Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് കാലത്ത് ഇതാ ഒരു നല്ല വാർത്ത; പോളിയോയിൽ നിന്ന് സമ്പൂർണ്ണ വിമുക്തി നേടി ആഫ്രിക്കയും; നൈജീരിയിൽ ബോക്കോ ഹറാം തീവ്രവാദികൾ നിരവധി ആരോഗ്യപ്രവർത്തകരെ വെടിവെച്ച് കൊന്നിട്ടും പിന്മാറാതെ അവർ വിജയം നേടി; ഭൂമിയിൽ ഇനി പോളിയോ അവശേഷിക്കുന്നത് പാക്കിസ്ഥാനിലും, അഫ്ഗാനിലും മാത്രം; രണ്ടു രാജ്യങ്ങളിൽ നിന്നുമായി ഈ വർഷം റിപ്പോർട്ടു ചെയ്യപ്പെട്ടത് 102 കേസുകൾ; ഇസ്ലാമിക മൗലികവാദികൾ ലോകജനതയുടെ ആരോഗ്യത്തിനും ഭീഷണിയാവുമ്പോൾ

കോവിഡ് കാലത്ത് ഇതാ ഒരു നല്ല വാർത്ത; പോളിയോയിൽ നിന്ന് സമ്പൂർണ്ണ വിമുക്തി നേടി ആഫ്രിക്കയും; നൈജീരിയിൽ ബോക്കോ ഹറാം തീവ്രവാദികൾ നിരവധി ആരോഗ്യപ്രവർത്തകരെ വെടിവെച്ച് കൊന്നിട്ടും പിന്മാറാതെ അവർ വിജയം നേടി; ഭൂമിയിൽ ഇനി പോളിയോ അവശേഷിക്കുന്നത് പാക്കിസ്ഥാനിലും, അഫ്ഗാനിലും മാത്രം; രണ്ടു രാജ്യങ്ങളിൽ നിന്നുമായി ഈ വർഷം റിപ്പോർട്ടു ചെയ്യപ്പെട്ടത് 102 കേസുകൾ; ഇസ്ലാമിക മൗലികവാദികൾ ലോകജനതയുടെ ആരോഗ്യത്തിനും ഭീഷണിയാവുമ്പോൾ

എം റിജു

മോദി-ആർഎസ്എസ് വാക്സിനേഷൻ! എം ആർ വാക്സിനേഷൻ എന്ന മീസൽസ് റൂബെല്ല വാക്സിനേഷൻ വ്യാപകമായപ്പോൾ ഈ പ്രബുദ്ധകേരളത്തിൽ പോലും ഒരു വിഭാഗം കുബുദ്ധികൾ ഉയർത്തിയ പുകമറ അതായിരുന്നു. മോദിയും ആർഎസ്എസും ചേർന്ന് മുസ്ലിം ജനസംഖ്യ കുറക്കുന്നതിനായി ഉണ്ടാക്കിയെടുത്തതാണ് ഈ വാക്സിൻ എന്നും, അത് മുസ്ലിം സ്ത്രീകളെ വന്ധ്യംകരിക്കുമെന്നുമായിരുന്നു ചില ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പുകളും, ചില കപട ശാസ്ത്ര പ്രചാരകരും അടിച്ചവിട്ടത്. മുസ്ലിം ജനസംഖ്യ നിയന്ത്രിക്കാനായി ബിൽഗേറ്റ്സും ശ്രമിക്കുന്നുണ്ടെന്നായി ആരോപണം.

ഇങ്ങനെ പ്രചാരണം കൊഴുത്തതോടെ, ഇടക്കാലത്ത് കേരളത്തിൽ വാക്സിൻ നൽകാൻ എത്തിയ ആരോഗ്യ പ്രവർത്തകർക്ക് മർദനമേറ്റ സംഭവം പോലുമുണ്ടായി. പക്ഷേ ഈ കുബുദ്ധികളിൽ ചിലർക്കെതിരെ നിയമ നടപടിയെടുത്തും ശക്തമായ ബോധവത്ക്കരണ നടപടികൾ എടുത്തും കേരളത്തിലെ സർക്കാറിന് ഈ പ്രചാരണം തടയാൻ ആയി. പക്ഷേ അപ്പോഴേക്കും നമ്മൾ നിർമ്മാർജനം ചെയ്ത രോഗങ്ങൾ തിരിച്ചുവരുന്ന ഞെട്ടിക്കുന്ന അവസ്ഥയുണ്ടായി. ഡിഫ്ത്തീരയ ബാധിച്ച് മലപ്പുറത്ത് നാല് ചെറുപ്പക്കാർ മരിച്ചു. അതോടെയാണ് ശരിക്കും വാക്സിൻ വിരുദ്ധ കാമ്പയിനെതിരെ കേരളത്തിന്റെ മനസാക്ഷി ഉയർന്നത്. കുത്തുവാക്കുകളും തെറികളും കേട്ടിട്ടും പതറാതെ വാക്സിൻ കാമ്പയിനുമായി മുന്നോട്ടുപോയ ആരോഗ്യ പ്രവർത്തകരെ നമുക്ക് അഭിവാദ്യം ചെയ്യാം. കേരളത്തെ വലിയ ഒരു വിപത്തിൽനിന്ന് രക്ഷപ്പെടുത്തിയത് അവരാണ്.

കേരളത്തിലേത് ഒറ്റപ്പെട്ട കാര്യമല്ല. ലോകമെമ്പാടുമുള്ള ഇസ്ലാമിക മതമൗലികവാദികൾ ഇതേ ട്രാക്കിലാണ് പിടിക്കുന്നത്. ആഫ്രിക്കയുടെ അനുഭവം അതാണ് തെളിയിക്കുന്നത്. കോവിഡ് എന്ന മരുന്നില്ലാ മഹാമാരിയെ ലോകം നേരിടുന്ന ഇക്കാലത്ത്, ആഫ്രിക്കയിൽനിന്ന് ഒരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കയാണ്. നെൽസൺ മണ്ടേലയുടെ ഒരു സ്വപനം കൂടി പൂവണിഞ്ഞു. ആഫ്രിക്കയിൽ, കുട്ടികൾ ഇഴഞ്ഞ് സ്‌കൂളുകളിലേക്ക് വന്നിരുന്ന ആ പോളിയോക്കാലം എന്നേക്കുമായി അവസാനിക്കണം എന്നായിരുന്നു മണ്ടേലയുടെ സ്വപ്നം. ഇപ്പോഴിതാ ആഫ്രിക്കയും സമ്പൂർണ്ണ പോളിയോ വിമുക്തമായിരിക്കയാണ്. കേരളത്തിലടക്കം ഉണ്ടായ അതേ കുപ്രചാരണങ്ങൾ അതിജീവിച്ച്, ബോക്കോഹറാം എന്ന തീവ്രാവാദികളുടെ തോക്കുകൾക്ക് മുന്നിൽ വെള്ളക്കെടി വീശിയെത്തിയ ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരുടെ വിജയമാണത്. മരുന്നില്ലാത്ത കോവിഡിനെയും വാക്സിനേഷേൻ വഴി മനുഷ്യന് പിടിച്ചുകെട്ടാം എന്നതിന്റെ ഉത്തമ ഉദാഹരണവുമാണ് ഇത്.

അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് പോളിയോ പ്രധാനമായും ബാധിക്കുക. രോഗംവന്നാൽ പിന്നെ ചികിത്സയില്ല. ശ്വസനപേശികളെ ബാധിച്ചാൽ മരണംവരെ സംഭവിക്കാം.മൂന്നുതരം പോളിയോവൈറസുകളുള്ളതിൽ രണ്ടെണ്ണവും നേരത്തേ നിർമ്മാർജനംചെയ്തു. ആഫ്രിക്കയിൽ 95 ശതമാനത്തിലധികംപേർക്കും കുത്തിവെപ്പ് നടത്തിയാണ് നിർമ്മാർജനം സാധ്യമായത്.ഭൂഖണ്ഡത്തെ വൈൽഡ് പോളിയോയിൽ നിന്ന് മുക്തമാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ആഫ്രിക്കൻ റീജിയണൽ സർട്ടിഫിക്കേഷൻ കമ്മീഷൻ നിശ്ചയിച്ച വ്യവസ്ഥകളിലൊന്നാണിത്.

ഇനി ലോകത്ത് പോളിയോ രോഗം നിലനിൽക്കുന്നത് പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമാണ്. രണ്ടു രാജ്യങ്ങളിൽ നിന്നുമായി ഈ വർഷം റിപ്പോർട്ടു ചെയ്യപ്പെട്ടത് 102 കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. അവിടം കൂടി പോളിയോ വിമുക്തമായാൽ ഇന്ത്യയിലും ഈ വാക്സിനേഷൻ നിർത്താമായിരുന്നു. പക്ഷേ മതമൗലിക വാദികൾ അവിടെയും വാക്സിനേഷനെ എതിർക്കുകയാണ്.

നടപ്പിലായത് മണ്ടേലയുടെ സ്വപ്നം

ആരോഗ്യ പ്രവർത്തകർ രക്തം ചിന്തി നേടിയ വിജയം. ആഫ്രിക്കൻ ഭൂഖണ്ഡം പോളിയോ വിമുക്തമാവുമ്പോൾ ലോക മാധ്യമങ്ങൾ അതിനെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കാരണം തീവ്രാദികളുടെ തോക്കിനിന് ഇരയായത് നിരവധി ആരോഗ്യ പ്രവർത്തകരാണ്. അവർ ചെയ്ത കുറ്റം വാക്സിൻ പ്രചരിപ്പിച്ചുവെന്നതാണ്.

കോവിഡ് കാലത്തും ലോകം ആഘോഷിക്കയാണ്. ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ ഇക്കാര്യത്തിൽ മുഴുവൻ ക്രഡിറ്റും കൊടുക്കുന്നത് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനം കാഴ്ച വെച്ച ആരോഗ്യ പ്രവർത്തകർക്കാണ്. 1996 ൽ ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ് നെൽസൺ മണ്ഡേലയാണ് ആഫ്രിക്കയിൽനിന്നു പോളിയോഭീതി അകറ്റാനുള്ള ശ്രമം തുടങ്ങിയത്. 1996-ൽ പോളിയോവൈറസ് ഭൂഖണ്ഡത്തിലുടനീളം 75,000ത്തിലധികം കുട്ടികളെയാണ് തളർത്തിയത് എന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്. ഓരോ രാജ്യത്തെയും ബാധിച്ചു. ആ വർഷം നെൽസൺ മണ്ടേല 'കിക്ക് പോളിയോ ഓഫ് ആഫ്രിക്ക' പരിപാടി ആരംഭിച്ചു. ഗ്രാമത്തിൽ നിന്ന് ഗ്രാമത്തിലേക്ക് പോയ ദശലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരെ വാക്സിനുകൾ കൈമാറാൻ അണിനിരത്തി.1980 മുതൽ പോളിയോ വാക്സിനേഷൻ ഡ്രൈവിന് നേതൃത്വം നൽകിയ റോട്ടറി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ഇതിനെ പിന്തുണച്ചത്.

മറ്റെല്ലാ രാജ്യങ്ങളും ഏതാണ്ട് സഹകരിച്ചിട്ടും വിട്ടുനിന്നത് നൈജീരിയ മാത്രമാണ്. ഒടുവിൽ നൈജീരിയയും സമ്മതിച്ചതോടെയാണ് ആഫ്രിക്കയുടെ നേട്ടം പൂർണമായത്. കേരളത്തിൽ പ്രചരിപ്പിക്കപ്പെട്ട അതേ കാരണങ്ങൾ കൊണ്ടുതന്നെ വാക്സിനേഷനിൽനിന്ന് വിട്ടുനിൽക്കയായിരുന്നു നൈജീരിയയിലെ ഒരു വിഭാഗം. ബോക്കോ ഹറാം തീവ്രാവാദികളും പ്രചരിപ്പിച്ചിരുന്നത്, മുസ്ലിം സ്ത്രീകളെ വന്ധ്യംകരിക്കാനുള്ള അമേരിക്കയുടെ ഗൂഢാലോചനയാണ് ഇതെന്നായിരുന്നു. എന്നാൽ നീണ്ട ചർച്ചകളിലൂടെ ഈ മനോഭാവം മാറ്റിയെടുക്കാൻ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞു. നൈജീരിയുടെ വടുക്കു കിഴക്കൻ മേഖലയിൽ പ്രബലരായ ബോക്കോ ഹറാം തീവ്രാവാദികൾ നിരവധി തവണ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചിച്ച് കൊലപ്പെടുത്തിയിരുന്നു. പലപ്പോഴും തങ്ങളെ തകർക്കാൻ എത്തിയ ചാരന്മ്മാരാണ് എന്നുവരെ അവരുടെ സംശയം നീണ്ടു.

തീവ്രവാദികൾ  വെടിവെച്ചു കൊന്നത് നിരവധി ആരോഗ്യ പ്രവർത്തകരെ

ബോക്കോ ഹറാമുമായുള്ള പോരാട്ടം ശക്തമായായ നൈജീരിയയുടെ ചില ഭാഗങ്ങൾ എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ബൊർനോ സംസ്ഥാനം .20 ലക്ഷത്തിലധികം ആളുകൾ ഇവിടെനിന്ന് നിന്ന് പലായനം ചെയ്തു. എന്നിട്ടും ആരോഗ്യ പ്രവർത്തകർ അവരെ തേടിയെത്തി. ചാഡ് തടാകം പോലുള്ള സംഘർഷ പ്രദേശങ്ങളിൽ ബോട്ട് വഴി സഞ്ചരിക്കാനും വിദൂര സമൂഹങ്ങൾക്ക് വാക്സിനുകൾ എത്തിക്കാനും അവർ ഉൽസാഹം കാട്ടി.

വാക്‌സിനിനെക്കുറിച്ചുള്ള വ്യാപകമായ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും രോഗപ്രതിരോധ ശ്രമങ്ങളെ മന്ദഗതിയിലാക്കി. ഇത് അമേരിക്കൻ ഗൂഢാലോചനയാണെന്ന് പ്രചാരണം വന്നതോടെ 2003-ൽ കാനോയും മറ്റ് നിരവധി വടക്കൻ സംസ്ഥാനങ്ങളും പ്രതിരോധ കുത്തിവയ്‌പ്പുകൾ നിർത്തിവച്ചു. നൈജീരിയൻ ശാസ്ത്രജ്ഞരുടെ ലബോറട്ടറി പരിശോധനയിൽ ആരോപണം തള്ളിക്കളഞ്ഞു. അടുത്ത വർഷം വാക്സിൻ പ്രചാരണം പുനരാരംഭിച്ചെങ്കിലും അഭ്യൂഹങ്ങൾ തുടർന്നു. കാനോയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ബോക്കോ ഹറാം നടത്തിയ രണ്ട് വെടിവയ്പുകളിൽ 2013 ൽ ഒമ്പത് സ്ത്രീ പോളിയോ വാക്സിനേറ്റർമാർ കൊല്ലപ്പെട്ടത് ലോകത്തെ നടുക്കി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഈ സമയത്ത് നിരവധി ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. പക്ഷേ എന്നിട്ടും ഈ മനുഷ്യസ്നേഹികൾ പിന്മാറാൻ കൂട്ടാക്കിയില്ല. വെടിയുണ്ടകളിൽ പതറാതെ അവർ ബോധവത്ക്കരണം തുടർന്നു.

അതിനിടെ ബോക്കോ ഹറാമിന്റെ മനുസ്സുമാറ്റിയ മറ്റൊരു സംഭവം ഉണ്ടായി. അവുടെ കുട്ടികളിലും പോളിയോ എടർന്നു. നൈജീരിയയുടെ വിദൂര വടക്കുകിഴക്കൻ ഭാഗത്തുള്ള ബോർനോ സംസ്ഥാനത്ത്, 2016 ൽ ബോക്കോ ഹറാം കലാപത്തിന്റെ പ്രഭവകേന്ദ്രമായ വൈൽഡ് പോളിയോ റിപ്പോർട്ട് ചെയ്തു. അതോടെയാണ് ഇവരുടെ മനസ്സുമാറിയതെന്നും ബിബിസിയടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ആളുകളെ മനസ്സുമാറ്റിയതിൽ അതിജീവിച്ചവരുടെ പങ്ക് നിർണായകമാണെന്ന് നൈജീരിയൻ പോളിയോ സർവൈവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മിസ്ബാഹു ലോവാൻ ദിദി പറയുന്നു. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. 'എന്റെ മകന് പോളിയോ പിടിപെടുന്നതുവരെ പ്രതിരോധ കുത്തിവയ്‌പ്പുകളെ എതിർത്ത വ്യക്തിയായിരുന്നു ഞാൻ. ആ അനുഭവം ഞാൻ അവരോട് പങ്കുവെച്ചു. പലരും പോളിയോ വാക്സിൻ നിരസിച്ചു, പക്ഷേ അവരുമായി സംസാരിക്കാൻ ഞങ്ങൾ അത്രമാത്രം കഷ്ടപ്പെട്ടു. എന്നിട്ടും വലിയ ദൂരം സഞ്ചരിച്ച്, അവരോട് സംസാരിക്കാൻ ഞങ്ങൾ പോയി. 'നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നത് പ്രധാനമാണെന്ന് നിങ്ങൾ കരുതുന്നില്ലേ, ഞങ്ങളുടെ കുട്ടികളെ പോലെ ആക്കരുത് അവരെ' എന്നു പറയും.പോളിയോ അതിജീവിച്ചവർ മുതൽ പരമ്പരാഗത മത നേതാക്കൾ, സ്‌കൂൾ അദ്ധ്യാപകർ, മാതാപിതാക്കൾ, സന്നദ്ധപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി വലിയൊരു കൂട്ടായ്മ നാട്ടിൽ ഉണ്ടായി.'- അദ്ദേഹം വ്യക്തമാക്കി.

എന്താണ് പോളിയോ രോഗം?

പ്രധാനമായും ചെറിയ കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് പോളിയോ മയലറ്റിസ്. പിള്ളവാതം എന്നും ഇത് അറിയപ്പെടുന്നു. പനി, ഛർദി, വയറിളക്കം, പേശീവേദന എന്നിവയാണ് പോളിയോയുടെ പ്രധാന ലക്ഷണങ്ങൾ. കുഞ്ഞുങ്ങളുടെ മരണത്തിനോ അവർക്ക് സ്ഥിരമായി അംഗവൈകല്യമുണ്ടാകാനോ ഇത് കാരണമാകാം.

പോളിയോ വൈറസ് ആണ് രോഗകാരി. ടൈപ്പ് 1, 2, 3 എന്നിങ്ങനെ മൂന്നു തരത്തിലുള്ള വൈറസുകളുണ്ട്. ഇവ കുടലുകളിലാണ് കാണപ്പെടുന്നത്. അവ അവിടെ പെരുകുകയും തുടർന്ന് കേന്ദ്രനാഡീവ്യൂഹം, മാംസപേശികൾ, ഞെരമ്പുകൾ എന്നിവയെ ബാധിക്കുകയുമാണ് ചെയ്യുന്നത്. കുടലുകളിൽ പെരുകുന്ന പോളിയോ വൈറസ് മലത്തിലൂടെ പുറത്തുവന്ന് വെള്ളത്തിൽ കലരുമ്പോൾ ആ രോഗാണുക്കൾ പരിസരമാകെ വ്യാപിക്കും. അതിനാൽ ശുചിത്വക്കുറവും തുറസ്സായ സ്ഥലങ്ങളിലെ മലവിസർജനവും രോഗവ്യാപനത്തിന് കാരണമാകും. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് പകരുന്നത്.

ലോകത്തെ പോളിയോ വിമുക്തമാക്കുക എന്നതായിരുന്നു ലക്ഷ്യത്തോടെ 1988 ലാണ് ആഗോള പോളിയോ നിർമ്മാർജന പരിപാടി(ഗ്ലോബൽ പോളിയോ ഇറാഡിക്കേഷൻ ഇനിഷ്യേറ്റീവ്) ആരംഭിച്ചത്. ആ സമയത്ത് ലോകത്താകമാനമായി ഓരോ ദിവസവും ആയിരത്തിലധികം കുട്ടികളാണ് പോളിയോ ബാധിച്ച് തളർച്ച നേരിട്ടുകൊണ്ടിരുന്നത്. ടൈപ്പ് 1,2,3 എന്നിങ്ങനെയുള്ള മൂന്നുതരം രോഗാണുക്കളാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ, ആഗോള പോളിയോ നിർമ്മാർജന പരിപാടിയെത്തുടർന്ന് 1999 ന് ശേഷം ലോകത്ത് എവിടെയും ടൈപ്പ് 2 വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് നിർമ്മാർജനം ചെയ്തതായി 2015 സെപ്റ്റംബറിൽ പ്രഖ്യാപിച്ചു. ടൈപ്പ് 3 വൈറസ് 2012 നവംബറിലാണ് അവസാനമായി റിപ്പോർട്ട് ചെയ്തത്. ഇത് നിർമ്മാർജനം ചെയ്തതായി 2019 ഒക്ടോബറിലും പ്രഖ്യാപിച്ചു.

വാക്സിൻ സുരക്ഷിതമോ; അതോ ഗൂഢാലോചനയോ?

പോളിയോ വാക്സിനെ കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അത് പുർണ്ണമായും സുരക്ഷിതമാണ്. ഒരു ഗൂഢാലോചനയും ആർക്കും ആരോപിക്കാൻ കഴിയില്ല. ഇപ്പോൾ കോവിഡ് വാക്സിൻ വൈകുന്നത് തന്നെ നോക്കുക. നിരവധി തവണ ക്ലിനക്കൽ ട്രയലുകൾ നടത്തി പറയത്തക്ക പാർശ്വഫലങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയാണ് ഇവ പുറത്തിറക്കുക. പോളിയോ പ്രതിരോധകുത്തിവെപ്പ് വളരെ സുരക്ഷിതമാണെന്ന് നിരവധി പഠനങ്ങൾ തെളിയിട്ടിച്ചിട്ടുണ്ട്. കുത്തിവെപ്പെടുത്ത ശരീരഭാഗത്ത് നേരിയ ചുവന്ന നിറമോ, ചെറിയ വേദനയോ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നതുപോലും ശാസ്ത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

രോഗം ബാധിച്ചാൽ കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിൻ വഴി മാത്രമേ രോഗത്തെ തടയാനാകൂ. ഫിസിയോതെറാപ്പിയിലൂടെയും മറ്റും കുറച്ച് ആശ്വാസം നൽകാമെന്നല്ലാതെ രോഗം ഭേദമാക്കാനാവില്ല. പോളിയോ വാക്‌സിൻ രണ്ടുതരത്തിലുണ്ട്. കുത്തിവെക്കുന്ന തരത്തിലുള്ളതും (ഐ.പി.വി.), വായിലൂടെ തുള്ളിമരുന്നായി (ഒ.പി.വി.) നൽകുന്നതും.

ഐ.പി.വി.-പോളിയോ വൈറസുകളെ കൊന്ന് അവയുടെ സ്‌ട്രെയിനിൽ നിന്നും തയ്യാറാക്കുന്നതാണ് ഐ.പി.വി. അഥവ ഇനാക്ടിവേറ്റഡ് പോളിയോ വാക്‌സിൻ. 1955 ൽ ഡോ. ജോനാസ് സാൽക്ക് ആണ് ഇത് വികസിപ്പിച്ചത്. ഇനാക്ടീവേറ്റഡ് (ചത്ത പോളിയോ വൈറസ് അടങ്ങിയ) കുത്തിവെക്കുന്ന പോളിയോ വാക്‌സിൻ (ഐ.പി.വി.) ആയിരുന്നു അത്. ഇത് പരിശീലനം നേടിയ ആരോഗ്യപ്രവർത്തകർക്ക് മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. ജീവനുള്ള പോളിയോ വൈറസുകളെ അവയുടെ ശക്തികുറച്ച് അഥവാ ദുർബലപ്പെടുത്തിയാണ് (attenuated) ഒ.പി.വി.(ഓറൽ പോളിയോ വാക്‌സിൻ) തയ്യാറാക്കുന്നത്. ഇതാണ് പൾസ് പോളിയോ ദിനത്തിൽ തുള്ളിമരുന്നായി നൽകുന്നത്. ടൈപ്പ് 1,3 എന്നീ പോളിയോ വൈറസ് സ്‌ട്രെയിനുകളിൽ നിന്നാണ് ഈ വാക്‌സിൻ തയ്യാറാക്കുന്നത്. ഇവ രണ്ടു തുള്ളിയാണ് വായിൽ ഇറ്റിച്ചു നൽകുക. ഇവ നൽകാൻ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകർ വേണമെന്നില്ല. വിദഗ്ധരുടെ മേൽനോട്ടത്തിൽ ഹെൽത്ത് വളണ്ടിയർമാർക്ക് നൽകാം. ചെലവ് കുറഞ്ഞതും പാർശ്വഫലങ്ങൾ ഇല്ലാത്തതും കൂടുതൽ ഫലപ്രദവും നൽകാൻ എളുപ്പവുമാണ് തുള്ളിമരുന്ന് രീതിയിലുള്ള വാക്‌സിൻ. 1961ൽ ഡോ. ആർബർട്ട് സാബിൻ ആണ് ഇത്തരത്തിൽ ജീവനുള്ള ഓറൽ പോളിയോ വാക്‌സിൻ വികസിപ്പിച്ചത്.

രോഗത്തെ വാക്‌സിൻ പ്രതിരോധിക്കുന്നത് ഇങ്ങനെ

ഐ.പി.വി. വഴിയോ ഒ.പി.വി. വഴിയോ ശരീരത്തിലെത്തുന്ന ഈ ദുർബല വൈറസുകൾ കുടലുകളിലേക്കാണ് എത്തുക. അവിടെ വെച്ച് അവ പെരുകും. തുടർന്ന് ഇവ രക്തത്തിലേക്ക് പ്രവേശിക്കും. എന്നാൽ ദുർബലമാക്കപ്പെട്ടവ ആയതിനാൽ ഇവയ്ക്ക് പോളിയോ രോഗമുണ്ടാക്കാനുള്ള കഴിവില്ല. പക്ഷേ ഇവയുടെ സാന്നിധ്യം തിരിച്ചറിയുന്ന ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ പോളിയോ രോഗത്തിന് എതിരെ പ്രവർത്തിക്കുന്ന ആന്റിബോഡികളെ നിർമ്മിക്കും. ഈ ആന്റിബോഡികൾ പോളിയോക്ക് കാരണമാകുന്ന 'വൈൽഡ് വൈറസുകളെ' നശിപ്പിക്കും. അതിനാൽ തന്നെ വാക്‌സിൻ സ്വീകരിച്ച ആൾ രോഗബാധയേൽക്കാതെ സുരക്ഷിതനായിരിക്കും. ജനനം മുതൽ അഞ്ചു വയസ്സുവരെ ലഭിക്കുന്ന ഈ വാക്‌സിൻ വഴി ജീവിതകാലം മുഴുവൻ സംരക്ഷണം ലഭിക്കുമെന്നതാണ് പ്രത്യേകത.



സാധാരണയായി കുഞ്ഞ് ജനിച്ചാലുടൻ നൽകുന്ന ബി.സി.ജി. കുത്തിവെപ്പിന് ഒപ്പം സീറോ ഡോസ് പോളിയോ വാക്‌സിൻ (ജനിച്ച ഉടനെ നൽകുന്ന ഡോസ് )കൂടി നൽകാറുണ്ട്. തുടർന്ന് ഒന്നരമാസം കഴിഞ്ഞാൽ ഒരു മാസത്തെ ഇടവേളയിൽ മൂന്ന് ഡോസ് വാക്‌സിനും നൽകും. ഒന്നര വയസ്സിലാണ് ഒരു ബൂസ്റ്റർ ഡോസ് നൽകുക. ചികിത്സാപട്ടിക പ്രകാരം പോളിയോ തുള്ളിമരുന്ന് നൽകിയിട്ടുള്ള കുട്ടികൾക്കും പൾസ് പോളിയോ ദിനത്തിൽ തുള്ളിമരുന്ന് നൽകണം.

ഒരു കുഞ്ഞു ജനിച്ച് അധികം വൈകാതെ തന്നെ പോളിയോ തുള്ളിമരുന്ന് നൽകുന്നുണ്ട്. ഇതുവഴി ആ കുഞ്ഞിന് പോളിയോ രോഗത്തിൽ നിന്ന് വ്യക്തിഗത സംരക്ഷണം ലഭിക്കുന്നു. എന്നാൽ പൾസ് പോളിയോ ദിനത്തിൽ തുള്ളിമരുന്ന് എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ ദിവസം ലഭിക്കുമ്പോൾ അത് സമൂഹത്തിന് മുഴുവൻ ഒന്നിച്ച് പ്രതിരോധം ലഭിക്കാൻ സഹായിക്കും.

പോളിയോയുടെ നാൾ വഴികൾ ഇങ്ങനെ

1931: സർ മക്ഫർലെയിൻ ബർണറ്റ്, ഡെയിം ജീം മക്‌നമാര , എന്നിവർ ടൈപ്പ് 1,2,3 എന്നീ പോളിയോ വൈറസുകളെ തിരിച്ചറിഞ്ഞു.

1948: തോമസ് വെല്ലർ ,ഫ്രെഡറിക് റോബിൻസ് എന്നിവർ ജീവനുള്ള കോശങ്ങളിൽ പോളിയോ വൈറസുകളെ വളർത്തിയെടുക്കുന്നതിൽ വിജയിച്ചു. ആറുവർഷത്തിന് ശേഷം ഈ കണ്ടെത്തലിന് ഇരുവർക്കും നോബൽ പുരസ്‌ക്കാരം ലഭിച്ചു.

1955: ഡോ. ജോനാസ് സാൽക്ക് പോളിയോയ്ക്ക് എതിരായ ആദ്യത്തെ വാക്‌സിൻ വികസിപ്പിച്ചു. കുത്തിവെക്കുന്ന തരത്തിലുള്ള വാക്‌സിനായിരുന്നു അത്. ഇനാക്ടീവേറ്റഡ് (ചത്ത പോളിയോ വൈറസ് അടങ്ങിയ) കുത്തിവെക്കുന്ന പോളിയോ വാക്‌സിൻ (ഐ.പി.വി.) ആയിരുന്നു അത്.

1961: ഡോ. ആർബർട്ട് സാബിൻ ജീവനുള്ള ഓറൽ പോളിയോ വാക്‌സിൻ വികസിപ്പിച്ചു. ഇതോടെ ലോകരാജ്യങ്ങൾ അവരുടെ ദേശീയ പ്രതിരോധ വാക്‌സിൻ പദ്ധതിയിൽ ഈ വാക്‌സിൻ വളരെ പെട്ടെന്ന് ഉൾപ്പെടുത്തി.

1974: ലോകത്തെ എല്ലാ കുട്ടികൾക്കും വാക്‌സിൻ ലഭിക്കുന്ന തരത്തിൽ ഒരു എക്‌സ്പാൻഡഡ് ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം രൂപീകരിക്കുന്നതിനുള്ള പ്രമേയം വേൾഡ് ഹെൽത്ത് അസംബ്ലി പാസ്സാക്കി.

1988: രണ്ടായിരമാണ്ടോടു കൂടി പോളിയോരോഗം ലോകത്തുനിന്ന് നിർമ്മാർജനം ചെയ്യാനുള്ള പ്രമേയം വേൾഡ് ഹെൽത്ത് അസംബ്ലി പാസ്സാക്കി. ഗ്ലോബൽ പോളിയോ ഇറാഡിക്കേഷൻ ഇനീഷിയേറ്റീവിനും അന്ന് തുടക്കമിട്ടു.

1991: ലോകാരോഗ്യസംഘടനയുടെ അമേരിക്കൻ മേഖലയിൽ അവസാനമായി പോളിയോ കേസ് റിപ്പോർട്ട് ചെയ്തു. വടക്കൻ പെറുവിലെ ജുനിനിൽ മൂന്നു വയസ്സുകാരനിലാണ് അവസാനമായി പോളിയോ കേസ് റിപ്പോർട്ട് ചെയ്തത്.

1994: ലോകാരോഗ്യസംഘടനയുടെ ഭാഗമായ അമേരിക്ക പോളിയോ മുക്തമായതായി പ്രഖ്യാപിച്ചു.

1996: പോളിയോ വാക്‌സിൻ പദ്ധതിക്കായി ആഫ്രിക്കയിൽ കിക്ക് പോളിയോ ഔട്ട് ഓഫ് ആഫ്രിക്ക എന്ന ക്യാമ്പയിൻ നെൽസൺ മണ്ഡേല ആരംഭിച്ചു.

1997: ലോകാരോഗ്യസംഘടനയുടെ വെസ്റ്റേൺ പസഫിക് മേഖലയിൽ നിന്നുള്ള അവസാന പോളിയോ കേസ് കമ്പോഡിയയിൽ നിന്നുള്ള 15 മാസം പ്രായമുള്ള പെൺകുട്ടിയിൽ റിപ്പോർട്ട് ചെയ്തു.

1998: യൂറോപ്യൻ മേഖലയിൽ അവസാനമായി വൈൽഡ് പോളിയോ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് തുർക്കിയിലാണ്. വാക്‌സിനെടുക്കാത്ത രണ്ടേ മുക്കാൽ വയസ്സുള്ള ആൺകുട്ടിയിലാണ് രോഗം കണ്ടെത്തിയത്.

2000: ലോകാരോഗ്യസംഘടനയുടെ വെസ്റ്റേൺ പസഫിക് മേഖല പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. ഈ മേഖലയിലെ 55 കോടി കുട്ടികൾക്ക് ഓറൽ പോളിയോ വാക്‌സിൻ ലഭ്യമായി.

2002: ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ മേഖല പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു.

2005: പുതിയ മോണോവാലന്റ് ഓറൽ പോളിയോ വാക്‌സിനുകൾ ലഭ്യമായി തുടങ്ങി.

2011: ഇന്ത്യയിൽ അവസാനത്തെ പോളിയോ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തു.

2012: ടൈപ്പ് 3 പോളിയോവൈറസിന്റെ അവസാന കേസ് നവംബറിൽ നൈജീരിയയിൽ റിപ്പോർട്ട് ചെയ്തു.

2014: ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്ക് ഏഷ്യ പോളിയോ വിമുക്തമായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു.

2020- ആഫ്രിക്ക പോളിയോ വിമുക്തമായി പ്രഖ്യപിക്കുന്നു

നിർമ്മാർജനം ചെയ്തിട്ടും ഇന്ത്യയിൽ വാക്‌സിൻ എന്തിന്?

മനുഷ്യനെ ഇഴജന്തുവാക്കുന്ന രോഗം.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏറ്റവും ഭയാനകമായ രോഗമായിരുന്നു പോളിയോ. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് പോളിയോ ബാധ മൂലം തളർന്ന് കിടപ്പിലായത്. 1950-1960 കാലത്ത് പോളിയോയെ പ്രതിരോധിക്കാൻ ഫലപ്രദമായ വാക്‌സിൻ ലഭ്യമായതോടെ പോളിയോ രോഗം നിയന്ത്രണത്തിലായിത്തുടങ്ങി. 1970 കളിൽ പ്രതിരോധ വാക്‌സിനുകളുടെ കൂട്ടത്തിലേക്ക് പോളിയോ വാക്‌സിനും ലോകത്താകമാനമായി കൂട്ടിച്ചേർക്കപ്പെട്ടു. ഇതിനെത്തുടർന്ന് ഓരോ രാജ്യവും പ്രതിരോധ കുത്തിവെപ്പുകളുടെ പട്ടികയിലേക്ക് പോളിയോ വാക്‌സിനെയും ലഭ്യമാക്കി.

2011 ൽ പശ്ചിമ ബംഗാളിലാണ് ഇന്ത്യയിൽ അവസാനമായി പോളിയോ കേസ് റിപ്പോർട്ട് ചെയ്തത്. ഒൻപതു വർഷങ്ങൾക്ക് ശേഷവും രാജ്യത്ത് ഇതുവരെ വേറെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിലാകട്ടെ 2000 ൽ മലപ്പുറത്താണ് രോഗം അവസാനമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാനിലും പോളിയോ കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പോളിയോ വൈറസുകൾക്ക് രാജ്യാതിർത്തികൾ ബാധകമല്ലല്ലോ. അതിനാൽ തന്നെ രോഗവ്യാപന സാധ്യത ഇല്ലാതാക്കാൻ കുറച്ചു കാലം കൂടി പൾസ് പേeളിയോ പദ്ധതി തുടരേണ്ടതുണ്ട്. 2014 മാർച്ച 27 ന് ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. എങ്കിലും ലോകത്ത് നിന്നും പോളിയോ രോഗത്തിന് കാരണമാകുന്ന വൈൽഡ് വൈറസിനെ പൂർണമായും നിർമ്മാർജനം ചെയ്യുന്നതു വരെ പൾസ് പോളിയോ പരിപാടി തുടരേണ്ടതുണ്ട്.

അംഗോളയിൽ ഇത് സംഭവിച്ചു, പതിറ്റാണ്ടുകളായി ആഭ്യന്തരയുദ്ധമുണ്ടായിട്ടും 2001 ൽ അവർ പോളിയോയെ പരാജയപ്പെടുത്തി.2005 വരെ നാല് വർഷത്തോളം രാജ്യം പോളിയോ ബാധിതരായിരുന്നു. രാജ്യത്തിന് പുറത്തുനിന്ന് നിരവധി കേസുകൾ കൊണ്ടുവന്നതായി കരുതപ്പെടുന്നു.സുപ്രധാന രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഗോള നിർമ്മാർജനം ഉണ്ടാകുന്നതുവരെ അലംഭാവം ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.വാക്സിനേഷൻ നൽകുന്നതിൽ പരാജയപ്പെട്ടുകൊണ്ട് അവർ പ്രതിരോധം ഉപേക്ഷിക്കുകയാണെങ്കിൽ, വൈൽഡ് പോളിയോ വീണ്ടും വേഗത്തിൽ പടരാൻ തുടങ്ങും. അതായത് നമ്മുടെ അയൽക്കാർ വാകസിൻ എടുക്കേണ്ടത് നമ്മുടെ കൂടി ആവശ്യമാണെന്ന് ചുരുക്കം

ലാദന്റെ കൊലയോടെ വർധിച്ച വാക്സിൻ വിരുദ്ധത

പാക്കിസ്ഥാനിൽ വാക്സിൻ വിരുദ്ധത വർധിക്കാനുള്ള കാരണവും ഏറെ രസാവഹമാണ്. ആഗോള ഭീകരൻ ഒസാമ ബിൻലാദനെ അമേരിക്ക കൊന്നത് കടലിൽ ഒഴുക്കിയതാണെന്നാണ്, അവിടുത്തെ ആരോഗ്യ പ്രവർത്തകർ വിലയിരുത്തുന്നത്. ആബാട്ടബാദിലെ ലാദന്റെ ഒളിത്താവളം കണ്ടെത്തുന്നയിനായി സിഐഎയുടെ ചാരന്മ്മാർ വന്നത് വാക്സിൻ പ്രവർത്തകരുടെ വേഷത്തിലായിരുന്നു. ലാദന്റെ വീട അടക്കം കൃത്യമായി സ്പോട്ട് ചെയ്തതും ഇങ്ങനെയാണ്. ഈ വാർത്ത പുറത്തുവന്നതോടെ പാക്കിസ്ഥാനിൽ ആരോഗ്യപ്രവർത്തകർക്ക് നിൽക്കള്ളിയില്ലാതെ ആയി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെ ആരോഗ്യ പ്രവർത്തകൻ അൽഖൈ്വദയുടെയും പാക് താലിബാന്റെയും വെടിയുണ്ടകൾക്ക് ഇരയായി. വാക്സിനെ കുറിച്ചുള്ള പരമ്പരാഗതമായ തെറ്റിദ്ധാരണകൾക്കൊപ്പം ഇതുകൂടിയായതോടെ പാക്കിസ്ഥാന്റെ ഉൾനാടൻ മേഖലകൾ വാക്സിനേഷനിൽനിന്ന് വല്ലാതെ പിറകോട്ട് അടിച്ചു.

പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ഒരു നവ പാക്കിസ്ഥാൻ ലക്ഷ്യമിടുന്ന ആധുനികതയുടെ വക്താവാണ്. പക്ഷേ എന്തുചെയ്യാം. ഇപ്പോഴും മത മൗലികാവാദത്തിന് പാക്കിസ്ഥാനിൽ വലിയ വേരുകളാണ് ഉള്ളത്. അവിടെ ഇംറാന്റെ വാക്കുകൾക്ക് വലിയ വിലയൊന്നുമില്ല. അഫ്ഗാനിസ്ഥാനിലും സമാനമായ അവസ്ഥയാണ്. തങ്ങളുടെ നിയന്ത്രണ പ്രദേശങ്ങളിൽ അവർ ഒരു വാക്സിനും അടുപ്പിക്കില്ല. ഇത്തരം വാക്സിനുകൾ അനിസ്ലാമികമാണെന്ന പ്രചാരണംവരെ അവർ അഴിച്ചുവിടുന്നുണ്ട്. അതായത് അയൽക്കാരെ പോളിയോ വിമുക്തരാക്കി എന്നെന്നേക്കുമായി ഈ രോഗത്തിൽനിന്ന് രക്ഷപ്പെടാം എന്ന ഇന്ത്യയുടെ സ്വപ്നം അടുത്ത കാലത്തൊന്നും നടക്കില്ലെന്ന് ചുരുക്കം.

പക്ഷേ അപ്പോഴും ഈ കോവിഡ് കാലത്ത് ആഫ്രിക്കയുടെ പോളിയോ വിജയം ആവേശം നൽകുന്നു. പണ്ട് നാം ഭയന്നിരുന്ന കോളറ ഒക്കെ ഇന്ന് വെറും നൂറുരുപയുടെ മരുന്നുകൊണ്ട് നിസ്സകാരമായി മാറ്റാവുന്ന രോഗമായി മാറിയിരിക്കുന്നു. ലക്ഷങ്ങളെ കൊന്നൊടുക്കിയ വസൂരി അണുക്കൾ ഇന്ന് ലാബുകളിൽ മാത്രമാണുള്ളത്. ജപ്പാൻ ഫ്ളൂവും, പ്ലേഗും, എബോളയുടക്കം, ലക്ഷക്കണക്കിന് മുനുഷ്യരുടെ ജീവനെടുത്ത മഹാമാരികളെ ശാസ്ത്രത്തിന്റെ സഹായത്തോടെയാണ് നാം അതിജീവിച്ചത്. പ്രതീക്ഷ കൈവെടിയരുത് എന്നാണ് ഈ കോവിഡ് മരണകാലത്തും ശാസ്ത്രം നമ്മോട് പറയുന്നത്. വസൂരിയെയും പോളിയോയെമൊക്കെ പോലെ നാളെ കോവിഡും ശാസ്ത്രത്തിനുമുന്നിൽ മെരുങ്ങുമെന്ന് ഉറപ്പാണ്.

വാൽക്കഷ്ണം: ആഫ്രിക്കയിലെ മതഭീകരർ പോലും വാക്സിനോടുള്ള നിലപാട് മാറ്റിയിട്ടും ഈ പ്രബുദ്ധകേരളം ഈ വിഷയത്തിൽ എത്ര കണ്ട് മാറിയെന്നതും ചർച്ചചെയ്യേണ്ടതാണ്. കേരളത്തിൽനിന്നുള്ള ഏക ഇടതുപക്ഷ എം പിയായ എം എം ആരിഫ് താൻ തന്റെ കുട്ടികൾക്ക് ഒരു വാക്സിനും കൊടുത്തിട്ടില്ല എന്ന പറയുന്ന ഒരു വീഡിയോ ക്ലിപ്പ് നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കനൽത്തരികൾപോലും ഇങ്ങനെ ചിന്തിച്ചാൽ, കേരളത്തിന്റെ പൊതുജനാരോഗ്യം എന്താവും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP