Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുർക്കിയിൽ എർദോഗാൻ കളിക്കുന്നത് മതവിഭജനത്തിന്റെ രാഷ്ട്രീയമാണ്; അതിനെ പിന്തുണക്കുന്നവർ ആത്യന്തികമായി പിന്തുണക്കുന്നത് അതേ രാഷ്ട്രീയം കളിക്കുന്ന മോദിയെയുമാണ്; ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാക്കി മാറ്റിയപ്പോൾ: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

തുർക്കിയിൽ എർദോഗാൻ കളിക്കുന്നത് മതവിഭജനത്തിന്റെ രാഷ്ട്രീയമാണ്; അതിനെ പിന്തുണക്കുന്നവർ ആത്യന്തികമായി പിന്തുണക്കുന്നത് അതേ രാഷ്ട്രീയം കളിക്കുന്ന മോദിയെയുമാണ്; ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാക്കി മാറ്റിയപ്പോൾ: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

 ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാക്കി മാറ്റിയിരിക്കുകയാണ് എർദോഗാൻ. വംശീയ രാഷ്ട്രീയത്തിന്റെ സാധ്യതകളും അതിന്റെ രുചിയും ഒരിക്കൽ തിരിച്ചറിഞ്ഞവർ നിരന്തരം അതിന്റെ സാധ്യതകൾ പരീക്ഷിക്കും. ഹാഗിയ സോഫിയ തുർക്കിയിലെ മുസ്ലിം ഭൂരിപക്ഷ സമൂഹത്തിനിടയിൽ എർദോഗാനെ ഒരു ഹീറോ ആക്കിയിട്ടുണ്ട്. ബാബരി മസ്ജിദ് പൊളിച്ച മണ്ണിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ട് മോദി ഉണ്ടാക്കിയ ഇമേജിന് തുല്യമായ ഒന്നാണ് എർദോഗാൻ അവിടെ ഉണ്ടാക്കിയത്.

കോറ മ്യൂസിയം എന്നറിയപ്പെടുന്ന ഇസ്തംബുളിലെ ചർച്ച് ഓഫ് സെന്റ് സേവ്യറാണ് ഇപ്പോൾ പള്ളിയാക്കിയിരിക്കുന്നത്. യു എൻ പൈതൃക പട്ടികയിലുള്ള ഒരു സ്മാരകം. ഹാഗിയ സോഫിയ വിഷയത്തിൽ പറഞ്ഞ അതേ ന്യായീകരണങ്ങൾ തന്നെയാണ് ഇപ്പോൾ ഇതിനും പറയുന്നത്. കുറച്ചു കാലം ഇതൊരു മുസ്ലിം പള്ളിയായിരുന്നു, പിന്നെ മ്യൂസിയമാക്കി, ഇപ്പോൾ സുപ്രിം കോടതി വിധിയുണ്ട് എന്നിങ്ങനെ.

എന്നാൽ ആയിരത്തിലധികം വർഷം അതൊരു ക്രിസ്തീയ ദേവാലയമായിരുന്നു, തുർക്കി അധിനിവേശക്കാലത്ത് അവർ അത് പിടിച്ചടക്കി പള്ളിയാക്കിയതാണ്, മതേതര സർക്കാർ വന്നപ്പോൾ അത് മ്യൂസിയമാക്കി മാറ്റിയതാണ് തുടങ്ങിയ ചരിത്ര യാഥാർത്ഥ്യങ്ങൾ സൗകര്യപൂർവ്വം മറന്ന് കൊണ്ടാണ് എർദോഗാൻ പള്ളി രാഷ്ട്രീയം കളിച്ചു ഭൂരിപക്ഷ വികാരത്തെ വോട്ടാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.

അത് തുർക്കിയിലല്ലേ, നിങ്ങളെന്തിനാണ് ഇത്തരം വിഷയങ്ങൾ ഇവിടെ പറയുന്നത് എന്ന് ചോദിക്കുന്നവരുണ്ടാകാം. മതവും ജാതിയും വർണ്ണവും ഉപയോഗിച്ച് ഉന്മത്തരായ ഒരാൾക്കൂട്ടത്തെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അപകടകരമായ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രചാരകരിൽ ഒരാളായി എർദോഗാൻ നിരന്തരം വാർത്തകൾ സൃഷ്ടിക്കുമ്പോൾ അതേ തരത്തിലുള്ള അധികാര രാഷ്ട്രീയത്തിന്റെ കെടുതികൾ അനുഭവിക്കുന്ന മറ്റൊരു മണ്ണിലിരുന്ന് കൊണ്ട് അതിനെ പിന്തുണക്കുവാൻ സാധിക്കില്ല എന്നാണ് അത്തരം ചോദ്യം ഉയർത്തുന്നവരോടുള്ള എളിയ മറുപടി.

തുർക്കിയിലെ ഏതാനും ചർച്ചുകളുടെയോ പള്ളികളുടേയോ വിഷയം മാത്രമല്ല ഇത്, ഒരു ബഹുസ്വര സമൂഹത്തിലെ മതേതര നിലപാടിന്റെ കൂടി പ്രശ്‌നമാണ്. ഇസ്ലാമിസ്റ്റ് വെൽഫെയർ പാർട്ടിയിലൂടെ അധികാര രാഷ്ട്രീയത്തിലെത്തിയ എർദോഗാൻ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ സാധ്യതകളെ കൂടുതൽ കൂടുതൽ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. അതുവഴി സമാനമായ രാഷ്ട്രീയക്കളികൾക്ക് ലോകത്തെ വലതു തീവ്ര പോപ്പുലിസ്റ്റ് നേതാക്കൾക്ക് പ്രചോദനവുമായി മാറുന്നു എന്നതാണ് സത്യം.

അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ ഉയർന്ന് വരുമ്പോൾ അതിനെതിരെ പ്രതികരിക്കുകയെങ്കിലുമാണ് ബഹുസ്വരതയും അതുവഴിയുള്ള മനുഷ്യരുടെ സൗഹാർദ്ദപൂർണമായ നിലനില്പും ആഗ്രഹിക്കുന്നവർക്ക് ചെയ്യാനുള്ളത്. എർദോഗാൻ കളിക്കുന്നത് മതവിഭജനത്തിന്റെ രാഷ്ട്രീയമാണ്. അതിനെ പിന്തുണക്കുന്നവർ ആത്യന്തികമായി പിന്തുണക്കുന്നത് അതേ രാഷ്ട്രീയം കളിക്കുന്ന മോദിയെയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP