Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1965-ൽ ടികെ ഡാനിയേൽ വകയാറിൽ ആരംഭിച്ച ചിട്ടിക്കമ്പനിയും സ്വർണ്ണ പണയ സ്ഥാപനവും; മകൻ നേതൃത്വം ഏറ്റെടുത്തതോടെ പോപ്പുലർ ഫിനാൻസും പോപ്പുലർ എക്‌സ്‌പോർട്‌സും പോപ്പുലർ ഡീലേഴ്‌സും പോപ്പുലർ മിനി ഫിനാൻസും പോപ്പുലർ പ്രിന്റേഴ്‌സും ആയി വളർന്നു; 2000 കോടിയുടെ നിക്ഷേപവുമായി തോമസും ഭാര്യ പ്രഭയും മുങ്ങി; പിന്നെ പതിവു പോലെ പാപ്പർ ഹർജിയും: പോപ്പുലർ ഫിനാൻസും വഞ്ചകരാകുമ്പോൾ

1965-ൽ ടികെ ഡാനിയേൽ വകയാറിൽ ആരംഭിച്ച ചിട്ടിക്കമ്പനിയും സ്വർണ്ണ പണയ സ്ഥാപനവും; മകൻ നേതൃത്വം ഏറ്റെടുത്തതോടെ പോപ്പുലർ ഫിനാൻസും പോപ്പുലർ എക്‌സ്‌പോർട്‌സും പോപ്പുലർ ഡീലേഴ്‌സും പോപ്പുലർ മിനി ഫിനാൻസും പോപ്പുലർ പ്രിന്റേഴ്‌സും ആയി വളർന്നു; 2000 കോടിയുടെ നിക്ഷേപവുമായി തോമസും ഭാര്യ പ്രഭയും മുങ്ങി; പിന്നെ പതിവു പോലെ പാപ്പർ ഹർജിയും: പോപ്പുലർ ഫിനാൻസും വഞ്ചകരാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പ്രവർത്തനം സ്തംഭിച്ച പോപ്പുലർ ഫിനാൻസ്, സബ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്യുമ്പോൾ വെട്ടിലാകുന്ന് നൂറു കണക്കിന് നിക്ഷേപകർ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും. 2000 കോടിയോളം രൂപയാണ് ഈ സ്ഥാപനം പലരിൽ നിന്നായി നിക്ഷേപം വാങ്ങിയത്. ഇവരെ വെട്ടിലാക്കുന്നതാണ് നടപടി. അതിനിടെ ഉടമകളെ കണ്ടെത്താൻ പൊലീസ് ഒന്നും ചെയ്യുന്നുമില്ല. അതിനിടെ പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി പത്തനംതിട്ട ജില്ലാപൊലീസ് മേധാവി കെജി സൈമൺ അറിയിച്ചു.

പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്‌സ്പോർട്സ്, പോപ്പുലർ ഡീലേഴ്‌സ്, മാനേജിങ് പാർട്‌നർ തോമസ് ഡാനിയേൽ, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്‌സ് എന്നീ പേരിലാണ് പാപ്പർ ഹർജി നൽകിയത്. ഹർജി കോടതി അംഗീകരിച്ചാൽ രാജ്യത്തെ നിയമ നടപടികളിൽ നിന്ന് സ്ഥാപന ഉടമകൾക്ക് സംരക്ഷണം ലഭിക്കും. സ്ഥാപനത്തിന്റെ സ്വത്തുവകകൾ ജപ്തി ചെയ്തു നിക്ഷേപകർക്ക് കോടതി വഴി തുക വിതരണം ചെയ്യും. ഇതിനിടെ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ എന്ന റോയിക്കെതിരെ ജില്ലാ പൊലീസ് തിരച്ചിൽ (ലുക്ക് ഔട്ട്) നോട്ടിസ് ഇറക്കി. വിദേശത്തേക്കു കടക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണിത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും തിരച്ചിൽ നോട്ടിസ് നൽകിയിട്ടുണ്ട്.

1965-ൽ ടി.കെ. ഡാനിയേൽ എന്നയാൾ വകയാറിൽ ആരംഭിച്ച ചിട്ടിക്കമ്പനിയാണ് പോപ്പുലർ ഫിനാൻസ് എന്ന പേരിൽ വളർന്നത്. ചിട്ടിക്കമ്പനിക്കൊപ്പം സ്വർണം പണയത്തിന്മേൽ വായ്പകളും നൽകിയിരുന്നു. പിതാവിന് പിന്നാലെ മകൻ തോമസ് ഡാനിയേൽ എന്ന റോയ് ഡാനിയേൽ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ സ്വർണപണ്ട പണയത്തിന് പുറമേ പലമേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. നിലവിൽ കേരളത്തിന്റെ വിവിധയിടങ്ങളിലായി 274 ബ്രാഞ്ചുകളാണ് ഈ കമ്പനിക്കുള്ളത്. ഇത്രയും വലിയ നെറ്റ് വർക്കുള്ള കമ്പനിയാണ് പൊളിയുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപം തട്ടിയെടുത്തതാണെന്ന ആരോപണവും അതിശക്തമാണ്. ബിനാമി പേരുകളിൽ ഇത് മാറ്റിയിട്ടുണ്ടാകാമെന്നാണ് ഉയരുന്ന സംശയം. ചിട്ടിതട്ടിപ്പിൽ തടുങ്ങി വൻ കമ്പനിയായി മാറിയ പോപ്പുലറിന്റെ തകർച്ചയ്ക്ക് പിന്നിൽ കള്ളക്കളികളുണ്ടെന്നാണ് സംശയം. വീടുപണി, വിവാഹം, വാർദ്ധക്യകാലത്തെ വരുമാനം എന്നീ ലക്ഷ്യങ്ങൾ വച്ചാണ് പലരും പണം നിക്ഷേപിച്ചത്. എന്നാൽ കമ്പനി ഉടമകൾ വഞ്ചിച്ചതോടെ ഇവരെല്ലാം നിരാശരാണ്.

ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ച കമ്പനി കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കിനൽകാതായതോടെയാണ് പരാതികൾ ഉയർന്നുവന്നത്. ഒന്നും രണ്ടും പരാതികൾ ദിവസങ്ങൾ പിന്നിട്ടപ്പോൾ നൂറിനടുത്തായി. ഇതോടെ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായ തോമസ് ഡാനിയൽ, ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമായ പ്രഭ ഡാനിയേൽ എന്നിവർ മുങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പരാതി വന്നതാടെ കോന്നി പൊലീസ് സ്റ്റേഷനിലാണ് ആദ്യം ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. കേരളത്തിലും പുറത്തും വിദേശ മലയാളികൾക്കുമായി 1600-ന് മേൽ നിക്ഷേപകർക്ക് പണം കൊടുക്കാനുള്ളതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 100 പേർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 60 പേർ പരാതി അറിയിച്ചു.

നാലു വർഷമായി ബാങ്കിന്റെ പ്രവർത്തനം കുത്തഴിഞ്ഞരീതിയിൽ ആയിരുന്നു. ഉടമകൾ രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ തുക നിക്ഷേപമായി നൽകിയവരാണ് നിലവിൽ പരാതിയുമായി പൊലീസിനെ ആശ്രയിച്ചിരിക്കുന്നത്. കോന്നിക്ക് പുറമേ പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, മാന്നാർ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലും പരാതികൾ കിട്ടിയിട്ടുണ്ട്. വൻ തുക നിക്ഷേപിച്ചവർ ഇപ്പോഴും മൗനം പാലിക്കുകയാണ്. വകയാറിലെ ഹെഡ് ഓഫീസ് അടഞ്ഞുകിടക്കുമ്പോഴും ബ്രാഞ്ചുകൾ പലയിടത്തും തുറക്കുന്നുണ്ട്. നിക്ഷേപകർ അവിടെയെത്തി ബഹളമുണ്ടാക്കുന്നു. ബ്രാഞ്ച് മാനേജർമാർ കേസിൽ കുടുങ്ങുമോ എന്ന ഭീതിയിലാണ്. ഇവർ മുൻകൈയെടുത്തതുകൊണ്ടാണ് ബ്രാഞ്ചുകളിൽ പലരും വൻ തുക നിക്ഷേപിച്ചത്.

അതിനിടെ വിശദമായ റിപ്പോർട്ട് കോടതിക്ക് നൽകുമെന്നും നിലവിലെ അന്വേഷണസംഘം വിപുലീകരിച്ചതായും ജില്ലാപൊലീസ് മേധാവി പറഞ്ഞു. ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ടു ക്രിമിനൽ കേസ് ആണ് രജിസ്റ്റർ ചെയ്തത്. അടൂർ ഡിവൈ.എസ്‌പി. ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പുതിയസംഘം കേസുകൾ അന്വേഷിക്കുമെന്നും ജില്ലാപൊലീസ് മേധാവി അറിയിച്ചു. അതിനിടെ സാമ്പത്തിക ക്രമക്കേട് നടത്തിയ ശേഷം മാറിനിൽക്കുന്ന പോപ്പുലർ ഫിനാൻസ് എം.ഡിയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് പറഞ്ഞു. നിക്ഷേപകരെ സഹായിക്കാൻ ബിജെപി. സഹായകേന്ദ്രം തുറക്കും.

നിക്ഷേപകരുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം 420 പ്രകാരം സ്ഥാപനത്തിനും ഉടമയ്ക്കും എതിരെ വഞ്ചനക്കേസ് ചുമത്തിയതായി ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. 2000 കോടി രൂപ നിക്ഷേപമായി ബാങ്കിന്റെ വിവിധ ശാഖകളിൽ ഉണ്ടെന്നാണ് പൊലീസിന്റെ കണക്ക്. പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ച കൂടുതൽ പേർ പൊലീസിൽ പരാതി നൽകി. 42 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കാണിച്ച് ചങ്ങനാശേരി സ്വദേശി പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് 2 ലക്ഷം മുതൽ 4 ലക്ഷം വരെ നഷ്ടപ്പെട്ടതായി ഈസ്റ്റ്, വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ നിക്ഷേപകർ പരാതി നൽകിയത്.

4 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഒരു നിക്ഷേപകൻ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ വെസ്റ്റ് സ്റ്റേഷനിൽ 3 പേരാണ് പരാതി നൽകിയത്. 2 മുതൽ 4 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇവരുടെ പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP