Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

11 ഫോറസ്റ്റ് കേസിലും ഒരു വധശ്രമകേസ്സിലും പ്രതി; കുറ്റകൃത്യങ്ങൾക്കു ശേഷം പതുങ്ങുന്നത് ചന്ദന റിസർവ്വിന്റെ ഉൾപ്രദേശങ്ങളിൽ; ചന്ദ്രികയെ കൊലപ്പെടുത്താൻ പ്രായ പൂർത്തിയാവാത്ത ഒന്നാം പ്രതിക്ക് തോക്ക് നൽകിയതും വെടിയുതിർക്കാൻ പരിശീലനം നൽകിയതും ബിനുകുമാർ; വിലകൂടിയ ഫോണുകളും പണവും മദ്യവും മറ്റും നൽകി വശീകരിച്ച് കൂട്ടാളികളെ സൃഷ്ടിക്കും; മറയൂർ വീരപ്പൻ കാടിനുള്ളിൽ കാണാമറയത്തു തന്നെ

11 ഫോറസ്റ്റ് കേസിലും ഒരു വധശ്രമകേസ്സിലും പ്രതി; കുറ്റകൃത്യങ്ങൾക്കു ശേഷം പതുങ്ങുന്നത് ചന്ദന റിസർവ്വിന്റെ ഉൾപ്രദേശങ്ങളിൽ; ചന്ദ്രികയെ കൊലപ്പെടുത്താൻ പ്രായ പൂർത്തിയാവാത്ത ഒന്നാം പ്രതിക്ക് തോക്ക് നൽകിയതും വെടിയുതിർക്കാൻ പരിശീലനം നൽകിയതും ബിനുകുമാർ; വിലകൂടിയ ഫോണുകളും പണവും മദ്യവും മറ്റും നൽകി വശീകരിച്ച് കൂട്ടാളികളെ സൃഷ്ടിക്കും; മറയൂർ വീരപ്പൻ കാടിനുള്ളിൽ കാണാമറയത്തു തന്നെ

പ്രകാശ് ചന്ദ്രശേഖർ

മറയൂർ: പാളപ്പെട്ടിക്കുടി ആദിവാസി കോളനിവാസി ചന്ദ്രികയെ വെടിവച്ചുകൊലപ്പെടുത്തിയ കേസ്സിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ചന്ദനംകടത്ത് മാഫിയ തലവൻ ബിനുകുമാറിനെ പിടികൂടാൻ പൊലീസ് നീക്കം ശക്തം. ഇതിനായി മറയൂർ പൊലീസ് കർമ്മപദ്ധതി തയ്യാറാക്കിയതായിട്ടാണ് സൂചന. കഴിഞ്ഞദിവസം വനമേഖലയിൽ ഇയാളെ കണ്ടെത്താൻ ഉദ്യോഗസ്ഥസംഘം നടത്തിയ തിരച്ചിൽ വിഫലമായ പശ്ചാത്തലത്തിലാണ് സർവ്വവിധ സന്നാഹങ്ങളുമായി പൊലീസ് ഇയാൾക്കായി വലവിരിച്ചിട്ടുള്ളത്.

മറയൂർ സി ഐ ജി സുനിലിന്റെ നേതൃത്വത്തിൽ 7 പേരടങ്ങുന്ന പൊലീസ് സംഘവും ഡെപ്യൂട്ടി റെയിഞ്ചറുടെ നേതൃത്വത്തിൽ 8 പേരടങ്ങുന്ന വനംവകുപ്പുസംഘവും സംയുക്തമായി കഴിഞ്ഞ ദിവസം വനമേഖലയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പുലർച്ച കാടുകയറിയ ഉദ്യോഗസ്ഥ സംഘം മലമടക്കുകളും താഴ്‌വരകളും താണ്ടി വനത്തിലുടെ കിലോമീറ്ററുകൾ സഞ്ചരിച്ചെങ്കിലും ഇയാളുടെ ഒളിയിടം കണ്ടെത്താനായില്ല. പാളപ്പെട്ടിക്കടിയിൽ നിന്നും മലയിറങ്ങിയാൽ തമിഴ്‌നാട്ടിലെ മഞ്ഞപ്പെട്ടിയായി. കാട്ടുവഴികളിലൂടെ 10 കിലോമീറ്റർ പിന്നിട്ടാൽ മഞ്ഞപ്പെട്ടിയിലെത്താം. സമീപത്തെ പ്രധാന പട്ടണം ഉടുമൽപ്പേട്ടയാണ്.

ഇതുവരെ ലഭിച്ച സൂചനകൾ പ്രകാരം ബിനുകുമാർ ചന്ദനംകടത്തിയിരുന്നത് തമിഴ്‌നാട്ടിലേയ്ക്കാണെന്നാണ് പൊലീസിന് വ്യക്തമായിട്ടുള്ളത്. ഇവിടുത്തെ ചന്ദനം കടത്ത് മാഫിയയുടെ സഹകരണത്തോടെ ഇയാൾ തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നതിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 11 ഫോറസ്റ്റ് കേസുകളിലും ഒരു വധശ്രമകേസ്സിലും പ്രതിയായ ബിനുകുമാർ താമസിക്കുന്നത് പാളപ്പെട്ടികുടിയിലാണെങ്കിലും കുറ്റകൃത്യങ്ങൾക്കുശേഷം പതുങ്ങുന്നത് സമീപത്തെ ചന്ദന റിസർവ്വിന്റെ ഉൾപ്രദേശങ്ങളിലാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ചന്ദ്രികയെ കൊലപ്പെടുത്താൻ പ്രായപൂർത്തിയാവാത്ത ഒന്നാം പ്രതിക്ക് തോക്ക് നൽകിയതും വെടിയുതിർക്കാൻ പരിശീലനം നൽകിയതും ബിനുകുമാറാണെന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ചന്ദ്രികയുടെ കൊലയുമായി ബന്ധപ്പെട്ട് നിലവിൽ അറസ്റ്റിലായ മൂന്നുപേർ ബിനുകുമാറിന്റെ ചന്ദനംകടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസിന് ലഭിച്ച സൂചനകളിൽ നിന്നും വ്യക്തമായിട്ടുള്ളത്. ചന്ദനം കടത്ത് സംബന്ധിച്ച വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതിന്റെ പേരിൽ നേരെത്തെയും ബിനുകുമാറിന്റെ നേതൃത്വത്തിൽ ആക്രണമുണ്ടായിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ചന്ദ്രിക കൊലക്കേസ്സിലെ പ്രായപൂർത്തിയാവാത്ത മൂന്നാംപ്രതിയുടെ പിതാവ് ശേഖറിനെ വർഷങ്ങൾക്ക് മുമ്പ് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത് ബിനുകുമാറും പിതാവ് പെരിയകുപ്പനും ചേർന്നാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

തലയക്ക് മാരകമായി മുറിവേറ്റ ശേഖർ ഏറെനാളത്തെ ചികത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.സാമാന്യം ഭേദപ്പെട്ട ഒരു കുഴി അന്നത്തെ ആക്രമത്തിന്റെ ബാക്കിപത്രമായി ഇന്നും ശേഖഖറിന്റെ നെറ്റിയിലുണ്ട്്. ഇയാൾ ഇപ്പോഴും ഫോറസ്റ്റർ വാച്ചറായി ജോലിചെയ്തുവരികയാണ്. കേസിന്റെ രണ്ടാംപ്രതി മണികണ്ഠന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ വിലകൂടിയ ടച്ച് ഫോണുകളുടെ 10 കവറുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത്രയും ഫോണുകൾ ഇയാൾ വാങ്ങിക്കൂട്ടിയത് ബിനുകുമാർ പണം നൽകി ചുമതലപ്പെടുത്തിയതിനാലാവാമെന്നാണ് പൊലീസ് കരുതുന്നത്.

വിലകൂടിയ ഫോണുകളും പണവും മദ്യവും മറ്റും നൽകി വശീകരിച്ചാണ് ഇയാൾ ചന്ദനംകടത്തുന്നതിനായി കോളനിവാസികളെ കൂടെചേർക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ചന്ദ്രിക(34) വെടിയേറ്റ് മരിച്ചത്.സംഭവത്തിൽ അറസ്റ്റിലായ 17 കാരനും 16കാരനും ഇവരുടെ കൂട്ടാളിയായ മണികണ്ഠനും(19)പാളപ്പെട്ടി ആദിവാസികോളനിവാസികളാണ്.
പാളപ്പെട്ടികോളനി മേഖലയിൽ വനം-പൊലീസ് ഉദ്യോഗസ്ഥർ അടുത്തകാലത്ത് ഭയപ്പാടോടെയാണ് എത്തിയിരുന്നത്.തോട്ടത്തോക്കുമായി ചന്ദനമാഫിയ സംഘം ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് പതിവായിരുന്നു.മറയൂരിൽ നിന്നും 16 കിലോമാറ്റർ ദൂരമെ ഉള്ളുവെങ്കിലും ഇവിടെ എത്താൻ 2 മണിക്കൂറിലേറെ സമയം വേണ്ടിവരും.

കുറച്ചുദൂരം ജീപ്പിൽപോകാം.പിന്നെ നടപ്പ് മാത്രമാണ് കോളനിയിലെത്തുന്നതിനുള്ള ഏകമാർഗ്ഗം. ഈ സാഹചര്യം ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദനമാഫിയയ്ക്ക് അനുഗ്രഹമായിട്ടുണ്ട് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അക്രമിസംഘത്തിൽ ഉൾപ്പെട്ട മണികണ്ഠനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ചന്ദനംമുറിച്ച് കടത്താൻശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു. ഈ കേസ്സിൽ റിമാന്റിലായിരുന്ന ഇയാൾ രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. തുടർന്ന് തന്നെ കേസ്സിൽകുടുക്കിയ വനംവകുപ്പ് ജീവനക്കാരൻ അശോകനെ വകവരുത്താൻ ഇയാളുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി. തോക്കും ലഭ്യമാക്കിയും ആവശ്യമായ പരിശീലനം നൽകിയും ബിനുകുമാറും ഒപ്പം നിന്നു.

വെള്ളിയാഴ്ച വൈകിട്ട് മണികണ്ഠനും പ്രായപൂർത്തിയാവാത്ത 2 പേരും അടങ്ങുന്ന സംഘം അശോകനെത്തേടി ചന്ദനറിസർവ്വ് മേഖലയിൽ തിരച്ചിൽ തുടങ്ങി. രാത്രിവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് തന്നെ കേസിൽ കുടുക്കിയ അശോകനുമായി ചന്ദ്രികയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തിൽ ഇവർക്ക് നേരെ സംഘത്തിലെ 17 കാരൻ പിൻകഴുത്തിൽ നിറയൊഴിച്ചത്. ഇവർ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. കൃഷിചെയ്തിരുന്ന പഞ്ഞപ്പുല്ലിന് രാത്രി കാവൽകിടക്കുന്ന ആറംഗസംഘത്തിനൊപ്പം വീടിന് സമീപമുള്ള ഷെഡിലായിരുന്ന ചന്ദ്രികയെ തേടിച്ചെന്നാണ് കുട്ടികൊലയാളി വെടിവച്ചുവീഴ്‌ത്തിയത്.

ഇവർക്കുനേരെ വെടിയുതിർത്തശേഷം അക്രമിസംഘം ഓടിമറഞ്ഞു.സംഭവമറിഞ്ഞ് രാത്രി 11.30 തോടടുത്ത് മറയൂർ പൊലീസ് സ്ഥലത്തെത്തി.വ്യാപകമായി നടത്തിയ തിരച്ചിലിൽ സംഭവത്തിലുൾപ്പെട്ട മൂവരെയും കസ്റ്റഡിയിലെടുത്തു.കൃത്യത്തിന് ശേഷം സംഭവനടന്ന സ്ഥലത്തിന് സമീപം വനത്തിലുപേക്ഷിച്ച തോക്കും പൊലീസ് കണ്ടെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP