Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹിളാമാൾ തുടങ്ങിയപ്പോൾ കെട്ടിട നമ്പർ ലഭിച്ചത് നഗരമധ്യത്തിലെ അനധികൃത ആറു നില കെട്ടിടത്തിന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാൾ അടച്ചു പൂട്ടുമ്പോൾ ഉയരുന്നത് ബിൽഡിങ് നമ്പർ കിട്ടാനുള്ള ശ്രമങ്ങൾക്ക് കുടുംബശ്രീ ഒത്താശ ചെയ്‌തെന്ന ആരോപണം; ചതിയിൽ വഴിയാധാരമാകുന്നത് 30 ലക്ഷം വരെ ലോണെടുത്ത് കട തുടങ്ങിയ വനിതാ സംരംഭകർ; മാൾ അടച്ചുപൂട്ടരുത് എന്നാവശ്യപ്പെട്ടു സമരവും നിയമ പോരാട്ടവുമായി സംരംഭകർ; സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച മഹിളാമാളിന് പൂട്ടു വീഴുമ്പോൾ അവശേഷിക്കുന്നത് ദുരൂഹതകൾ

മഹിളാമാൾ തുടങ്ങിയപ്പോൾ കെട്ടിട നമ്പർ ലഭിച്ചത് നഗരമധ്യത്തിലെ അനധികൃത ആറു നില കെട്ടിടത്തിന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാൾ അടച്ചു പൂട്ടുമ്പോൾ ഉയരുന്നത് ബിൽഡിങ് നമ്പർ കിട്ടാനുള്ള ശ്രമങ്ങൾക്ക് കുടുംബശ്രീ ഒത്താശ ചെയ്‌തെന്ന ആരോപണം; ചതിയിൽ വഴിയാധാരമാകുന്നത് 30 ലക്ഷം വരെ ലോണെടുത്ത് കട തുടങ്ങിയ വനിതാ സംരംഭകർ; മാൾ അടച്ചുപൂട്ടരുത് എന്നാവശ്യപ്പെട്ടു സമരവും നിയമ പോരാട്ടവുമായി സംരംഭകർ; സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച മഹിളാമാളിന് പൂട്ടു വീഴുമ്പോൾ അവശേഷിക്കുന്നത് ദുരൂഹതകൾ

എം മനോജ് കുമാർ

കോഴിക്കോട്: കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെ അഭിമാന പ്രതീകമായി തുടങ്ങിയ കോഴിക്കോട്ടെ മഹിളാമാൾ അടച്ചുപൂട്ടുന്നു. ഒന്നര വർഷം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എത്തി ഉദ്ഘാടനം ചെയ്ത കുടുംബശ്രീ മാൾ ആണ് അടച്ചുപൂട്ടുന്നത്. ആറു നിലയിൽ എഴുപതോളം ഷോപ്പുകളുമായി സ്ത്രീകൾക്കായി എന്ന വിശേഷണം നൽകി തുറന്ന മാൾ കേരളത്തിലെ കുടുംബശ്രീയ്ക്ക് തീരാക്കളങ്കം ചാർത്തിയാണ് അടച്ചുപൂട്ടുന്നത്. വാടക നല്കാത്തതിനാൽ നടത്തിക്കൊണ്ട്‌പോക്ക് അസാധ്യമാണെന്നും അതിനാൽ മാൾ അടച്ചുപൂട്ടുകയാണെന്നും കാണിച്ച് ഷോപ്പ് ഉടമകൾക്ക് മാൾ നടത്തിയ യൂണിറ്റി കുടുംബശ്രീ നോട്ടീസ് നൽകി. ഒരു മാസത്തിനുള്ളിൽ ഒഴിയണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും എന്നും കാണിച്ച് യൂണിറ്റി കുടുംബശ്രീ കഴിഞ്ഞ 11 നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നൂറോളം ഷോപ്പുകൾ ഉണ്ടായിരുന്ന മാളിൽ ഇപ്പോൾ മുപ്പതോളം ഷോപ്പുകൾ മാത്രമാണ് ഉള്ളത്. ഇവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

വാടക പൂർണമായി നൽകിയില്ലെന്ന് പറഞ്ഞു കുടിശികയുള്ളവരുടെ എഗ്രിമെന്റ് പുതുക്കി നൽകിയിട്ടില്ല. കുടിശികയുള്ളവരുടെ മറവിൽ വാടക കുടിശിക ഇല്ലാത്തവരുടെയും എഗ്രിമെന്റ് പിടിച്ചുവെച്ചു. ഒടുവിൽ എല്ലാവരെയും കുടിയിറക്കുന്ന തീരുമാനം എടുക്കുകയും ചെയ്തു. വാടക നൽകിയില്ലാ എന്ന് പറഞ്ഞു മാൾ അടച്ചുപൂട്ടുന്ന കുടുംബശ്രീ യഥാർത്ഥ കെട്ടിട ഉടമയ്ക്ക് ഒന്നര വർഷത്തിന്നിടെ വെറും മൂന്നുമാസം മാത്രമാണ് വാടക നൽകിയത്. ഇതിന്റെ പേരിൽ കെട്ടിട ഉടമ കുടുംബശ്രീയ്ക്ക് എതിരെ കേസ് നൽകിയിട്ടുണ്ട് എന്നാണ് ഷോപ്പ് ഉടമകൾ മറുനാടനോട് പറഞ്ഞത്. കഴിഞ്ഞ ലോക്ക് ഡൗണിനു ശേഷം ഷോപ്പുകൾ അടഞ്ഞു കിടക്കുകയാണ്. ലോക്ക് ഡൗൺ കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിപ്പിക്കാൻ ഷോപ്പ് ഉടമകൾക്ക് അനുവാദം നൽകിയിരുന്നില്ല. അഡ്വാൻസ് തുക തിരികെ നൽകിയിട്ടില്ല. വാടക നൽകാനുള്ള കാരണം പറഞ്ഞു ഈ അഡ്വാൻസ് തുക മുഴുവൻ പിടിച്ചെടുക്കാനുള്ള നീക്കവും മാൾ അടച്ചുപൂട്ടലിന്റെ മറവിൽ നടക്കുന്നുണ്ട്. കോടികളുടെ വെട്ടിപ്പ് നടത്തിയാണ് കുടുംബശ്രീ മാൾ അടച്ചുപൂട്ടാൻ ശ്രമിക്കുന്നതെന്നും കുടുംബശ്രീ തട്ടിപ്പ് ആയതിനാൽ ഇതിൽ വിശദമായ അന്വേഷണം വേണം എന്നുമാണ് വഞ്ചിക്കപ്പെട്ട ഷോപ്പ് ഉടമകളുടെ ആവശ്യം.

കുടുംബശ്രീ നൽകിയ മോഹനവാഗ്ദാനത്തിൽ കുടുങ്ങി 15 മുതൽ 30 ലക്ഷം ലക്ഷം വരെ ലോൺ എടുത്ത് ഷോപ്പ് തുടങ്ങിയ ഷോപ്പ് ഉടമകൾ കുടുംബശ്രീയുടെ തലതിരിഞ്ഞ നീക്കങ്ങൾ കാരണം വഴിയാധാരമാണ്. ലോൺ തുക എങ്ങനെ തിരികെ അടയ്ക്കും എന്ന് പോലും ഷോപ്പ് തുടങ്ങിയവർക്ക് അറിയില്ല. വനിതകൾ മാത്രമുള്ള ഷോപ്പ് ഉടമകളിൽ ഒരു യുവതി കടബാധ്യത ഭയന്ന് ആത്മഹത്യാശ്രമം നടത്തിയിരുന്നു. 20 ലക്ഷം മുടക്കി ഇന്റീരിയർ ചെയ്ത് കച്ചവടം തുടങ്ങിയവർ വരെ ഈ കൂട്ടത്തിലുണ്ട്മാൾ അടച്ചുപൂട്ടുന്ന കുടുംബശ്രീയുടെ വഞ്ചനാപരമായ സമീപനത്തിന്നെതിരെ ഹൈക്കോടതിയിൽ ഷോപ്പ് ഉടമകൾ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. ഇപ്പോൾ മാളിന്റെ മുന്നിൽ ഷോപ്പ് ഉടമകളായ വനിതകൾ സമരം നടത്തുകയാണ്. കഴിഞ്ഞ ദിവസം ഇവർ കുടുംബശ്രീയുടെ ചതിയിൽ പ്രതിഷേധിച്ച് വഞ്ചനാപൂക്കളം തീർക്കുകയും വാർത്താസമ്മേളനം വിളിച്ചു കൂട്ടുകയും ചെയ്തിരുന്നു.

ദുരൂഹമായ തുടർ നീക്കങ്ങൾക്ക് ശേഷമാണ് മാൾ അടയ്ക്കാനുള്ള തീരുമാനം കുടുംബശ്രീ കൈക്കൊണ്ടത്. ലോക്ക് ഡൗണിനു ശേഷം മാൾ തുറക്കാൻ സമ്മതിച്ചില്ല. ഷോപ്പുകൾ തുറക്കാത്ത ഘട്ടങ്ങളിൽ വാടക അഡ്വാൻസ് തുകയിൽ നിന്നും ഈടാക്കി. അതിനു ശേഷമാണ് അടച്ചുപൂട്ടൽ തീരുമാനവും വന്നിരിക്കുന്നത്. കുടുംബശ്രീയുടെ മറവിൽ സ്ഥാപിതതാൽപ്പര്യങ്ങൾ ഉള്ളവർ തങ്ങളെ ചതിക്കുകയായിരുന്നു എന്നാണ് ഷോപ്പ് ഉടമകളുടെ ആരോപണം. അനധികൃതമായി പടുത്തുയർത്തി ബിൽഡിങ് നമ്പർ ലഭിക്കാതെ കിടന്നിരുന്ന മുഴുവൻ ഷാപ്പുകൾക്കും കുടുംബശ്രീ യൂണിറ്റിന്റെ മറവിൽ കെട്ടിട നമ്പർ അനുവദിച്ച് കിട്ടുകയും ബിൽഡിങ് നിയമവിധേയമാവുകയും ചെയ്തു. കാര്യങ്ങൾ കഴിഞ്ഞപ്പോൾ ഉള്ളതെല്ലാം വിറ്റുപെറുക്കിയും ലോൺ എടുക്കുകയും ചെയ്ത തങ്ങളെ കുടുംബശ്രീ വഴിയാധാരമാക്കി എന്നാണ് ഷോപ്പ് ഉടമകളുടെ ആരോപണം. കുടുംബശ്രീ യൂണിറ്റ് തുടങ്ങിയ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ടൗണിലെ മറ്റിടങ്ങളിൽ ഹോട്ടൽ സൂപ്പർമാർക്കറ്റ് എന്നിവ തുടങ്ങിയിട്ടുണ്ട് എന്നും ഇവർ ആരോപിക്കുന്നു. കുടുംബശ്രീ ഫണ്ട്, കോർപ്പറേഷൻ ഫണ്ട് എല്ലാം കുടുംബശ്രീ കൈപ്പറ്റിയിട്ടുണ്ട്. ഈ പണം എവിടെ പോയി എന്നറിയണം. അതിനാൽ ഈ കുടുംബശ്രീ തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം അവശ്യമുണ്ട്-ഷോപ്പ് ഉടമകൾ പറയുന്നു.

ലോണിനെക്കുറിച്ചുള്ള ആധിയിൽ ഷോപ്പ് ഉടമകൾ തുടരുമ്പോൾ ആർക്കൊക്കെയോ ഇതിൽ ലാഭം വന്നിട്ടുണ്ട് എന്ന് ഷോപ്പ് നടത്തിയവർ മറുനാടനോട് പറഞ്ഞു. മാൾ ആരംഭിച്ച യൂണിറ്റി കുടുംബശ്രീയുടെ പ്രസിഡനറും സെക്രട്ടറിയും വരെ കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ട്. കോടികൾ മാളിന്റെ പേരിൽ വെട്ടിപ്പ് നടന്നിട്ടുണ്ട്. പണം അടിച്ചുമാറ്റലാണ് നടന്നിരിക്കുന്നത്. വാടക നൽകാനുള്ള കാരണം പറഞ്ഞാണ് മാൾ അടച്ചുപൂട്ടുന്നത്. എന്നാൽ മാൾ നിൽക്കുന്ന ബിൽഡിങ് വാടകയ്ക്ക് എടുത്ത യൂണിറ്റി ഗ്രൂപ്പ് യഥാർത്ഥ ബിൽഡിങ് ഓണർക്ക് മൂന്നു മാസം മാത്രം വാടകയാണ് നൽകിയിരിക്കുന്നത്. ഞങ്ങളിൽ പലരും വാടക യഥാസമയം അടച്ചവർ ആണ്. ഈ വാടക ഓണർക്ക് നൽകാതെ കുടുംബശ്രീ തട്ടിപ്പ് നടത്തുകയാണ് ചെയ്തത്-ഷോപ്പ് ഉടമകൾ ആരോപിക്കുന്നു. അഡ്വാൻസ് തുകയിൽ നിന്നും കൂടുതലായി ഈടാക്കിയ 18000 രൂപയോളമുള്ള എസി ഫിറ്റിങ് ചാർജ്, കെഎസ്ഇബി മീറ്റർ വയ്ക്കണമെന്ന് പറഞ്ഞു വാങ്ങിയ അധികതുക എന്നിവയും പിടിച്ച് വയ്ക്കാൻ നീക്കം നടക്കുന്നുണ്ട്.

പത്ത് വനിതകൾ ചേർന്നുള്ള യൂണിറ്റി എന്ന കുടുംബശ്രീ ഗ്രൂപ്പ് ആണ് മാൾ 2018-ൽ വാടകയ്ക്ക് എടുത്തത്. ഇവരാണ് മറ്റുള്ള വനിതാ സംരംഭകർക്ക് മാൾ വാടകയ്ക്ക് നൽകിയത്. ലോക്ക് ഡൗൺ വന്നതോടെ മാൾ അടഞ്ഞു. വാടക പ്രശ്നം വന്നതോടെ ഷോപ്പുകൾ അടച്ചിട്ടാൻ യൂണിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. ഇതോടെ ഷോപ്പ് ഉടമകൾ മുഖ്യമന്ത്രിക്കും കളക്ടർക്കും പൊലീസിനും പരാതി നൽകുകയും ജില്ലാ കോടതിയിൽ കേസ് നൽകുകയും ചെയ്തു. ഇനി പ്രശ്നങ്ങളിൽ തീർപ്പ് വരുത്താതെ മാൾ തുറന്നു കൊടുക്കാൻ കഴിയില്ലെന്നു കുടുംബശ്രീ ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു. മഹിളകൾക്ക് ആയി തുറന്നു നൽകിയിട്ടും മാളിന് ആവശ്യമായ പ്രമോഷൻ പരിപാടികൾ കുടുംബശ്രീ നൽകിയില്ല. ഇതോടെ മാളിലെക്കുള്ള ജനങ്ങളുടെ വരവ് കുറഞ്ഞു. മാളിലേക്ക് ആളുകൾ എത്താത്തതോടെ ഷോപ്പ് ഉടമകളും പ്രതിസന്ധിയിലായി. ഇതോടെ വാടകകുടിശിക വന്നു. ഇതിന്നിടയിൽ ലോക്ക് ഡൗണും വന്നു. അതോടെ മഹിളാമാൾ അടച്ചു.

മാൾ നടത്തിപ്പിൽ തുടക്കത്തിൽ തന്നെ താളപ്പിഴകൾ വന്നു.ഉടമകൾ എങ്ങനെയും ഷോപ്പുകൾ ഒഴിവാക്കി പോകണം എന്ന രീതിയിലാണ് ആദ്യം മുതൽ കുടുംബശ്രീ അധികൃതർ പെരുമാറാൻ തുടങ്ങിയത്. മാൾ മറ്റു ആവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകിയാൽ കൂടുതൽ വരുമാനം ലഭിക്കും എന്ന ചിന്ത വന്നതോടെയാണ് വനിതാ സംരഭകരെ കുടിയോഴിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നും വന്നത്. ഇതിന്റെ ഭാഗമായി മുൻപ് പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി മാളിന്റെ പ്ലാനിൽ അധികൃതർ മാറ്റം വരുത്തുകയും ചെയ്തു.

മൾട്ടിപ്ലക്സ് തിയേറ്റർ, കുട്ടികളുടെ പ്ലേ സോൺ, ഫുഡ് കോർട്ട്, കുടുബശ്രീ സൂപ്പർമാർക്കറ്റ് എന്നിവ സൂത്രത്തിൽ ഒഴിവാക്കുകയും ചെയ്തു. ഇതെല്ലാം മാൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ നടത്തിയത്. മാൾ നടത്തുന്നവരുടെ സമീപനം ഷോപ്പ് നടത്തിപ്പിന് തടസം സൃഷ്ടിച്ചതോടെ വൻ തുക നഷ്ടം സഹിച്ച് ഷോപ്പ് നടത്തിവന്ന വനിതകളിൽ ഭൂരിഭാഗം പേരും ഷോപ്പുകൾ ഒഴിവാക്കി പോയി. ബാക്കിയുള്ളവരെ ഒഴിവാക്കാൻ വേണ്ടി കുടുംബശ്രീ അധികൃതർ ലോക്ക് ഡൗൺ കൂടി ഉപയോഗപ്പെടുത്തിയതോടെയാണ് നിലവിലെ ഷോപ്പ് ഉടമകൾക്ക് ഒരു ഷോപ്പും തുറക്കാൻ കഴിയാത്ത അവസ്ഥ വന്നത്. മുകളിലത്തെ ഷോപ്പ് ഉടമകളെ താഴത്തെ നിലയിലേക്ക് മാറ്റി മുകൾ നിലകൾ സർക്കാർ തലത്തിലുള്ള ട്രെയിനിങ് സെന്റർ നടത്താൻ വാടകയ്ക്ക് നൽകി. ഇതും മാളിന്റെ അവസാനം കുറിക്കാൻ ഇടയാക്കി. ചതിയെക്കുറിച്ച് ഒരു സംരംഭക മറുനാടനോട് വിശദമാക്കിയത് ഇങ്ങനെ:

മഹിളാമാൾ ഒരു വൻ ചതി; എതിർത്തപ്പോൾ സിപിഎമ്മിന്റെ പേര് പറഞ്ഞു നിശബ്ദയാക്കി: ഒരു സംരംഭക

മഹിളകൾക്കായി മഹിളകൾ നടത്തുന്ന കുടുംബശ്രീ സംരംഭം എന്ന പരസ്യം കണ്ടാണ് മാളിൽ ഷോപ്പ് നടത്താൻ തീരുമാനിച്ചത്. ഇത് വൻ ചതിയായിരുന്നുവെന്നാണ് പിന്നീട് മനസിലായത്- ഒരു സംരംഭക മറുനാടനോട് പറഞ്ഞു. 2018 ജൂലായിലാണ് ഞങ്ങൾ മാളിന് അഡ്വാൻസ് പണം നൽകിയത്. ലക്ഷങ്ങൾ അഡ്വാൻസ് തുകയായി നൽകുകയും നല്ലൊരു തുക മാസവാടകയുമാണ് നൽകിയത്. കൂടാതെ ലക്ഷങ്ങളാണ് മികച്ച ഇന്റീരിയർ ജോലികൾ നടത്താൻ നടത്താൻ വേണ്ടി ഓരോ ഷോപ്പ് ഉടമയും പൊടിച്ചത്. നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയും മാൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആറു നില മാൾ ആയിരുന്നു. പിന്നീടത് മൂന്നു നിലകളിൽ മാത്രമായി. കുടുംബശ്രീ എന്ന് പറഞ്ഞിട്ടാണ് തുടങ്ങിയത് എങ്കിലും പത്ത് വനിതകൾ കുടുംബശ്രീയുടെ പേരിൽ യൂണിറ്റി ഗ്രൂപ്പ് എന്ന പേരിൽ തുടങ്ങിയതാണ് മാൾ എന്നതും പിന്നീടാണ് മനസിലാക്കുന്നത്.

കോർപറേഷൻ ഓഫീസിൽ വെച്ച് നടന്ന മീറ്റിംഗിൽ കുടുംബശ്രീ കോർപറേഷൻ-സംരംഭം എന്നാണ് പറഞ്ഞത്. ഇതോടെയാണ് മാളിൽ കടകൾ ബുക്ക് ചെയ്യാൻ മിക്കവരും തീരുമാനിച്ചത്. ലോകം മുഴുവൻ പരസ്യം ചെയ്യും ഏഷ്യയിലെ ആദ്യത്തെ മാൾ എന്നൊക്കെയാണ് പറഞ്ഞത്. എല്ലാത്തിലും ചതിയും വഞ്ചനയും നിലനിന്നിരുന്നു. കുടുംബശ്രീയിലുള്ള പത്ത് സ്ത്രീകൾ യൂണിറ്റി ഗ്രൂപ്പ് എന്ന പേരിൽ കെട്ടിടം വാടയ്ക്ക് എടുത്താണ് ഞങ്ങൾക്ക് നൽകിയത്. പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ കുടുംബശ്രീയിൽ ഞങ്ങൾ ആദ്യമേ പരാതി നൽകിയിരുന്നു. എന്നാൽ ഉത്തരവാദിത്തമില്ലെന്നു കുടുംബശ്രീ അധികൃതർ പറയുകയാണ് ചെയ്തത്. കുടുംബശ്രീ ആദ്യമേ കയ്യൊഴിഞ്ഞു. രണ്ടു മാസം കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ തുടങ്ങി. കുറച്ച് ഷോപ്പുകൾ ഇവർ പൂട്ടി. വാടക കുടിശിക എന്നൊക്കെ പറഞ്ഞാണ് ഷോപ്പുകൾ ഇവർ അടച്ചു പൂട്ടിയത്.

ഷോപ്പുകളിലെ സ്ത്രീകൾ രാവിലെ വന്നപ്പോൾ അവർക്ക് ഷോപ്പുകൾ തുറക്കാൻ കഴിഞ്ഞില്ല. അത് നടക്കാവ് പൊലീസിൽ പരാതിയൊക്കെയായി മാറി. ഷോപ്പ് തുറന്നുകൊടുത്തു. എഴുപതോളം ഷോപ്പുകൾ ആദ്യം ഉണ്ടായിരുന്നു. അതിൽ പകുതി ഷോപ്പുകളും അടച്ചു. എല്ലാം കുടുങ്ങിയത് പാവങ്ങൾ ആയ സ്ത്രീകളാണ്. ലോൺ എടുത്തും സ്വർണം പണയം വെച്ചുമുള്ള പണമാണ് നിക്ഷേപിച്ചത്. എങ്ങനെയും മഹിളകളെ ഒഴിവാക്കുക എന്നതായിരുന്നു കുടുംബശ്രീയുടെ ലക്ഷ്യം. മുകളിൽ നിന്നുള്ള ഷോപ്പുകൾ ഒഴിവായപ്പോൾ ആ ഷോപ്പുകൾ താഴേയ്ക്ക് മാറ്റി. മുകളിൽ കേന്ദ്ര സർക്കാറിന്റെ ഏതോ ഒരു ട്രെയിനിങ് സെന്റർ തുടങ്ങി. മുകളിൽ കുട്ടികൾക്ക് താമസം. മഹിളകളുടെ മാളിൽ മുകൾ കുട്ടികൾ. അവരുടെ താമസം ഒക്കെ വന്നു. അവരുടെ വസ്ത്രങ്ങൾ കഴുകിയപ്പോൾ അത് തൂക്കിയിടുന്നതും മാളിൽ തന്നെ. ഭക്ഷണം താഴെയുള്ള ഹോട്ടലിൽ നിന്നും. ഇതോടെ തന്നെ മാളിന്റെ കഥ കഴിഞ്ഞ നിലയിലായി. ആളുകൾ വരാതെയായി. മീറ്റിംഗിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരുടെ വാ അടപ്പിക്കുന്ന രീതിയായി.

ലോക്ക് ഡൗൺ വന്നപ്പോൾ മാൾ പൂട്ടി. ജൂണിൽ സർക്കാർ ഉത്തരവ് പ്രകാരം ഒരു ദിവസം തുറന്നു. ക്ലീനിങ് ചെയ്യാൻ അനുവാദം നൽകി. വാടകയാണ് ചോദിച്ചത്. പിന്നെ ഷോപ്പുകൾ തുറക്കാൻ അനുവദിച്ചില്ല. രണ്ടു മാസത്തെ വാടക വേണം എന്നാണ് പറഞ്ഞത്. ഞങ്ങൾ വീണ്ടും നടക്കാവ് പൊലീസിൽ പരാതി നൽകി. മാൾ തുറക്കട്ടെ. അതിനു ശേഷം നൽകാം എന്ന് പറഞ്ഞു. എന്തെങ്കിലും പറഞ്ഞാൽ സിപിഎമ്മിന്റെ പേര് പറയും. പാർട്ടി പറഞ്ഞിട്ടും പാർട്ടിയെ കണ്ടിട്ടുമല്ല ഷോപ്പ് എടുത്തത്. സാങ്കേതിക കാരണങ്ങളാൽ ജൂലൈ അവസാനം വരെ അടച്ചിടുകയാണ് എന്ന് നോട്ടീസ് പതിച്ചു. ഷോപ്പ് ഉടമകൾക്ക് എന്ത് സാങ്കേതിക കാരണം. മാനേജ്മെന് ഓഫീസ് തുറക്കണ്ട. ഞങ്ങൾക്ക് ഷോപ്പുകൾ തുറക്കണം എന്ന് ഞങ്ങൾ വാദിച്ചു. സാങ്കേതിക കാരണം എന്താണെന്ന് ഞങ്ങളോട് പറയേണ്ടേ? ഇപ്പോൾ ജില്ലാ കോടതിയിൽ കേസ് നൽകി. ഇപ്പോൾ ഇഞ്ചക്ഷൻ ഓർഡർ കോടതി നൽകിയിട്ടുണ്ട്. ഷോപ്പുകൾ തുറക്കണം. ബിസിനസ് തടസപ്പെടുത്തരൂത് എന്നാണ് ഓർഡറിൽ പറയുന്നത്. വാടക കുറച്ച് തരണം. പത്ത് മാസം അഗ്രിമെന്റ്. ഇത് പിന്നെ പുതുക്കി തന്നതുമില്ല. ലക്ഷങ്ങൾ മുടക്കി ചെയ്ത ഇന്റീറിയർ എല്ലാം എലികൾ നാശമാക്കിയിട്ടുണ്ട്. വയറിങ് എല്ലാം എലികൾ കടിച്ച് നശിപ്പിച്ചിട്ടുണ്ട്.-സംരഭക പറയുന്നു.

മുഖ്യമന്ത്രിക്ക് ഷോപ്പ് ഉടമകൾ നൽകിയ പരാതിയിൽ പറയുന്നത്:

കുടുംബശ്രീയുടെ സംരംഭം ആയതുകൊണ്ട് മാത്രമാണ് ഷോപ്പുകൾ വാടകയ്ക്ക് എടുത്തത്. ആദ്യം ബുക്ക് ചെയ്യാൻ 10000 രൂപ നൽകി. വാടകയായി പറഞ്ഞത് ഗ്രൌണ്ട് ഫ്ളോർ സ്‌ക്വയർഫീറ്റിന് 130 രൂപ മുകൾ നിലയിൽ 100, 100, 80 എന്ന രീതിയിൽ. മിക്കവരും ലക്ഷങ്ങൾ തന്നെ അഡ്വാൻസ് ആയി നൽകി. ഇത് അധിക വാടകയാണ് എന്ന് പിന്നീട് മനസിലായി. സ്‌ക്വയർ ഫീറ്റിന് നാല്പത് രൂപയും അതിനു താഴെയും മാത്രം അവിടെ വാടക നിലനിൽക്കുമ്പോഴാണ് വാടക ഇനത്തിൽ തങ്ങളെ പിഴിഞ്ഞത്. കോമൺ ഏരിയയിൽ എസി വയ്ക്കണം എന്ന് പറഞ്ഞു ഉടമ്പടിയിൽ ഇല്ലാത്ത തുക ഞങ്ങളുടെ ഓരോരുത്തരിൽ നിന്നും വാങ്ങി. 15000രൂപ ഈ ഇനത്തിൽ വാങ്ങി. കെഎസ്ഇബി മീറ്റർ എന്ന് പറഞ്ഞു 3000 വേറെയും വാങ്ങി. വൈദ്യുതി യൂണിറ്റിനു 13 രൂപയാണ് വാങ്ങുന്നത്. ഈ റേറ്റ് വേറെ എവിടെയുമില്ല.

എസിയുടെ വൈദ്യുതി ചാർജിനു സ്‌ക്വയർ ഫീറ്റിന് അഞ്ചുരൂപ വെച്ച് വേറെയും പിഴിയൽ. വൈദ്യുതി ചാർജിനു നൽകുന്ന രശീതി കെഎസ്ഇബിയുടെ രശീതിയല്ല. മൾട്ടിപ്ലക്സ് തിയേറ്റർ, കുട്ടികളുടെ പ്ലേ സോൺ, ഫുഡ് കോർട്ട്, കുടുബശ്രീ സൂപ്പർമാർക്കറ്റ് എന്നിവ മാളിന്റെ ഭാഗമായി തുടങ്ങും എന്ന് പറഞ്ഞു പിന്നീട് തുടങ്ങിയില്ല. ഏഷ്യയിലെ ഏറ്റവും പ്രധാന വനിതാസംരംഭം എന്നും മറ്റു മാളുകളെപോലെ സംവിധാനങ്ങൾ ഒരുക്കും എന്നും പറഞ്ഞു ഒരു സംവിധാനവും ഒരുക്കിയില്ല. ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ഒരു പ്രൊമോഷൻ നടപടികളും നടത്തിയില്ല. മാളിലേക്ക് ആളുകൾ കയറുന്നില്ല. കടകൾ പലതും വാടക താങ്ങാൻ കഴിയാതെ അടച്ചുപൂട്ടിക്കഴിഞ്ഞു. ബിസിനസ് നടക്കാത്തതുകൊണ്ട് വാടക നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഹാളിൽ മുഴുവൻ ഫുൾ ഗ്ലാസാണ്. എസി നിലവിൽ പ്രവർത്തിപ്പിക്കാത്തതുകൊണ്ട് അത്യുഷ്ണമാണ്.



മേയർ കഴിഞ്ഞ വർഷം യോഗം വിളിച്ചു കൂട്ടിയിരുന്നു. കുട്ടികളുടെ പ്ലേ സോൺ ആരംഭിക്കും. കോഫീ ഹൗസുമായി ബന്ധപ്പെട്ടു ഫുഡ് കോർട്ട് ആരംഭിക്കും. വാടക കുറയ്ക്കാൻ നടപടി സ്വീകരിക്കും. വാടക ഗഡുക്കളായി സ്വീകരിക്കാൻ നടപടി സ്വീകരിക്കും എന്നൊക്കെ മേയർ തന്നെ തീരുമാനമെടുത്തു. ഒന്നും നടന്നില്ല. ഉദ്ഘാടനം കഴിഞ്ഞു അഞ്ചു മാസം കഴിഞ്ഞപ്പോൾ തന്നെ വന്നത് കയ്‌പ്പ് നിറഞ്ഞ അനുഭവങ്ങൾ. വാടക കുടിശികയുടെ പേര് പറഞ്ഞു പല ഷോപ്പുകളും അന്യായമായി കുടുംബശ്രീ അധികൃതർ അടച്ചുപൂട്ടി. അവരുടെ കയ്യിലുള്ള താക്കോൽ അടച്ചുപൂട്ടാൻ വേണ്ടി ഉപയോഗിച്ചു. വേറെ പൂട്ടിട്ട് പല ഷോപ്പുകളും പൂട്ടി. പലഷോപ്പുകളുടെയും കറന്റ് കട്ടുചെയ്യുകയും ചെയ്തു. അഡ്വാൻസ് കയ്യിലിരിക്കെയാണ് മനസാക്ഷിയില്ലാത്ത നടപടി കുടുംബശ്രീ അധികൃതരുടെ ഭാഗത്ത്നിന്നും വന്നത്. പ്രശ്നങ്ങൾ വന്നപ്പോൾ സഹിക്കാൻ കഴിയാതെ ഒരു സംരംഭക ആത്മഹത്യാ ശ്രമവും നടത്തി. നിലവിൽ അവസ്ഥ ശോചനീയമാണ്.

പല ഷോപ്പ് ഉടമകളും കട അവസാനിപ്പിച്ചു പോയി. ഒഴിഞ്ഞുപോയവരോട് മനസാക്ഷിയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. 75 ഷോപ്പുകളുടെ സ്ഥാനത്ത് ഇപ്പോൾ ഇരുപത്തിയഞ്ചു ഷോപ്പുകൾ പോലുമില്ല. ഒഴിഞ്ഞ ഷോപ്പ് മുറികളിൽ വനിതാ സംരംഭകരെ എത്തിക്കുന്നതിന് പകരം ലേഡീസ് ഹോസ്റ്റൽ നടത്താനും ട്രെയിനിങ് സെന്റർ നടത്താനും വിട്ടുകൊടുത്തു മാളിന്റെ കഥ കഴിച്ചു. ഇപ്പോൾ എട്ടു മാസമായി വാടക സ്വീകരിക്കുന്നില്ല. എഗ്രിമെന്റ് പുതുക്കുന്നുമില്ല. നിവൃത്തിയില്ലാതെ ഞങ്ങൾക്ക് കേസിന് പോകേണ്ടി വന്നു. ഇതിന്റെ പേരിൽ കുടുംബശ്രീയായ യൂണിറ്റി ഗ്രൂപ്പ് അംഗങ്ങൾ ഞങ്ങളെ തെറിവിളിച്ചു. ഭീഷണിപ്പെടുത്തുകയും ഞങ്ങൾക്ക് എതിരെ ക്രിമിനൽ കേസ് നൽകുകയും ചെയ്തു. യൂണിറ്റി ഗ്രൂപ്പിന്റെ നടപടികൾ പരിശോധിക്കുകയും ഷോപ്പ് നടത്തിക്കൊണ്ടു പോകാൻ ആവശ്യമായി നടപടികൾ സ്വീകരിക്കുകയും വേണം. ഷോപ്പ് മുറികളുടെ അന്യായ വാടക കുറയ്ക്കാൻ നടപടി സ്വീകരിക്കണം. അധിക തുക തിരികെ നൽകണം. അമിതമായ കറന്റ് ചാർജ് ഈടാക്കുന്നത് നിർത്തണം. കള്ളത്താക്കോലിട്ടു ചില കടകൾ തുറന്നതിനു ക്രിമിനൽ നടപടികൾ സ്വീകരിക്കണം. കടകൾ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണം-പരാതിയിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP