Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രഞ്ജിത് കുമാർ കത്തികയറിയത് ഒരു ദിവസം; മനീന്ദർ സിങ് വാദിച്ചത് നാല് ദിവസം; ഡിവിഷൻ ബഞ്ചും സിബിഐയ്ക്ക് അനുകൂലമാകുമ്പോൾ ഖജനാവിന് നഷ്ടം 88 ലക്ഷം രൂപ; പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് സിബിഐയെ കാര്യങ്ങൾ ഏൽപ്പിച്ച് ഹൈക്കോടതി; വിട്ടുകൊടുക്കാൻ തയ്യാറല്ലാതെ കേരളാ സർക്കാരും; പെരിയയയിൽ പരിഗണിക്കുന്നത് സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിന്റെ സാധ്യത

രഞ്ജിത് കുമാർ കത്തികയറിയത് ഒരു ദിവസം; മനീന്ദർ സിങ് വാദിച്ചത് നാല് ദിവസം; ഡിവിഷൻ ബഞ്ചും സിബിഐയ്ക്ക് അനുകൂലമാകുമ്പോൾ ഖജനാവിന് നഷ്ടം 88 ലക്ഷം രൂപ; പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് സിബിഐയെ കാര്യങ്ങൾ ഏൽപ്പിച്ച് ഹൈക്കോടതി; വിട്ടുകൊടുക്കാൻ തയ്യാറല്ലാതെ കേരളാ സർക്കാരും; പെരിയയയിൽ പരിഗണിക്കുന്നത് സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിന്റെ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഖജനാവിൽ ഒന്നുമില്ലെങ്കിലും പെരിയാ കേസ് സിബിഐ ഏറ്റെടുക്കുന്നതിനെതിരായ നിയമ പോരാട്ടം സുപ്രീംകോടതിയിലേക്ക് കൊണ്ടു പോകാൻ നീക്കം. ഇതിനുള്ള സാധ്യതകൾ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. സുപ്രീംകോടതിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ പോകാനാണ് നീക്കം. ഇതിന് കോടികളുടെ ചെലവ് വേണ്ടിവരും. എങ്കിലും സിബിഐ അന്വേഷണം അട്ടിമറിക്കാൻ ഏതറ്റം വരേയും പോകാനാണ് നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളേ ബാക്കിയുള്ളൂ. ഈ സമയത്ത് സിബിഐ അന്വേഷണം സർക്കാരിന് തലവേദനായണ്. രാഷ്ട്രീയ കൊലപാതങ്ങളിലെ ക്രൂരത ചർച്ചയാക്കും. ഈ സാഹചര്യത്തിലാണ് അപ്പീൽ സാധ്യത തേടുന്നത്. സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബഞ്ചിലെ ഹർജിക്കും ലക്ഷങ്ങളാണ് സർക്കാർ ചെലവിട്ടത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് സോളിസിറ്റർ ജനറൽ ആയിരുന്ന രഞ്ജിത് കുമാർ ഒരു ദിവസവും അഡീഷനൽ സോളിസിറ്റർ ജനറലായിരുന്ന മനീന്ദർ സിങ് 4 ദിവസവുമാണ് സർക്കാരിനു വേണ്ടി അപ്പീൽ വാദിക്കാനെത്തിയത്. ഈ 5 ദിവസത്തേക്കുള്ള ചെലവാണ് 88 ലക്ഷം രൂപ. ഈ ചെലവുകളും ഡിവിഷൻ ബഞ്ചിൽ സർക്കാരിനെ തുണച്ചില്ല. ഇനി കോടികൾ ഒഴുക്കേണ്ടി വന്നാലും സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം.

ഡിവിഷൻ ബഞ്ചിലെ കേസിൽ ആദ്യം ഹാജരായത് കഴിഞ്ഞ വർഷം ഒക്ടോബർ 29നു രഞ്ജിത് കുമാറാണ്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചു കുറ്റപത്രം നൽകിയ കേസാണെന്നും, കേസ് ഡയറി പോലും പരിശോധിക്കാതെ ഹർജിക്കാരുടെ വാദങ്ങൾ മാത്രം പരിഗണിച്ചു സിബിഐക്കു വിട്ടതു നിയമപരമല്ലെന്നും വാദിച്ചു. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശിച്ച കോടതി, സിംഗിൾ ജഡ്ജിയുടെ ഉത്തരവ് തൽക്കാലം സ്റ്റേ ചെയ്യുന്നില്ലെന്നു വാക്കാൽ പരാമർശിച്ചു. തുടർന്ന് നവംബർ 4,5,12,16 തീയതികളിൽ മനീന്ദർ സിങ് ഹാജരായി. നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ സുപ്രീം കോടതിയിലുള്ള കേസിൽ ബിഹാർ സർക്കാരിനുവേണ്ടി ഹാജരാകുന്നത് ഇദ്ദേഹമാണ്. ഇത്രയും വിലപിടിപ്പുള്ള അഭിഭാഷകരെത്തിയിട്ടും ഡിവിഷൻ ബഞ്ചിലും കേരള സർക്കാർ തോറ്റു.

അന്വേഷണത്തിൽ പോരായ്മയുണ്ടെങ്കിൽ മജിസ്‌ട്രേട്ട് കോടതിയാണു പരിഗണിക്കേണ്ടതെന്നായിരുന്നു മനീന്ദർ സിങ്ങിന്റെ വാദം. പ്രതികളുടെ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി ടി. അസഫലി ഹാജരായി. ഈ കേസിൽ വീഴ്ചകൾ എണ്ണി പറഞ്ഞാണ് ഡിവിഷൻ ബഞ്ച് സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുന്നത്. ഇതും സർക്കാരിന് തിരിച്ചടിയാകും. സാക്ഷിമൊഴികളിൽ കൂടുതൽ അന്വേഷണം നടത്താതിരുന്നതും നിർണായകമായ സിസിടിവി ദൃശ്യങ്ങളൊന്നും ലഭ്യമല്ലാത്തതും ദൃക്‌സാക്ഷികളെ കണ്ടെത്താനാകാത്തതും ഉൾപ്പെടെ അന്വേഷണത്തിലെ വീഴ്ചകൾ ഡിവിഷൻ ബെഞ്ച് എടുത്തുപറഞ്ഞു.

സംഭവ സമയത്തും അതിനു മുൻപും പിൻപും പ്രദേശത്ത് ആളുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി സാക്ഷിമൊഴികളുണ്ട്. തന്റെ കടയിൽ സിസിടിവിയുള്ളതായി 93ാം സാക്ഷി വൽസന്റെ മൊഴിയിലുണ്ട്. ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം നടന്നോയെന്നതു വ്യക്തമല്ല. മറ്റാരെങ്കിലും സിസിടിവി സ്ഥാപിച്ചിരുന്നോ എന്നും അങ്ങനെയെങ്കിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ നടപടി സ്വീകരിച്ചോ എന്നും ഹൈക്കോടതി ചോദിക്കുന്നു. സംഭവസ്ഥലത്തേക്കു പോകുമ്പോൾ ആളുകൾ ഓടുന്നതു കണ്ടെന്നു സുധാകരൻ, നിർമല എന്നിവരുടെ സാക്ഷി മൊഴികളുണ്ട്. ഗൗരവമായ അന്വേഷണം നടന്നിരുന്നെങ്കിൽ ഇപ്പോഴത്തെ സാഹചര്യ തെളിവുകൾക്കു പകരം നേരിട്ട് തെളിവുകളുള്ള കേസായി ഇതു മാറിയേനെ എന്നും കോടതി പറഞ്ഞു.

93ാം സാക്ഷി വൽസന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ചും കോടതി പരമാർശിച്ചു. സംഭവ ദിവസം വൈകിട്ട് ഒന്നാം പ്രതി എ. പീതാംബരൻ വൽസനെ ഫോണിൽ വിളിച്ച് സ്ഥലത്തു ട്രാഫിക് ബ്ലോക്കുണ്ടോയെന്ന് അന്വേഷിച്ചു. ബ്ലോക്ക് കുറഞ്ഞപ്പോൾ വൽസൻ ഒന്നാം പ്രതിയെ അറിയിച്ചു. സാക്ഷികളിൽ ചിലരും വൽസനെതിരെ മൊഴി നൽകിയിട്ടുണ്ട്. ഇതൊന്നും തെളിവായി ഉപയോഗിക്കാൻ പറ്റില്ലെങ്കിലും ഇത്തരം സംശയകരമായ കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിച്ചിട്ടില്ലെന്നും കോടതി പറയുന്നു.

2019 നവംബർ 16നു സർക്കാർ അപ്പീലിൽ അന്തിമവാദം പൂർത്തിയായ കേസിലാണ് ഹൈക്കോടതി ഇന്നലെ വിധി പറഞ്ഞത്. വിശ്വാസം ആർജിക്കാൻ പര്യാപ്തമായ അന്വേഷണം ക്രൈംബ്രാഞ്ച് നടത്താത്തതിനാൽ സിബിഐ അന്വേഷണം ന്യായമാണെന്നു കോടതി പറഞ്ഞു. 19,24 വയസ്സു വീതമുള്ള 2 യുവാക്കൾ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ നീതി ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. കേസിന്റെ സ്വഭാവം മാനിച്ച്, കോടതി നിർദ്ദേശിച്ചാൽ അന്വേഷിക്കാൻ തയാറാണെന്നു സിബിഐ അഭിഭാഷകൻ അറിയിച്ചു. ഇതും നിർണ്ണായകമായി.

അതിനിടെ പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നു മുതൽ 7 വരെ പ്രതികളായ എ. പീതാംബരൻ, സജി സി. ജോർജ്, െക.എം. സുരേഷ്, കെ. അനിൽ കുമാർ, ജിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, 9 മുതൽ 11 വരെ പ്രതികളായ എ. മുരളി, ടി. രഞ്ജിത്, പ്രദീപ് എന്നിവരുടെ ജാമ്യഹർജിയാണു ജസ്റ്റിസ് ആർ. നാരായണ പിഷാരടി തള്ളിയത്. ഒന്നര വർഷത്തോളമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP