Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ഓണക്കിറ്റിലെ ശർക്കരയിൽ ചത്തകൂറ; നടുവണ്ണൂരിൽ കിട്ടിയത് ഹാൻസ് പാക്കറ്റ്; അതിരപ്പിള്ളിയിൽ വീട്ടമ്മയ്ക്ക് ലഭിച്ചത് ബിസ്‌കറ്റ് കവർ; തിരൂരിൽ ഓണക്കിറ്റിലെ ശർക്കരയിൽ ബീഡിക്കുറ്റി; പട്ടാമ്പിയിൽ ചത്ത തവളയുടെ അവശിഷ്ടം; തൂക്കത്തിലും ഗുണനിലവാരത്തിലും കുറവും വ്യാപകം; പലയിടത്തും പകരം കൊടുത്തുന്നത് പഞ്ചസാര; ഓണക്കിറ്റിലെ ശർക്കര പിണറായി സർക്കാറിന് നാണക്കേടാവുമ്പോൾ

കോഴിക്കോട് ഓണക്കിറ്റിലെ ശർക്കരയിൽ ചത്തകൂറ; നടുവണ്ണൂരിൽ കിട്ടിയത് ഹാൻസ് പാക്കറ്റ്; അതിരപ്പിള്ളിയിൽ വീട്ടമ്മയ്ക്ക് ലഭിച്ചത് ബിസ്‌കറ്റ് കവർ; തിരൂരിൽ ഓണക്കിറ്റിലെ ശർക്കരയിൽ ബീഡിക്കുറ്റി; പട്ടാമ്പിയിൽ ചത്ത തവളയുടെ അവശിഷ്ടം; തൂക്കത്തിലും ഗുണനിലവാരത്തിലും കുറവും വ്യാപകം; പലയിടത്തും പകരം കൊടുത്തുന്നത് പഞ്ചസാര; ഓണക്കിറ്റിലെ ശർക്കര പിണറായി സർക്കാറിന് നാണക്കേടാവുമ്പോൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: പിണറായി സർക്കാറിന്റെ ഓണക്കിറ്റിലെ ശർക്കരയെ ചൊല്ലി സർവത്ര വിവാദം. തൂക്കത്തിൽ കൃത്രിമമുണ്ടെന്നും ഗുണനിലവാരമില്ലെന്നുമുള്ള പരാതികൾക്ക് പിന്നാലെ ഇപ്പോൾ ശർക്കരയിൽനിന്ന് ചത്തകൂറയുടെയും തവളയുടെയും അവശിഷ്ടങ്ങളും, ഹാൻസും, ബീഡിക്കുറ്റിയും, ബിസ്‌ക്കറ്റ് കവറുമൊക്കെ കിട്ടുന്നതായി വ്യാപകമായി പരാതി ഉയരുകയാണ്. കോഴിക്കോട് കുരുവട്ടൂരിൽനിന്ന് ഇന്നലെ ഉയർന്നത് അതീവ ഗുരുതരമായ പരാതിയാണ്.

കുരുവട്ടൂർ പോലൂർ തെക്കെമാരാത്ത് ശ്രീഹരിയിൽ രാധാകൃഷ്ണൻ മാരാർക്ക് ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽ ചത്ത കൂറയുടെ അവശിഷ്ടമാണ് കണ്ടത്. നീലക്കാർഡ് ഗുണഭോക്താവായ രാധാകൃഷ്ണൻ മാരാർക്ക് പോലൂർ കുഴമുള്ളിയിൽ താഴം റേഷൻ കടയിൽനിന്നാണ് വെള്ളിയാഴ്ച സംസ്ഥാന സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് ലഭിച്ചത്. പേരക്കുട്ടിക്ക് ഭക്ഷണം പാകം ചെയ്യാൻ ശർക്കര എടുത്തപ്പോഴാണ് ചത്തകൂറയുടെ കാലുകൾ ഉൾപ്പെടയുള്ള ഭാഗങ്ങൾ ശർക്കരയിൽ ഒട്ടിക്കിടക്കുന്നതായി കണ്ടതെന്ന് മാരാർ പറയുന്നു. ശ്രീ സൻജോര ഗൂൾ ഉദ്യോഗ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേരായി ഒരു കിലോഗ്രാം ശർക്കരയുടെ കവറിന് മുകളിൽ കാണുന്നത്. സംഭവം വാർത്തയായതതോടെ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാവിഭാഗം ഓഫീസർമാരായ പി സുബിൻ, പി ജിതിൻരാജ്, എന്നിരവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് വൈകീട്ടോടെ വീട്ടിലെത്തി ശർക്കരയുടെ സാമ്പിൾ ശേഖരിച്ചു. ഇത് ഇന്ന് കോഴിക്കോട് റീജനൽ അനലറ്റിക്കൽ ലാബിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് സുരക്ഷാവിഭാഗം അറിയിച്ചു.

കോഴിക്കോട് നടവണ്ണൂരിൽ ഓണക്കിറ്റിലെ ശർക്കരയിൽ ലഹരി വസ്തുവായ ഹാൻസ് പാക്കറ്റ് കണ്ടെത്തിയത് കഴിഞ്ഞ ദിവസം വൻ വിവാദമായിരുന്നു. നടുവണ്ണൂർ സൗത്തിലെ പൊതുവിതരണകേന്ദ്രത്തിൽനിന്ന് വിതരണംചെയ്ത ഓണക്കിറ്റിലെ ശർക്കരയിലാണ് ഹാൻസ് പാക്കറ്റ് കണ്ടെത്തിയത്.നടുവണ്ണൂർ പുത്തലത്ത് ആലിയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസം ലഭിച്ച ശർക്കര പലഹാരമുണ്ടാക്കാനായി ഉരുക്കിയപ്പോഴാണ് ഹാൻസ് പാക്കറ്റ് പുറത്തുവന്നത്. പ്ലാസ്റ്റിക് പാക്കറ്റിൽനിന്ന് ഹാൻസ് പൊടിയും കിട്ടി.

ശർക്കരയുടെ കട്ടയാണ് കുടുംബത്തിന് ലഭിച്ചിരുന്നത്. നടുവണ്ണൂർ ഹെൽത്ത് ഇൻസ്പെക്ടർ ബീന കുര്യൻ ഫുഡ് സേഫ്റ്റി ഓഫീസർക്ക് തുടർനടപടിക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ബാലുശ്ശേരി ഏരിയാ ഇൻസ്പെക്ടർ രേഷ്മ അന്വേഷണം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃഷ്ണപുരം വിഷ്ണുമോഹൻ രേഖാമൂലം നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം. കണ്ടെടുത്ത ഹാൻസ് പാക്കറ്റ് തെളിവിനായി പരാതിക്കാരനിൽനിന്ന് സീൽചെയ്ത് സ്വീകരിച്ചു.

തൃശൂർ അതിരപ്പിള്ളി പഞ്ചായത്തിൽ ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽനിന്ന് വീട്ടമ്മയ്ക്ക് ബിസ്‌കറ്റ് കവറാണ് ലഭിച്ചത്. പിള്ളപ്പാറയിലെ റേഷൻകടയിൽനിന്ന് കഴിഞ്ഞദിവസം ഓണക്കിറ്റ് വാങ്ങിയ പിള്ളപ്പാറ സ്വദേശിനി കൊടാംപറമ്പിൽ ആന്ദവല്ലിക്കാണ് ഓണക്കിറ്റിലെ ശർക്കരയിൽനിന്ന് ബിസ്‌കറ്റ് പൊതിഞ്ഞുവരുന്ന കീറിയ കവർ കിട്ടിയത്. ശർക്കരയ്ക്കുള്ളിൽ ചുവന്ന വസ്തു കണ്ടതിനെത്തുടർന്ന് ശർക്കര ഉടച്ചുനോക്കിയപ്പോഴാണ് കവർ കണ്ടത്. ഓണക്കിറ്റിലെ ശർക്കര അലിഞ്ഞ് വെള്ളമായിത്തുടങ്ങിയതായും പരാതിയുണ്ട്. സപ്ലൈകോ വഴിയാണ് റേഷൻകടകളിൽ കിറ്റുകൾ വിതരണത്തിനെത്തിക്കുന്നത്. റേഷൻകടക്കാർക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന ജോലി മാത്രമാണ് ഉള്ളത്. ഇവർ പരാതിയുമായി റേഷൻകടയിൽ എത്തിയപ്പോൾ കടക്കാരൻ സപ്ലൈകോ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് അധികൃതരുടെ നിർദ്ദേശപ്രകാരം അരൂർമുഴിയിലെ മാവേലി സ്റ്റോറിൽനിന്ന് ശർക്കര മാറ്റി നൽകി.

മലപ്പുറം തിരരിലെ റേഷൻകടയിൽനിന്ന് കാർഡുടമയ്ക്ക് ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽ ബീഡിക്കുറ്റിയാണ് കണ്ടെത്തിയത്. തിരൂർ പൂക്കയിലെ റേഷൻകടയിൽനിന്ന് തിരുനിലത്ത് സുനിൽകുമാറിന്റെ മകൻ അതുൽ വാങ്ങിയ കിറ്റിലെ ശർക്കര വീട്ടിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ബീഡിക്കുറ്റി കണ്ടത്.സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടുണ്ട്. ഓണക്കിറ്റിൽ ചത്ത തവളയുടെ അവശിഷ്ടം കണ്ടെത്തിയതായി പരാതി ഉണ്ടായിട്ടുണ്ട്. പാലക്കാട് പട്ടാമ്പി കൊടലുർ സ്വദേശി ഷാക്കിറിനാണ് ഓണക്കിറ്റിലെ ശർക്കരയിൽ നിന്നും ചത്ത തവളയുടെ രൂപത്തിലുള്ള അവശിഷ്ടം കിട്ടിയത്. പട്ടാമ്പി നഗരസഭയിലെ എ ആർ ഡി 24ആം നമ്പർ കൊടലുർ റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഓണകിറ്റിലാണ് ജീവിയെ കണ്ടതായി പരാതി ഉയർന്നത്.

അതിനിടെ സപ്ലൈകോ ഓണക്കിറ്റിലൂടെ വിതരണം ചെയ്യുന്ന ശർക്കരയുടെ തൂക്കത്തിലും ഗുണനിലവാരത്തിലും കുറവുണ്ടെന്ന് വ്യാപക ആക്ഷേപമുയർന്നിരുന്നു. സംസ്ഥാന വ്യാപകമായി വിജിലൻസ് കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷൻ ക്ളീൻ കിറ്റ് പരിശോധനയിൽ ഇത് കണ്ടെത്തിയിരുന്നു. വിവിധ സപ്ലൈക്കോ ഡിപ്പോകളിൽ നിനിന് ശേഖരിച്ച ശർക്കര സാംപിളുകൾ എൻഎബിഎൽ അംഗീരമുള്ള ലാബുകളിൽ പരിശോധനക്കയച്ചിരുന്നു. 5 ഫലം ലഭിച്ചതിൽ മൂന്നെണ്ണം ഗുണവിലവാരം കുറഞ്ഞതെന്ന് കണ്ടെത്തി. സുക്രോസിന്റെ അളവ് കുറവ്, നിറം ചേർക്കൽ എന്നിവയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ചങ്ങനാശേരി, കാഞ്ഞിരപ്പിള്ളി, നെടുങ്കണ്ടം, വൈക്കം, റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട ഡിപ്പോകളിൽ വിതരണത്തിനായി കൊണ്ടുവന്ന 3620 ക്വിന്റൽ ശർക്കര തിരച്ചയക്കാൻ സിഎംഡി അസ്ഗർ അലി പാഷ നിർദ്ദേശ നൽകി. ശർക്കരയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ ഓണക്കിറ്റിൽ ശർക്കരക്ക് പകരം ഒന്നരക്കിലോ പഞ്ചസാര നൽകും. ഓണക്കിറ്റ് സംബന്ധിച്ച ആക്ഷേപങ്ങളിലെ വിജിലൻസ് റിപ്പോർട്ട് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കും.

നിലവാരമില്ലെന്ന കണ്ടെത്തിയതോടെ ഓണക്കിറ്റിൽ പലയിടത്തും ശർക്കരക്ക് പകരം പഞ്ചസാര നൽകാൻ തീരുമാനമായിട്ടുണ്ട്. മൂന്നര ക്വിന്റൽ ശർക്കര തിരച്ചയക്കാനും സപ്ലൈക്കോ എംഡി നിർദ്ദേശം നൽകി. കൊച്ചിയിലും പത്തനംതിട്ടയിലുമായി ഇതിനകം 3620 കിലോ ശർക്കരയോളം തിരിച്ചയച്ചിട്ടുണ്. ലോഡ് വരുന്നതെല്ലാം ഗുണനിലവാരമില്ലാത്തതാണെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ശർക്കര ഇല്ലാത്ത സ്ഥലങ്ങളിൽ ഒന്നരക്കിലോ പഞ്ചസാര ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പഞ്ചസാര പായ്ക്ക് ചെയ്യാൻ കിറ്റൊന്നിന് 1.40 രൂപ പായ്ക്കിങ് ചാർജും ഡിപ്പോകൾക്ക് അനുവദിച്ചു. മഞ്ഞ,പിങ്ക കാർഡുകാർക്ക് കിറ്റ് വിതരണം ചെയ്തുകഴിഞ്ഞു. ശേഷിച്ച നീല വെള്ളക്കാർഡുകാർക്കുള്ള കിറ്റുകളിൽ പഞ്ചസാര ഉൾപ്പെടുത്തും.

കോഴിക്കോട് ആസ്ഥാനമായ നോർത്ത് മലബാർ കോർപറേറ്റീവ് സൊസൈറ്റിയും ഇ റോഡ് ആസ്ഥാനമായ എ.വി.എൻ ട്രേഡേഴ്സും നൽകിയ ശർക്കരയിലാണ് തൂക്കക്കുറവും ഗുണനിലവാരമില്ലായ്മയും കണ്ടെത്തിയത്. ഇവർക്ക് മാത്രം 47 ലക്ഷം കിലോ ശർക്കരയുടെ ഓർഡറാണ് നൽകിയിട്ടുള്ളത്. ഇവർ സപ്ലൈ ചെയ്ത 32 ഡിപ്പോകളിലും തയാറാക്കുന്ന കിറ്റുകളിൽ ശർക്കര ഒഴിവാക്കും. കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP