Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളെ തിരിച്ചു കിട്ടില്ലെന്ന് അറിയാം... എന്റെ പോരാട്ടം ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ്; ആൻലിയയുടെ ദുരൂഹ മരണത്തിൽ നീതി തേടിയുള്ള പിതാവിന്റെ പോരാട്ടം രണ്ട് വർഷമാകുന്നു; നഴ്സിങ് പഠനം കഴിഞ്ഞ് ഇരുപത്തിമൂന്നാം വയസ്സിലെ കല്യാണം; ബംഗളൂരുവിൽ കിട്ടിയ ജോലിയും രാജിവച്ച് കുടുംബിനിയായി; വിദേശത്ത് ജോലിയെന്നത് ഭർത്താവിന്റെ കള്ളമാണെന്ന് അറിഞ്ഞിട്ടും മാതാപിതാക്കളെ അറിയിച്ചില്ല; നേരിട്ട പീഡനങ്ങൾ ഡയറിയിൽ കുറിച്ചിട്ടു ആൻലിയ മടങ്ങി; കേസിൽ ഇനിയും കുറ്റപത്രമായില്ല

മകളെ തിരിച്ചു കിട്ടില്ലെന്ന് അറിയാം... എന്റെ പോരാട്ടം ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ്; ആൻലിയയുടെ ദുരൂഹ മരണത്തിൽ നീതി തേടിയുള്ള പിതാവിന്റെ പോരാട്ടം രണ്ട് വർഷമാകുന്നു; നഴ്സിങ് പഠനം കഴിഞ്ഞ് ഇരുപത്തിമൂന്നാം വയസ്സിലെ കല്യാണം; ബംഗളൂരുവിൽ കിട്ടിയ ജോലിയും രാജിവച്ച് കുടുംബിനിയായി; വിദേശത്ത് ജോലിയെന്നത് ഭർത്താവിന്റെ കള്ളമാണെന്ന് അറിഞ്ഞിട്ടും മാതാപിതാക്കളെ അറിയിച്ചില്ല; നേരിട്ട പീഡനങ്ങൾ ഡയറിയിൽ കുറിച്ചിട്ടു ആൻലിയ മടങ്ങി; കേസിൽ ഇനിയും കുറ്റപത്രമായില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മട്ടാഞ്ചേരി സ്വദേശിനി ആൻലിയ ഹൈജിനസിന്റെ ദുരൂഹ മരണത്തിന് രണ്ട് വർഷം പിന്നിടുമ്പോഴും നീതി തേടിയുള്ള പിതാവിന്റെ പോരാട്ടത്തിന് അന്ത്യമായിട്ടില്ല. തുടക്കത്തിൽ പൊലീസുകാർ ഉഴപ്പിക്കളഞ്ഞ അന്വേഷണം ഇപ്പോൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ഹൈജിനസിന് പ്രതീക്ഷയുണ്ട്. കേസ് അന്വേഷണം കഴിഞ്ഞു ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കോവിഡ് കാലം ആയതു കൊണ്ടാണ് ഇത് നീണ്ടു പോകുന്നത്. എങ്കിലും കോടതിയിൽ നിന്നും തനിക്ക് നീതികിട്ടുമെന്ന പ്രതീക്ഷയിലാണ് അൻലിയയുടെ പിതാവ് ഹൈജിനസ്.

2018 ഓഗസ്റ്റ് 28നാണ് ആൻലിയയെ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 25ന് ബെംഗളൂരുവിലേക്ക് പോകുകയാണെന്നു പറഞ്ഞ് തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ കയറിയ ആൻലിയയെ പിന്നീട് കാണാതാകുകയായിരുന്നു. മകളുടെ മരണം ആത്മഹത്യ അല്ലെന്നും ഭർത്താവിന്റെ വീട്ടുകാരുടെ ഇടപെടലുകളിൽ സംശയമുണ്ടെന്നും കാണിച്ച് ഫോർട്ട്‌കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് തൃശൂർ സിറ്റി കമ്മിഷണർക്ക് പരാതി നൽകിയതോടെയാണ് ഭർതൃവീട്ടുകാരുടെ പീഡന വിവരങ്ങൾ ഉൾപ്പടെ പുറത്തുവരുന്നത്. ലോക്കൽ പൊലീസ് ഉഴപ്പിയ ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണം നല്ലരീതിയിൽ മുന്നേറിയെന്നാണ് ഹൈജിനസ് പറയുന്നത്. കേസിലെ അൻലിയയുടെ ഭർത്താവായ ജസ്റ്റിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.

മകളെ തിരിച്ചു കിട്ടില്ലെന്ന് അറിയാം. ഇനിയൊരു പെൺകുട്ടിക്കും ഇതൊന്നും സംഭവിക്കരുതെന്നാണ് ആഗ്രഹം. കുഞ്ഞുങ്ങളെ വിവാഹം കഴിപ്പിച്ചു വിടുമ്പോൾ വെറുതെ ഇറക്കി വിടരുതെന്ന പാഠം എല്ലാ മാതാപിതാക്കളും ഓർത്തിരിക്കണം. വിദേശത്തായതിനാൽ തനിക്കതിന് സാധിച്ചില്ലെന്ന വിഷമമുണ്ട്. സ്‌നേഹബന്ധം വച്ച് ചിലർ മുതലെടുപ്പു നടത്തിയതാണു മകൾക്കു സംഭവിച്ച ദുരന്തത്തിനു വഴിയൊരുക്കിയത്. മകളുടെ മരണത്തെ തുടർന്ന് താൻ പറഞ്ഞതിനെല്ലാം തെളിവുകളുണ്ട്.

പൊലീസിനു കൊടുത്ത എല്ലാ സ്റ്റേറ്റ്‌മെന്റുകൾക്കും തെളിവുകളും ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. ആദ്യ അന്വേഷിച്ചവർ പ്രതികൾക്കു വേണ്ടി ഇടപെടൽ നടത്തിയെങ്കിലും ഇപ്പോൾ നടന്നിട്ടുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ട്. അവിടെയും സ്വാധീനിക്കാൻ ശ്രമമുണ്ടായി. എന്നാൽ പൊലീസിന് ഇപ്പോൾ പകൽപോലെ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. ഒരുപാട് പൊലീസ് ഉദ്യോഗസ്ഥരോടും തനിക്ക് ഇക്കാര്യത്തിൽ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മകളുടെ മരണത്തിലെ ദുരൂഹത നീക്കുകയും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ആൻലിയയുടെ പിതാവ് ഹൈജിനസ് മാധ്യമങ്ങൾക്കു മുന്നിലെത്തിയതോടെയാണ് പീഡനത്തിന്റെ കഥകൾ പുറംലോകം അറിയുന്നത്. നല്ല മനക്കരുത്തുള്ള വ്യക്തിയെ മാനസികരോഗിയായി ചിത്രീകരിക്കുക. മാനസിക വെല്ലുവിളി നേരിടുന്നതുകൊണ്ട് ആത്മഹത്യചെയ്തതാണെന്ന് വരുത്തുക. ഈ കളിയാണ് ജസ്റ്റിന്റെ വീട്ടുകാർ കളിച്ചതെന്നാണ് ഹൈജിനസ് പറയുന്നത്.

ആൻലിയ നേരിട്ടത് കടുത്ത പീഡനം

ബി.എസ്.സി നഴ്സിങ് പാസായശേഷം ആൻലിയ ജിദ്ദയിൽ ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ഒന്നര വർഷം മുമ്പാണ് ആൻലിയയും ദുബായിൽ ജോലി ചെയ്യുകയായിരുന്ന തൃശൂർ സ്വദേശി ജസ്റ്റിനും തമ്മിലുള്ള വിവാഹം നടന്നത്. എഴുപത് പവൻ സ്വർണാഭരണങ്ങളും 35,000 രൂപയുമാണ് സ്ത്രീധനത്തുകയായി നൽകിയത്. പലയിടത്തുനിന്നും കടമെടുത്ത് പത്ത് ലക്ഷത്തോളം രൂപയിലേറെ ചെലവഴിച്ചാണ് വിവാഹ ചടങ്ങ് നടത്തിയത്. എം.എസ്.സി നഴ്സിങ് പഠനം പൂർത്തിയാക്കി നഴ്‌സിങ് മേഖലയിൽ അദ്ധ്യാപനരംഗത്തേക്ക് കടക്കാനുള്ള ആൻലിയയുടെ ആഗ്രഹം സാധിച്ചുനൽകാമെന്ന് ഭർത്താവ് ജസ്റ്റിൻ വിവാഹത്തിന് മുമ്പ് സമ്മതിച്ചിരുന്നതാണ്. പക്ഷെ വിവാഹ ശേഷം ഭർതൃവീട്ടുകാരുടെ സമീപനത്തിൽ മാറ്റമുണ്ടായി.

ആൻലിയയെ ജസ്റ്റിൻ ദുബായിലേക്ക് കൊണ്ടുപോയി. അവിടെ നഴ്സിങ് ജോലിയിൽ പ്രവേശിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. നഴ്‌സിംഗുമായി ബന്ധപ്പെട്ട് യു.എ.ഇ ആരോഗ്യ വകുപ്പ് നടത്തുന്ന പരീക്ഷ ആൻലിയയ്ക്ക് എഴുതാനും കഴിഞ്ഞിരുന്നില്ല. ഇതിനിടെ ആൻലിയ ഗർഭിണിയായി. അതിനിടെ ഭർത്താവ് ജസ്റ്റിന് ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ഗൾഫ് ജീവിതം അവസാനിപ്പിച്ചു ഇരുവരും നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.

വീട്ടിലെത്തിയശേഷവും ജോലി ലഭിക്കാത്തതിൽ പരാതിപ്പെട്ടും വീട്ടുകാരിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെട്ടും ഭർത്താവും ഭർതൃമാതാവ് ഉൾപ്പെടെയുള്ള വീട്ടുകാരും ആൻലിയയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഹൈജിനസ് പരാതിപ്പെടുന്നു. മാതാപിതാക്കൾ നാട്ടിലില്ലാത്തതിനാൽ വീട്ടിലെ ഈ പീഡനത്തെക്കുറിച്ചെല്ലാം കൊയമ്പത്തൂരിൽ ബിടെക്കിന് പഠിക്കുന്ന സഹോദരൻ അഭിഷേകിനോടാണ് എല്ലാ വിവരങ്ങളും പറഞ്ഞിരുന്നത്. അഭിഷേക് കൊച്ചിയിലെ എംഎൽഎ കെ.ജെ മാക്‌സി ഉൾപ്പെടെയുള്ളവരെ വിവരം ധരിപ്പിച്ചു.

ആൻലിയയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നഴ്സിങ് പോസ്റ്റ് ഗ്രാജുവേഷൻ വിദൂര പഠന കോഴ്സിൽ ചേർന്നത്. കുഞ്ഞിനേയും കുടുംബത്തെയും പിരിഞ്ഞു പരീക്ഷയ്ക്കായി മൂന്നാഴ്ച മുമ്പ് തന്നെ ബാംഗ്ലൂരിലേക്ക് പോയി. ആഗസ്റ്റിൽ ഓണാവധിക്ക് ബാംഗ്ലൂരിൽ നിന്നും തൃശൂരിലുള്ള വീട്ടിലെത്തിയെങ്കിലും വീട്ടുകാരുടെ പീഡനം സഹിക്കാൻ കഴിയാതെ അവധി അവസാനിക്കുന്നതിനു(ഓഗസ്റ്റ് 27)ന് മുമ്പ് തന്നെ ബാംഗ്ലൂരിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

അവധി കഴിഞ്ഞു പോയാൽ മതിയെന്ന് പറഞ്ഞ സഹോദരനോട് 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും' എന്നായിരുന്നു ആൻലിയ വാട്ട്സപ്പ് വഴി നൽകിയ മറുപടി. കുഞ്ഞിനോടൊപ്പമുള്ള ആദ്യത്തെയും അവസാനത്തെയും ഓണം ആയിരിക്കും ഇതെന്നും എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ഭർതൃവീട്ടുകാരായിരിക്കുമെന്നു അവർ സന്ദേശമയച്ചു.

ജസ്റ്റിന്റെ വീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ വന്നപ്പോഴാണു ആൻലിയ എറണാകുളം കടവന്ത്രയിലെ ഫ്ളാറ്റിൽ വന്നത്. പൊലീസിൽ പരാതി നൽകാൻ പലരും നിർദ്ദേശിച്ചതനുസരിച്ചാണ് 18 പേജിൽ പ്രശ്നങ്ങളെല്ലാം എഴുതിയത്. എന്നാൽ ഈ പരാതി കടവന്ത്ര പൊലീസിനു നൽകിയില്ല. കാരണം അതിനു മുൻപായി പ്രശ്നങ്ങളെല്ലാം പരിഹരിക്കാം, ഇനി മർദിക്കില്ല, വീട്ടിൽ ബുദ്ധിമുട്ടിക്കില്ല എന്നെല്ലാം പറഞ്ഞു ജസ്റ്റിൻ വീട്ടിൽവന്നു. മകളെ കൂട്ടിക്കൊണ്ടു പോയി. ഈ പരാതി പിന്നീടാണു ഞങ്ങൾ കണ്ടെടുത്തത്. ഇത് എഴുതിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ മകളുടെ ഭർതൃവീട്ടുകാർക്കെതിരായ ആരോപണങ്ങൾ വിശ്വസിക്കാൻ മറ്റുള്ളവർക്കു കഴിയില്ലായിരുന്നു ഹൈജിനസ് പറഞ്ഞു.

പൊലീസിൽ പരാതി നൽകി മുന്നോട്ടുപോയതും മാധ്യമങ്ങളിൽ വാർത്ത വന്നതും ആരോപണവിധേയരെ പ്രകോപിപ്പിച്ചു. തനിക്കെതിരെ ഫേസ്‌ബുക്കിൽ ജസ്റ്റിന്റെ വീട്ടുകാർ അസഭ്യവർഷം നടത്തുകയാണ്. മകളുടെ നീതിക്കായി 'ജസ്റ്റിസ് ഫോർ ആൻലിയ' എന്ന ഫേസ്‌ബുക് പേജ് തുടങ്ങിയിട്ടുണ്ട്. തന്നെ സഹായിക്കുന്നവരും പിന്തുണയ്ക്കുന്നവരുമാണു പിന്നിൽ. എന്നാൽ ഈ പേജിൽ തന്നെ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്യുകയാണു പ്രതിയും വീട്ടുകാരും ഹൈജിനസ് ആരോപിച്ചു.

ആൻലിയയുടെ ഡയറിക്കുറിപ്പുകൾ പറയുന്നത്

ആൻലിയയുടെ കുടുംബത്തിന്റെ ആരോപണങ്ങളും കാണാതാകുന്നതിന് തൊട്ടുമുമ്പ് ആൻലിയ സഹോദരന് അയച്ച സന്ദേശങ്ങളും ശരിവയ്ക്കുന്നതാണു പതിനെട്ടു പേജുള്ള ഡയറിക്കുറിപ്പുകൾ. ജോലി നഷ്ടപ്പെട്ടതു മറച്ചുവച്ചാണു ഭർത്താവ് തന്നെ വിവാഹം കഴിച്ചതെന്നു ഡയറിയിലുണ്ട്. തന്നെ നിർബന്ധിച്ചു ജോലി രാജിവയ്പിച്ചെന്നും ജസ്റ്റിന്റെ വീട്ടിൽവച്ചു ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഴുതിയ ആൻലിയ തന്റെ ജീവിത സ്വപ്നങ്ങളും ആ താളുകളിൽ എഴുതിച്ചേർക്കുന്നു. നാട്ടിൽ നല്ലൊരു ജോലി ലഭിക്കുന്നതും വിദ്യാഭ്യാസം നൽകി കുഞ്ഞിനെ വളർത്തുന്നതും വീടുവയ്ക്കുന്നതും കാർ വാങ്ങുന്നതും സമ്പാദ്യമുണ്ടാക്കുന്നതുമെല്ലാം തന്റെ സ്വപ്നങ്ങളായി പങ്കുവയ്ക്കുന്നു.

എല്ലാം നേടുമെന്ന് സ്വയം ഉറപ്പിക്കുന്ന വാക്കുകൾ. തന്റെ ജീവിതത്തിലെ മറക്കരുതാത്ത ദിവസങ്ങൾ, വിവാഹം, അമ്മയാകുകയാണെന്നറിഞ്ഞത്, ഏറെ ഇഷ്ടമുള്ള ബന്ധുക്കളും കൂട്ടുകാരും, തന്റെ സ്വപ്നങ്ങൾ തകർന്നത്, തന്നെ മാനസിക രോഗിയാക്കാൻ ശ്രമിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം എഴുതിവച്ചിരിക്കുകയാണ് ആ യുവതി. കടവന്ത്ര പൊലീസിനെഴുതിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഡയറിയിലുമുള്ളത്. ഗർഭിണിയായപ്പോഴും മനസലിവുണ്ടായില്ല.

തനിക്കു പഴകിയ ഭക്ഷണമാണു നൽകിയത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവം തുടർന്നു. കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചായിരുന്നു പീഡനം. വീട്ടിൽനിന്നാൽ ജസ്റ്റിനും അമ്മയുംകൂടി കൊല്ലും. പൊലീസ് സ്റ്റേഷനിൽ പോകാൻ ഭർത്താവ് സമ്മതിക്കുന്നില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാം എഴുതി സഹോദരനയച്ച സന്ദേശങ്ങളും ഡയറിക്കുറിപ്പുകളെ സാധൂകരിക്കുന്നതാണ്.

തന്നിൽനിന്നു കുഞ്ഞിനെ വേർപെടുത്താനും ശ്രമങ്ങളുണ്ടായെന്നും പരാതിയിലുണ്ടായിരുന്നു. എന്നാൽ ഇതിലൊന്നും ആൻലിയ ആത്മഹത്യാ സൂചന നൽകിയിട്ടില്ല. അതിനാൽ തന്നെ ആൻലിയ ആത്മഹത്യ ചെയ്തതല്ലെന്നും ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു എന്നും കുടുംബം കരുതുന്നു. മാത്രമല്ല, ബാംഗ്ളൂരിലേക്ക് തൃശൂരിൽ നിന്ന് ട്രെയിൻ കയറ്റിവിട്ടുവെന്ന് ആണ് ജസ്റ്റിൻ പറയുന്നത്. ബാംഗ്ളൂരിലേക്ക ട്രെയിൻകയറിപ്പോയ യുവതിയുടെ മൃതദേഹം പെരിയാറിൽ കാണുന്നതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ഇതെല്ലാം ദുരൂഹമാണ്. അതിനാൽ തന്നെ മകൾ ആത്മഹത്യ ചെയ്തതല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് കുടുംബം.

താൻ വലിയ പീഡനമാണ് അനുഭവിക്കുന്നതെന്നും ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവം ഭയക്കാതെ ജീവിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന് അച്ഛൻ വേണമെന്നും തനിക്കു ഭർത്താവിനെ വേണമെന്നും പറയുന്ന പരാതിയിൽ ഈ നാട്ടിൽ വേറെയാരുമില്ലെന്നും വീട്ടുകാർ നാട്ടിലില്ലെന്നും തന്റെ അപേക്ഷ ദയാപൂർവം പരിഗണിക്കണമെന്നുമായിരുന്നു എഴുതിയിരുന്നത്. ഭർതൃവീട്ടിൽ അനുഭവിച്ചിരുന്ന പീഡനങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചിത്രവും ആൻ ലിയ വരച്ചിരുന്നു. ചുറ്റും ഉപദ്രവിക്കാൻ ശ്രമിക്കുന്ന കുറേ കൈകൾക്കു നടുവിൽ കരഞ്ഞുകൊണ്ട് കുറിപ്പെഴുതുന്ന തന്റെ പ്രതീകത്തെയാണ് വരച്ചത്.

ജസ്റ്റിനെ രക്ഷിക്കാൻ കൂട്ടുനിന്ന് യുവവൈദികൻ

ജസ്റ്റിനെ രക്ഷപ്പെടുത്താൻ യുവവൈദികൻ കൂട്ടുനിന്നെന്ന് കള്ളമൊഴി നൽകിയെന്നും പിതാവ് ഹൈജിനസ് നടത്തിയ വെളിപ്പെടുത്തലും ഇതോടൊപ്പം ചർച്ചയാവുകയാണ്. കേസിൽ ചാവക്കാട് കോടതിയിൽ കീഴടങ്ങിയ ജസ്റ്റിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വൈദികനെതിരേ ആരോപണവുമായി ആൻലിയയുടെ പിതാവ് ഫോർട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് എത്തിയത്. കൊലപാതകമാണെന്ന് ആൻലിയയുടെ മാതാപിതാക്കൾ ആദ്യം മുതൽ തന്നെ ആരോപിച്ചിരുന്നു. എന്നാൽ, വൈദികന്റെ മൊഴിയെ കൂട്ടുപിടിച്ച് തൃശൂർ ലോക്കൽ പൊലീസ് അറസ്റ്റിനു തുനിഞ്ഞില്ലെന്നും മുഖ്യമന്ത്രിക്കു പരാതി നൽകിയതോടെ ശനിയാഴ്ച കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നെന്നും പിതാവ് പറയുന്നു.

ജസ്റ്റിൻ കീഴടങ്ങിയതിനു പിന്നാലെയും അനുനയശ്രമങ്ങളുമായി വൈദികനെത്തിയെന്നും കൊച്ചിയിൽ ഹൈജിനസ് പറഞ്ഞു. ബി.എസ്.സി നഴ്സിങ് കഴിഞ്ഞ് ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 2016 ഡിസംബർ 26ന് ആയിരുന്നു ആൻലിയയുടെ വിവാഹം. ദുബായിൽ ആറു വർഷമായി സീനിയർ അക്കൗണ്ടന്റാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ജസ്റ്റിൻ ആൻലിയയെ വിവാഹം കഴിച്ചത്. വിവാഹ സമയം 70 - പവൻ സ്വർണാഭരണങ്ങളും പോക്കറ്റ് മണിയും നൽകിയിരുന്നു. വിവാഹ ചടങ്ങുകളും കെങ്കേമമായാണ് നടത്തിയത്.

പിതാവ് മട്ടാഞ്ചേരി സ്വദേശി പാറയ്ക്കൽ ഹൈജിനസ് ആരോപിക്കുന്നതുപോലെ, മരണത്തിലെ ദുരൂഹത വെളിപ്പെടുത്തുന്നതാണ് പല വിവരങ്ങളും. ആൻ ലിയയെ പരീക്ഷയ്ക്കായി ബംഗളുരുവിലേക്കു ട്രെയിൻ കയറ്റിവിട്ടു എന്നായിരുന്നു ജസ്റ്റിൻ ആദ്യം പറഞ്ഞത്. പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയിൽവേ പൊലീസിൽ പരാതി കൊടുത്തത്. തൃശൂർ റെയിൽവേ എഎസ്‌ഐ: അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആൻ ലിയയുടെ സംസ്‌കാരച്ചച്ചടങ്ങുകളിൽ ഭർത്താവും കുടുംബവും പങ്കെടുത്തിരുന്നില്ല. എട്ടുമാസമായ കുഞ്ഞിനെയും മൃതദേഹം കാണിക്കാൻ അനുവദിച്ചില്ല. ഇതെല്ലാം ഇനി അന്വേഷണ വിധേയമാകും.

മൃതദേഹം എങ്ങനെ പെരിയാർ പുഴയിലെത്തി?

2018 ഓഗസ്റ്റ് 25നാണ് ആൻലിയയെ കാണാതാകുന്നത്. ഭർത്താവ് ജസ്റ്റിന്റെ പരാതി കിട്ടിയപ്പോൾ, തൃശൂർ റെയിൽവെ എഎസ്‌ഐ അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആൻലിയയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്കു ട്രെയിൻ കയറ്റി വിട്ടു എന്നായിരുന്നു ജസ്റ്റിൻ ആദ്യം പറഞ്ഞത്. പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയിൽവെ പൊലീസിൽ പരാതി കൊടുത്തത്.

ഒരു സൂചനയുമില്ലാതെ മൂന്നു ദിവസം കടന്നുപോയി. നോർത്ത് പറവൂർ വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരിയാറിൽ യുവതിയുടെ ചീർത്ത മൃതദേഹം കണ്ടെത്തിയെന്ന വിവരം കിട്ടിയത് 28ന്. അതു ആൻലിയയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചു. മകളുടെ മരണവിവരമറിഞ്ഞു വിദേശത്തുനിന്നു പറന്നെത്തിയ മാതാപിതാക്കൾക്കു പരിശോധനകളെല്ലാം പൂർത്തിയാക്കിയ മൃതദേഹമാണു കിട്ടിയത്. സംസ്‌കാര ചടങ്ങുകളിൽ ഭർത്താവും കുടുംബവും പങ്കെടുത്തില്ല. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം കാണിക്കാനും ഭർതൃവീട്ടുകാർ തയാറായില്ല. മകളെ കാണാതായപ്പോൾ ആ വിവരം തങ്ങളെ അറിയിക്കാതെ പൊലീസിൽ മാത്രം അറിയിച്ചത് എന്തുകൊണ്ടാണെന്നു ഹൈജിനസ് ചോദിക്കുന്നു. മകളുടെ മരണവിവരം ഭർത്താവിന്റെ ബന്ധുക്കളും അയൽവാസികളും അറിയുന്നതു മാധ്യമങ്ങളിലൂടെയാണ്

മകളുടെ മരണം ആത്മഹത്യയാക്കി മാറ്റി ജസ്റ്റിനും കൂട്ടരും രക്ഷപെടും എന്നു മനസിലാക്കിയപ്പോഴാണു മുഖ്യമന്ത്രിയെ കണ്ട് തെളിവുകളും സങ്കട ഹർജിയും നൽകിയത്. എന്താണ് ചെയ്യേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങോട്ടു ചോദിച്ചു. പൊലീസുകാർക്കെതിരെ ഞങ്ങൾ ഒന്നും പറഞ്ഞില്ല. ഇപ്പോൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്നേ ആവശ്യപ്പെട്ടുള്ളൂ. ആര് അന്വേഷിച്ചാലും സത്യം കണ്ടു പിടിക്കണം. മകൾക്ക് നീതി ലഭിക്കണമെന്നും അറിയിച്ചു. മാധ്യമങ്ങളിൽ വാർത്ത വരികയും മുഖ്യമന്ത്രി ഇടപെടുകയും ചെയ്തതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു മുന്നിലെത്തുകയും തൊട്ടു പിന്നാലെ ജസ്റ്റിൻ കോടതിയിൽ കീഴടങ്ങുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP