Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഖുറാൻ ഇറക്കുമതി ഇടപാടുമായി ബന്ധം; ഇറക്കുമതി ചെയ്ത പായ്ക്കറ്റുകളിൽ മുഴുവൻ ഖുറാൻ ആയിരുന്നോ എന്നും സംശയം; എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറയുന്നെങ്കിലും പാഴ്സലുമായി വാഹനം കർണാടകത്തിലെ ഭട്കലിലേക്കാണ് പോയതെന്നും കണ്ടെത്തൽ; കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് അമിത് ഷായുടെ ടേബിളിൽ; മന്ത്രി കെടി ജലീലിന്റെ വാദമെല്ലാം പൊളിച്ച് അന്വേഷണം; ഖുറാൻ കടത്തിൽ മലപ്പുറത്തെ മന്ത്രി കുരുക്കിൽ തന്നെ

സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഖുറാൻ ഇറക്കുമതി ഇടപാടുമായി ബന്ധം; ഇറക്കുമതി ചെയ്ത പായ്ക്കറ്റുകളിൽ മുഴുവൻ ഖുറാൻ ആയിരുന്നോ എന്നും സംശയം; എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറയുന്നെങ്കിലും പാഴ്സലുമായി വാഹനം കർണാടകത്തിലെ ഭട്കലിലേക്കാണ് പോയതെന്നും കണ്ടെത്തൽ; കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് അമിത് ഷായുടെ ടേബിളിൽ; മന്ത്രി കെടി ജലീലിന്റെ വാദമെല്ലാം പൊളിച്ച് അന്വേഷണം; ഖുറാൻ കടത്തിൽ മലപ്പുറത്തെ മന്ത്രി കുരുക്കിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്രത്തിന്റെ മറവിൽ, സ്വർണക്കടത്തിന്റെ വഴിയിലൂടെ യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്ത 'ഖുറാൻ' കടത്തിയത് കർണാടകത്തിലെ ഭട്കലിലേക്കും. ഇക്കാര്യവും മന്ത്രിയുടെ വിശദീകരണവും വിലയിരുത്തിയ അന്വേഷണ ഏജൻസികൾ, മന്ത്രി കെ.ടി. ജലീൽ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്സിആർഎ) ലംഘിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.

മന്ത്രിക്കെതിരേ ഏത് ഏജൻസി അന്വേഷിക്കണമെന്ന് ഇനി തീരുമാനിക്കേണ്ടത് ആഭ്യന്തര മന്ത്രാലയവും മന്ത്രി അമിത് ഷായുമാണെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഖുറാൻ ഇറക്കുമതി ഇടപാടുമായി ബന്ധമുണ്ടെന്ന് വന്നിട്ടുള്ളതിനാൽ എൻഐഎയ്ക്ക് കേസന്വേഷിക്കാം. എന്നാൽ, ഇറക്കുമതി ചെയ്ത പായ്ക്കറ്റുകളിൽ മുഴുവൻ ഖുറാൻ ആയിരുന്നോ എന്ന് സംശയം ഉള്ളതിനാൽ, സിബിഐ അന്വേഷണവും വരാം. കസ്റ്റംസ്, ഇഡി ഏജൻസികളുടെ അന്വേഷണത്തിനപ്പുറമാണ് ഈ ഇടപാടെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഖുറാൻ കടത്തിൽ സിബിഐ അന്വേഷണത്തിനും സാധ്യത ഉയരുകയാണ്.

യുഎഇയിൽനിന്നു വന്ന, മന്ത്രി ജലീൽ ഖുറാൻ എന്നു പറയുന്ന, പാഴ്സൽ തന്റെ മണ്ഡലമായ എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറയുന്നെങ്കിലും പാഴ്സലുമായി വാഹനം കർണാടകത്തിലെ ഭട്കലിലേക്കാണ് പോയതെന്ന് അന്വേഷണ ഏജൻസി സ്ഥിരീകരിച്ചു. ലോറി ഡ്രൈവറെ ഏജൻസി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മന്ത്രിയുടെ പ്രസ്താവന, പ്രോട്ടോകോൾ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണം, പ്രാഥമിക അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഏജൻസികളുടെ റിപ്പോർട്ട്.

ഇതിനു പുറമേ, മന്ത്രി ജലീലിന്റെ ഫേസ്‌ബുക് പോസ്റ്റും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ വിശദീകരണവും ഏജൻസി ആഭ്യന്തര വകുപ്പിന്റെ പക്കലെത്തിച്ചുവെന്ന് ജന്മഭൂമി പറയുന്നു. കർണ്ണാടകത്തിലെ ഭട്കൽ, ഹാജിമസ്താന്റെ കാലം മുതൽക്കേ കള്ളക്കടത്തിന്റെ കേന്ദ്രമാണ് ഈ നഗരമാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. ഇന്ത്യൻ മുജാഹിദ്ദീൻ എന്ന ഭീകര സംഘടനയുടെ സ്ഥാപകരായ യാസിൻ ഭട്കൽ, റിയാസ് ഭട്കൽ, ഇക്‌ബാൽ ഭട്കൽ, യാസിൻ ഭട്കലിന്റെ ഭാര്യ ഷാഹിദ ഖാൻ, എന്നിവരുടെ കേന്ദ്രമായിരുന്നു. നിരവധി ബോംബ് സ്‌ഫോടനങ്ങളിൽ പ്രതികളാണ് ഇവരെല്ലാം. അതുകൊണ്ട് തന്നെ ഖുറാൻ കടത്തിനെ ഭീകരവാദവുമായി ബന്ധപ്പെടുത്താനുള്ള തെളിവും അന്വേഷണ ഏജൻസി ശേഖരിക്കുന്നുണ്ട്.

കെ.ടി ജലീൽ മതവിശ്വാസത്തെ ഉപയോഗപ്പെടുത്തി കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി ആവർത്തിച്ച് പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. വിശുദ്ധ ഗ്രന്ഥത്തെ ജലീൽ ദുരുപയോഗം ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. യു.എ.ഇ കോൺസുലേറ്റ് വഴി വന്ന പാഴ്‌സലിൽ വിശുദ്ധഗ്രന്ഥങ്ങളാണെന്നും ഇത് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തിട്ടുണ്ടെന്നുമായിരിന്നു ജലീലിന്റെ വിശദീകരണം. വഖഫിന്റെ ചുമതലയുള്ള മന്ത്രിയായതുകൊണ്ടാണ് ഖുറാൻ എത്തിക്കാൻ യു.എ.ഇ സമീപിച്ചതെന്നും മന്ത്രി പറഞ്ഞിരിന്നു.എന്നാൽ കേസിൽ നിന്ന് രക്ഷപെടാൻ വിശുദ്ധഗ്രന്ഥത്തെ ഉപയോഗപ്പെടുത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വിവാദങ്ങളിലേക്ക് വിശൂദ്ധഗ്രന്ഥത്തെ വലിച്ചിഴച്ചത് ശരിയല്ലെന്ന നിലപാട് ലീഗിനുമുണ്ട്. ജലീലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ രാഷട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷത്തേയും സ്വാഗതം ചെയ്യുന്നുവെന്നാണ് ജലീൽ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് കേന്ദ്ര ഏജൻസികൾ സി ആപ്റ്റ് വാഹനത്തിന്റെ ഭട്കലിലേക്കുള്ള യാത്ര കണ്ടെത്തുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് സഹായം സ്വീകരിച്ച സംഭവത്തിലും സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്കിന്റെ പങ്ക് പുറത്തുവന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് സെക്രട്ടറിയേറ്റിലെ സുപ്രധാന വിഭാഗത്തിൽ തീപിടുത്തമുണ്ടായത്.

സ്വർണക്കടത്ത് കേസിലെ പ്രതികളുമായും ശിവശങ്കറുമായി ഇദ്ദേഹത്തിനുള്ള അടുത്ത ബന്ധത്തെക്കുറിച്ച് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചുവരികയായിരുന്നു. 2018ൽ ആരോപണത്തെ തുടർന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഷൈൻ എ. ഹക്കിനെ നിയമം മറികടന്നു ചീഫ് സെക്രട്ടറിക്കു തൊട്ടുതാഴെ ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചതു സംബന്ധിച്ച് അന്വേഷണം തുടങ്ങാനിരിക്കെയാണ് സുപ്രധാന ഫയലുകൾ കത്തിനശിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

വിദേശനാണയ വിനിമയ നിയമപ്രകാരം ധനസഹായം സ്വീകരിക്കാവുന്ന അംഗീകൃത സംഘടനകളുടെ പട്ടികയിൽ യുഎഇയിലെ റെഡ് ക്രെസന്റ് ഉൾപ്പെട്ടിട്ടില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഷൈൻ എ ഹക്കിനെ തിടുക്കപ്പെട്ട് ഇതേ വിഭാഗത്തിൽ നിയമിച്ചതിൽ അന്വേഷണ സംഘത്തിന് സംശയം ബലപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുള്ളയാളാണ് ഷൈൻ. നേരത്തെ ബിജെപിയുടെ പരാതിയെ തുടർന്നാണ് ഹക്കിനെ ചീഫ് പ്രോട്ടോകോൾ ഓഫീസർ സ്ഥാനത്തു നിന്നു മാറ്റിയത്. പിന്നീട് ആ തസ്തികക്ക് മുകളിൽ നിയമനം നൽകി. എം ശിവശങ്കർ, മന്ത്രി കെടി ജലീൽ എന്നിവർ മുൻകൈയെടുത്താണ് ഇദ്ദേഹത്തിന് ഉയർന്ന തസ്തികയിൽ നിയമനം നൽകിയെന്നാണ് വിവരമെന്ന് വീക്ഷണവും റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്ര സർക്കാർ അറിയാതെ കോൺസുലേറ്റിനെ മറയാക്കി കള്ളക്കടത്തു നടത്താൻ ഉന്നതർ ഷൈനിനെ വിനിയോഗിച്ചെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തീപിടുത്തം ഉണ്ടായത്. ഷൈനിനു പകരം 2018ൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറായ സുനിൽകുമാറിനു മുന്നിൽ നയതന്ത്ര ബാഗേജിലൂടെ വരുന്ന പാഴ്സലുകൾ സംബന്ധിച്ച ഒരു വിവരവും എത്തിയിട്ടില്ലെന്ന് അദ്ദേഹത്തെ ചോദ്യം ചെയ്തതിലൂടെ അധികൃതർക്കു വ്യക്തമായിട്ടുണ്ട്. ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറായിരുന്ന ഷൈനാണ് ഇക്കാര്യങ്ങളിൽ ഇടപെട്ടതെന്നാണ് സംശയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP