Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഫ്‌ളെമി എന്റെ ആളാണ്...എന്തു കാര്യം ഉണ്ടെങ്കിലും ഫ്‌ളെമിയോട് സംസാരിച്ചോളാൻ പറഞ്ഞു; എന്തു കാര്യം ഉണ്ടെങ്കിലും ഫ്‌ളെമിയോടു സംസാരിക്കൂ എന്ന് പറഞ്ഞത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുരേഷാണ്': നാഷണൽ ചിൽഡ്രൻസ് ഫണ്ട് അംഗം ഫ്‌ളെമി എബ്രഹാമിന്റെ ഓഡിയോ ടേപ്പ് പുറത്തുവന്നപ്പോൾ പദവിയും പേരും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് ആരോപണം; ഫ്‌ളെമി 80 ലക്ഷം തട്ടിച്ചെന്ന പരാതിയുമായി ഖത്തർ സ്വദേശിയായ വിദേശവനിതയും രംഗത്ത്; മറുപടിയുമായി ഫ്‌ളെമിയും

'ഫ്‌ളെമി എന്റെ ആളാണ്...എന്തു കാര്യം ഉണ്ടെങ്കിലും ഫ്‌ളെമിയോട് സംസാരിച്ചോളാൻ പറഞ്ഞു; എന്തു കാര്യം ഉണ്ടെങ്കിലും ഫ്‌ളെമിയോടു സംസാരിക്കൂ എന്ന് പറഞ്ഞത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുരേഷാണ്': നാഷണൽ ചിൽഡ്രൻസ് ഫണ്ട് അംഗം ഫ്‌ളെമി എബ്രഹാമിന്റെ ഓഡിയോ ടേപ്പ് പുറത്തുവന്നപ്പോൾ പദവിയും പേരും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് ആരോപണം; ഫ്‌ളെമി 80 ലക്ഷം തട്ടിച്ചെന്ന പരാതിയുമായി ഖത്തർ സ്വദേശിയായ വിദേശവനിതയും രംഗത്ത്; മറുപടിയുമായി ഫ്‌ളെമിയും

എം മനോജ് കുമാർ

തിരുവനന്തപുരം: ബിസിനസുകാരനോ തട്ടിപ്പ് വീരനോ? കേന്ദ്ര സർക്കാർ ഏജൻസിയുടെ അംഗമായി ഇരുന്നു ആ പദവിയും പേരുമെല്ലാം ഉപയോഗിച്ച് ഫ്‌ളെമി തട്ടിപ്പ് നടത്തുന്നു എന്ന ആരോപണമാണ് ഉയരുന്നത്. ഫ്‌ളെമി എബ്രഹാമിന്റെ തട്ടിപ്പുകൾക്ക് എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രധാനമന്ത്രിക്കും പരാതി പോയിട്ടുണ്ട്. ഫ്‌ളെമിയുടെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശിയായ മാർട്ടിൻ മേനാച്ചേരിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്. മേനാച്ചേരി നൽകിയ പരാതിക്ക് പുറമേ ഖത്തർ പൗരയായ ഒരു യുവതിയും ഇന്ത്യൻ എംബസിക്കും ഡിജിപിക്കുമെല്ലാം ഫ്‌ളെമിയുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്. ബിസിനസ് ഇടപാടുകൾക്ക് നൽകിയ 80 ലക്ഷം രൂപ തന്നിൽ നിന്നും ഫ്‌ളെമി തട്ടിച്ചെടുത്തു എന്നാണ് ഖത്തർ യുവതി നൽകിയ പരാതി. കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ ചിൽഡ്രൻസ് ഫണ്ട് മെമ്പർ പോസ്റ്റ് ഫ്‌ളെമി എബ്രഹാം തട്ടിപ്പുകൾക്കുള്ള വേദിയാക്കി മാറ്റുകയാണ് എന്നാണ് മാർട്ടിൻ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

കേന്ദ്ര സർക്കാർ ബോർഡ് വയ്ക്കാൻ അനുവാദമില്ലാതിരുന്നിട്ടും കാറിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന ബോർഡ് വയ്ക്കുന്നു. വിസിറ്റിങ് കാർഡിൽ കേന്ദ്രത്തിന്റെ അശോകസ്തംഭം മുദ്ര ഉപയോഗിക്കുന്നു. റൂട്ട്‌സ് ഇന്ത്യാ എന്ന പേരിൽ തുടങ്ങിയ തട്ടിപ്പ് കമ്പനിയുടെ ഉദ്ഘാടനം ഒരു ജഡ്ജിയെ വെച്ച് നടത്തി. കേന്ദ്രമന്ത്രി ഹർഷ വർദ്ധൻ പോലുള്ളവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ എടുത്ത് ഇത് കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നു. സുപ്രീംകോടതിയിൽ നടക്കുന്ന കേസ് ഒതുക്കി തീർക്കാൻ പലരിൽ നിന്നും ലക്ഷങ്ങൾ തട്ടുന്നതായി നേരിട്ട് അറിയാൻ കഴിഞ്ഞു എന്നൊക്കെയുള്ള ഗുരുതര ആരോപണങ്ങളാണ് ഫ്‌ളെമി ഏബ്രഹാമിന് എതിരെ ഉയരുന്നത്.

കൊച്ചിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞു കേസ് ഒതുക്കാമെന്ന് ഒരാൾക്ക് വാഗ്ദാനം നൽകുന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. കൊച്ചിയിലെ നാല് ജഡ്ജിമാരുടെ പേരെടുത്ത് പറഞ്ഞു തന്റെ അഭിഭാഷകർക്ക് നൽകിയാൽ കേസ് ഒതുക്കാമെന്നും ഫ്‌ളെമി പറയുന്നത് പുറത്ത് വന്ന ഓഡിയോ ക്ലിപ്പിലുണ്ട്. ഖത്തർ സ്വദേശിനിയായ അമ്‌നാ ഹെലാൽ എന്ന യുവതി നൽകിയ വഞ്ചനാ പരാതിയും ഫ്‌ളെമിക്ക് എതിരെയുണ്ട്. ഫ്‌ളെമി 80 ലക്ഷം രൂപ തന്നിൽ നിന്നും കവർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്കുമൊക്കെ പരാതി നൽകിയത്. ഇതിന്റെ പേരിലുള്ള അന്വേഷണം നടക്കുന്നുണ്ട്.

വളരെ ശക്തമായ ആരോപണങ്ങളാണ് നാഷണൽ ചിൽഡ്രൻസ് ഫണ്ട് മെമ്പറായ ഫ്‌ളെമിക്ക് എതിരെ ഉയരുന്നത്. അശോകസ്തംഭം ഉൾപ്പെടുത്തിയുള്ള വിസിറ്റിങ് കാർഡ് അടിച്ച് ഫ്‌ളെമി വിതരണം ചെയ്യുകയും കാറിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ബോർഡ് വയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ശക്തമായ നടപടികളാണ് കൊച്ചി സ്‌പെഷ്യൽ ബ്രാഞ്ച് സ്വീകരിച്ചത്. ഫ്‌ളെമിയെക്കുറിച്ച് അന്വേഷണം നടത്തുകയും ഫ്‌ളെമിയെ വിളിച്ച് വരുത്തി കാറിലെ കേന്ദ്ര സർക്കാർ ബോർഡും വിസിറ്റിങ് കാർഡിലെ അശോകസ്തംഭവും നീക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഫ്‌ളെമിക്ക് ഇതേ രീതിയിൽ ബോർഡ് വയ്ക്കാനോ വിസിറ്റിങ് കാർഡ് വാങ്ങാനോ അനുവാദമില്ലാതിരിക്കെയാണ് ഇത് മറച്ചുവെച്ച് ബോർഡ് വയ്ക്കുകയും വിസിറ്റിങ് കാർഡിൽ അശോക് സ്തംഭം മുദ്രയും ഉൾപ്പെടുത്തിയത്. നടപടി സ്വീകരിക്കുമെന്ന് താക്കീത് വന്നതോടെ ഈ രണ്ടു കാര്യങ്ങളും ഫ്‌ളെമി ഒഴിവാക്കുകയും ചെയ്തു. അധികാരമില്ലാത്ത കാര്യങ്ങളാണ് ഫ്‌ളെമി ചെയ്തത് എന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ മറുനാടനോട് പറഞ്ഞത്. ഇതു കൊണ്ട് തന്നെയാണ് ഫ്‌ളെമിക്ക് കാറിലെ ബോർഡും വിസിറ്റിങ് കാർഡിലെ അശോക സ്തംഭവും എടുത്ത് മാറ്റാൻ നിർദ്ദേശം നൽകിയത്-പൊലീസ് മറുനാടനോട് വിശദീകരിച്ചു.

ഫ്‌ളെമി വിവാദത്തിൽ കുരുങ്ങിയ സമയത്ത് തന്നെയാണ് ഖത്തറിലെ ഉന്നത കുടുംബാംഗമായ അംമ്‌നാ ഹെലാലിന്റെ പരാതിയും ഫ്‌ളെമിക്ക് നേരെ വന്നത്. ബിസിനസ് ആവശ്യങ്ങൾക്ക് 80 ലക്ഷത്തോളം രൂപ തന്നിൽ നിന്ന് വാങ്ങി വഞ്ചിച്ചു എന്നാണ് അംമ്‌ന നല്കിയ പരാതിയിൽ പറയുന്നത്. കാശ് തിരികെ ചോദിച്ചപ്പോൾ ചെക്ക് നൽകി. ആ ചെക്ക് ബാങ്കിൽ കാശില്ലാതെ മടങ്ങി. ഇതു ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസിയിൽ യുവതി പരാതി നൽകിയിരുന്നു. ഡിജിപിക്ക് നൽകിയ പരാതിയിൽ കുടുങ്ങുമെന്ന് വന്നപ്പോൾ എങ്ങനെയും അമ്‌നയുമായി ധാരണയിൽ എത്താൻ ഫ്‌ളെമി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഫ്‌ളെമി നടത്തുന്ന തട്ടിപ്പുകൾ പുറത്ത് വരുമ്പോൾ തന്നെയാണ് ഫ്‌ളെമിയുടെ റൂട്‌സ് ഇന്ത്യ എന്ന സ്ഥാപനം ഒരു ജഡ്ജി വന്നു ഉദ്ഘാടനം ചെയ്യുന്നത്. സംശയ നിഴലിലുള്ള ഒരാളുടെ കമ്പനി പതിവ് തെറ്റിച്ച് ജഡ്ജി ഉദ്ഘാടനം ചെയ്തതാണ് വിവാദമായി മാറിയത്.

ഇതിന്നിടയിൽ തന്നെയാണ് ഫ്‌ളെമിയുടെ ഇടപാടുകളിൽ സംശയം തോന്നി മാർട്ടിൻ മേനാച്ചേരിയെ പോലുള്ളവർ രംഗത്ത് വന്നത്. കൊച്ചിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞു കേസ് ഒതുക്കാൻ താൻ മതി എന്നുള്ള ഫ്‌ളെമിയുടെ സംഭാഷണമാണ് പുറത്ത് വന്നത്. വിദേശത്തുള്ള ജോർജേട്ടൻ എന്ന് ഫ്‌ളെമി പറയുന്നയാളുടെ കേസ് ഒതുക്കാൻ താൻ വിചാരിച്ചാൽ നിഷ്പ്രയാസം കഴിയും എന്നാണ് ഫ്‌ളെമി മറ്റൊരാളുമായുള്ള സംഭാഷണത്തിൽ പറയുന്നത്. സംഭാഷണം സോഷ്യൽ മീഡിയ വഴി പുറത്ത് പോയതോടെ ഫെമിയുടെ ഇടപാടുകൾ ദുരൂഹതയുടെ നിഴലിലായി. പൊലീസ് ഉദ്യോഗസ്ഥർ തന്റെ സുഹൃത്തുക്കൾ ആണെന്നും ജഡ്ജിമാരെ സ്വാധീനിക്കാൻ തനിക്ക് കഴിയുമെന്നുമാണ് ഫ്‌ളെമി പറയുന്നത്. കേസ് ഒതുക്കാൻ തനിക്ക് കഴിയും എന്ന് ഫോൺ സംഭാഷണത്തിൽ ഫ്‌ളെമി പറയുന്നത്.

ഫ്‌ളെമി കാശ് തട്ടുന്നത് സുപ്രീം കോടതിയിലെ കേസുകൾ വരെ ഒത്തുതീർക്കാമെന്ന് പറഞ്ഞ്: മാർട്ടിൻ മേനാച്ചേരി

സുപ്രീം കോടതി കേസുകൾ ഒത്തുതീർക്കാം എന്നാണു ഫ്‌ളെമി പറയുന്നത്. ഇയാളുടെ തട്ടിപ്പുകൾ മനസിലാക്കിയാണ് ഞാൻ പരാതിയായി മുന്നോട്ടു വന്നത്- പരാതി നൽകിയ മാർട്ടിൻ മേനാച്ചേരി മറുനാടനോട് പറഞ്ഞു. കേന്ദ്ര ഏജൻസി മെമ്പർ ആയതിനാലാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇതേ കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹിക വ്യക്തികളുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത് തട്ടിപ്പ് നടത്തുക. ഈ ഫോട്ടോ കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പുകൾ ഫ്‌ളെമി നടത്തിയിട്ടുണ്ട്. കാശ് പോയവർ പുറത്ത് പറയാൻ മടിക്കുകയാണ്. റൂട്‌സ് ഇന്ത്യാ എന്നുള്ളത് ഫ്‌ളെമിയുടെ തട്ടിപ്പ് സ്ഥാപനമാണ്. ഇത് ഉദ്ഘാടനം ചെയ്യാൻ ജഡ്ജി വന്നതും സംശയാസ്പദമാണ്. ഫ്‌ളെമി സംഭാഷണത്തിൽ പറയുന്നതുകൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളും അവരുമായുള്ള ബന്ധവുമാണ്. ഇന്നോവ കാറിലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ബോർഡ് ചൂണ്ടിക്കാട്ടി ആർടിഒയ്ക്ക് പരാതി നൽകിയിരുന്നു. കേന്ദ്ര സർക്കാർ ബോർഡ് വെച്ചതും വിസിറ്റിങ് കാർഡിൽ അശോക്‌സ്തഭം വന്നതും കൊച്ചി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്‌റ് കമ്മിഷണർ തന്നെ അന്വേഷിച്ചിരുന്നു. ഇതെല്ലാം നിയമവിരുദ്ധമാണെന്നു മനസിലാക്കി പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്-മാർട്ടിൻ പറയുന്നു.

ഫ്‌ളെമിയുടെ വിവാദ സംഭാഷണം ഇങ്ങനെ:

എന്നെ ജോർജ് ഏട്ടന്റെ കയ്യിൽ നിന്നും ഇവൻ പറയുന്നത് പോലെ പറിക്കാൻ കഴിയത്തില്ല. ഞാൻ വിനോദിന് മുന്നിൽ വെച്ച് ജോർജ് ചേട്ടനോട് പറഞ്ഞു. ജോർജ് ചേട്ടാ ഈ ഡീൽ മുന്നോട്ടു പോകണം എന്നുണ്ടെങ്കിൽ ജോർജെട്ടെൻ വിനോദിനോട് പറയുന്നു. വിനോദ് എന്നോടു പറയുന്നു എന്ന ഒരു ഡീലിങ് ആണ്. ജോർജ് ചേട്ടന് എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ എന്നോടു പറയും.. ഞാനും ജോർജ് ചേട്ടനും വിനോദ് എന്നെ ഇൻട്രോഡ്യൂസ് ചെയ്തു. അത് വെരി ഇംപോർട്ടന്റ്. ജോർജേട്ടന് എന്ന സംശയം ആണെങ്കിൽ ഞാൻ തെളിയിച്ച് തരാം, എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന്. ജോർജെട്ടന്റെ രണ്ട് കേസുകളും ഡീലും ചെയ്യുന്നത് ഒന്ന് മട്ടാഞ്ചേരി എഎസ്‌പിയായിരുന്ന സുരേഷുണ്ട്. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയാണ്. ഞാൻ സുരേഷിനെ വിളിക്കും. സുരേഷേ.. ജോർജേട്ടന്റെ മുൻപിൽ വച്ചാണ് വിളിച്ചെ... സുരേഷേ ഇങ്ങനെ ഒരു പ്രശ്‌നമുണ്ട്... എന്ത് ചെയ്യാൻ കഴിയും.. എനിക്ക് ജോർജേട്ടനെ അറിയാം. കൊടുക്കാൻ പറയൂ . സിഐ ആയപ്പോൾ ജോർജ് ചേട്ടനുമായി നല്ല പരിചയമുണ്ട്. ആദ്യം പുള്ളി വിളിച്ചിട്ട് പറഞ്ഞു.. ഫ്‌ളെമി എന്റെ ആളാണ്. എന്തു കാര്യം ഉണ്ടെങ്കിലും ഫ്‌ളെമിയോട് സംസാരിച്ചോളാൻ പറഞ്ഞു. എന്നിട്ട് ഞാൻ നേരെ എന്റെ വണ്ടിയുമായി എയർപോർട്ടിൽ പോയി നെടുമ്പാശ്ശേരി സിഐയുണ്ട് ബൈജു രണ്ടു പേരെയും എയർപോർട്ടിൽ വിളിച്ചിട്ട് മൂന്നു പേരും എയർപോർട്ടിൽ നിൽക്കുന്ന ഫോട്ടോ ജോർജെട്ടന് അയച്ചു കൊടുത്തു.

രണ്ടു പൊലീസ് സ്റ്റേഷനിൽ ആണ് പുള്ളിയുടെ കേസ് കിടക്കുന്നത്. ഒന്ന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റെഷനിലും വേറൊന്നു സുരേഷിന്റെ അടുത്തും. നേരത്തെ ഒരു വിജയകുമാർ ആയിരുന്നു... വിജയകുമാർ ഇപ്പോൾ മട്ടാഞ്ചേരി എഎസ്‌പിയായി. അത് കഴിഞ്ഞു നേരെ ലാൽജിയെ വിളിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ലാൽജി. ഞാൻ ലാൽജിയെ വിളിച്ച് നേരിട്ട് കണക്റ്റ് ചെയ്തു കൊടുത്തു. അത് കഴിഞ്ഞു ഞാൻ വിജയ് സാഖറേയുടെ അടുത്തുപോയി ഫോട്ടോ എടുത്ത് അയച്ച് കൊടുത്തു നമ്മുടെ ഐജിക്ക്. എന്നിട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനുണ്ട്. തൃക്കാക്കര ഡിവൈഎസ്‌പിയുണ്ട് ഇപ്പോൾ വിളിച്ചു തരാം എന്ന് പറഞ്ഞു. ഞാൻ വിളിച്ചു കൊടുത്തു. അത് കഴിഞ്ഞു ഞാൻ പറഞ്ഞു. ഇപ്പോൾ പൊലീസിന്റെ കയ്യിലല്ല കോർട്ടിലാണ് കിടക്കുന്നത്. നാല് ജഡ്ജിമാരാണ് അത് നോക്കുന്നത്. ജഡ്ജിമാരുടെ പേരുകൾ പറയുന്നു..... എന്നിട്ട് ഞാൻ പറഞ്ഞു. ഇപ്പോഴത്തെ അഡ്വക്കേറ്റ്‌സിനെ എല്ലാം മാറ്റണം. എന്റെ അഡ്വക്കേറ്റ്‌സിന്റെ കയ്യിൽ കേസ് ഏൽപ്പിക്കണം.

ആരോപണങ്ങൾക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നവർ: ഫ്‌ളെമി എബ്രഹാം

ആരോപണങ്ങൾക്ക് പിന്നിൽ പണം തട്ടാൻ ശ്രമിക്കുന്നവർ ആണെന്നാണ് ഫ്‌ളെമി ഫ്‌ളെമി എബ്രഹാം മറുനാടനോട് പറഞ്ഞത്. കഴിഞ്ഞ വർഷമാണ് ഞാൻ നാഷണൽ ചിൽഡ്രൻ ഫണ്ട് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര സർക്കാർ ഏജൻസിയാണിത്. എനിക്ക് ബോർഡ് വയ്ക്കുന്നതിൽ തടസമില്ലെന്നാണ് കരുതിയത്. സ്‌പെഷ്യൽ ബ്രാഞ്ച് വിളിച്ച് പറഞ്ഞ ശേഷം കാറിലുള്ള കേന്ദ്ര സർക്കാർ ബോർഡും വിസിറ്റിങ് കാർഡിലെ അശോക സ്തംഭവും ഞാൻ മാറ്റിയിരുന്നു. ഡൽഹി രജിസ്‌ട്രേഷൻ ഉള്ള കാർ എങ്ങനെ കൂടുതൽ ഓടിക്കാൻ കഴിയില്ലെന്ന് ആർടിഓ ഓഫീസിൽ നിന്നും എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്.

ടാക്‌സ് അടയ്ക്കാൻ ആണ് അവർ ആവശ്യപ്പെട്ടത്. ഫോൺ സംഭാഷണം വളരെ അടുത്ത ഒരാളോടു ഞാൻ പറയുന്നതാണ്. അതാണ് പുറത്ത് വന്നത്. എനിക്ക് എതിരെ പരാതി നൽകിയ ഖത്തർ വനിത എന്റെ ബിസിനസ് പാർട്ട്ണർ ആണ്. ഒമാനിൽ ബിസിനസ് ചെയ്യാൻ വേണ്ടിയാണ് അവർ 80 ലക്ഷത്തോളം രൂപ നൽകിയത്. പല തവണ ഞാൻ ഒമാനിൽ പോയതാണ്. ആ ബിസിനസ് സംരംഭം നടന്നില്ല. കാശ് അവിടെ തന്നെ ചെലവായി. ഈ പണം തിരികെ വേണം എന്നാണ് പറഞ്ഞത്. ഞാൻ ഒരു ചെക്ക് നൽകിയിരുന്നു. അതിൽ അവർ തുക എഴുതി ബാങ്കിൽ നൽകിയതാണ്. എനിക്ക് ഒമാനിൽ ട്രാവൽബാൻ നിലനിൽക്കുന്നുണ്ട്. ഖത്തർ യുവതിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുകയാണ്-ഫ്‌ളെമി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP