്റെ സഹോദരൻ നിർദ്ദേശിക്കുന്ന അഭിഭാഷക പാനലിൽ നിന്നും രണ്ടു മാസത്തിനകം സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കാതെ പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രനായ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖിന് ജാമ്യം നൽകാനുള്ള ഒത്തുകളിയാണ് ഇപ്പോൾ നടക്കുന്നത്.

1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഈ കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ എംഎ‍ൽഎ. നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവർ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നൽകാനോ ശ്രമിക്കാതെ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആരോപണം ശരിവെക്കുന്നതാണ് കേസിലെ അട്ടിമറികൾ.

കേസിൽ പി.വി അൻവറിന്റെ രണ്ട് സഹോദരീപുത്രന്മാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്.

പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രനായ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കോവിഡ് കാലത്ത് ഷാർജയിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റിൽ എത്തിയപ്പോൾ കഴിഞ്ഞ ജൂൺ 24നാണ് കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടിയിലായത്. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാൽ കേസിൽ ഒന്നാം പ്രതിയടക്കമുള്ള നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ നീണ്ടുപോവുകയാണ്. പണവും രാഷ്ട്രീയ സ്വാധീനവുമുള്ള എംഎ‍ൽഎക്ക് ഹൈക്കോടതി വിധിയും രാജ്യത്തെ നിയമങ്ങളും ബാധകമല്ലെന്നത് ആശങ്കപ്പെടുത്തുന്നതാണ്. പത്ര സമ്മേളനത്തിൽ അബൂബക്കർ (മനാഫിന്റെ പിതൃ സഹോദരൻ), മൻസൂർ, റസാഖ് (മനാഫിന്റെ സഹോദരന്മാർ), ഫാത്തിമ (മനാഫിന്റെ സഹോദരി) പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP