Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിറവിയിലേ വിശ്വ പൗരൻ; ജനിച്ചത് ലണ്ടനിൽ; പത്താംവയസ്സിൽ കഥയെഴുതി, 11ാം വയസ്സിൽ നോവലും; 22ാം വയസ്സിൽ അമേരിക്കയിൽനിന്ന് പിഎച്ച്ഡി; യുഎൻ സെക്രട്ടറി ജനറൽ സ്ഥാനം നഷ്ടമായത് അമേരിക്കയുടെ എതിർപ്പിനാൽ; വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗംപോലെ ചരിത്രപ്രസിദ്ധമായ ഓക്സ്ഫോർഡ് പ്രസംഗം; 14 ബെസ്റ്റ് സെല്ലറുകളിലുടെ ലോകം മുഴുവൻ വായനക്കാരുള്ള എഴുത്തുകാരൻ; ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനായ മലയാളി രാഷ്ട്രീയക്കാരൻ; ശശി തരൂരിന്റെത് അതിശയിപ്പിക്കുന്ന ജീവിത വിജയകഥ

പിറവിയിലേ വിശ്വ പൗരൻ; ജനിച്ചത് ലണ്ടനിൽ; പത്താംവയസ്സിൽ കഥയെഴുതി, 11ാം വയസ്സിൽ നോവലും; 22ാം വയസ്സിൽ അമേരിക്കയിൽനിന്ന് പിഎച്ച്ഡി; യുഎൻ സെക്രട്ടറി ജനറൽ സ്ഥാനം നഷ്ടമായത് അമേരിക്കയുടെ എതിർപ്പിനാൽ; വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗംപോലെ ചരിത്രപ്രസിദ്ധമായ ഓക്സ്ഫോർഡ് പ്രസംഗം; 14 ബെസ്റ്റ് സെല്ലറുകളിലുടെ ലോകം മുഴുവൻ വായനക്കാരുള്ള എഴുത്തുകാരൻ; ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനായ മലയാളി രാഷ്ട്രീയക്കാരൻ; ശശി തരൂരിന്റെത് അതിശയിപ്പിക്കുന്ന ജീവിത വിജയകഥ

എം റിജു

ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി പൊളിറ്റീഷ്യൻ ആരായിരുന്നു എന്ന് ചോദിച്ചാൽ വി കെ കൃഷ്ണമേനോന്റെ പേരാണ് അദ്യം ഓർമ്മ വരുക. സൂയസ് കനാൽ പ്രശ്നം തൊട്ടുള്ള 50കളിലെ അന്താരാഷ്ട്ര പ്രതിസന്ധികളിലൊക്കെ പരിഹാരവുമായി
 വരുന്ന ആ 'ഫോർമുല മോനോൻ' എന്ന കോഴിക്കോട്ടുകാരനുശേഷം, നയതന്ത്ര-രാഷ്ട്രീയ രംഗത്ത് ലോകം അറിയുന്നത് മറ്റൊരു മലയാളിയെയാണ്. പാലക്കാട്ടുകാരനായ ശശി തരൂരിനെ. ലക്ഷങ്ങൾ പ്രതിമാസ റോയൽട്ടികിട്ടുന്ന ബെസ്ററ് സെല്ലറുകളുടെ രചയിതാവ്, യൂറോപ്പ്യൻ ബുദ്ധിജീവികളെ മുട്ടുകുത്തിക്കുന്ന ഡിബേറ്റർ, ഐക്യരാഷ്ട്രസഭയിലെ സെക്രട്ടറി ജനറൽ സ്ഥാനത്തിന് തൊട്ടടുത്തെത്തിയ വ്യക്തിത്വം... അങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് നമ്മുടെ 
തിരുവനന്തപുരം എം പി ഡോ ശശി തരൂരിന്.

ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിൽ കയറിവരികയും കോൺഗ്രസ് നാമാവശേഷമാവുകയും ചെയ്ത ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കുപകരം കോൺഗ്രസ് അധ്യക്ഷനാക്കേണ്ടത് ആരെയാണ് എന്ന് തരൂരിന്റെ ചരിത്രം വായിച്ചവർക്ക് ഒരു സംശയവും ഉണ്ടാവില്ല. എന്നാൽ അദ്ദേഹത്തെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നില്ല എന്ന് മാത്രമല്ല, ഗസ്റ്റ് ആർട്ടിസ്റ്റ് എന്നും മറ്റും പറഞ്ഞ് അപഹസിക്കാനാണ് കേരളത്തിലടക്കം ഒരു വിഭാഗം കോൺഗ്രസുകാർ ചെയ്യുന്നത്. അതിന് കാരണവും ഉണ്ട്. തരൂരിന് വ്യക്തിത്വമുണ്ട്. സ്വന്തമായ അഭിപ്രായമുണ്ട്. കുടുംബാധിപത്യം ഇഷ്ടപ്പെടുന്ന കോൺഗ്രസ് അത് ആഗ്രഹിക്കുന്നില്ല. ഇപ്പോൾ തന്നെ പാർട്ടിക്ക് മുഴുവൻ സമയ പ്രസിഡന്റ് വേണമെന്ന് പറഞ്ഞ് കത്തയച്ച 23പേരിൽ ഉൾപ്പെട്ടു എന്ന കാരണം  കൊണ്ടാണ്‌ തരൂർ സ്വന്തം പാർട്ടിയിൽനിന്നുതന്നെ അപമാനിക്കപ്പെടുന്നത്.

വ്യക്തിത്വം എന്ന ഒറ്റഗുണം കൊണ്ട് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ സ്ഥാനംപോലും നഷ്ടമായ ആളാണ് തരൂർ. 2006ലെ യുഎൻ സെക്രട്ടറി ജനറൽ തെരെഞ്ഞടുപ്പിൽ ഈ മലയാളിയെ തോൽപ്പിച്ചത് അമേരിക്കയുടെ താൽപ്പര്യങ്ങൾ ആയിരുന്നു. ഘാന സ്വദേശിയായ കോഫി അന്നാൻ പല വിഷയങ്ങളിലും സ്വതന്ത്രവും ശക്തവുമായ നിലപാടുകളിലൂടെ അമേരിക്കയെ അസ്വസ്ഥരാക്കിയിരുന്നു. ശശി തരൂർ കോഫി അന്നനെ പോലെ പ്രവർത്തിക്കുമെന്നും ഇത്തരത്തിൽ സ്വതന്ത്ര നിലപാടുകൾ വച്ചുപുലർത്തുന്ന ശക്തനായ ഒരു സെക്രട്ടറി ജനറൽ യുഎന്നിന് വേണ്ട എന്ന നിലപാടിലുമാണ് തരൂരിനെ പരാജയപ്പെടുത്താൻ യുഎസ് ശ്രമിച്ചത് എന്ന് അക്കാലത്ത് യുഎന്നിലെ യുഎസ് അംബാസഡറായിരുന്ന ജോൺ ബോൾട്ടൻ വെളിപ്പെടുത്തിയിരുന്നു. ചരിത്രം ഇപ്പോഴും കോൺഗ്രസിന്റെ രൂപത്തിൽ ആവർത്തിക്കുന്നുവെന്ന് മാത്രം. തരൂരിന്റെ ഒരു ട്വീറ്റുപോലും മനസ്സിലാവാത്ത, വായനയും അക്ഷരാഭ്യാസവും ഇല്ലാത്ത ചില കോൺഗ്രസ് നേതാക്കൾക്ക് അദ്ദേഹം കണ്ണിലെ കരടാണ്. പക്ഷേ നാടിന്റെ വികസനം ആഗ്രഹിക്കുന്ന പാർട്ടിയിലെ യുവനേതാക്കൾ അടക്കമുള്ള ബഹുഭൂരിപക്ഷം അണികളും അദ്ദേഹത്തിന് ഒപ്പമാണ്.

നാലുവോട്ടിനായി നിലപാടുകൾ മാറ്റില്ല എന്ന ഉറപ്പുതന്നെയാണ് മറ്റ് രാഷ്ട്രീയക്കാരിൽനിന്നും ശശി തരുരിനെ തീർത്തും വ്യത്യസ്തനാക്കുന്നത്. പാർട്ടി പ്രവർത്തനത്തെ താൻ തൊഴിലായല്ല കാണുന്നതെന്നും , ജീവിത കാലം മുഴുവൻ ചെയ്യാവുന്ന തൊഴിൽ എന്ന നിലയിലല്ല താൻ കോൺഗ്രസിൽ ചേർന്നതെന്നും തരൂർ പറയുന്നു. പുരോഗമനപരമായ രാജ്യത്തെ വാർത്തെടുക്കാൻ അനുയോജ്യമായ സംഘടനയെന്ന് കരുതിയാണ് കോൺഗ്രസിൽ ചേർന്നത്. വോട്ടിനോ സീറ്റിനോ വേണ്ടി സ്വന്തം ആശയങ്ങളെയും ആദർശത്തെയും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം ഏറ്റവം അവസാനവും വ്യക്തമാക്കുന്നത്.

ആദ്യ കഥയെഴൂതിയത് പത്താമത്തെ വയസ്സിൽ

ജനനം തൊട്ടേ ഒരു വിശ്വ പരൗരനാണ് ശശി തരൂർ എന്നാണ് അദ്ദേഹത്തെക്കുറിച്ച് പ്രചിക്കുന്ന തമാശ.  മാതാപിതാക്കൾ പാലക്കാട്ടുകാർ ആണെങ്കിലും അദ്ദേഹം ജനിച്ചത് ലണ്ടനിലാണ്. 1956 മാർച്ച് ഒമ്പതിന് പാലക്കാട് തരൂർ സ്വദേശികളായ ചന്ദ്രൻ തരൂരിന്റേയും ലില്ലി തരൂരിന്റേയും മകനായി ലണ്ടനിലാണ് ശശി തരൂർ ജനിച്ചത്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം 1948ൽ യുകെയിലേക്ക് കുടിയേറിയതനായിരുന്നു തരൂരിന്റെ പിതാവ് ചന്ദ്രൻ തരൂർ. ഇന്ത്യൻ പത്രമായ സ്റ്റേറ്റ്മാന്റെ ലണ്ടൻ മാനേജറായിരുന്നു അദ്ദേഹം. തൊഴിൽ ആവശ്യാർഥം അദ്ദേഹം വരുത്തിയ നിരവധി പത്രങ്ങളുടെ വിശദമായ വായനയിലൂടെയാണ് തന്റെ
സാമൂഹിക വീക്ഷണം രൂപപ്പെട്ടതെന്ന ശശി തരൂർ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. പാലക്കാട് കൊലങ്കോട്ടെ എലവഞ്ചേരി മുണ്ടാരത്ത് തറവാടാണ് ശശി തരൂരിന്റെ അമ്മവീട്. ( തരൂർ സുനന്ദയെ  വിവാഹം ചെയ്തത്  എലവഞ്ചേരി മുണ്ടാരത്ത് തറവാട് മുറ്റത്തുവച്ചായിരുന്നു)

പക്ഷേ പാലക്കാടിന്റെ സ്വഛമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള ഭാഗ്യം അധികമൊന്നും തനിക്ക് ഉണ്ടായിട്ടില്ല എന്ന് തരൂർ വിവിധ അഭിമുഖങ്ങളിൽ പറയുന്നുണ്ട്. അദ്ദേഹത്തിന് മൂന്നുവയസ്സുള്ളപ്പോൾ പിതാവ് ലണ്ടനിൽനിന്ന് തിരികെയെത്തി. പിന്നെ ബോംബെ, കൊൽക്കത്ത, ഡൽഹി തുടങ്ങി വിവിധ നഗരങ്ങളിലായി പിതാവിന്റെ ജോലിക്ക് ഒപ്പമായിരുന്നു ശശി തരൂരിന്റെ വിദ്യാഭ്യാസവും. മൂന്ന് സഹോരിമാരാണ് അദ്ദേഹത്തിന് ഉള്ളത്. തരൂരിന്റെ പിതൃസഹോദരൻ തരൂർ പരമേശ്വരൻ റീഡേഴ്‌സ് ഡൈജസ്റ്റ് സ്ഥാപക എഡിറ്ററാണ്.

1962ൽ കുടുംബം ലണ്ടനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയ ശേഷം തമിഴ്‌നാട്ടിൽ സേലത്തിന് സമീപം യേർക്കാട് മോണ്ട്‌ഫോർട്ട് ബ്രദേഴ്‌സ് സെന്റ് ഗബ്രിയേൽ സ്‌കൂളിലായിരുന്നു തരൂരിന്റെ വിദ്യാഭ്യാസം ആദ്യം. 1963ൽ കുടുംബം ബോംബെയിലേയ്ക്ക് മാറി. ബോംബെയിലെ കാംപ്യൻ സ്‌കൂളിൽ 1968 വരെ പഠിച്ചു. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ്യേറ്റ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. കുട്ടിക്കാലം മുതലേ നല്ല വായനക്കാരനായ തരൂർ ഈ സമയത്തുതന്നെ എഴുത്തും തുടങ്ങി. പത്താംവയസ്സിൽ എഴുതിയ കഥ ഭാരത ജ്യോതിയിൽ പ്രസിദ്ധീകരിച്ചത് എഴുത്തുകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ അംഗീകാരമായി. 11ാം വയസ്സിൽ ജൂനിയർ സ്റ്റേറ്റ്മാനിൽ തുടർച്ചയായി നോവലും പ്രസിദ്ധീകരിച്ചു.

പഠിക്കാനും ബഹു മിടുക്കനായിരുന്നു കൊച്ചു ശശി. എല്ലാം ക്ലാസിലും ഒന്നാമനായാണ് ജയിച്ചത്. പക്ഷേ ചെറുപ്പത്തിൽ അനാരോഗ്യം കുട്ടിയെ വേട്ടയാടി. ആസ്തമ രോഗമായിരുന്നു അലട്ടിയിരുന്നത്. അന്ന് ഈ രോഗത്തിന് മികച്ച മരുന്നുകളും ഉണ്ടായിരുന്നില്ല. ശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നതിനാൽ മിക്ക ദിവസങ്ങളിലും അസുഖമായി വീട്ടിൽ കിടക്കേണ്ടി വന്നു. ആ സമയത്ത് അമ്മ ഒപ്പമിരുന്ന് പുസ്തകങ്ങൾ വായിച്ചുകൊടുക്കും. സമയം പോകൻ പുസ്തങ്ങൾ മാത്രമായിരുന്നു ആശയം. രോഗം കാരണം മറ്റകുട്ടികൾക്കൊപ്പം കളിക്കാനും കഴിയില്ല. അങ്ങനെയാണ് താൻ 'ഒരു പുസ്തലമ്പടൻ' ആയതെന്ന് തരൂർ തമാശക്ക് പറയാറുണ്ട്.

ഋഷി കപൂറിനെ തോൽപ്പിച്ച് ബെസ്റ്റ് ആക്റ്റർ

'എല്ലാ ക്ലാസുകളിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ, എട്ടാം ക്ലാസിൽ മാത്രമാണ് മൂന്നാം സ്ഥാനമായത്. ഇത് വീട്ടിൽ വലിയ വേദനയുണ്ടാക്കി. എട്ടാം ക്ലാസിൽ മൂന്നാമതായ കാര്യം അറിഞ്ഞപ്പോൾ വീടൊരു മരണവീട് പോലെയായി. അച്ഛനും അമ്മയുമൊന്നും തന്നോട് മിണ്ടിയില്ല.സ്‌കൂൾ പഠനക്കാലത്ത് മൂന്നു തവണ മികച്ച നടനായിട്ടുണ്ടെന്നും ഒരു തവണ രാജ് കപൂറിന്റെ മകൻ ഋഷി കപൂറിനെ മറികടന്നാണ് ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചത്'- തരൂർ ഒരു അഭിമുഖത്തിൽ കുട്ടിക്കാലം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.

തന്റെ സഹോദരിയായിരുന്നു ആദ്യത്തെ അമൂലിന്റെ പരസ്യമോഡൽ എന്നും തരൂർ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ധവള വിപ്ലവം തുടങ്ങിയ കാലം. 1961 ൽ പാൽപ്പൊടിയുടെ പായ്ക്കറ്റിൽ കവർ ഗേളാകാൻ പെൺകുട്ടിയെ തേടിയുള്ള അന്വേഷണമാണ് ശോഭയിലെത്തിയത്. അഡ്വർടൈസിങ് ആൻഡ് സെയിൽസ് പ്രമോഷൻ കമ്പനിയുടെ ചുമതലക്കാരൻ സിൽവസ്റ്റർ ഡികുഞ്ഞയാണ് ശശി തരൂരിന്റെ പിതാവിനോട് കുട്ടികളുടെ ഫോട്ടോയുണ്ടെങ്കിൽ നൽകാൻ ആവശ്യപ്പെട്ടത്. 712 കുട്ടികളുടെ ചിത്രങ്ങൾ കണ്ടിട്ടും തൃപ്തിയാകാതിരുന്ന ഏജൻസിക്ക് ശോഭ തരൂരിന്റെ ഓമനത്തമുള്ള മുഖം ഇഷ്ടമായി.'അട്ടർലി ബട്ടർലി ഡെലീഷ്യസ്' എന്നു പറഞ്ഞ് ഫ്രോക്കിട്ടു നിൽക്കുന്ന അമുൽ ഗേൾ മുഖമായി ശോഭ മാറി.

അമുലും തരൂർ കുടുംബവുമായുള്ള ബന്ധം അവിടെ തീർന്നില്ല. പിന്നീട് പായ്ക്കറ്റിലെ പരസ്യം കളറാക്കിയപ്പോൾ മോഡലായത് തരൂരിന്റെ അനുജത്തി സ്മിത. തരൂരിന്റെ ഭാഷയിൽ 'ആദ്യത്തെ കളർ അമുൽ ബേബി.'പിൽക്കാലത്ത് പാലക്കാട്ടെ ഒരു ഗ്രാമത്തിൽ മതിലിൽ തന്റെ ബാല്യകാല മുഖം കണ്ടു വിസ്മയം പൂണ്ട സഹോദരിയുടെ കഥയും തരൂർ ഓർമിക്കുന്നു. ശോഭ 1977 ൽ മിസ് കൊൽക്കത്തയായി. സ്മിതയാകട്ടെ മിസ് ഇന്ത്യ റണ്ണറപ്പും.പിന്നീട്, ശശി തരൂരിനും വന്നു അവസരം. യുഎൻ ജോലിക്കു ശേഷം രാഷ്ട്രീയത്തിലെത്തിയ ശേഷം തരൂർ പലവട്ടം അമുലിന്റെ കാർട്ടൂൺ പരസ്യങ്ങളിൽ ഇടംപിടിച്ചു. അച്ഛനുണ്ടായിരുന്നുവെങ്കിൽ മുംബൈ മറൈൻ ഡ്രൈവിലെ പരസ്യബോർഡുകളിൽ മകന്റെ ചിത്രം കണ്ട് ആഹ്ലാദവാനായേനെ തരൂർ പറയുന്നു.

സയൻസിൽ നല്ല മാർക്ക് ഉണ്ടായിട്ടും അദ്ദേഹം ഹ്യുമാനിറ്റിക്സാണ് കോളജ് പഠനത്തിന് തെരഞ്ഞെടുത്തത്.  സയൻസ് താൻ പഠിച്ച ഉടനെ മറക്കുമെന്ന് എന്നാൽ ഹ്യൂമാനിറ്റിക്സ് തന്റെ പ്രിയ വിഷയം ആണെന്നുമായിരുന്നു അദ്ദേഹം അതിന് കാരണം പറഞ്ഞത്. കോളജ് കാലത്തുതന്നെ ഇന്ത്യയിലെ എല്ലാ വാർത്താ മാധ്യമങ്ങളിലും തരൂരിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. സ്റ്റേറ്റ്മാൻ, ഫെമീനാ, ഇല്സ്ട്രറ്റഡ് വീക്ക്ലി, എന്നീ മാസികകളും ദിനപ്പത്രങ്ങളും അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അക്കാലത്ത് പിതാവ് പറയുമായിരുന്നു. ' ശശീ, പഠനത്തിന് ആദ്യം മൂൻഗണന നൽകൂ, എഴുത്തുകാരന്റെ ജോലികൊണ്ടുമാത്രം ജീവിക്കാൻ കഴിയില്ല.'- അതുകൊണ്ടുതന്നെ വിശ്രമവേളകളിലും ഹോം വർക്കുകൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ലേഖനങ്ങൾ എഴുതാൻ മാതാപിതാക്കൾ അദ്ദേഹത്തെ അനുവദിച്ചിരുന്നുള്ളൂ

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിഎ ഹിസ്റ്ററി ബിരുദം. 1975ൽ തുടർപഠനത്തിനായി ശശി തരൂർ യുഎസിലേയ്ക്ക് പോയി. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ ദ ഫ്‌ളെച്ചർ സ്‌കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്ന് എംഎ ലോ ആൻഡ് ഡിപ്ലോമസി ബിരുദം. 22ാം വയസിൽ ഇന്റർനാഷണൽ റിലേഷൻസിൽ പിഎച്ച്ഡി. ആ യൂണിവേഴസിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ പിച്ച്ഡിക്കാരനായിരുന്നു ശശി തരൂർ. ഫ്‌ളെച്ചർ സ്‌കൂളിലെ പഠന കാലത്ത് മികച്ച വിദ്യാർത്ഥിക്കുള്ള റോബർട്ട് ബി സ്റ്റിവാർട്ട് പ്രൈസ്. ഫ്‌ളെച്ചർ ഫോറം ഓഫ് ഇന്റർനാഷണൽ അഫെയർസിന്റെ ആദ്യ എഡിറ്ററുമായി.

യു എന്നിലൂടെ ലോകത്തിന്റെ നെറുകയിലേക്ക്

ഐഎഎസ്, ഐഎഫ്എസ്, പരീക്ഷകളിൽ മൽസരിക്കണമെന്ന് തരൂരിന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അമേരിക്കയിൽനിന്ന് സ്‌കോളർഷിപ്പ് കിട്ടയേപ്പോൾ താനെന്തിന് ഈ ഐഎഫ്എസ്, പരീക്ഷ എഴുതാൻ കാത്തിരിക്കണമെന്ന് അദ്ദേഹം വിചാരിച്ചു. എഴുതിയാലും രാഷ്ട്രീയ കാരണങ്ങളാൽ അത് കിട്ടുമെന്ന് ഉറപ്പുണ്ടായിരുനനില്ല. കാരണം ഇന്ദിരാഗാന്ധിയുടെ അടിയന്തരവസ്ഥയെപ്പറ്റിയും ജനവിരുദ്ധ നയങ്ങളെ പറ്റിയും അദ്ദേഹം ലേഖനം എഴുതിയിരുന്നു. ഇന്ത്യയൂടെ ചേരിയിൽ താമസിക്കുന്നവരെ നിർബന്ധമായി വദ്ധ്യംകരിക്കുന്ന സഞ്ജയ് ഗാന്ധിയോട് യോജിക്കാൻ  ആ ചെറുപ്പക്കാരനും  ആയില്ല.

തരൂർ യുഎന്നിൽ എത്തിപ്പെടുന്നതും യാദൃശ്ചികം ആയാണ്. അക്കാലത്ത് സ്റ്റേറ്റ്മാനിൽ വരുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങൾ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അങ്ങനെയാണ് മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വീരേന്ദ്രദയാൽ എന്നയാൾ തരൂരിനെ പരിചയപ്പെടുന്നത്. ഒരു പാർട്ടിയിലെ ഒരു മണിക്കൂർ നീണ്ട സൗഹൃദ സംഭാഷണത്തിനുശേഷം ഐക്യരാഷ്ട്രസഭയിൽ ജോലിചെയ്യാൻ താൽപ്പര്യമുണ്ടോയെന്ന് ദയാൽ ചോദിക്കുന്നു. അദ്ദേഹം ശിപാർശ ചെയ്തെങ്കിലും മറ്റ് മൂന്നുപേരാണ് തരൂരിനെ ഇന്റവ്യൂ ചെയ്യുന്നത്. അവിടെ നിന്ന് അദ്ദേഹം ജനീവ ഹെഡ്ക്വാർട്ടേഴസിൽ നിയമിതനാവുന്നു.

1978ൽ ജനീവയിൽ യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണർ ഓഫീസ് (യുഎൻഎച്ച്‌സിആർ) സ്റ്റാഫ് ആയാണ് ശശി തരൂരിന്റെ നയതന്ത്ര ജീവിതം തുടങ്ങുന്നത്. 1981 മുതൽ 84 വരെ യുഎൻഎച്ച്‌സിആർ സിംഗപ്പൂർ തലവനായി പ്രവർത്തിച്ചു. ചുമതലയേൽക്കുമ്പോൾ 25വയസ്സ് പ്രായം മാത്രമായിരുന്നു അദ്ദേഹത്തിന്. മറ്റുള്ളവരോട് പത്തുവയസ്സ് കൂട്ടിപ്പറഞ്ഞായിരുന്നു താൻ പക്വത അഭിനയിച്ചതെന്ന് അതേക്കുറിച്ച് തരൂർ പിന്നീട് പറഞ്ഞു. ആ റെഫ്യൂജി ഓഫീസിലെ ജീവിതം നൽകിയ അനുഭവങ്ങൾ പിന്നീട് തരൂരിന്റെ എഴുത്തു  ജീവിതത്തിലും
കരുത്തായി. അഭയാർഥികളെയും സർവതും നഷ്പ്പട്ടവരെുടെയും ദയനീയമായ കഥകൾ ഒരു പാട് അദ്ദേഹം കണ്ടു. വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ക്രൂരതകൾമൂലം അവിടെനിന്ന് രക്ഷപ്പെട്ടവരെ പുനരധിവസിപ്പിച്ചതൊക്കെ തരൂരിന്റെ നേതൃത്വത്തിലായിരുന്നു. ബോട്ട് പീപ്പിൾ എന്നറിയപ്പെട്ട വിയറ്റ്‌നാമീസ് അഭയാർത്ഥികളുടെ പ്രശ്‌നം പരിഹരിക്കുന്നതിലും രക്ഷാപ്രവർത്തനങ്ങളിലും തരൂർ യുഎൻഎച്ച്‌സിആറിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാർത്ഥി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ തരൂർ വിജയകരമായി പങ്ക് വഹിച്ചു. യുഎൻ എച്ച്‌സിആർ തിരഞ്ഞെടുത്ത ആദ്യ സ്റ്റാഫ് ചെയർമാനായി. 1989ൽ സ്‌പെഷൽ പൊളിറ്റിക്കൽ അഫയർസ് അണ്ടർ സെക്രട്ടറി ജനറൽ ആയി. 1996ൽ യൂഗോസ്ലാവ്യൻ ആഭ്യന്തര യുദ്ധത്തിൽ യുഎൻ പീസ് കീപ്പിങ് ഓപ്പറേഷൻസിന് ടീമിനെ നയിച്ചു.

പിന്നീട് അദ്ദേഹം യുൻ പീസ് കീപ്പിങ്ങ് ഫോഴ്സിന്റെ ചുമതലയുമായി ന്യൂയോർക്കിലേക്കാണ് പോയത്. ലോകം മുഴുവൻ വ്യാപിച്ച ഒരു വലിയ സേനയുടെ ഉത്തരാവാദിത്വം. അന്ന് ദിവസം പതിനെട്ടു മണിക്കുർ വരെ അദ്ദേഹം ജോലി ചെയ്തു. യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ ജീവൻ പണയം വെച്ച് യാത്രചെയ്തു. അന്നത്തെ യുഎൻ സെക്രട്ടറി കോഫി അന്നൻ പ്രധാന രാജ്യാന്തര തീരുമാനങ്ങൾ എല്ലാം എടുത്തിരുന്നത് ശരി തരൂരിനോട് കൂടി ആലോചിച്ചായിരുന്നു. ലോകമാകെയുള്ള 79 ഓഫീസേഴ്സ നടക്കമുള്ള 800ൽപ്പരം സ്റ്റാഫിന്റെ ചുമതലകൾ ശശിയിൽ ആയിരുന്നു നിക്ഷിപ്തമായിരുന്നത്.

1996ൽ ശശി തരൂരിനെ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നാന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയും കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്‌പെഷൽ പ്രോജക്ട്‌സ് ഡയറക്ടറായും നിയമിതനായി. 2001ൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് ഇൻഫർമേഷൻ ഇടക്കാല തലവനായും അസിസ്റ്റന്റ് സെക്രട്ടറി ജനറലായും നിയമിച്ചു. 2002ൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് പബ്ലിക് ഇൻഫർമേഷൻ അണ്ടർ സെക്രട്ടറി ജനറൽ. 2003ൽ മൾട്ടി ലിങ്വലിസം കോർഡിനേറ്റർ ചുമതല. യഹൂദ വിരുദ്ധത (ആന്റി സെമിറ്റിസം) സംബന്ധിച്ചും 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ശേഷം മുസ്ലിം വിരുദ്ധത (ഇസ്ലാമോഫോബിയ) സംബന്ധിച്ചും ആദ്യമായി യുഎൻ സെമിനാർ സംഘടിപ്പിച്ചത് ശശി തരൂർ ആണ്.

ഈ ചുമതലകൾ എല്ലാം സത്യത്യർഹമായി നിറവേറ്റിയതോടെയാണ് അടുത്ത ജനറൽ സെക്രട്ടറിയാവൻ എന്തുകൊണ്ടും യോഗ്യൻ എന്ന ധാരണ ലോക മാധ്യമങ്ങളിൽ ഉയർന്നുവന്നത്.

സെക്രട്ടറി സ്ഥാനത്ത് പരാജയപ്പെടുത്തിയത് അമേരിക്ക

2006ൽ ശശി തരൂർ യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ചു. തരൂർ ദക്ഷിണ കൊറിയയുടെ ബാൻ കി മൂണിനോട് പരാജയപ്പെട്ടു. കുറഞ്ഞവോട്ടുകൾക്കാണ് അദ്ദേഹം തോറ്റത്. ജയിച്ചിരുന്നെങ്കിൽ ദാഗ് ഹമ്മർഷോൾഡിന് ശേഷം യുഎൻ സെക്രട്ടറി ജനറലാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകുമായിരുന്നു ശശി തരൂർ. 50ാം വയസിലാണ് തരൂർ മത്സരിച്ചത്. ദാഗ് ഹമ്മർഷോൾഡ് സെക്രട്ടറി ജനറലായത് 46 വയസിൽ. വലിയ പ്രചാരണമാണ് ഒരു ഇന്ത്യക്കാരൻ യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോൾ ഉണ്ടായത്. തരൂരിന്റെ സ്ഥാനാർത്ഥിത്വം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹത്തിൽ വലിയ പ്രാധാന്യം നൽകുമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗും ദേശീയ സുരക്ഷ ഉപദേഷ്ടാവ് എംകെ നാരായണനും കരുതിയിരുന്നു.

ഘാന സ്വദേശിയായ കോഫി അന്നാൻ പല വിഷയങ്ങളിലും സ്വതന്ത്രവും ശക്തവുമായ നിലപാടുകളിലൂടെ അമേരിക്കയെ അസ്വസ്ഥരാക്കിയിരുന്നു. ശശി തരൂർ കോഫി അന്നനെ പോലെ പ്രവർത്തിക്കുമെന്നും ഇത്തരത്തിൽ സ്വതന്ത്ര നിലപാടുകൾ വച്ചുപുലർത്തുന്ന ശക്തനായ ഒരു സെക്രട്ടറി ജനറൽ യുഎന്നിന് വേണ്ട എന്ന നിലപാടിലുമാണ് തരൂരിനെ പരാജയപ്പെടുത്താൻ യുഎസ് ശ്രമിച്ചത് എന്ന് അക്കാലത്ത് യുഎന്നിലെ യുഎസ് അംബാസഡറായിരുന്ന ജോൺ ബോൾട്ടൻ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ആണ് ഈ നിർദ്ദേശം നൽകിയത്. യുഎൻ രക്ഷാസമിതിയിൽ ഒരു സ്ഥിരാംഗം പോലും ബാൻ കി മൂണിനെ വീറ്റോ ചെയ്തില്ല. യുഎസ് തരൂരിനെ വീറ്റോ ചെയ്തു. പരാജയത്തിന് ശേഷം യുഎന്നിൽ തുടരാനുള്ള ബാൻ കി മൂണിന്റെ ക്ഷണം തരൂർ നിരസിച്ചു.

അതായത് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതുപോലെ വ്യക്തിത്വം ആർക്കും അടിയറവെക്കാതിരിക്കുകയും ഏത് കാര്യത്തിലും സ്വന്തമായി അഭിപ്രായം പറയുന്ന സ്വഭാവും തന്നെയാണ് തരൂരിന് അന്നും വിനയായത്. അമേരിക്ക ആഗ്രഹിക്കുന്ന പാവ ഭരണം തരൂരിന്റെ അടുത്ത ചെലവാകില്ല. ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നതും അതുതന്നെയാണ്. ഗാന്ധികുടുംബത്തിന്റെയന്നല്ല ഒരാളുടെയും അടിമയോ ആശ്രിതനോ അല്ല തരൂർ. അദ്ദേഹത്തിന്റെ അയോഗ്യതയും അതുതന്നെ.

ഒടുവിൽ രാഷ്ട്രീയത്തിലേയ്ക്ക്

യുഎന്നിൽ നിന്ന് രാജി വച്ച ശേഷം 2007 ഫെബ്രുവരിയിൽ തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലേയ്ക്ക് വന്നേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തരൂരിനെ മന്മോഹൻ സിങ് മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നു. ഇതിനിടെയും
ആഗോളതലത്തിൽ പല പ്രധാന സ്ഥാപനങ്ങളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ശശി തരൂർ പ്രവർത്തിച്ചു.

തന്നെ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ബിജെപിക്കാരും സമീപിച്ചിട്ടുണ്ടെന്നും എന്നാൽ കോൺഗ്രസ് ആണ് ഉചിതമായി തോന്നിയത് എന്നും ശശി തരൂർ പറഞ്ഞു. തരൂർ തിരുവനന്തപുരവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വരത്തൻ ആണെന്ന തരത്തിലുള്ള പ്രചാരണമെല്ലാം എതിരാളികൾ നടത്തിയെങ്കിൽ തരൂർ ഒരു ലക്ഷത്തിനടുത്ത് വോട്ടുകൾക്ക് ജയിച്ചു. വിദേശകാര്യ സഹമന്ത്രിയായി. 2014ലെ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണ് ബിജെപിയിലെ ഒ രാജഗോപാലിൽ നിന്ന് ശശി തരൂർ തിരുവനന്തപുരത്ത് നേരിട്ടത്. ഒരു ഘട്ടത്തിൽ വിജയിച്ചു എന്ന് വരെ കരുതിയ രാജഗോപാലിനെ അവസാനഘട്ടത്തിൽ പിന്നിലാക്കി 14,000ൽ പരം വോട്ടിന് തരൂർ രണ്ടാം തവണ ലോക്‌സഭയിലെത്തി.മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും തരൂർ അറിയപ്പെട്ടു. കാലാവധി പൂർത്തിയാകുന്ന സഭയിൽ 16 സ്വകാര്യ ബില്ലുകളാണ് തരൂർ അവതരിപ്പിച്ചത്. ഐപിഎൽ വിവാദത്തിന്റെ പേരിൽ രാജിവെക്കേണ്ടി വന്നെങ്കിലും അതിൽ യാതൊരു കഴമ്പുമില്ല എന്ന് പിൽക്കാലത്ത് തെളിഞ്ഞു.

2019ലും തരൂർ കടുത്ത മൽസരത്തെ അതിജീവിച്ച് പാർലിമെന്റിൽ എത്തി. ബിജെപിയിലെ കുമ്മനം രാജശേഖരനെയാണ,് എല്ലാ മോദി തരംഗത്തെും തകർത്ത് അദ്ദേഹം തോൽപ്പിച്ചത്. മതേതരത്വത്തിന്റെ ഉജ്വലമാതൃകയായി ഈ പോരാട്ടം വിലയിരുത്തപ്പെട്ടു.

പഴി കേട്ടത് സുനന്ദാ പുഷ്‌ക്കറിന്റെ മരണത്തോടെ

ഇംഗ്ലീഷിൽ അപരാമായ ജ്ഞാനമുള്ള തരൂരിന്റെ പല വാക്കുകളുടെയും ഉദ്ദേശിച്ച അർഥം പിടികിട്ടാത്തതും വലിയ വിവാദങ്ങളായി. കാറ്റിൽ ക്ലാസ് എന്ന വിദേശത്ത് സാധാരണമായ പ്രയോഗം തരൂർ എടുത്തപ്പോൾ വ്യാപകമായി തെറ്റിന്ധരിക്കപ്പെട്ടു. വിമാനത്തിലെ എക്കണോമി ക്ലാസിനെ കന്നുകാലി ക്ലാസ് (cattle class) എന്ന് വിളിച്ചതായിരുന്നു ഇതിലൊന്ന്. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരരായി കരുതപ്പെടുന്ന ഡേവിഡ് കോൾമാൻ ഹെഡ്‌ലി അടക്കമുള്ളവർ യുഎസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യ വിസ ചട്ടങ്ങളിൽ മാറ്റം വരുത്തി. പുതിയ മാർഗനിർദ്ദേശങ്ങളെ ശശി തരൂർ എതിർത്തു. സർക്കാർ നിലപാടിന് വിരുദ്ധമായ തരൂരിന്റെ നിലപാട് വിവാദമായി. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ചർച്ചയിൽ സൗദി അറേബ്യക്ക് മധ്യസ്ഥത വഹിക്കാൻ കഴിയുമെന്ന ശശി തരൂരിന്റെ വിലയിരുത്തൽ വിവാദമായി. ഇന്ത്യ, പാക് ഉഭയകക്ഷി ചർച്ചകൾ അല്ലാതെ കാശ്മീർ പ്രശ്‌നത്തിലടക്കം മൂന്നാം കക്ഷിയുടെ മധ്യസ്ഥത വേണ്ട എന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരുന്നു ഇത്.

പാക്കിസ്ഥാൻ മാധ്യമപ്രവർത്തക മെഹർ തരാറുമായി ശശി തരൂരിന് ബന്ധമുണ്ട് എന്ന് ആരോപിച്ചുകൊണ്ട് ഭാര്യ സുനന്ദ പുഷ്‌കർ പറഞ്ഞ കാര്യങ്ങൾ വിവാദമായി. മെഹർ ഐസ്‌ഐ ഏജന്റ് ആണ് എന്ന് സുനന്ദ ആരോപിച്ചു. ഐപിഎല്ലുമായി ബന്ധപ്പെട്ടും തരൂർ വിവാദത്തിൽ പെട്ടു. 2014 ജനുവരിയിൽ ഡൽഹി ലീല പാലസ് ഹോട്ടലിൽ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തി. ശശി തരൂരിനെതിരെ ആരോപണങ്ങൾ ഉയർന്നു. മരണം കൊലപാതകമാണ് എന്ന് ആരോപിക്കപ്പെട്ടു. തരൂരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിച്ച സംഭവമായിരുന്നു ഇത്. എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തരൂരിനെ തന്നെ തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണത്തിന് ഉത്തരവാദി ശശി തരൂരാണെന്ന റിപ്പബ്ലിക് ടിവിയുടെ ആരോപണം നിയമയുദ്ധത്തിലേയ്ക്ക് നീങ്ങിയിരുന്നു.

ചരിത്ര പ്രസിദ്ധമായ ഓക്സ്ഫോർഡ് പ്രസംഗം

എഴുത്തുകാരൻ എന്നതിനപ്പുറം തരൂർ പേരെടുത്തത് ഒരു പ്രഭാഷകൻ എന്ന നിലയിൽ ആയിരുന്നു. ബ്രിട്ടിഷ് കോളനിവാഴ്ചയ്‌ക്കെതിരെ ശശി തരൂർ 2015 ജൂലൈയിൽ ബ്രിട്ടനിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തിരുന്നു. കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകർത്തതിനു ബ്രിട്ടൻ പ്രായശ്ചിത്തം ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ള എംപിയുടെ പ്രസംഗമാണ് ഫേസ്‌ബുക്കിലും യൂട്യൂബിലും വൈറലായത്. ഓക്‌സ്ഫഡ് സർവകലാശാലയിൽ നടന്ന ചർച്ചയിലൊണ് തരൂർ താരമായത്.

ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ സ്ഥിരം ക്ഷണിതാവായ തരൂർ അവസരം കിട്ടുമ്പോഴൊക്കെ കോളനി വാഴ്‌ച്ചയ്ക്ക് എതിരെ ആഞ്ഞടിക്കുക പതിവാണ്. അങ്ങനെയാണ് ഓക്സ്ഫോർഡിൽ വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും സമ്മേളനത്തിൽ പ്രസംഗിച്ച ശശി തരൂർ ബ്രിട്ടന്റെ കോളനി വാഴ്‌ച്ച മൂലം ഇന്ത്യക്ക് ഒരു നേട്ടവും ഉണ്ടായില്ലെന്ന് വാദിച്ചു ജയിക്കുകയായിരുന്നു. ഇതിനെ ശക്തമായി ഖണ്ഡിക്കാൻ സഹ പ്രസംഗികർക്ക് കഴിഞ്ഞില്ല . ഒരർത്ഥത്തിൽ കഴിഞ്ഞ തവണ ലണ്ടനിൽ നേടിയ വിജയം ഇത്തവണ ഓക്സ്ഫോർഡിലും തരൂർ ആവർത്തിക്കുകയായിരുന്നു. ലണ്ടൻ പ്രസംഗം ഇന്ത്യൻ മാധ്യമങ്ങൾ വേണ്ടത്ര ഗൗനിച്ചില്ലെങ്കിലും ഇത്തവണ ഓക്സ്ഫോർഡിൽ നേടിയ തരൂരിന്റെ മേൽക്കൈ സകല ഇന്ത്യൻ ആഗോള മാധ്യമങ്ങളും ആഘോഷിക്കുക ആയിരുന്നു.

കോളനി വാഴ്‌ച്ചയുടെ ആധിപത്യം തുടങ്ങുന്ന പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യ ലോകത്തെ തന്നെ വൻശക്തിയുള്ള രാഷ്ട്രം ആയിരുന്നു എന്നാണ് ശശി തരൂർ വാദിച്ചത്.
ഓരോ തവണയും തങ്ങളുടെ പൂർവികരുടെ ചെയ്ത്തികൾക്കെതിരെയാണ് തരൂർ കത്തിക്കയറുന്നത് എന്ന് പോലും മറന്നാണ് സദസ് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത്.

ഓക്‌സ്‌ഫോർഡ് പ്രസംഗത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ

'എട്ടു മിനിറ്റാണ് എനിക്കു സംസാരിക്കാൻ തന്നിരിക്കുന്നത്. 'ഹെന്റി എട്ടാമൻ പബ്ലിക് സ്പീക്കിങ് സ്‌കൂളി'ൽ പെട്ടയാളാണു ഞാൻ. ഹെന്റി എട്ടാമൻ ഭാര്യമാരോടു പറഞ്ഞതുപോലെ ' ഞാൻ നിങ്ങളെ കൂടുതൽ സമയം ബുദ്ധിമുട്ടിക്കില്ല' (സദസ്സിൽ നിന്നു നിറഞ്ഞ കയ്യടി. ഹെന്റി എട്ടാമൻ രാജാവ് ആറു തവണ വിവാഹം കഴിച്ചിരുന്നു.) ഏഴാമത്തെ പ്രസംഗകനാണ് ഞാൻ. ഞാനിപ്പോൾ എന്നെ കാണുന്നത് ഹെന്റി എട്ടാമന്റെ അവസാനത്തെ ഭാര്യയെപ്പോലെയാണ്. നിങ്ങൾ എന്നിൽ നിന്നു പ്രതീക്ഷിക്കുന്നതെന്താണെന്ന് എനിക്ക് അറിയാം. അത് വ്യത്യസ്തയോടെ ചെയ്യാനാവുമോ എന്നെനിക്കുറപ്പില്ല.-ഓക്‌സ്‌ഫോർഡിൽ തരൂർ പറഞ്ഞു.

ബ്രിട്ടൻ ഇന്ത്യയിലെത്തിയപ്പോൾ ലോക സമ്പദ്വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് 23 ശതമാനമായിരുന്നു. ബ്രിട്ടിഷുകാർ പോയപ്പോഴേക്കും അത് നാലു ശതമാനത്തിൽ കുറവായി. ഇന്ത്യയെ കൊള്ളയടിച്ചത് ഉപയോഗിച്ചാണ് രണ്ടു നൂറ്റാണ്ടിലേറെ കാലം കൊണ്ട് ബ്രിട്ടൻ വളർന്നത്. ബ്രിട്ടനിലെ വ്യവസായവൽക്കരണം ഉണ്ടായത് ഇന്ത്യയിലെ വ്യവസായ നശീകരണത്തിൽ നിന്നാണ്. ഇന്ത്യയിലെ നെയ്ത്തുകാരുടെ കാര്യം തന്നെ എടുക്കാം. ബ്രിട്ടിഷുകാർ വരും മുൻപ് മസ്ലിൻ പോലെ മികച്ച തുണി ഉൽപാദിപ്പിച്ചിരുന്നവരാണ് ഇന്ത്യയിലെ നെയ്ത്തുകാർ. ലോകമെങ്ങും പ്രശസ്തി നേടിയവർ. ബ്രിട്ടിഷുകാർ എത്തി അവരുടെ കൈകൾ തല്ലിയൊടിച്ചു, തറികൾ തകർത്തു, നികുതികൾ ഏർപ്പെടുത്തി, അസംസ്‌കൃത വസ്തുക്കൾ ബ്രിട്ടനിലേക്കു കടത്തി. അവിടെ നിന്ന് ലോകമെമ്പാടും തുണി കയറ്റിയയച്ചു. ഇന്ത്യയിലെ നെയ്ത്തുകാർ പിച്ചക്കാരായി. ലോക വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് 27 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനത്തിൽ കുറവായി കുറഞ്ഞു.

അതേസമയം റോബർട്ട് ക്ലൈവിനെപ്പോലെയുള്ള കൊളോണിയലിസ്റ്റുകൾ ഹിന്ദിയിലെ ലൂട്ട് എന്ന വാക്ക് അവരുടെ സ്വഭാവത്തെപ്പോലെ തന്നെ ഇംഗ്ലിഷ് നിഘണ്ടുവിലേക്കു കൊണ്ടുപോയി (കയ്യടി). ക്ലൈവ് ഓഫ് ഇന്ത്യ എന്നു ബ്രിട്ടൻ വിളിച്ചു. ഇന്ത്യ മുഴുവൻ അയാളുടെയാണെന്ന പോലെ. (കയ്യടി). 19ാം നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഇന്ത്യ ബ്രിട്ടന്റെ ഏറ്റവും വലിയ കറവപ്പശുവായി മാറിയിരുന്നു. ബ്രിട്ടൻ ഉണ്ടാക്കിവിടുന്ന സാധനങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യം, ബ്രിട്ടിഷുകാർക്ക് നല്ല ശമ്പളമുള്ള ജോലി ലഭിക്കുന്ന രാജ്യം. ഞങ്ങളെ അടിച്ചമർത്തിയതിന് ഞങ്ങൾ അങ്ങോട്ടു പണം കൊടുക്കേണ്ടിവന്നു. 19ാം നൂറ്റാണ്ടിലെ പണക്കാരായ ബ്രിട്ടിഷുകാരിൽ അഞ്ചിലൊരുഭാഗം 30 ലക്ഷം ആഫ്രിക്കൻ അടിമകളെ കടത്തിയാണു പണമുണ്ടാക്കിയത്. 1833ൽ അടിമത്തം അവസാനിപ്പിച്ചപ്പോൾ 20 ദശലക്ഷം പൗണ്ടാണ് നൽകിയത് ജീവൻ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരമായല്ല അതു നൽകിയത്, മറിച്ച് ഭൂമി നഷ്ടപ്പെട്ടവർക്കാണ് അതു നൽകിയത്.

ഇന്ത്യയെക്കുറിച്ചു പറയാം. പതിനഞ്ചു ദശലക്ഷത്തിനും 20 ദശലക്ഷത്തിനും ഇടയിൽ ഇന്ത്യക്കാർ ബ്രിട്ടിഷ് ഭരണകാലത്തു പട്ടിണി മൂലം മരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാലു ദശലക്ഷം പേർ പട്ടിണി മൂലം മരിച്ച ബംഗാൾ ഏറ്റവും നല്ല ഉദാഹരണം. ബംഗാളിലെ ജനങ്ങൾക്കു കിട്ടേണ്ട ഭക്ഷണം മനപ്പൂർവം നൽകാതെ, ബ്രിട്ടനു ഭാവിയിൽ ഉപയോഗിക്കാൻ മാറ്റിവച്ചത് വിൻസ്റ്റൻ ചർച്ചിലാണ്. ഇതു ശരിയല്ലെന്നു ബ്രിട്ടിഷുകാർ തന്നെ ചർച്ചിലിനോടു ചൂണ്ടിക്കാട്ടിയപ്പോൾ ചർച്ചിൽ ഫയലിന്റെ മാർജിനിൽ എഴുതി''എന്തുകൊണ്ടാണ് ഇതുവരെ ഗാന്ധിജി മരിക്കാത്തത്?'' 1943ൽ ചർച്ചിൽ ചെയ്തത് ഒരു ഉദാഹരണം മാത്രം. എത്രയോ ബ്രിട്ടിഷുകാർ ഇന്ത്യയോട് അതേ രീതിയിൽ പെരുമാറി. ബ്രിട്ടിഷ് സാമ്രാജ്യത്തിൽ സൂര്യനസ്തമിക്കാതിരുന്നതിൽ അദ്ഭുതമില്ല. കാരണം, ദൈവത്തിനു പോലും ഇരുട്ടത്ത് ബ്രിട്ടിഷുകാരെ വിശ്വാസമില്ലായിരുന്നു (കയ്യടി).

ഒന്നാം ലോകമഹായുദ്ധത്തിന്റെ കാര്യമെടുക്കാം. ബ്രിട്ടിഷ് സൈന്യത്തിൽ യുദ്ധം ചെയ്തവരിൽ ആറിലൊരു ഭാഗം ഇന്ത്യക്കാരായിരുന്നു. 54,000 ഇന്ത്യക്കാർക്ക് ആ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടു. 65,000 ഇന്ത്യക്കാർക്കു പരുക്കേറ്റു. 4000 ഇന്ത്യക്കാരെ കാണാതാവുകയോ അവർ ജയിലിലടയ്ക്കപ്പെടുകയോ ചെയ്തു. ഇന്ത്യയിലെ നികുതിദായകർ അക്കാലത്ത് 100 ദശലക്ഷം പൗണ്ട് നികുതിയടയ്‌ക്കേണ്ടിവന്നു. ഇന്ത്യ ആറു ലക്ഷം തോക്കുകൾ നൽകി, 40 ദശലക്ഷം വസ്ത്രങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചു തയ്ച്ച് പുറത്തേക്കു കൊണ്ടുപോയി. ഇന്ത്യയിൽ നിന്ന് അക്കാലത്തു കൊണ്ടുപോയ വസ്തുക്കളുടെ മൂല്യം ഇന്നത്തെ മൂല്യമനുസരിച്ചു കണക്കാക്കിയാൽ 800 കോടി പൗണ്ട് ആണ്. ഇന്ത്യ പട്ടിണി അനുഭവിക്കുന്ന സമയത്തായിരുന്നു ഇതെന്ന് ഓർക്കണം. രണ്ടാം ലോക മഹായുദ്ധകാലത്തെക്കുറിച്ചു പറയാം. അത് കൂടുതൽ മോശമാണ്. 25 ലക്ഷം ഇന്ത്യക്കാരാണ് ബ്രിട്ടനുവേണ്ടി പൊരുതിയത്. 1945ലെ ബ്രിട്ടന്റെ യുദ്ധക്കടം 300 കോടി പൗണ്ട് ആയിരുന്നു. അതിൽ 125 കോടി പൗണ്ട് ഇന്ത്യയുടേതാണ്. ഈ പണം ഇതുവരെ തിരിച്ചുതന്നിട്ടില്ല.

സ്‌കോട്ലൻഡിനെപ്പറ്റി ഇവിടെയാരോ പറഞ്ഞു. കോളനിവൽക്കരണമാണ് സ്‌കോട്ലൻഡുമായുള്ള നിങ്ങളുടെ ബന്ധം അരക്കിട്ടുറപ്പിച്ചത്. ഇന്ത്യയിൽ ഇഷ്ടം പോലെ സ്‌കോട്ലൻഡുകാർക്കു ജോലി കിട്ടുമെന്ന നില വന്നു. കച്ചവടക്കാരായും സൈനികരായും ഏജന്റുമാരായുമൊക്കെ ഇഷ്ടം പോലെ ജോലി. ഇത് സ്‌കോട്ലൻഡിനെ പട്ടിണിയിൽ നിന്നു കരകയറ്റി. ഇപ്പോൾ അതിന് ഇന്ത്യയില്ലല്ലോ. എല്ലുകൾ അയഞ്ഞുതുടങ്ങുന്നതിൽ അദ്ഭുതമില്ല. (സദസിൽ നിന്നു ചിരി).

റയിൽവേയെപ്പറ്റി ആരോ ഇവിടെ പറഞ്ഞു. ബ്രിട്ടനുവേണ്ടിയാണ് റയിൽവേയും റോഡും ഉണ്ടാക്കിയതെന്ന് ജമൈക്കൻ ഹൈമ്മിഷനർ പറഞ്ഞല്ലോ. ബ്രിട്ടനിലെ നിക്ഷേപകർക്ക് വലിയ ലാഭം ഉറപ്പുകൊടുത്താണ് ഇന്ത്യയിൽ റയിൽവേ ഉണ്ടാക്കിയത്. ഇന്ത്യയിൽ നിന്നുള്ള നികുതിയിൽ നിന്ന് വൻ ലാഭം ബ്രിട്ടൻ അവർക്ക് ഉറപ്പുകൊടുത്തു. അതുകൊണ്ട് എന്തുണ്ടായി? കാനഡയിലോ ഓസ്‌ട്രേലിയയിലോ ഒരു മൈൽ റയിൽവേ ലൈൻ ഉണ്ടാക്കുന്നതിന്റെ ഇരട്ടി തുക ചെലവാക്കിയാണ് ഇന്ത്യയിൽ ഒരു മൈൽ റയിൽവേ ലൈൻ നിർമ്മിച്ചത്. കൂടുതൽ പണം നിക്ഷേപകർ തന്നതിനാലാണിത്. ലാഭമെല്ലാം ബ്രിട്ടൻ ഉണ്ടാക്കി. ഇന്ത്യയ്ക്ക് ബ്രിട്ടൻ നൽകിയ ധനസഹായത്തെപ്പറ്റി ഒരാൾ പറഞ്ഞു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.4 % മാത്രമാണ് ബ്രിട്ടൻ ഇന്ത്യയ്ക്കു നൽകിയ ധനസഹായം. ഇതിൽ കൂടുതൽ ഇന്ത്യൻ സർക്കാർ വളം സബ്‌സിഡിയായി നൽകുന്നുണ്ട് (സദസിൽ നിന്നു ചിരി).

ബ്രിട്ടിഷ് കോളനികളായിരുന്ന രാജ്യങ്ങളിലെ ഇപ്പോഴത്തെ പല പ്രശ്‌നങ്ങൾക്കും കാരണം കോളനിവാഴ്ചയാണ്. രാജ്യങ്ങൾക്കു നഷ്ടപരിഹാരം നൽകിയ ചരിത്രമുണ്ടോ എന്നൊരാൾ ചോദിച്ചു. ഇസ്രയേൽ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾക്കു നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. ഇറ്റലി ലിബിയയ്ക്കു നഷ്ടപരിഹാരം നൽകി. ജപ്പാൻ കൊറിയയ്ക്കു നഷ്ടപരിഹാരം നൽകി. ബ്രിട്ടനും നഷ്ടപരിഹാരം നൽകിയ ചരിത്രമുണ്ട്‌ന്യൂസീലൻഡിന്. എതിർപക്ഷത്തെ വാദങ്ങളുടെ സംക്ഷിപ്തമായി ടെക്‌സസിലെ പ്രയോഗം എടുത്തുപറയാം 'ഓൾ ഹാറ്റ് ആൻഡ് നോ കാറ്റിൽ' (വെറും പുറംപൂച്ചു മാത്രം, കഴമ്പില്ല.) ജനാധിപത്യത്തെപ്പറ്റി ഇപ്പോൾ നിങ്ങൾ പറയുന്നു. നിങ്ങൾ ജനങ്ങളെ കൊല്ലുകയും കൊല്ലാക്കൊല ചെയ്യുകയും ചെയ്ത് 200 വർഷം ഭരിച്ചിട്ട് അവസാനം ജനാധിപത്യം വന്നെന്നു പറഞ്ഞ് ആഘോഷിക്കുന്നു (കയ്യടി). ഞങ്ങൾക്കു ജനാധിപത്യം തന്നില്ല. ഞങ്ങൾക്കതു നിങ്ങളിൽ നിന്നു തട്ടിപ്പറിക്കേണ്ടിവന്നു.

ബ്രിട്ടൻ ഇന്ത്യയ്ക്കു നഷ്ടപരിഹാരം തരണമെന്നു പറയുമ്പോൾ എത്ര തുക വേണമെന്നു തീരുമാനിക്കുക ബുദ്ധിമുട്ടാണ്. ഉണ്ടായ നഷ്ടത്തിനൊക്കെ വിലയിടാനാവില്ല. എന്നാൽ നഷ്ടപരിഹാരം നൽകുകയെന്ന തത്വമാണിവിടെ പ്രധാനം. തരാനുണ്ടെന്നു തത്വത്തിൽ സമ്മതിക്കുക. ഒരു 'സോറി' പറഞ്ഞാൽ അതു വലിയ കാര്യമാണ്. അടുത്ത 200 വർഷത്തേക്ക് ബ്രിട്ടൻ ഇന്ത്യയ്ക്ക് പ്രതിവർഷം നഷ്ടപരിഹാരമായി ഒരു പൗണ്ട് തരാൻ തീരുമാനിച്ചാലും ഞാൻ സന്തോഷവാനാണ്. എല്ലാവർക്കും നന്ദി.'-

തരുർ അവസാനിപ്പിക്കുമ്പോൾ നിറഞ്ഞ കൈയടിയാണ് ഉണ്ടായത്. വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിനുശേഷം ഒരു ഇന്ത്യക്കാരന്റെ പ്രസംഗം ലോകം കേൾക്കുന്നുവെന്നാണ് അതിനശേഷം പലരും നവമാധ്യമങ്ങളിൽ കുറിച്ചത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കു ബ്രിട്ടൻ പരിഹാരം ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആവശ്യവും വൈറലായി. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന ഏറ്റവും കിരാതമായ സംഭവമായിട്ടാണ് ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ എക്കാലത്തും കണക്കാക്കി വരുന്നത്. 1919 ഏപ്രിൽ 13ന് ബ്രിട്ടീഷ് സൈനികർ നടത്തിയ ആ അരുകൊലയിൽ 1500 പേരെയായിരുന്നു വെടിയേറ്റ് മരിച്ചിരുന്നത്. ഈ കൂട്ടക്കുരുതിയുടെ പേരിൽ ബ്രിട്ടൻ ഇന്ത്യൻ ജനതയോട് മാപ്പ് പറയണം. ഈ മഹാപാപത്തിന് ബ്രിട്ടന് മാപ്പ് പറയാൻ ഏറ്റവും പറ്റിയ വർഷം 2019 ആണെന്നും തരൂർ വിശദീകരിച്ചു. കൊൽക്കത്ത ലിറ്റററി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്റെ പുസ്തകമായ ഏൻ ഈറ ഓഫ് ഡാർക്ക്‌നെസ്; ദി ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യയെക്കുറിച്ച് സംസാരിക്കവെയാണ് തരൂർ ഈ ആവശ്യം ബ്രിട്ടനോട് ഉന്നയിച്ചത്. പിന്നീട് ഓസട്രലിയൻ ടെലിവിഷനിൽ അടക്കം അദ്ദേഹം ഈ വാദങ്ങൾ ആവർത്തിച്ച് ലോകത്തിന്റെ കൈയടി നേടി.

'ഹിപ്പോപൊട്ടോമോൺസ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ'

ലോകം അറിയുന്ന എഴുത്തുകാരനായ  തരൂരിന് ലക്ഷക്കണക്കിന് രൂപയാണ് റോയൽട്ടിയായി കിട്ടുന്നത്. 1989ൽ പുറത്തിറങ്ങിയ ദ ഗ്രേറ്റ് ഇന്ത്യൻ നോവൽ ആണ് ആദ്യ ശ്രദ്ധേയ പുസ്തകം. ഇന്ത്യ ഫ്രം മിഡ്‌നൈറ്റ് ടു മില്ലെനിയം ആൻഡ് ബിയോണ്ട്, നെഹ്രു ദ ഇൻവെൻഷൻ ഓഫ് ഇന്ത്യ, ദ എലിഫന്റ് ടൈഗർ ആൻഡ് ദ സെൽഫോൺ, റയട്ട്, ആൻ എറ ഓഫ് ഡാർക്‌നെസ്, വൈ അയാം എ ഹിന്ദു, ദ പാരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ തുടങ്ങി നിരവധി ശ്രദ്ധേയ പുസ്തകങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ 14 പുസ്തങ്ങളാണ് ലോകത്ത് ബെസ്റ്റ് സെല്ലിങ് പട്ടികയിൽ
ഉള്ളത്. ശശി തരൂരിന്റെ വിദേശച്ചുവയുള്ള ഇംഗ്ലീഷ് പലപ്പോഴും നമ്മൾ മലയാളികൾക്ക് കേൾക്കാൻ പോയിട്ട് വായിക്കാൻ പോലും കഴിയാറില്ല. എന്തിന് മലയാളികൾ, ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാവുന്നില്ലെന്ന് ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പിയൂഷ് ഗോയൽ പോലും തുറന്നു പറഞ്ഞിട്ടുണ്ട്.

വെബ്ബാക്വൂഫ്, ഫറാഗോ, ഹിപ്പോപൊട്ടോമോൺസ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ, ഫ്ളൊക്സിനോസിനിഹിലിപിലിഫിക്കേഷൻ' തുടങ്ങി നിരവധി വാക്കുകൾ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയ തരൂർ ആണ്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ചാനലിൽ വന്ന വാർത്തയ്ക്കുള്ള പ്രതികരണത്തിൽ തരൂർ ഉപയോഗിച്ച വാക്കായിരുന്നു മലയാളികളെ ആദ്യം വെള്ളം കുടിപ്പിച്ചത്. 'എക്സാസ്പെറേറ്റിങ്ങ് ഫെറാഗോ ഓഫ് ഡിസ്റ്റോഷൻസ്' എന്ന പ്രതികരണത്തിന്റെ അർഥം അറിയാൻ എല്ലാവും ഡിക്ഷനറി തപ്പി. ആശയക്കുഴപ്പമുണ്ടാക്കുന്ന, കുഴപ്പിക്കുന്ന എന്നൊക്കെയായിരുന്നു ഫെരാഗോ എന്ന വാക്കിന്റെ അർത്ഥം.'പ്രകോപിപ്പിക്കുന്ന രീതിയിലുള്ള വളച്ചൊടിച്ച വാർത്താ മിശ്രണങ്ങളും, ദുർവ്യഖ്യാനങ്ങളും, സമ്പൂർണ്ണ അസത്യങ്ങളും, സംപ്രേഷണം ചെയ്യുന്നത് പത്രപ്രവർത്തകന്റെ വേഷം കെട്ടിയ, തത്വദീക്ഷയില്ലാത്ത ഒരു പ്രദർശനക്കാരനാണ്' - എന്നായിരുന്നു തരൂർ അർണബിനെ കുറിച്ചുള്ള ട്വീറ്റിന്റെ മലയാളം തർജ്ജമ.

തന്റെ പുതിയ പുസ്തകമായ ദ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ കുറിച്ച് ട്വിറ്ററിൽ ഇട്ട കുറിപ്പിലാണ് നാവുളുക്കിപോകുന്ന 'floccinaucinihilipilification' എന്ന വാക്ക് തരൂർ പ്രയോഗിച്ചത്.ഫ്ലൊക്സി, നോസി, നിഹിലി, പിലി എന്നീ നാലു ലാറ്റിൻ വാക്കുകൾക്കൊപ്പം ഇംഗ്ലീഷിലെ 'ഫിക്കേഷനും' ചേർന്നുണ്ടായ ഈ 29 അക്ഷരമുള്ള വാക്ക്മൂല്യമില്ലാതെ കണക്കാക്കുന്ന പ്രവൃത്തിയേയോ ശീലത്തേയോ കുറിക്കുന്നതാണ് ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ. 2012 ൽ ബ്രിട്ടീഷ് പാർലമെന്റിലെ പ്രസംഗത്തിനിടെ എംപി ജേക്കബ് റീസ് മോഗ് ആണ് ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്.

ഇംഗ്ലീഷിൽ ഇത്രയും പാണ്ഡിത്യമുള്ള ശശി തരൂരിനെ അടുത്തിടെ ഒന്ന് തമാശരൂപേണ അനുകരിക്കാൻ ശ്രമിച്ചു മിമിക്രി ആർട്ടിസ്റ്റും കോമേഡിയനുമായ സലോനി ഗൗർ അഥവാ നസ്മ ആബി. ശശി തരൂർ സംസാരിക്കും വിധം ഒഴുക്കുള്ള ഇംഗ്ലീഷിൽ സുഷ്മിത സെന്നിന്റെ പുത്തൻ വെബ് സീരീസ് ആയ ആര്യയെ ചർച്ച. ഈ സീരീസിലെ കഥാപാത്രം ചന്ദ്രചൂർ സിങ്ങും ശശി തരൂരുമായുള്ള സാമ്യവുമെല്ലാം ആണ് നസ്മ ആബിയുടെ ഒരു മിനിറ്റ് 16 സെക്കന്റ് ദൈർഖ്യമുള്ള വിഡിയോയിൽ വിവരിക്കുന്നത്. അഞ്ചരലക്ഷത്തിനടുത്ത് വ്യൂ, ഇരുപതിനാലായിരം ലൈക്കുകൾ, മൂവായിരത്തിലധികം റീട്വീറ്റുകളുമായി ട്വിറ്ററിൽ വൻ പ്രചാരം നേടി ഈ വീഡിയോ. അതിനിടെ സിനിമ സംവിധായകനും, നടനും നിർമ്മാതാവുമായ ഹൻസൽ മെഹ്ത ഈ വീഡിയോ ശശി തരൂരിന്റെ ശ്രദ്ധയിൽ പെടുത്തി. വീഡിയോയ്ക്ക് മറുപടി ആയ ശശി തരൂർ കുറിച്ച അഭിപ്രായം അന്ന് ഇപ്പോൾ വീണ്ടും ഇംഗ്ലീഷ്-മലയാളം നിഘണ്ടു പൊടിതപ്പിയെടുക്കാൻ ജനങ്ങളെ നിർബന്ധിപ്പിക്കുന്നത്.

'Flattered by the comedic imitation. However, I would like to believe that I am not such a garrulous sesquipedalian... Clearly the artiste on the screen does not suffer from hippopotomonstrosesquipedaliophobia!'  എന്നായിരുന്നു തരൂരിന്റെ മറുപടി. 'ഹാസ്യ അനുകരണത്താൽ ആഹ്ലാദിക്കുന്നു. എന്നിരുന്നാലും, അത്തരത്തിൽ നീളമുള്ള വാക്കുകൾ ഉപയോഗിക്കുന്ന അധികം സംസാരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എന്ന് വിശ്വസിക്കുന്നില്ല. വ്യക്തമായും ഈ വീഡിയോയിലെ കലാകാരിക്ക് ഹിപ്പോപൊട്ടോമോൺസ്ട്രോസെക്വിപെഡാലിയോഫോബിയ ഇല്ല.' ശശി തരൂരിന്റെ കമന്റിന്റെ ഏകദേശം മലയാളം പരിഭാഷയാണിത്.

Handsel (ഹാൻസൽ) എന്ന വാക്കാണ് 2020ലെ പുതുവത്സര സമ്മാനമായി തരൂർ തന്നിരിക്കുന്നത്. മനോരമ പത്രത്തിന്റെ പുതുവത്സരത്തിന്റെ പ്രത്യേക പംക്തിയിലാണ് തരൂർ പുതിയ വാക്ക് പരിചയപ്പെടുത്തിയത്. പുതുവർഷസമ്മാനമായോ പുതിയ സംരഭത്തിനുള്ള സൗഭാഗ്യ സൂചകമായോ എന്തെങ്കിലും നൽകുന്നതിന് ഇംഗ്ലീഷിൽ പറയുന്ന പേരാണ് ഹാൻസൽ.
പരന്ന വായനയാണ് പുതിയ വാക്കുകൾ പഠിക്കാനുള്ള ഏറ്റവും നല്ല മാർഗമാണന്ന് തരൂർ പറയുന്നു. ഒരു വാക്ക് രണ്ട് മൂന്ന് തവണ കണ്ടാൽ അതിന്റെ പ്രയോഗ പരിസരം നോക്കി അർഥം മനസിലാക്കാമെന്നും. മനസിലാക്കിയ അർഥം ശരിയാണോ എന്ന് ഡിക്ഷണറി നോക്കി ഉറപ്പിക്കാമെന്നും തരൂർ പറയുന്നു.

തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങൾ പലപ്പോഴും ട്രോളുകളും ചർച്ചകളും ആകാറുണ്ട്. നേരത്തെ തരൂരിന്റെ ഇംഗ്ലീഷ് പാടവത്തെ ട്രോളി ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. കഠിനമായ ഇംഗ്ലീഷ് പ്രയോഗമുള്ള ട്വീറ്റുകളിലൂടെ ആളുകളെ വട്ടംകറക്കുന്ന തരൂരിന്റെ ഭാഷാപ്രാവീണ്യത്തെയായിരുന്നു ഉമർ ട്രോളിയത്.

കല്യാണം കഴിച്ചത് 21-ാം വയസ്സിൽ; ഇഡ്ഡലിയില്ലാതെ ജീവിക്കാൻ പറ്റില്ല

മനുഷ്യന്റെ സ്വകാര്യതയിലേക്ക് എപ്പോഴും തലയിടാറുള്ള മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ് തരൂരിന്റെ സ്വകാര്യ ജീവിതവും. മൂന്ന് വിവാഹ ബന്ധങ്ങളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. തിലോത്തമ (കൊൽക്കത്ത്),ക്രിസ്റ്റ ഗിൽസ് (കാനഡ), സുനന്ദ പുഷ്‌കർ എന്നിവരായിരുന്നു അവർ. 

ഇരട്ടകളായ ഇഷാൻ, കനിഷ്‌ക്കുമാണ് മക്കൾ. നെഹ്റുവിനെപ്പോലെ എന്നും കാലപ്പനികനായ നേതാവ് കൂടിയാണ് അദ്ദേഹം. പക്ഷേ ജീവിതത്തിലെ ആദ്യത്തെ സീരിയസ് പ്രണയം 18-ാം വയസിലായിരുന്നെന്ന് തരൂർ ഒരു അഭിമുഖത്തിൽ പറഞ്ഞത്. കോളേജ് കാലത്തായിരുന്നു ആ പ്രണയം. എന്നെക്കാൾ പ്രായക്കൂടുതലുള്ള കുട്ടിയെയാണ് പ്രണയിച്ചത്. കോളേജിലെ ഒരു സംവാദ പരിപാടിയിൽ വച്ചാണ് ആ കുട്ടിയെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് അടുപ്പത്തിലായി. ആദ്യം ഇഷ്ടം തുറന്നുപറഞ്ഞത് താനാണെന്നും ശശി തരൂർ പറഞ്ഞു. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം തനിക്കു 21 വയസുള്ളപ്പോൾ ആ പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നും തരൂർ വെളിപ്പെടുത്തി.

.ഇഡ്ഡലിയില്ലാതെ തനിക്കു ജീവിക്കാൻ കഴിയില്ലെന്നാണ് തരൂർ പറയുന്നത്. ഏറെ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങളിലൊന്നാണ് ഇഡ്ഡലി. യുഎന്നിൽ ജോലി ചെയ്യുമ്പോഴാണ് ഇഡ്ഡലി കുക്ക് ചെയ്യാൻ പഠിച്ചത്. ശനിയാഴ്ചയോ ഞായറാഴ്ചയോ 10-88 ഇഡ്ഡലിയുണ്ടാക്കി ഫ്രിഡ്ജിൽ വയ്ക്കും. എന്നിട്ട് ഓരോ ദിവസവും നാലെണ്ണം വീതം ചൂടാക്കി കഴിക്കും. അത്രയ്ക്കു ഇഷ്ടമാണ് തനിക്കു ഇഡ്ഡലിയോടെന്നും ശശി തരൂർ പറഞ്ഞു. അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ ഇഡ്ഡലി കുക്ക് ചെയ്യുമെന്നും തരൂർ പറഞ്ഞു.

മൂന്നാം ക്ലാസിൽ രണ്ടു തവണ പഠിക്കേണ്ടി വന്നതിൽ ഇപ്പോൾ അപമാനം തോന്നുന്നുണ്ടെന്നും തരൂർ പറഞ്ഞു. ''ബോംബെയിലാണ് ആദ്യത്തെ പഠനം. അതിനുശേഷം അച്ഛനും അമ്മയും എന്നെ ബോഡിങ്ങിൽ കൊണ്ടാക്കി. അന്ന് അഞ്ചര വയസായിരുന്നു. എന്നെ മൂന്നാം ക്ലാസിലാണ് ചേർത്തത്. മറ്റുള്ള കുട്ടികളെല്ലാം എന്നേക്കാൾ പ്രായത്തിൽ മുതിർന്നവരായിരുന്നു. ആ സമയത്ത് വലിയ അലർജി പ്രശ്‌നങ്ങളുണ്ടായി. പഠിപ്പൊക്കെ നന്നായി പോയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ വർധിച്ചു. അലർജി കൂടിയപ്പോൾ ബോഡിങ് സ്‌കൂളിലെ ആശുപത്രിയിൽ അഡ്‌മിറ്റാക്കി. മാനസികമായും ഏറെ പിരിമുറുക്കമുണ്ടായി. ഒടുവിൽ ബോഡിങ്ങിലെ അധികൃതർ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി. എന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞു. അതിനുശേഷം, വീണ്ടും എന്നെ സ്‌കൂളിൽ ചേർത്തു. ബോഡിങ്ങിൽ വച്ച് മൂന്നാം ക്ലാസ് കഴിഞ്ഞിരുന്നെങ്കിലും ആറ് വയസ്സുള്ള കുട്ടിയെ നാലാം ക്ലാസിൽ ചേർക്കാന പറ്റില്ലെന്നും ഒരിക്കൽ കൂടി മൂന്നാം ക്ലാസിൽ പഠിക്കണമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. അങ്ങനെയാണ് മൂന്നാം ക്ലാസിൽ രണ്ടു തവണ പഠിക്കേണ്ടി വന്നത്.''- തരൂർ പറയുന്നു.

എന്തുകൊണ്ട് ഞാൻ ഒരു ഹിന്ദുവാണ്?

ബിജെപിയെ എതിരിടാൻ മൃദുഹിന്ദുത്വ ശൈലിയല്ല കോൺഗ്രസ് സ്വീകരിക്കേണ്ടത് എന്ന നിലപാട് എക്കാലത്തും തരൂരിന് ഉള്ളത്. എന്താണ് ഹിന്ദുത്വം എന്നത വിശദീകരിച്ചാണ് ബിജെപിയെ തോൽപ്പിക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനായുള്ള അദ്ദേഹത്തിന്റെ ശ്രമമാണ്, വൈ ഐ ആം എ ഹിന്ദു എന്ന വിഖ്യാതമായ പുസ്‌കത്തിൽ കാണുന്നത്. യഥാർഥത്തിൽ, തരൂരിന്റെ പുസ്തകത്തിന്റെ തലക്കെട്ട് കാഞ്ച ഇലയ്യയുടെ 'വൈ െഎ ആം നോട്ട് എ ഹിന്ദു' എന്ന പുസ്തകത്തിന്റെ(Why I am Not a Hindu: A Shudra Critique of Hindutva Philosophy, Culture and Political Economy ) വിപരീതമാണ്. ഹിന്ദു മതത്തിന് പുറത്ത് കടക്കാനുള്ള കാരണങ്ങൾ കാഞ്ച ഇലയ്യ അക്കമിട്ട് നിരത്തുേമ്പാൾ, ഹിന്ദു വിശ്വാസത്തിനകത്ത് ആയാസരഹിതമായി നിൽക്കാനുള്ള കാരണങ്ങളാണ് തരൂർ പറയുന്നത്. ലിബറൽ-സെക്കുലർ ചിന്ത ഉയർത്തിപ്പിടിക്കുന്നവർക്ക് തീവ്ര ഹൈന്ദവതയെ ചെറുക്കാനുള്ള കൈപുസ്തകമായി 'വൈ െഎ ആം എ ഹിന്ദു' ഉപയോഗിക്കാം.

കുളികഴിഞ്ഞ് ദേഹത്ത് ചുറ്റുന്ന ടവൽ പോലെ ലളിതവും പ്രിയപ്പെട്ടവരുമാണ് ഹിന്ദു ദൈവങ്ങൾ. അവർ തെരുവുകളിൽ നിറയുന്നു. ആകാശത്തിരുന്ന് ചിരിക്കുകയോ മുഖം ചുളിക്കുകയോ ചെയ്യുന്നു. ഹിന്ദു പോപ്പില്ല, ഹിന്ദു വത്തിക്കാനുമില്ല എന്തിന്, ഒരു ഹിന്ദു അവധിദിനം പോലുമില്ല.-തരൂർ പറയുന്നു.ഹിന്ദു മതതത്വങ്ങളുടെ ബഹുസ്വരത, ലിബറൽ സ്വഭാവം, സഹിഷ്ണുത തുടങ്ങിയ സവിശേഷതകൾ, ആ വിശ്വാസ സംഹിതയുടെ ആത്മാവറിഞ്ഞവർക്ക് പുതിയ കാര്യമാകില്ല. വിശ്വാസവും ആചാരവും വഴിയും ഗ്രന്ഥങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും വ്യക്തികളിലൂടെയും വികസിക്കുകയും നിലനിൽക്കുകയും ചെയ്ത ഹിന്ദുമതത്തിലേക്ക് അന്യമതവിരോധം, തീവ്രദേശീയത, വെറുപ്പ് തുടങ്ങിയ ഫാഷിസ്റ്റ് സ്വഭാവത്തോട് അടുത്തുനിൽക്കുന്ന ആശയങ്ങൾ എങ്ങനെയാണ് ഹിന്ദു രാഷ്ട്രീയ സംഘടനകൾ സന്നിവേശിപ്പിച്ചത് എന്ന് തരൂർ വിശദീകരിക്കുന്നു.

നെഹ്റു മുന്നോട്ടുവെച്ച ലിബറൽ നയങ്ങളുമായി എങ്ങനെയാണ് തീവ്ര ഹിന്ദുത്വ ആശയത്തിന്റെ പ്രചാരകർ ഇടയുന്നത് എന്ന കാര്യം പരിശോധിക്കുന്ന പുസ്തകം, ആർ.എസ്.എസന്റെയും ബിജെപിയുടെയും ആശയകേന്ദ്രങ്ങളിലൊന്നായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ വ്യാജ സിദ്ധാന്തങ്ങളെയും ഇഴപിരിക്കുന്നു. ഇന്ത്യയുടെ ദേശീയ സംസ്‌കാരം എന്നത് ഉപാധ്യായക്ക് ഏകശില സ്വഭാമുള്ള ഹിന്ദുരാഷ്ട്രം തന്നെയാണ്.ഈ നാട്ടിൽ ഒരു സംസ്‌കാരമേ ഉള്ളൂ. മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും വെവ്വേറെ സംസ്‌കാരമില്ല എന്നാണ് ഉപാധ്യായ പറയുന്നത്. ഹിന്ദുരാഷ്ട്ര സിദ്ധാന്തത്തെ വർണക്കടലാസിൽ പൊതിഞ്ഞ് അവതരിപ്പിക്കുക മാത്രമാണ് ഉപാധ്യായ ചെയ്തത്. ആ ആശയം നെഹ്റുവിയൻ സിദ്ധാന്തങ്ങളുടെ നേരെ എതിർ ബോധത്തിലാണ് രാജ്യത്തെ കാണുന്നത്.- തരൂർ എഴുതുന്നു.

കോൺഗ്രസിന്റെ സ്വത്വ പ്രതിസന്ധിക്ക് തരൂർ എക്കാലവും പോംവഴിയായി നിർദ്ദേശിക്കുന്നത് സാക്ഷാൽ നെഹ്റുവിനെയാണ്. ശാസ്ത്രത്തിലും യുക്തിയിലും അടിസ്ഥാനമായി ജീവിക്കാനും അത് പ്രചരിപ്പിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു. പക്ഷേ കുടുംബാധിപത്യത്തിലും ആത്മരതിയിലും മാത്രം വിശ്വസിക്കുന്ന കോൺഗ്രസിന് അത് എത്ര കണ്ട് ഉൾക്കൊള്ളാൻ കഴിയുമെന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP