Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജൂവലറിക്ക് വേണ്ടി പണം സമാഹരിച്ചത് 800 നിക്ഷേപകരിൽ നിന്ന്; ചെറുവത്തൂർ, പയ്യന്നൂർ, കാസർകോഡ് എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന മൂന്ന് ബ്രാഞ്ചുകൾ അടച്ചു പൂട്ടിയത് ജനുവരിയിൽ; 2019 ഓഗസ്ത് മുതൽ ലാഭവിഹിതം ലഭിക്കുന്നത് മുടങ്ങിയതോടെ നിക്ഷേപകരുടെ പരാതികൾ എത്തി; ബാംഗ്ലൂരിലും ആസ്തിയുണ്ടായിരുന്ന കമ്പനി വസ്തുക്കൾ വിൽപന നടത്തിയത് നിക്ഷേപകർ അറിയാതെ; എംഎൽഎ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് എംസി ഖമറുദ്ദീൻ നടത്തിയ രണ്ടാമത്തെ തട്ടിപ്പും പുറത്ത്

ജൂവലറിക്ക് വേണ്ടി പണം സമാഹരിച്ചത് 800 നിക്ഷേപകരിൽ നിന്ന്; ചെറുവത്തൂർ, പയ്യന്നൂർ, കാസർകോഡ് എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന മൂന്ന് ബ്രാഞ്ചുകൾ അടച്ചു പൂട്ടിയത് ജനുവരിയിൽ; 2019 ഓഗസ്ത് മുതൽ ലാഭവിഹിതം ലഭിക്കുന്നത് മുടങ്ങിയതോടെ നിക്ഷേപകരുടെ പരാതികൾ എത്തി; ബാംഗ്ലൂരിലും ആസ്തിയുണ്ടായിരുന്ന കമ്പനി വസ്തുക്കൾ വിൽപന നടത്തിയത് നിക്ഷേപകർ അറിയാതെ; എംഎൽഎ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് എംസി ഖമറുദ്ദീൻ നടത്തിയ രണ്ടാമത്തെ തട്ടിപ്പും പുറത്ത്

ജാസിം മൊയ്ദീൻ

കാസർകോഡ്; എംഎൽഎ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീനെതിരെ രണ്ടാമത്തെ വലിയ അഴിമതി ആരോപണങ്ങളുമായി തട്ടിപ്പിനിരയായവർ രംഗത്ത്. സ്വർണ്ണക്കടക്ക് വേണ്ടി നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് പുതിയ പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിൽ അദ്ദേഹത്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. നേരത്തെ തൃക്കരിപ്പൂരിലെ വിവാദമായ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി എം എൽഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ് തട്ടിയെടുത്ത സംഭവത്തിലും അന്വേഷണം നടത്തുന്നുണ്ട്. വിവാദമായതോടെ എംഎൽഎയും കൂട്ടരും ഈ ഭൂമി തിരികെ നൽകിയെങ്കിലും സംഭവത്തിൽ വഖഫ് ബോർഡ് അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ കേസുണ്ടായിരിക്കുന്നത്.

സ്വർണ്ണക്കടക്ക് വേണ്ടി നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് ഇപ്പോൾ എംസി ഖമറുദ്ദീൻ എംഎൽഎക്കെതിരെ ചന്ദേര പൊലീസ് കേസെടുത്തിരിക്കുന്നത്. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജൂവലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ആരിഫ, സുഹറ എന്നിവർ നൽകിയ പരാതിയിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫാഷൻ ഗോൾഡ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ ജൂവലറി ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു എംസി ഖമറുദ്ദീൻ. കാസർകോഡ്, ചെറുവത്തൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകളാണ് ഈ ജൂവലറി ഗ്രൂപ്പിനുണ്ടായിരുന്നത്.

കഴിഞ്ഞ ജനുവരിയോടെ തന്നെ മൂന്ന് ബ്രാഞ്ചുകളും അടച്ചു പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം തിരികെ നൽകിയിരുന്നിമില്ല. പണം തിരികെ ചേദിക്കുമ്പോൾ എംഎൽഎയാണെന്ന അധികാരം ഉപയോഗിച്ചുള്ള ഭീഷണികളും തുടങ്ങി. ഇത്തരത്തിൽ ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ഇപ്പോൾ പരാതിയുമായി നിക്ഷേപകർ രംഗത്തെത്തിയത്. നിക്ഷേപകർ നേരത്തെ തന്നെ ജില്ല പൊലീസ് മേധാവിക്ക് പരാതിയ നൽകിയിരുന്നെങ്കിലും അന്വേഷണം നടക്കുകയോ കേസെടുക്കാൻ ഉത്തരവിടുകയോ ചെയ്തിരുന്നില്ല. പിന്നീട് കൂടുതൽ പേർ പരാതികളുമായി വന്നതോടെയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. എണ്ണൂറിലധികം നിക്ഷേപകരാണ് ഫാഷൻഗോൾഡിൽ പണം നിക്ഷേപിച്ചിരുന്നത്. ഇവരെല്ലാം ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.

78 ലക്ഷം രൂപ മുതൽ 1 ലക്ഷം രൂപയും 15 പവൻ സ്വർണ്ണവും വരെ നിക്ഷേപിച്ചവരുണ്ട്. ജൂവലറി പ്രവർത്തിച്ചിരുന്ന കാസർക്കോട്ടേയും പയ്യന്നൂരിലേയും ഭൂമിയും കെട്ടിടവും ബംഗളുരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപന നടത്തിയിരുന്നു. ഇത് നിക്ഷേപകരെ അറിയിച്ചിരുന്നില്ല എന്നും ആക്ഷേപമുണ്ട്. കാടങ്കോട്ടെ അബ്ദുൾ ഷുക്കൂർ(30 ലക്ഷം) എംടിപി സുഹറ (15 പവനും, ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ പരാതികളിലാണ് ഇപ്പോൾ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതുകൂടാതെ കാഞ്ഞങ്ങാട്ടെ സി ഖാലിദ്(78 ലക്ഷം), മദ്രസ അദ്ധ്യാപകനായ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം ടി പി അബ്ദുൾ ബാഷിർ (അഞ്ച് ലക്ഷം),പടന്ന വടക്കെപ്പുറം വാടക വീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ പി നസീമ (എട്ട് ലക്ഷം) ആയിറ്റിയിലെ കെ കെ സൈനുദ്ദീൻ( 15 ലക്ഷം) എന്നിവരും പരാതികൾ നൽകിയിട്ടുണ്ട്. ഇവരുടെ കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്യുമെന്നാണ് ലഭ്യമായി വിവരം.

മഞ്ചേശ്വരം എംഎൽഎയായിരുന്ന മുസ്ലിം ലീഗിലെ പിബി അബ്ദുൽ റസാഖ് മരണപ്പെട്ടതോടെ 2019 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മിസ്ലിം ലീഗിലെ തന്നെ എംസി ഖമറുദ്ദീൻ എംഎൽഎ ആയി നിയമസഭയിലെത്തുന്നത്. എംഎൽഎ ആയി ഒരു വർഷം പൂർത്തിയാകുന്നതിന് മുന്നെ അദ്ദേഹത്തിനെതിരെ ഉയരുന്ന വലിയ രണ്ടാമത്തെ അഴിമതിയാണ് ഈ സംഭവം. നേരത്തെ വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിൽ ആരോപിതനായ ട്രസ്റ്റ് ചെയർമാൻ കൂടിയായ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടറായ ടി.കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് കേസടുത്തിരുന്നു.

ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി എം എൽഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ് തട്ടിയെടുത്തു എന്നായിരുന്ന പരാതി. സംഭവം വിവാദമായതോടെ ഭൂമി തിരികെ നൽകി പ്രശ്നം ഒത്തുതീർന്നിരുന്നെങ്കിലും സംഭവത്തിൽ വഖഫ് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് സ്വർണക്കടയ്ക്കുവേണ്ടി നിക്ഷേപകരിൽനിന്ന് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ പുതിയ കേസുണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP