Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നായർ-ഈഴവ വോട്ടുകൾ ഇനി നിർണായകം; നാടാർ മനസും അനുകൂലമാകണം; സഹതാപത്തിനു പിന്നോട്ടു നിൽക്കാം; അരുവിക്കരയിൽ രാജഗോപാൽ എത്തുമ്പോൾ ചിത്രം മാറുന്നു; വിജയകുമാറിനും ശബരീനാഥനും വിയർപ്പൊഴുക്കേണ്ടി വരും: അരുവിക്കരയിൽ വിജയിയെ നിശ്ചയിക്കുക സാമുദായിക രാഷ്ട്രീയം

ബി രഘുരാജ്‌

തിരുവനന്തപുരം: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് സമാനമായി എല്ലാവരേയും ഞെട്ടിച്ച് അരുവിക്കരയിലും ബിജെപി ഒ രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കുമ്പോൾ തെറ്റുന്നത് ഇടത്-വലത് മുന്നണികളുടെ ഇതുവരെയുള്ള കണക്ക് കൂട്ടലാണ്. രാഷ്ട്രീയ സാഹചര്യത്തിന്റെ ആനുകൂല്യത്തിൽ എളുപ്പത്തിൽ ജയിച്ചു കയറാമെന്നാണ് സിപിഎമ്മും സ്ഥാനാർത്ഥി വിജയകുമാറും പ്രതീക്ഷിച്ചത്. അരുവിക്കരയിൽ സഹതാപമുയർത്തി ജയിക്കാമെന്ന് ശബരീനാഥന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കോൺഗ്രസും കണക്കുകൂട്ടി. എന്നാൽ രാജഗോപാൽ സ്ഥാനാർത്ഥിയാകുമ്പോൾ എല്ലാം മാറി മറിയും. വികസനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അരുവിക്കരയിൽ നിറയും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായടക്കമുള്ളവർ പ്രചരണത്തിലും സജീവമാകും. ഇതിലൂടെ ഹൈന്ദവ വോട്ടുകളെല്ലാം പെട്ടിയിലാക്കാനാണ് ബിജെപി നീക്കം.

കാർത്തികേയന്റെ ഭാര്യ സുലേഖ മത്സരിക്കുമെന്ന് കരുതിയാണ് എം വിജയകുമാറനെ പോലൊരു കരുത്തനെ സിപിഐ(എം) സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ മത്സരിക്കാൻ മകൻ ശബരിനാഥൻ എത്തിയതോടെ സിപിഎമ്മിന്റെ പ്രതീക്ഷകൾ വാനോളമുയർന്നു. കെഎസ് യുവും യൂത്ത് കോൺഗ്രസും ശബരിനാഥനെ എതിർത്തതോടെ വിഭാഗീയ പ്രശ്‌നങ്ങളും എത്തി. ഇതിനൊപ്പം രാഷ്ട്രീയവും അനുകൂലമാക്കി അരുവിക്കര കയറമെന്ന സിപിഐ(എം) പ്രതീക്ഷയ്ക്കാണ് രാജഗോപാലിന്റെ വരവോടെ തിരിച്ചടിയാകുന്നത്. അടിയൊഴുക്കകുൾ തന്നെയാകും കേരള രാഷ്ട്രീയത്തിലെ അതിനിർണ്ണായകമായ ഉപതെരഞ്ഞെടുപ്പിലെ വിജയിയെ നിശ്ചയിക്കുക. വിജയകുമാറും ശബരീനാഥനും രാജഗോപാലും ജയം മാത്രം ലക്ഷ്യമിട്ടാകും അരുവിക്കരയിൽ വരും നാളുകളിൽ നിറയുക.

അരുവിക്കരയിൽ നായർ, ഈഴവ വോട്ടുകൾ നിർണ്ണായകമാണ്. വിജയകുമാറും ശബരീനാഥും രാജഗോപാലും ഒരേ സമുദായ പ്രതിനിധികളായതിനാൽ വോട്ട് വിഭജനം ഉറപ്പ്. നായർ വോട്ടുകൾ എങ്ങോട്ട് പോകുമെന്നതാണ് പ്രധാനം. മണ്ഡലത്തിൽ തന്നെ ജനിച്ചു വളർന്ന വിജയകുമാറിനെ നല്ല ബന്ധബലമുണ്ട്. അതുകൊണ്ട് തന്നെ ഈ വോട്ടുകൾ അനുകൂലമാകുമെന്നാണ് സിപിഐ(എം) കണക്കുകൂട്ടൽ. എന്നാൽ കാർത്തികേയനോട് വ്യക്തപരമായ താൽപ്പര്യമുള്ള ഈഴവ സമുദായം ശബരീനാഥിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസും കണക്ക് കൂട്ടി. രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തോടെ നായർ വിഭാഗത്തിലെ വലിയ വോട്ട് രാജഗോപാലിന് കിട്ടും. ഇത് ഇടത്-വലത് മുന്നണികളുടെ പ്രതീക്ഷകൾ മാറ്റി മറിക്കും. രാജഗോപാൽ മത്സരിക്കുമ്പോഴെല്ലാം എസ് എൻ ഡി പിയുടെ പിന്തുണ ബിജെപിക്ക് കിട്ടുന്ന പതിവുണ്ട്. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇത്തവണയും രാജഗോപാലിന് അനുകൂലമായി പരസ്യമായെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത് 7000 വോട്ടുകൾ മാത്രമാണ്. അന്ന് സി ശിവൻകുട്ടിയായിരുന്നു സ്ഥാനാർത്ഥി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിന്റെ ഇരട്ടി വോട്ട് ഇവിടെ നിന്ന് കിട്ടി. സിപിഎമ്മിൽ നിന്ന് കൂറുമാറിയെത്തിയ ഗിരിജാ കുമാരിയായിരുന്നു മത്സരിച്ചത്. രാജഗോപാൽ എത്തുമ്പോൾ മുപ്പതിനായിരം വോട്ട് ഉറപ്പായി കിട്ടുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. 27,000 പാർട്ടി അംഗങ്ങൾ ഇവിടെയുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി പ്രതിനിധികൾ ബിജെപിയുടെ താമര ചിഹ്നത്തിൽ ജയിച്ചു കയറിയ സ്ഥലവുമാണ്. അതുകൊണ്ട് തന്നെ അൽഭുതങ്ങൾ കാട്ടാൻ രാജേട്ടന് കഴിയുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആർ പത്മകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒത്തൊരുമയോടെ ബിജെപിയുടെ മുഴുവൻ സംവിധാനവും അരുവിക്കരയിൽ കേന്ദ്രീകരിക്കും.

അതായത് ബിജെപി അധികമായി പ്രതീക്ഷിക്കുന്ന പതിനയ്യായിരത്തോളം വരുന്ന വോട്ടുകൾ ആരുടെ പെട്ടിയിൽ നിന്ന് മറിയുമെന്നതാണ് നിർണ്ണായകം. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ സിപിഐ(എം) മേഖലകളിലായിരുന്ന രാജഗോപാൽ മുന്നേറിയത്. നഗരമേഖലയിലും അതിയന്നൂർ പഞ്ചായത്തിലും രാജഗോപാൽ കത്തികയറിയതാണ് സിപിഐ(എം) ചിഹ്നത്തിൽ മത്സരിച്ച ലോറൻസിന് വിനയായത്. നാടാർ, തീര മേഖലകളിൽ കോൺഗ്രസ് മുൻതൂക്കം നിറുത്തിയതോടെ സെൽവരാജ് വീണ്ടും നിയമസഭയിൽ എത്തി. അതുകൊണ്ട് തന്നെ ബിജെപിയുടെ സ്ഥാനാർത്ഥിയായി രാജഗോപാൽ എത്തുമ്പോൾ സിപിഐ(എം) കൂടതൽ കരുതൽ കാട്ടും. ഇവിടെ മൂന്ന് സ്ഥാനാർത്ഥികളും നായർ ആയതിനാൽ പ്രത്യേക മതവിഭാഗത്തിന്റെ ധ്രൂവീകരണം മണ്ഡലത്തിൽ ഉണ്ടാകില്ലെന്നാണ് ഇടത് മുന്നണിയുടെ കണക്ക് കൂട്ടൽ. നായർ, ഈഴവ സമുദായങ്ങളിലെ പാർട്ടി വോട്ടുകൾ ചോരില്ലെന്നും പ്രതീക്ഷിക്കുന്നു.

ശബരീനാഥന് സഹതാപമാണ് പ്രതീക്ഷ. ഈഴവ-നായർ വോട്ടുകളിൽ സഹതാപം ആഞ്ഞടിക്കുമെന്നത് ഇപ്പോഴും കണക്കു കൂട്ടുന്നു. കാർത്തികേയന് ഉയർത്തിക്കാട്ടിയുള്ള പ്രചരണത്തിലൂടെ ഈ വോട്ടുകളിൽ ഭൂരിഭാഗവും നേടാനാകും തന്ത്രം. ഇവിടെയാണ് രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം കൂടുതൽ പ്രശ്‌നമാകുന്നത്. അഴിമതി വിരുദ്ധ വികസന അനുകൂല പ്രതിച്ഛായയാണ് രാജഗോപാലിന് ഉള്ളത്. മത്സരിക്കുന്നിടത്തെല്ലാം രാജഗോപാലെന്ന ബിജെപിക്കാരന് വോട്ട് കൂടുന്നതിന്റെ കാരണവും അതു ത്‌ന്നെ. എൺപത്തിയഞ്ച് വയസ്സായ രാജഗോപാലിനെ നിയമസഭയിലേക്കോ പാർമെന്റിലേക്കോ ജയിക്കിപ്പാത്തതിലെ മനസാക്ഷി വിരുദ്ധത എല്ലാ ചർച്ചകളിലും ബിജെപി പരോക്ഷമായി സജീവാക്കാറുമുണ്ട്. ഇത് സഹതാപതരംഗത്തിന്റെ രൂപത്തിൽ ചെറിയ തോതിൽ പ്രവർത്തിക്കാറുമുണ്ട്. ഇത്തവണയുെ അത് തന്നെ സംഭവിക്കും. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെ പോലുള്ളവർ ഈ രീതിയിൽ തന്നെ പ്രതികരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

അങ്ങനെ ഈഴവ-നായർ വോട്ടുകൾ ആർക്കും ഉറപ്പിക്കാനാവത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുന്നു. സഹതാപത്തിനൊപ്പം ആദിവാസി മേഖകളും നാടാർ, ക്രൈസ്തവ വോട്ടുകളുമായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. ഇതിൽ നാടാർ വോട്ടുകൾ ബിജെപിയും കണക്കുകൂട്ടുന്നു. പിസി ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണി രാജഗോപാലിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ നാടാർ വോട്ടുകളുടെ അടിയൊഴുക്ക് എങ്ങോട്ടേക്ക് മറിയുമെന്ന് വ്യക്തമല്ലാത്ത അവസ്ഥ വരും. തിരുവനന്തപുരം പാർലമെന്റിൽ ശശി തരൂർ നാടാർ വോട്ടുകളുടെ കേന്ദ്രീകരണം ഉറപ്പാക്കിയാണ് ജയിച്ചത്. എന്നാൽ പിസി ജോർജ്ജിനൊപ്പമാണ് വി എസ്ഡിപി. യുഡിഎഫിന് അനുകൂലമായി നാടർ വിഭാഗത്തിലെ വി എസ്ഡിപി വോട്ടുകൾ മറിയില്ല. അതെങ്ങോട്ട് പോകുമെന്നും ഉറപ്പില്ല. ഇതിൽ നല്ലൊരു ശതമാനം വോട്ട് രാജഗോപാലിന് കിട്ടിയാൽ ജയിക്കാമെന്ന കണക്ക് കൂട്ടൽ സിപിഎമ്മിനുണ്ട്.

അരുവിക്കരയുടെ പ്രസക്തി തിരിച്ചറിഞ്ഞാണ് മുന്ന് പാർട്ടികളും സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. അരുവിക്കരയിൽ കുരത്ത് കാട്ടിയാൽ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭയിലേക്കുള്ള അടുത്ത വർഷത്തെ വോട്ടെടുപ്പിലും നേട്ടമുണ്ടാക്കമെന്നാണ് കണക്ക് കൂട്ടൽ. അതുകൊണ്ട് കൂടിയാണ് വിജയകുമാറിനെ സിപിഎമ്മും രാജഗോപാലിനെ ബിജെപിയും രംഗത്തിറക്കുന്നത്. കോൺഗ്രസിന് കാർത്തികേയന്റെ മരണമുണ്ടാക്കിയ സഹതാപം നിലനിർത്തുകയും വേണം. ശബരിനാഥനെ എതിർപ്പുകളൊന്നുമില്ലാതെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുണച്ചത് അതുകൊണ്ട് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP