Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസിലെ ജനറൽ സീറ്റുകളിൽ രണ്ടുമൂന്നെണ്ണം പ്രായമായവർ, വികാലാംഗകർ എന്നിവർക്കായി റിസർവ് ചെയ്യുമ്പോൾ അത് ശരിയല്ല എന്ന് പറഞ്ഞു സ്ത്രീകൾ ബഹളം വച്ചാൽ എങ്ങനെ ഇരിക്കും; മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം നൽകുമ്പോൾ വിടി ബൽറാമിനെ പോലുള്ളവർ 'സവർണ്ണൻ' 'അവർണ്ണൻ' എന്നൊക്കെ പറഞ്ഞു എഴുതുന്നത് എന്തിനാണ്; ജസ്റ്റിൻ ജോർജ് എഴുതുന്നു

ബസിലെ ജനറൽ സീറ്റുകളിൽ രണ്ടുമൂന്നെണ്ണം പ്രായമായവർ, വികാലാംഗകർ എന്നിവർക്കായി റിസർവ് ചെയ്യുമ്പോൾ അത് ശരിയല്ല എന്ന് പറഞ്ഞു സ്ത്രീകൾ ബഹളം വച്ചാൽ എങ്ങനെ ഇരിക്കും; മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം നൽകുമ്പോൾ വിടി ബൽറാമിനെ പോലുള്ളവർ 'സവർണ്ണൻ' 'അവർണ്ണൻ' എന്നൊക്കെ പറഞ്ഞു എഴുതുന്നത് എന്തിനാണ്; ജസ്റ്റിൻ ജോർജ് എഴുതുന്നു

ജസ്റ്റിൻ ജോർജ്

വിടി ബൽറാമിനെ പോലുള്ള രാഷ്ട്രീയക്കാർ 'സവർണ്ണൻ' 'അവർണ്ണൻ' എന്നൊക്കെ പറഞ്ഞു എഴുതുന്ന പോസ്റ്റുകൾ വായിച്ചു പാവപ്പെട്ടവരുടെ അവകാശം 'മുന്നോക്ക വിഭാഗം' എന്ന് പറയപ്പെടുന്ന വിഭാഗത്തിലുള്ളവർ തട്ടി എടുക്കാൻ ശ്രമിക്കുന്നു എന്നാണ് പലരും കരുതിയിരിക്കുന്നത്. കേരളത്തിൽ ജാതി സംവരണം ഇല്ലാത്തത് ബ്രാഹ്മിണ, നായർ മുതലായ വിഭാഗത്തിൽ പെട്ട ഹൈന്ദവർക്കും സുറിയാനി ക്രിസ്ത്യാനികൾക്കുമാണ് (സിറോ മലബാർ കത്തോലിക്കർ, സിറോ മലങ്കര കത്തോലിക്കർ, യാക്കോബായ സഭ, ഓർത്തഡോക്‌സ് സഭ, മാർത്തോമാ സഭ തുടങ്ങിയവ ). ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ പല കാരണങ്ങളാൽ പിന്നോക്കം ആയിരുന്ന ദളിത് വിഭാഗങ്ങൾക്ക് പരിഗണന കൊടുക്കുവാൻ വേണ്ടിയാണ് സംവരണം ആരംഭിച്ചത്. 10 വർഷത്തേക്ക് ആണ് സംവരണം അനുവദിച്ചതെങ്കിലും 10 വർഷം കൂടുമ്പോൾ സംവരണ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയിൽ മാറ്റം വന്നിട്ടില്ല എന്ന കാരണം പറഞ്ഞു അടുത്ത 10 വർഷത്തേക്ക് നീട്ടി കൊടുക്കുകയാണ് ചെയ്യുന്നത്.

50% ഇൽ കൂടുതൽ കാസ്റ്റ് റിസർവേഷന് വേണ്ടി മാറ്റി വെക്കരുത് എന്ന് 1992 ൽ സുപ്രിം കോടതി വിധി ഉള്ളതിനാൽ വ്യവസ്ഥാപിത രീതിയിൽ ഭരണഘടനാ ഭേദഗതിയിലൂടെയാണ് EWS (Economically Weaker Section) ന് വേണ്ടി 10% മാറ്റി വെച്ചിരിക്കുന്നത്. പാർലമെന്റിൽ ഈ ബിൽ വോട്ടിന് ഇട്ടപ്പോൾ എതിർത്ത് വോട്ട് ചെയ്തത് കേരളത്തിൽ നിന്നുള്ള പികെ കുഞ്ഞാലികുട്ടിയും, ഇടി മുഹമ്മദ് ബഷീറും ഹൈദരാബാദിലെ അസദുദീൻ ഒവൈസിയും മാത്രമാണെന്നുള്ളത് ഏവരും മനസ്സിലാക്കേണ്ടതാണ്. പാർലമെന്റ് പാസ്സാക്കിയ EWS ബിൽ റദ്ദാക്കണം എന്നാവശ്യവുമായി സംവരണ വിഭാഗങ്ങളിലെ സംഘടനകൾ സുപ്രിം കോടതിയിൽ പോയിട്ടുണ്ടെങ്കിലും ഇത് വരെ സ്റ്റേ പോലും അനുവദിച്ചിട്ടില്ല. EWS വിഭാഗത്തിൽ പെട്ടവർ കേരള സർക്കാരിന് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. മറ്റു പല സംസ്ഥാനങ്ങളും2019 ജനുവരിയിൽ തന്നെ EWS വിഭാഗത്തിന് അനുകൂലമായ രീതിയിൽ ചട്ടങ്ങളിൽ മാറ്റം വരുത്തിയിട്ടും കേരളം ഏതാണ്ട് ഒന്നര വർഷത്തോളം നോക്കി ഇരുന്നത് സ്റ്റേ കിട്ടാനുള്ള സാധ്യത കൂടി കണ്ട് കൊണ്ട് ആയിരിക്കാനാണ് സാധ്യത. ഒടുവിൽ നിയമ നടപടികൾ ഭയന്ന് സംസ്ഥാന സർക്കാർ EWS ന് പച്ചക്കൊടി കാണിച്ചിരിക്കുന്നു.

കേരളത്തിലെ ബസുകളിൽ 33% സീറ്റുകൾ സ്ത്രീകൾക്ക് വേണ്ടി റിസർവ് ചെയ്തിരിക്കുകയാണ്. അവിടെ സ്ത്രീകൾക്ക് മാത്രമേ ഇരിക്കാൻ നിയമപരമായ അവകാശമുള്ളൂ. ബാക്കി ഉള്ള സീറ്റുകൾ പുരുഷന്മാരുടേതാണ് എന്നാണ് നമ്മളിൽ പലരും കരുതുന്നത്. യഥാർത്ഥത്തിൽ അത് ജനറൽ സീറ്റുകൾ ആണ്. അവിടെ ആർക്ക് വേണമെങ്കിലും ഇരിക്കാം. ജനറൽ സീറ്റുകളിൽ 2-3 സീറ്റുകൾ പ്രായമായവർ, അംഗവൈകല്യം ഉള്ളവർ എന്നിങ്ങനെ ഉള്ളവർക്ക് വേണ്ടി റിസർവ് ചെയ്യുമ്പോൾ തങ്ങളുടെ അവകാശത്തിൽ കൈ കടത്തി പുരുഷന്മാർക്ക് വേണ്ടി സീറ്റുകൾ സംവരണം ചെയ്യുന്നത് ശരിയല്ല എന്ന് പറഞ്ഞു സ്ത്രീകൾ ബഹളം വച്ചാൽ എങ്ങനെ ഇരിക്കുമോ അതാണ് ഇപ്പോൾ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി 10 ശതമാനം സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്‌മിഷനും, സർക്കാർ ജോലികൾക്കും വേണ്ടി മാറ്റി വെച്ചപ്പോൾ ചില അനധികൃത സംവരണക്കാരും അവരുടെ കോളാമ്പികളായ ചുരുക്കം ചില കോൺഗ്രസ്സുകാരും കൂടി നടത്തി കൊണ്ടിരിക്കുന്നത്.

നിലവിൽ 50% സീറ്റുകൾ റിസർവേഷൻ കാറ്റഗറിയിൽ ഉള്ളവർക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. ബാക്കി ഉള്ള (open to all) അൻപതിൽ നിന്നാണ് 10% സീറ്റുകൾ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. ജാതി മത സംവരണ വിഭാഗങ്ങൾക്ക് 50% റിസർവേഷൻ സീറ്റിന് പുറമെ 50% ജനറൽ സീറ്റിലും (50+50) ജോലി കിട്ടാം എന്നത് 50% റിസർവേഷൻ 40% ജനറൽ (50+40) ആയി കുറഞ്ഞു എന്നതാണ് ജാതി സംവരണം ഉള്ള വിഭാഗങ്ങൾക്ക് വന്നിരിക്കുന്ന മാറ്റം. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം അല്ലാത്തവർക്ക് 50% സീറ്റിൽ അപേക്ഷിക്കാൻ ഉള്ള അവസരം 40% ആയി കുറഞ്ഞെങ്കിലും സംവരണം ഇല്ലാത്ത വിഭാഗത്തിൽ ഉള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഗുണം ഉണ്ടാകുന്ന കാര്യം ആയതിനാൽ ആർക്കും പരാതി ഉള്ളതായി കണ്ടിട്ടില്ല.

കേരളത്തിലെ സർക്കാർ ജോലികളിലെ റിസർവേഷൻ ഡീറ്റയിൽസ് ചുവടെ ചേർക്കുന്നു.

Open Competition 50%
Ezhava 14%
Muslims 12%
Latin Catholics and Anglo Indian 4%
Viswakarma 3%
SIUC Nadar 1%
Dheevara - 1%
Other Nadar 1%
Other backward Christians 1%
Other backward classes (except those mentioned above) 3%
Scheduled Cast (SC) 8%
Scheduled Tribe (ST) 2%

50 ശതമാനത്തിൽ റിസർവേഷന് ഏറ്റവും അർഹരായ SC / ST വിഭാഗത്തിന് വേണ്ടി കേരളത്തിൽ മാറ്റി വെച്ചിരിക്കുന്നത് 10% മാത്രമാണ് എന്നത് തന്നെ റിസർവേഷൻ വിഭജനത്തിലെ അനീതിയുടെ പ്രധാന തെളിവാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ SC / ST വിഭാഗത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുന്നത് 22.50 ശതമാനമാണ്. കേരളത്തിൽ SC / ST വിഭാഗങ്ങൾക്ക് അർഹതപ്പെട്ടത് ഒരു പ്രത്യേക മതക്കാർക്ക് മുഴുവൻ സംവരണം നൽകുന്നതിനു വേണ്ടി വക മാറ്റിയിട്ടുണ്ടെന്നത് മൂടി വയ്ക്കാനാവില്ല.

SC / ST വിഭാഗങ്ങളിൽ ഉൾപ്പെടാത്ത റിസർവേഷൻ വിഭാഗങ്ങളിൽ പെട്ടവർ OBC (Other Backward Class) എന്ന കാറ്റഗറിയാണ്. OBC വിഭാഗങ്ങളിൽ പെട്ടവർക്ക് സംവരണം കിട്ടണമെങ്കിൽ നോൺ ക്രീമീലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് കിട്ടാനുള്ള അർഹതക്ക് ജോലിക്ക് അപേക്ഷിക്കുന്ന ആളുടെ അപ്പനും അമ്മക്കും കൂടി 15 ഏക്കർ ഭൂമിയിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടുതൽ ആകാനും പാടില്ല. നമ്മുടെ നാട്ടിൽ സർക്കാർ മേഖലയിൽ ഉള്ളവരുടെ വരുമാനം മാത്രമാണ് കൃത്യമായി അറിയാൻ സാധിക്കുന്നത് എന്നതിനാൽ 8 ലക്ഷം രൂപാക്ക് മുകളിൽ സാലറി ഇതര വരുമാനമുള്ളവർ (വൻകിട ബിസിനസ്‌കാർ, NRI കൾ ഉൾപ്പെടെ) എല്ലാവരും നോൺ ക്രീമിലെയർ പട്ടികയിൽ ഉൾപ്പെടും.

നേരിട്ടുള്ള നിയമനം വഴി അ കാറ്റഗറിയിൽ (സിവിൽ സർവീസ്, കോളേജ് പ്രഫസർമാർ, ജഡ്ജസ് etc..) പെട്ട സർക്കാർ ജോലിയിൽ കയറിയിരിക്കുന്ന OBC കാറ്റഗറിയിൽ പെട്ടവർക്ക് എൻട്രി ലെവൽ സാലറി തന്നെ 8 ലക്ഷം രൂപക്ക് മുകളിൽ ഉള്ളതിനാൽ അവരുടെ മക്കൾക്ക് സംവരണത്തിന് അർഹത ഇല്ല. മറ്റു ഗ്രേഡിൽ ഉള്ള ജോലിക്ക് കയറുകയും പ്രൊമോഷൻ വഴിയായി ഉയർന്ന പോസ്റ്റുകളിൽ എത്തി അവരുടെ വാർഷിക സാലറി 8 ലക്ഷം രൂപക്ക് മുകളിൽ ആയാലും സംവരണത്തിന് അർഹത ഉണ്ടാകും. പ്രമോഷൻ വഴി ലഭിക്കുന്ന ശമ്പളം കണക്കിലെടുക്കില്ല എന്ന വിചിത്ര മാനദണ്ഡം മൂലം ക്രീമി ലെയർ സർട്ടിഫിക്കറ്റ് വെറുമൊരു പ്രഹസനമായിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഒബിസി യിലെ ബഹുഭൂരിപക്ഷം ഉയർന്ന വരുമാനക്കാർക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നു.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം കിട്ടണമെങ്കിൽ EWS സർട്ടിഫിക്കറ്റ് ഹാജരാക്കണം. EWS സർട്ടിഫിക്കറ്റിന് അർഹത ഉണ്ടാകണമെങ്കിൽ ജോലിക്ക് അപേക്ഷിക്കുന്ന ആൾക്കും അപ്പനും അമ്മക്കും അയാളുടെ ജീവിത പങ്കാളിക്കും കൂടി 2.5 ഏക്കർ ഭൂമിയിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. മുനിസിപ്പാലിറ്റിയുടെയും കോർപ്പറേഷന്റെയും പരിധിയിൽ താമസിക്കുന്നവർക്ക് ആകെ ഭൂമി യഥാക്രമം 75, 50 സെന്റിൽ കൂടാൻ പാടില്ല. അതിൽ തന്നെ വീടിരിക്കുന്ന ഭൂമി യഥാക്രമം 20, 15 സെന്റിൽ കൂടാനും പാടില്ല. കുടുംബത്തിന്റെ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെ ആയിരിക്കുകയും വേണം.

കേരളത്തിൽ ജനസംഖ്യാ വളർച്ച കുറഞ്ഞ ചില വിഭാഗങ്ങൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം കുറച്ചു ജനസംഖ്യാ വളർച്ച കൂടുതൽ ഉള്ള വിഭാഗത്തിനും, SC / ST ക്കും കൊടുക്കണം എന്ന ആവശ്യവുമായി മുസ്ലിം വിഭാഗത്തിലെ ചില സംഘടനകൾ സുപ്രിം കോടതിയിൽ ഹർജി കൊടുത്തിരുന്നു. സുപ്രിം കോടതി നിർദ്ദേശം അനുസരിച്ചു ആ ഹർജി അവർ കേരള ഹൈക്കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനസംഖ്യ കുറവുള്ള ക്രിസ്ത്യൻ ലാറ്റിൻ വിഭാഗത്തിന്റെയും മറ്റ് ചില ഹിന്ദു വിഭാഗങ്ങളുടെയും സംവരണം കുറച്ചു ജനസംഖ്യ കൂടുതൽ ഉള്ള മുസ്ലിം വിഭാഗത്തിനും SC / ST ക്കും കിട്ടണം എന്നതാണ് കോടതിയിൽ ഹർജിയുമായി പോയിരിക്കുന്നവരുടെ ശരിയായ ഉദ്ദേശം എന്നാണ് മനസ്സിലാക്കേണ്ടത്. കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് ചോദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ നിലപാട് ഏത് രീതിയിൽ വരുമെന്ന് കാത്തിരുന്നു കാണാം.

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP