Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ വിയർപ്പൊഴുക്കിയ പണം മുടക്കിയത് കൃഷി ഓഫീസറായ അച്ഛന്റെ പ്രചോദനത്താൽ ഗോവിന്ദപുരത്ത്; തോട്ടത്തിലൂടെയുള്ള കള്ളക്കടത്തിനെ എതിർത്തപ്പോൾ രാഷ്ട്രീയക്കാരുടെ ശത്രുവായി; 12 ലക്ഷം രൂപയുടെ സ്വത്തുകൊള്ളയടിച്ചത് ഗുണ്ടകൾ; വളർത്തു നായ്ക്കളെ പാര കൊണ്ട് കുത്തി കൊന്നു; തോട്ടം ഒഴിവാക്കിയില്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ദിനേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയത് സിപിഎം നേതാവ് കൃഷ്ണദാസ്; സ്വന്തം ഫാമിൽ താമസിക്കാനും വരുമാനം എടുക്കാനും കഴിയാത്ത പ്രവാസിയുടെ കണ്ണീർ കഥ

അമേരിക്കയിൽ വിയർപ്പൊഴുക്കിയ പണം മുടക്കിയത് കൃഷി ഓഫീസറായ അച്ഛന്റെ പ്രചോദനത്താൽ ഗോവിന്ദപുരത്ത്; തോട്ടത്തിലൂടെയുള്ള കള്ളക്കടത്തിനെ എതിർത്തപ്പോൾ രാഷ്ട്രീയക്കാരുടെ ശത്രുവായി; 12 ലക്ഷം രൂപയുടെ സ്വത്തുകൊള്ളയടിച്ചത് ഗുണ്ടകൾ; വളർത്തു നായ്ക്കളെ പാര കൊണ്ട് കുത്തി കൊന്നു; തോട്ടം ഒഴിവാക്കിയില്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ദിനേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയത് സിപിഎം നേതാവ് കൃഷ്ണദാസ്; സ്വന്തം ഫാമിൽ താമസിക്കാനും വരുമാനം എടുക്കാനും കഴിയാത്ത പ്രവാസിയുടെ കണ്ണീർ കഥ

ജാസിം മൊയ്ദീൻ

പാലക്കാട്: വിദേശത്ത് അധ്വാനിച്ചുണ്ടാക്കിയ പണം നാട്ടിലെത്തി കൃഷിയിൽ നിക്ഷേപം നടത്തി 20 വർഷമായിട്ടും ഒരു രൂപ പോലും തിരിച്ചുപിടിക്കാനാകാതെ ഒരു പ്രവാസി സംരഭകൻ. പാലക്കാട് ഗോവിന്ദപുരം സ്വദേശി ജിപി ദിനേഷ് കുമാറാണ് വർഷങ്ങളോളമായി തന്റെ ഫാമിൽ നിന്നുള്ള വരുമാനമെടുക്കാനും അവിടെ താമസിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതികൾ കയറി ഇറങ്ങുന്നത്. തമിഴ് സംസാരിക്കുന്ന നായിഡു വിഭാഗത്തിൽ പെട്ടയാളാണ് ദിനേഷ് കുമാർ.

ജനിച്ചത് കോഴിക്കോട് കല്ലായിയിലാണെങ്കിലും കർണ്ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാമാണ് വളർന്നത്. അച്ഛൻ കൃഷി ഓഫീസറായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചെന്നൈയിലെ ലയോള കോളേജിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ ദിനേഷ് കുമാർ ജോലി തേടി അമേരിക്കയിലേക്ക് പോകുകയായിരുന്നു. 16 വർഷത്തോളം അമേരിക്കയിലെ വിവിധ കമ്പനികളിൽ നല്ല രീതിയിൽ ജോലി ചെയ്ത ദിനേഷ് കുമാർ 2003ൽ നാട്ടിലെത്തി സ്ഥിരതാമസമാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പാലക്കാട് ചിറ്റൂർ താലൂക്കിൽ കേരള തമിഴ്‌നാട് സംസ്ഥാന അതിർത്തിയിൽ 44 ഏക്കർ സ്ഥലം പാട്ടത്തിനെടുക്കുകയായിരുന്നു. 24 ലക്ഷം രൂപ നൽകി മൂന്ന് വർഷത്തേക്കാണ് 44 ഏക്കർ തെങ്ങിൻതോപ്പ് പാട്ടത്തിനെടുത്തത്.

എന്നാൽ മൂന്ന് വർഷത്തിന് ശേഷം പാട്ടത്തുകയിൽ നിക്ഷേപമായി നൽകിയ പണം തിരിച്ച് നൽകാത്തതിനെ തുടർന്ന് പാട്ടക്കരാർ 20 വർഷത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു. ഇത്രയും പണം മുടക്കി തെങ്ങിൻതോപ്പ് പാട്ടത്തിനെടുത്തെങ്കിലും ഇപ്പോഴും അതിൽ നിന്നുള്ള വരുമാനം എടുക്കാനോ അവിടെയുള്ള വീട്ടിൽ താമസിക്കാനോ പറ്റാത്ത അവസ്ഥയിലാണ് വർഷങ്ങളായി ദിനേഷ്‌കുമാർ ഉള്ളത്.

അതിർത്തിയിലെ അനധികൃത വഴി ചോദ്യം ചെയ്തതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി

ദിനേഷ് കുമാർ പാട്ടത്തിനെടുത്ത ഭൂമി കേരള തമിഴ്‌നാട് അതിർത്തിയിലായിരുന്നു. പാലക്കാട് ജില്ലയിൽ കേരളവും തമിഴ്‌നാടും തമ്മിൽ അതിർത്തി പങ്കിടുന്ന ചെമ്മണാംപതി ഗോവിന്ദാപുരം ചെക്പോസറ്റുകൾക്കിടയിലുള്ള 44 ഏക്കർ സ്ഥലമാണ് ദിനേഷ് കുമാർ പാട്ടത്തിനെടുത്തിരുന്നത്. ദിനേഷ് കുമാർ പാട്ടത്തിനെടുക്കുന്നതിന് മുമ്പ് തന്നെ ഈ തോട്ടത്തിലൂടെ നികുതി വെട്ടിച്ച് സാധനങ്ങൾ കടത്തുന്ന വഴിയുണ്ടായിരുന്നു. ജിഎസ്ടിയും സെയിൽസ് ടാക്സുമെല്ലാം വെട്ടിച്ച് ഇപ്പോഴും ഇതുവഴി കേരളത്തിലേക്ക് സാധനങ്ങൾ കടത്തുന്നുണ്ട്. എന്നാൽ പാട്ടത്തിനെടുത്തതിന് ശേഷം ഈ വഴിയിലൂടെ അനധികൃതമായി വാഹനങ്ങൾ കടന്നുപോകുന്നതിനെ ദിനേഷ് കുമാർ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

പ്രദേശത്തെ രാഷ്ട്രീയ പാർട്ടികളും സ്ഥലമുടമയായ എൻ കനകവേൽ ഗൗണ്ടറും കള്ളക്കടത്ത് സംഘങ്ങളും ചേർന്ന് വർഷങ്ങൾക്ക് മുമ്പുണ്ടാക്കിയ ഒരു അലിഘിത കരാറിന്റെ പേരിലായിരുന്നു ഈ അനധികൃത വഴി കള്ളക്കടത്ത് സംഘം ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ ദിനേഷ് കുമാർ ഇത് ചോദ്യം ചെയ്തതോടെ എതിർപ്പുമായി സ്ഥലമുടമയും പ്രദേശത്തെ രാഷ്ട്രീയപാർട്ടി പ്രതിനിധികളും വന്ന് തർക്കം തുടങ്ങുകയും ചെയ്തു. ഇത്തരത്തിൽ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്ന് നേരത്തെ സ്ഥലം ഉടമയും ഈ രാഷ്ട്രീയക്കാരും പണം വാങ്ങുന്നുണ്ടായിരുന്നു. ദിനേഷ് കുമാർ പാട്ടത്തിനെടുത്തതിന് ശേഷവും ഈ പണം സ്ഥലം ഉടമക്ക് നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പേരിൽ നിരന്തരം പ്രശ്നങ്ങൾ തുടങ്ങിയതോടെ നികുതി വെട്ടിപ്പിനെതിരെയും ഭീഷണികൾക്കെതിരെയും ദിനേഷ് കുമാർ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ദിനേഷ് കുമാറിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും അനധികൃത വഴി അടക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

എന്നാൽ രാഷ്ട്രീയ സ്വാധീനത്തിൽ വിധി നടപ്പിലാക്കാൻ പൊലീസ് ശ്രമിച്ചില്ല. വർഷങ്ങൾക്ക് മുമ്പ് വന്ന ഈ വിധിയിൽ ഇപ്പോഴും നടപടിയെടുക്കാത്ത പൊലീസിനെതിരെയും നിരന്തരം പരാതികളുമായി ദിനേഷ്‌കുമാർ മുന്നോട്ട് പോയതോടെ പൊലീസും ഇപ്പോൾ ദിനേഷ് കുമാറിന് എതിരെയാണ്. പല രീതിയിലും അദ്ദേഹത്തെ ഇപ്പോഴും പൊലീസ് ദ്രോഹിച്ചു കൊണ്ടിരിക്കുന്നു.

എൻഎൻ കൃഷ്ണദാസിന്റെ ഗുണ്ടകൾ വീട്ടിൽകയറി 12 ലക്ഷം രൂപയുടെ സ്വത്തുകൊള്ളയടിച്ചു. വളർത്തുനായ്ക്കളെ പാരകൊണ്ട് കുത്തികൊന്നു.

ഈ പ്രശ്നങ്ങൾക്കിടയിൽ 2007 ഫെബ്രുവരി 1നാണ് നൂറിലധികം ആളുകൾ ഫാമിലേക്ക് ഇരച്ചുകയറിയത്. ഫാമിലുണ്ടായിരുന്ന മുപ്പതോളം വരുന്ന ആദിവാസി വിഭാഗത്തിൽ പെട്ട തൊഴിലാളികളെ അവർ തല്ലിച്ചതച്ചു. ജർമൻ ഷെപ്പേർഡ്, ഡോബർമാൻ തുടങ്ങി ഉയർന്ന വിഭാഗത്തിൽ പെട്ട വളർത്തുനായ്ക്കളെ കമ്പിപ്പാര ഉപയോഗിച്ച് കുത്തിക്കൊന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണ്ണാഭരണം അവർ കളവ് ചെയ്തു. 2007ൽ 12 ലക്ഷം രൂപ മൂല്യം വരുന്ന വസ്തുക്കൾ അവർ കൊള്ളയടിച്ചു. അന്ന് സ്വകാര്യ ആവശ്യത്തിനായി ഞാൻ കോയമ്പത്തൂരിലായിരുന്നതിനാലാണ് ജീവനോടെ രക്ഷപ്പെട്ടത്. തൊഴിലാളികളെ അവർ മർദ്ദിച്ച് അവശരാക്കി.

അവരുടെ കുടിലുകൾക്ക് തീയിട്ടു. സിപിഐഎം ചിറ്റൂർ ഏരിയ സെക്രട്ടറിയായിരുന്ന സുദേവന്റെ നേതൃത്വത്തിലായിരുന്ന അതിക്രമങ്ങൾ അരങ്ങേറിയത്. എൻഎൻ കൃഷ്ണദാസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു അതിക്രമങ്ങൾ. തൊട്ടടുത്ത ദിവസം ഈ അതിക്രമങ്ങൾക്കും മോഷണത്തിനുമെതിരെ ദിനേഷ് കുമാർ നൽകിയ പരാതിയിൽ സുദേവനടക്കം 44 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട 44 പേരിൽ 20 പേർ സിപിഐഎം പ്രവർത്തകരായിരുന്നു. ഈ കേസിന്റെ പേരിൽ അന്ന് സിപിഐഎം ഏരിയ സെക്രട്ടറിയായിരുന്ന സുദേവനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ദിനേശ് കുമാർ വീണ്ടും കോടതിയെ സമീപിച്ചതോടെ അദ്ദേഹത്തിനും ഫാമിനും പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ ലോക്കൽ പൊലീസ് കോടതിയിൽ അറിയിച്ചത് ദിനേഷ് കുമാർ അവിടെ താമസമില്ലെന്നും അതിനാൽ സംരക്ഷണം നൽകേണ്ടതില്ലെന്നുമാണ്.

മാത്രവുമല്ല അതിക്രമം നടത്തിയതിന് പ്രതികളെ അറസ്റ്റ് ചെയതെങ്കിലും മോഷ്ടിക്കപ്പെട്ട സ്വർണ്ണവും മറ്റും ഇതുവരെയും ദിനേശിന് തിരിച്ചുകിട്ടിയില്ല. അക്രമികൾ പാരകൊണ്ട് കുത്തിക്കൊന്ന വിദേശ ഇനത്തിൽ പെട്ട വളർത്തുനായ്ക്കളെ കുറിച്ചും പിന്നീട് ചർച്ചകളുണ്ടായില്ല. 44 പേർ അറസ്റ്റിലായ അക്രമത്തിൽ ആകെ ഫാമിൽ നിന്നും നഷ്ടപ്പെട്ടതെന്ന് പൊലീസ് രേഖപ്പെടുത്തിയത് കേവലം 650 രൂപ വിലവരുന്ന വാതിലിന്റെ കൊളുത്ത് മാത്രമാണ്. ഇതിനിടയിൽ ചെന്നിവേൽ എന്നൊരാളുടെ പേരിൽ എൻഎൻ കൃഷണദാസും സംഘവും ഒരു വ്യാജ രേഖയുമായെത്തി പൊലീസിൽ പരാതിയും നൽകി. ഈ രേഖ പ്രകാരം ഇപ്പോൾ ചെന്നിവേലാണ് സ്ഥലമുടമയെന്നും ദിനേശ്കുമാർ ഇവിടെ അതിക്രമിച്ച് കയറിയതാണെന്നും അവർ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ദിനേശ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തേക്ക് കോടതി ദിനേശ് കുമാറിനെ ശിക്ഷിക്കാൻ ഉത്തരവിട്ടു. എന്നാൽ മേൽക്കോടതിയിൽ ദിനേശ് കുമാർ നൽകിയ അപ്പീലിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും കീഴ്കോടതി വിധി റദ്ദാക്കുകയും ചെയ്തു.

ഞാൻ എംപിയാണ്, പറഞ്ഞതനുസരിച്ച് തോട്ടം ഒഴിവാക്കി തിരിച്ചുപോയില്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് എൻഎൻ കൃഷ്ണദാസിന്റെ ഭീഷണി

നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദിനേശ് കുമാർ സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമങ്ങൾ തുടങ്ങിയത്.സിപിഐഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം ചിന്നക്കുട്ടന്റെ നേതൃത്വത്തിലാണ് അന്ന് മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയത്. പാട്ടത്തുക തിരികെ നൽകാനും ദിനേശ് കുമാർ തോട്ടം ഒഴിഞ്ഞുപോകാനുമായിരുന്നു ചർച്ചയിലുണ്ടായ തീരുമാനം. ദിനേശ് അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ നാളിതു വരെ പാട്ടത്തുക തിരികെ ലഭിച്ചിട്ടില്ല. പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്തുന്ന ദിവസം എൻഎൻ കൃഷ്ണദാസും അവിടെയുണ്ടായിരുന്നു.അദ്ദേഹം അന്ന് എംപിയാണ്. ഞാൻ എംപിയാണ്. പറയുന്നതനുസരിച്ച് തിരിച്ച് പോകുന്നതാണ് നല്ലത്.

അല്ലായെങ്കിൽ വലിയ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്ന് അന്ന് കൃഷണദാസ് ദിനേഷ് കുമാറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എങ്കിലും താൻ വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പത്ത് തിരിച്ചു കിട്ടാൻ ഇപ്പോഴും കോടതികൾ കയറിയിറങ്ങുകയാണ് ഈ പ്രവാസി സംരഭകൻ.

സഖാവെ ഞാൻ ഇടപെട്ട കേസാണ്, നിങ്ങൾ ഇതിൽ ഇടപെടേണ്ട. വിഎസിനെയും വിരട്ടി കൃഷണദാസ്

വി എസ് അച്ച്യുതാനന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷണൻ, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള തുടങ്ങി രാജ്യത്തെ മുതിർന്ന മുഴുവൻ സിപിഐഎം നേതാക്കൾക്കും തനിക്ക് എൻഎൻ കൃഷ്ണദാസിന്റെ ഗുണ്ടകളിൽ നിന്നും നീതി വേണമെന്ന് ആവശ്യപ്പെട്ട ദിനേശ് കുമാർ പരാതി നൽകിയിട്ടുണ്ട്. ഇവരെല്ലാം തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങൾ ഉപയോഗപ്പെടുത്തിയും പാർട്ടി സ്ഥാനങ്ങൾ ഉപയോഗപ്പെടുത്തിയും ദിനേശ്കുമാറിന് നീതി ലഭ്യമാക്കണെന്ന് ആവശ്യപ്പെട്ട് ഉത്തരവ് നൽകിയെങ്കിലും പാലക്കാട് ജില്ലയിലെ സിപിഐഎം പ്രദേശിക നേതൃത്വവും പൊലീസ് ഉദ്യോഗസ്ഥരും എൻഎൻ കൃഷ്ണദാസിന്റെ നിർദ്ദേശാനുസരണം മുകളിൽ നിന്നുള്ള ഉത്തരവുകൾ അനുസരിച്ചില്ല.

2016ൽ പാലക്കാട് ഗസ്റ്റ് ഹൗസിലെത്തിയ വി എസ് അച്യുതാനന്ദനെ കണ്ട് പരാതി പറഞ്ഞപ്പോൾ കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുന്നോ എന്ന് ആശ്ചര്യപ്പെട്ട അദ്ദേഹം എത്രയും പെട്ടെന്ന് ദിനേശ്കുമാറിന്റെ കാര്യത്തിൽ നീതി നടപ്പിലാക്കണമെന്ന് നിർദ്ദേശം നൽകി. എന്നാൽ ഈ സമയം പാലക്കാട് ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന എൻഎൻ കൃഷ്ണദാസ് വിഎസിനോട് പറഞ്ഞത് ഇത് താൻ ഇടപെട്ട കേസാണെന്നും സഖാവ് ഇതിൽ ഇടപെടേണ്ടതില്ല എന്നുമാണ്. വിഎസിനെ പോലും ഭീഷണിപ്പെടുത്തുന്നവരിൽ നിന്ന് തനിക്ക് എങ്ങിനെ നീതിലഭിക്കാനാണെന്നാണ് ദിനേശ് കുമാർ ചോദിക്കുന്നത്.

തുടക്കം മുതൽ പൊലീസ് ഇടപെട്ടത് നീതി നിഷേധിക്കാൻ

എസ് ഐ ഉല്ലാസ്, സിഐ പി വാഹിദ്,ഡിവൈഎസ്‌പി വിജയൻ, ഐജി വിജയ്സാഖറെ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെല്ലാം തുടക്കം മുതൽ തന്റെ കാര്യത്തിൽ നീതി ലഭ്യമാക്കുന്നത് തടയാൻ വേണ്ടിയാണ് ശ്രമിച്ചതെന്നും ദിനേശ് കുമാർ പറയുന്നു. വിവിധ കോടതികളും ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം തനിക്ക് നീതി ലഭ്യമാക്കണമെന്നും തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഉത്തരവുകളിറക്കിയിട്ടും അവയൊന്നും നടപ്പിലാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. തന്റെ ഫാമിൽ അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ പാലക്കാട് സിബിസിഐഡി ഉദ്യോഗസ്ഥൻ സോജനും അക്രമികൾക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. അക്രമികൾ മോഷ്ടിച്ച സ്വർണ്ണത്തിൽ ഒരു പങ്ക് അദ്ദേഹത്തിന് ലഭിച്ചതായും സംശയിക്കുന്നു.

ഒടുവിൽ തന്റെ കേസ് നടത്തിയിരുന്ന അഡ്വക്കറ്റ് പോലും പ്രതികൾക്കൊപ്പം ചേർന്ന് ചതിച്ചു. അയാളിപ്പോൾ കണ്ണൂർ ജില്ലയിലെ ഒരു കോടതിയിലെ ന്യായാധിപനാണ്. അദ്ദേഹം ചെയ്ത നീതികേടിന്റെ തെളിവുകൾ തന്റെ പക്കലുണ്ട്. മലയാളം വായിക്കാനറിയാത്ത എന്നെ അദ്ദേഹം പല തവണ കബളിപ്പിച്ചു. ജനിച്ചത് കോഴിക്കോടാണെങ്കിലും വളർന്നത് തമിഴ്‌നാട്ടിലും കർണാടകയിലുമാണ്. ജോലി ചെയ്തത് അമേരിക്കയിലും. അതിനാൽ തന്നെ മലയാളം സംസാരിക്കാൻ മാത്രമേ അറിയൂ. നിലവിൽ ദിനേഷ് കുമാറിന്റെ വാഹനങ്ങൾ വരെ പൊലീസ് കള്ളക്കേസുകളുണ്ടാക്കി പിടിച്ചുവെച്ചിരിക്കുകയാണ്. ഫാമിലെ അഡ്രസിലേക്ക് വരുന്ന കത്തുകൾ അടക്കം മടക്കി അയക്കുന്നു. ഇതിനായി പോസ്റ്റ് ഓഫീസിൽ എൻഎൻ കൃഷ്ണദാസിന്റെ ആളുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. സിഐ വിപിൻദാസ്, ദേവസ്യ തുടങ്ങിയ ഉദ്യോഗസ്ഥരാണ് ഇക്കാരണത്താൽ അവിടെ ആൾതാമസമില്ലെന്നും അതുകൊണ്ട് പൊലീസ് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കേണ്ടതില്ലെന്നും റിപ്പോർട്ട് നൽകിയിരിക്കുന്നത്.

അമേരിക്കയിലെ പ്രശസ്തമായ കമ്പനികളിൽ 16 വർഷം കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പത്താണ് എനിക്ക് നഷ്ടമായിരിക്കുന്നത്. കൃഷിയോടുള്ള താത്പര്യം കൊണ്ടും മനസ്സമാധാനത്തോടെ ബാക്കിയുള്ള കാലം കേരളത്തിൽ ജീവിക്കാമെന്ന മോഹം കൊണ്ടുമാണ് അത് കേരളത്തിൽ നിക്ഷേപിക്കാമെന്ന് തീരുമാനിച്ചത്. എന്നാൽ അത് പൂർണ്ണമായും തനിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. തന്റെ സ്വത്ത് തിരികെ ലഭിച്ചില്ലെങ്കിലും പ്രശ്നമില്ല. തന്നെ വഞ്ചിച്ചവർക്കെതിരെ, തന്നെ ഈ രീതിയിൽ പാപ്പരാക്കിയവർക്കെതിരെ മരണം വരെയും നിയമയുദ്ധം നടത്തുമെന്നും ദിനേശ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP