Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷം കൊണ്ട് ഇരട്ടി തുക; ഒറ്റയടിക്ക് നഷ്ടമായത് ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ മുഴുവൻ സമ്പാദ്യവും; നിക്ഷേപം ഇരട്ടിപ്പിക്കൽ വാഗ്ദാനത്തിന്റെ പുറത്ത് നൽകിയത് കടലാസ് കമ്പനികളുടെ ഷെയറുകൾ; ആട്, തേക്ക്, മാഞ്ചിയം പ്ലാന്റേഷൻ തട്ടിപ്പിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; പോപ്പുലർ ഫിനാൻസ് തട്ടിയത് 2000 കോടിയിലേറെ രൂപ; കമ്പനി ഉടമ തോമസ് ഡാനിയൽ എന്ന റോയിയും ഭാര്യ പ്രഭാ തോമസും ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ്; തട്ടിപ്പ് ആസൂത്രിതമെന്ന് പൊലീസ്

അഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷം കൊണ്ട് ഇരട്ടി തുക; ഒറ്റയടിക്ക് നഷ്ടമായത് ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ മുഴുവൻ സമ്പാദ്യവും; നിക്ഷേപം ഇരട്ടിപ്പിക്കൽ വാഗ്ദാനത്തിന്റെ പുറത്ത് നൽകിയത് കടലാസ് കമ്പനികളുടെ ഷെയറുകൾ; ആട്, തേക്ക്, മാഞ്ചിയം പ്ലാന്റേഷൻ തട്ടിപ്പിന്  ശേഷം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; പോപ്പുലർ ഫിനാൻസ് തട്ടിയത് 2000 കോടിയിലേറെ രൂപ; കമ്പനി ഉടമ തോമസ് ഡാനിയൽ എന്ന റോയിയും ഭാര്യ പ്രഭാ തോമസും ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ്; തട്ടിപ്പ് ആസൂത്രിതമെന്ന് പൊലീസ്

എം മനോജ് കുമാർ

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് കേരളത്തെ ഞെട്ടിച്ച ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായി മാറുന്നു. കേരള പൊലീസിന്റെ കണക്കനുസരിച്ച് നിക്ഷേപകരെ പറ്റിച്ച് 2000 കോടിയിലേറെ രൂപയാണ് കമ്പനി തട്ടി എടുത്തിരിക്കുന്നത്. നിക്ഷേപത്തിന്റെയും തട്ടിപ്പിന്റെയും വ്യാപ്തിയെക്കുറിച്ച് പൊലീസ് പഠിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കണക്കെടുത്ത് കഴിഞ്ഞാൽ കേരളത്തെ ഞെട്ടിക്കുന്ന ഈ തട്ടിപ്പിന്റെ വ്യാപ്തി രണ്ടായിരം കോടിയിലും മുകളിൽ പോയേക്കും. ഇനിയുള്ള കേരളത്തിന്റെ പ്രഭാതങ്ങൾ ഒരു പക്ഷെ കൺമിഴിക്കുക പോപ്പുലർ ഫിനാൻസ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകൾ കേട്ടിട്ടാകും. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ച് കിടക്കുന്ന തമിഴ്‌നാടിലും, മുംബൈയിലും ബംഗളൂരുമോക്കെയായി മുന്നൂറോളം ഓളം ബ്രാഞ്ചുകളുള്ള പോപ്പുലർ ഫിനാൻസ് ആണ് തട്ടിപ്പിന്റെ പടുകുഴിയിൽ നിക്ഷേപകരെ വീഴ്‌ത്തിയിരിക്കുന്നത്.

കള്ളപ്പണം നിക്ഷേപിച്ച ബിഗ് ഷോട്‌സ് അനങ്ങാതിരിക്കുമ്പോൾ സ്വത്ത് പണയപ്പെടുത്തിയും ആഭരണങ്ങൾ മുഴുവൻ വിറ്റും സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുക മുഴുവൻ നിക്ഷേപം നടത്തിയ സാധാരണക്കാരുമൊക്കെ നെഞ്ചത്തടിച്ച് നിലവിളിക്കുകയാണ്. പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചപ്പോൾ ഒൻപത് കടലാസ് കമ്പനികളുടെ ഷെയർ ആണ് നൽകിയത്. നിക്ഷേപത്തിനു പകരം ഷെയർ ആണ് തങ്ങളുടെ കയ്യിലുള്ളത് എന്ന് നിക്ഷേപകരിൽ ഒരാൾ പോലും അറിഞ്ഞില്ല. പന്ത്രണ്ടു ശതമാനം പലിശ കിട്ടും എന്ന് അറിഞ്ഞപ്പോൾ നിക്ഷേപകർ കണ്ണും പൂട്ടി നിക്ഷേപം നടത്തുകയായിരുന്നു. വളരെ ആസൂത്രിതമായ തട്ടിപ്പിന്റെ രീതികൾ പൊലീസ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിന് ശേഷമുള്ള കോടികളുടെ വൻ തട്ടിപ്പാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ മാർച്ചിനു ശേഷമാണ് പ്രതിസന്ധി തലപൊക്കിയത്. നിക്ഷേപകർക്ക് പലിശയോ നിക്ഷേപമോ മാർച്ചിനു ശേഷം തിരികെ ലഭിച്ചിട്ടില്ല. ഈ വാർത്ത പരന്നപ്പോൾ നിക്ഷേപകർ പണത്തിനു തിടുക്കം കൂട്ടി പോപ്പുലർ ഫിനാൻസിനെ സമീപിച്ചു. പണം തിരികെ ചോദിച്ചവർക്ക് ആർക്കും പണം തിരികെ ലഭ്യമായില്ല. ഇതോടെയാണ് നിക്ഷേപകർ പ്രശ്‌നമുണ്ടാക്കി തുടങ്ങിയത്. സൗത്ത് ഇന്ത്യയിലെ അയ്യായിരത്തിലേറെ നിക്ഷേപകരുടെ കോടികൾ തട്ടിയെടുത്ത് മുങ്ങിയ പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയൽ എന്ന റോയിയും ഭാര്യ പ്രഭാ തോമസും മുങ്ങിയിരിക്കുകയാണ്. വിജയ് മല്യയെപ്പോലെ രാജ്യം വിടാതിരിക്കാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിക്ഷേപകരെ കണ്ണീരു കുടിച്ച് മുങ്ങിയ ഇവർ തൃശൂർ-എറണാകുളം ബെൽറ്റിലുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. നിലവിൽ ഇവരുടെ മോബൈലുകൾ സ്വിച്ച് ഓഫ് ആണ്. ഇവരുടെ മൂന്നു പെൺകുട്ടികളും കേസിൽ പ്രതികളായി മാറിയേക്കും.

കോന്നി പൊലീസ് സ്റ്റേഷനിൽ മാത്രം ഇരുനൂറോളം നിക്ഷേപകരാണ് പരാതി നൽകിയിരിക്കുന്നത്. അഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷം കൊണ്ട് ഇരട്ടി തുക. ഈ രീതിയിൽ പല തവണ ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ മുഴുവൻ സമ്പാദ്യവുമാണ് ഒറ്റയടിക്ക് നഷ്ടമായിരിക്കുന്നത്. കോന്നി സ്റ്റേഷൻ സ്റ്റേഷൻ ലിമിറ്റിൽ മാത്രം പതിനഞ്ചു കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. രേഖാമൂലമുള്ള പരാതിയിലെ തുകയാണ് ഈ പതിനഞ്ചു കോടി. നിരവധി കേസുകൾ കോന്നി പൊലീസ് ചാർജ് ചെയ്തു കഴിഞ്ഞു. മാരത്തോൺ നടപടികളാണ് പോപ്പുലർ ഫിനാൻസ് കേസുകൾ രജിസ്റ്റർ ചെയ്യാൻ മാത്രം പൊലീസ് ആരംഭിച്ചത് എന്നാണ് കോന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എസ്.രാജേഷ് മറുനാടനോട് പറഞ്ഞത്. നടപടികൾ പൂർത്തിയായ ശേഷം പോപ്പുലർ ഫിനാൻസ് ഉടമകളുടെ അറസ്റ്റിലേക്കും നീങ്ങും എന്നാണ് സ്റ്റേഷൻ ഓഫീസർ പ്രതികരിച്ചത്. നിക്ഷേപകർ കമ്പനി പൊളിഞ്ഞത് അറിഞ്ഞു വരുന്നേയുള്ളൂ. അതിനനുസരിച്ച് പരാതികളുടെ പ്രവാഹം കേരളം മുഴുവനുള്ള പൊലീസ് സ്റ്റേഷനുകളിൽ എത്തിയേക്കും.

കോന്നി, പത്തനംതിട്ട, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, അഞ്ചൽ തുടങ്ങി മധ്യ കേരളത്തിലെ മിക്ക പൊലീസ് സ്റ്റെഷനുകളിലും പോപ്പുലർ ഫിനാൻസ് കേസിന്റെ പേരിലുള്ള പരാതികൾ വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. മധ്യ കേരളത്തിലെ നിക്ഷേപകർ മുഴുവൻ പരിഭ്രാന്തമായ അവസ്ഥയിലാണ്. ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായ ലക്ഷങ്ങളാണ് ഓരോരുത്തർക്കും നഷ്ടമായത്.

ചില ബ്രാഞ്ചുകൾ ഉടമകൾ ഓപ്പൺ ചെയ്യുന്നുണ്ട്. അവർക്ക് സമയം കൊടുക്കണം. പണം തിരികെ നൽകും. ബ്രാഞ്ചിലും ഓഫീസിലും കയറി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ബ്രാഞ്ച് അടപ്പിച്ച് കഴിഞ്ഞാൽ പണം തിരികെ ലഭിക്കില്ല. സെറ്റിൽമെന്റിന് സമയം കൊടുക്കണം. വേറെ ബാങ്ക് ഏറ്റെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. അതിനും സമയം വേണം. നിക്ഷേപകർക്ക് നഷ്ടമാകും. ഹെഡ് ഓഫീസ് അടപ്പിക്കാനും ജീവനക്കാരെ മർദ്ദിക്കാനുമുള്ള പ്രശ്‌നങ്ങളാണ് നടക്കുന്നത്. എതിരാളികൾ ഒതുക്കാനുള്ള വഴി നോക്കുന്നു. എന്നൊക്കെയാണ് ഉടമകളുടെ ഭാഷ്യം. കേസും അറസ്റ്റും വന്നാൽ പണം മുഴുവൻ നഷ്ടമായ അവസ്ഥ വരും എന്നതിനാൽ ആശങ്കയിലാണ് നിക്ഷേപകർ. സൗത്ത് ഇന്ത്യയിൽ വേര് പടർത്തിയ സ്ഥാപനമാണ് ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.

പോപ്പുലർ ഫിനാൻസ് എന്നത് മുഖ്യ എജന്റാക്കി ഇതിന്റെ മറവിൽ ഒൻപതോളം കടലാസ് കമ്പനികൾ തുടങ്ങി നിക്ഷേപകരെ അവർ അറിയാതെ ഈ കമ്പനികളിലെ ഷെയർ ഹോൾഡേഴ്‌സ് ആക്കുകയാണ് പോപ്പുലർ ഫിനാൻസ് ചെയ്തത്. പോപ്പുലർ ഫിനാൻസിൽ തങ്ങൾ പണം നിക്ഷേപിച്ചു എന്ന് നിക്ഷേപകർ കരുതിയപ്പോൾ കടലാസ് കമ്പനിയുടെ ഷെയറുകൾ ആണ് കമ്പനി നൽകിയിരിക്കുന്നത്. കമ്പനി പൊളിഞ്ഞാൽ മുങ്ങാനുള്ള ഉടമകളുടെ അടവ് ആയാണ് ഈ രീതിയിൽ പണം നിക്ഷേപിച്ചത്. കമ്പനി നഷ്ടത്തിലായപ്പോൾ ഷെയറുകൾ തിരികെ നൽകാൻ കഴിയുന്നില്ല എന്ന് ഉടമകൾക്ക് പറഞ്ഞു നിൽക്കാനുള്ള അവസരമാണ് ഉടമകൾ തന്നെ സൃഷ്ടിച്ചിരിക്കുന്നത്.

പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചപ്പോൾ വിവിധ കമ്പനികളുടെ നിക്ഷേപങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ കണ്ടു പൊലീസ് പരിശോധിച്ചപ്പോഴാണ് വളരെ ആഴത്തിലുള്ള സാമ്പത്തിക തട്ടിപ്പ് ബോധ്യമായത്. കോടികൾ നഷ്ടപ്പെട്ട നിക്ഷേപർ പരിഭ്രാന്തരാണ്. ഓഫീസ് കയ്യേറാനും സ്റ്റാഫുകളെ ആക്രമിക്കാനും നിക്ഷേപകർ മുതിർന്നതോടെ തുറന്ന ബ്രാഞ്ചുകൾ പോലും ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്. കമ്പനി പൂട്ടിക്കാൻ എതിരാളികൾ ശ്രമിച്ചതിന്റെ ഫലമാണ് നിലവിലെ അവസ്ഥയെന്നു കമ്പനിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു പരത്താൻ ശ്രമിക്കുന്നുണ്ട്. പോപ്പുലർ ഫിനാൻസ് പൊളിഞ്ഞതിനാൽ ടേക്ക് ഓവറിനു ശ്രമം നടക്കുന്നുണ്ട്. അതിനാൽ ഒരു മാസം കാത്താൽ പണം തിരികെ നൽകാം എന്നാണ് ഉടമകളുടെ ഭാഷ്യം. പക്ഷെ പൊലീസ് ഇത് തള്ളിക്കളയുകയാണ്. സാമ്പത്തിക തട്ടിപ്പ് വീരന്മാർ പതിവായി പറയുന്ന ഒരു കാര്യമായി മാത്രമേ പൊലീസ് ഇത് കാണുന്നുള്ളൂ.

തട്ടിപ്പ് ആസൂത്രിതം:

ഇന്ത്യയിലെ സാമ്പത്തിക നിയമങ്ങൾ പൂർണമായും പഠിച്ച് പഴുതുകൾ മനസിലാക്കിയുള്ള അതിഭീകരമായ തട്ടിപ്പ് ആണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ നിക്ഷേപം സ്വീകരിക്കുമ്പോൾ ആറു വർഷം കഴിഞ്ഞാൽ ഇരട്ടി തുക നൽകുന്ന രീതിയാണ് അവലംബിച്ചത്. ഇങ്ങനെ തുക പത്ത് ലക്ഷമായവർ അത് പിന്നെയും പിന്നെയും നിക്ഷേപിച്ച് ഇരുപത് ലക്ഷത്തോളം രൂപയാക്കി. കമ്പനി മുങ്ങിയപ്പോൾ നിക്ഷേപകർക്ക് ഇരുപത് ലക്ഷവും ഒറ്റയടിക്ക് നഷ്ടമായി. ലക്ഷങ്ങൾ തന്നെ ഇങ്ങനെ നിക്ഷേപിച്ചപ്പോൾ സമ്പാദ്യം മുഴുവൻ ഒറ്റയടിക്ക് നഷ്ടമായി. സൗത്ത് ഇന്ത്യയിലെ അയ്യായിരത്തിലേറെ നിക്ഷേപകരുടെ 2000 കോടിയോളമാണ് കമ്പനി തട്ടി എടുത്ത് മുങ്ങിയിരിക്കുന്നത്. അഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷ നിക്ഷേപ കാലാവധി അവസാനിക്കുമ്പോൾ ഇരട്ടി തുകയാകും. അത് പിന്നെയും നിക്ഷേപിച്ചാൽ പതിനഞ്ചു ലക്ഷമാകും. പിന്നെയും നിക്ഷേപിച്ചാൽ ഇരുപത് ലക്ഷമാകും. ഈ രീതിയിലുള്ള തട്ടിപ്പ് ആണ് ഇവർ നടത്തിയത്. നിക്ഷേപതുക തിരികെ നൽകുന്നത് ഷെയർ മാർക്കറ്റ് നിബന്ധനകൾ അനുസരിച്ചാകും എന്ന് താഴെ ചെറിയ അക്ഷരങ്ങളിൽ എഴുതും. ഇത് പലരുടെയും കണ്ണിൽപ്പെടില്ല. എപ്പോഴാണ് പലരും ഇത് ശ്രദ്ധിക്കുന്നത്.

തട്ടിപ്പിന്റെ ആദ്യഘട്ടത്തിനു രൂപീകരിച്ചത് പോപ്പുലർ ഫിനാൻസ്

തട്ടിപ്പിനായി ഇവർ ആദ്യം രൂപീകരിച്ചത് പോപ്പുലർ ഫിനാൻസ് ആണ്. ഒൻപത് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർ ഷിപ്പ് കമ്പനികളുടെ ഷെയർ വിൽപ്പനയ്ക്കുള്ള എജന്റ്‌റ് മാത്രമാണ്. പോപ്പുലർ ഫിനാൻസ് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയായാണ് രൂപീകരിച്ചത്. സ്വർണപണയം എടുക്കാൻ അർഹതയുള്ള കമ്പനിയാണ്. സ്വർണം പണയം എടുക്കുക. പലിശ സ്വീകരിക്കുക. ഇത് മറയാക്കി ഒൻപത് കമ്പനികൾ രൂപീകരിക്കുകയാണ് ഇവർ ചെയ്തത്. നിക്ഷേപകർ പണം മുടക്കുമ്പോൾ നിക്ഷേപം സ്വീകരിക്കുന്നത് കമ്പനികളുടെ പേരിലാണ്. കമ്പനി ലാഭത്തിലായാൽ ലാഭം കൊടുക്കാം. നഷ്ടത്തിലായാൽ പണം പോകും. കടലാസ് കമ്പനികൾ ആയതിനാൽ ഒരു ലാഭവും വരാൻ പോകുന്നില്ല. കടലാസ് കമ്പനികൾ രൂപീകരിച്ചത് പണം തട്ടുക എന്ന ഉദ്ദേശ്യം മുൻ നിർത്തിയാണെന്ന സൂചനകളാണ് പൊലീസിനു ലഭിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പണം നൽകാം എന്ന് പറയുന്നുണ്ടെങ്കിലും എല്ലാ തട്ടിപ്പ് കമ്പനികൾ പറയുന്ന രീതിയിലുള്ള ഒരു നീക്കമായി മാത്രമേ ഇത് കാണുന്നുള്ളൂ.

നിക്ഷേപം സ്വീകരിച്ചത് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച്

വ്യത്യസ്തമായ രീതിയിലാണ് നിക്ഷേപം സ്വീകരിച്ചത്. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർ ഷിപ്പ് ആക്റ്റ് വഴിയാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്. ഈ ആക്റ്റ് വഴി കമ്പനികൾ രൂപീകരിച്ച് വിവിധ കമ്പനികളുടെ ഷെയർ ആയിട്ടാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഒൻപത് കമ്പനികളാണ് ഇവർ ഇതിനു വേണ്ടി രൂപീകരിച്ചത്. എല്ലാം കടലാസ് കമ്പനികൾ.

കമ്പനി പൊട്ടിയാലും തങ്ങൾക്ക് എതിരെ ഒരു കേസും വരരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത്. നിക്ഷേപകർ വന്നാൽ ഏതെങ്കിലും കമ്പനിയുടെ അക്കൗണ്ട് നമ്പർ ഇവർ നൽകും. തൊട്ടടുത്ത ബാങ്കിൽ നിന്ന് ആർടിബിഎസ് ആയി തുക അക്കൗണ്ടിലേക്ക് ഇടാൻ പറയും. നിക്ഷേപകർക്ക് വിശ്വാസം കൂടും. ബാങ്ക് വഴിയുള്ള ട്രാൻസ്‌ക്ഷൻ ആയതിനാൽ. ഇത് കമ്പനിക്ക് രക്ഷപ്പെടാനുള്ള പഴുതായിരുന്നു. നിക്ഷേപകർക്ക് നൽകിയത് കമ്പനിയുടെ ഷെയർ ആണ്. കമ്പനി നഷ്ടത്തിലായതിനാൽ ഷെയർ തിരികെ കൊടുക്കാൻ കഴിയുന്നില്ല. ഇതിനു അനുസരിച്ചാണ് കമ്പനി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്.

പോപ്പുലർ ഫിനാൻസിന്റെ പേരിൽ ഒരു രേഖയും നൽകിയിട്ടില്ല

പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്താൻ വന്ന നിക്ഷേപകർക്ക് ബുദ്ധിപൂർവ്വം പോപ്പുലർ ഫിനാൻസിന്റെ ഒരു സർട്ടിഫിക്കറ്റും നൽകിയിട്ടില്ല. പകരം കടലാസ് കമ്പനികളുടെ സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്തത്. പലരും ഇത് പോപ്പുലർ ഫിനാൻസിന്റെ സർട്ടിഫിക്കറ്റ് ആയി കണ്ടു. കമ്പനികളുടെ പേരിൽ കൊടുത്തത് നിക്ഷേപകർ പലരും ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. പോപ്പുലർ ട്രേഡേഴ്‌സ്, വകയാർ ലാബ്, പോപ്പുലർ പ്രിന്റെഴ്‌സ്, മറൈൻ പോപ്പുലർ, മേരി റാണി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ വിവിധ കമ്പനികളുടെ പേരിലാണ് നിക്ഷേപകർക്ക് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. പോപ്പുലർ ഫിനാൻസിന്റെ പേരിൽ നിക്ഷേപം നടത്തിയവർ ഏറ്റുവാങ്ങിയത് പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്തിയതിന്റെ സർട്ടിഫിക്കറ്റ് അല്ല പകരം കടലാസ് കമ്പനികളുടെ ഷെയർ സർട്ടിഫിക്കറ്റ് ആണ്. ഇത് കമ്പനി പൊളിഞ്ഞപ്പോഴാണ് നിക്ഷേപകർ മനസിലാക്കുന്നത്. പല തരത്തിലുള്ള സർട്ടിഫിക്കറ്റ് ആണ് പരാതിയുമായി വന്നപ്പോൾ കണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP