Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള സർവ്വകലാശാലയിൽ നിന്ന് ശമ്പളവും ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലിയും ഇനി നടക്കില്ല; അരുൺകുമാറിന് ശമ്പളമില്ലാ അവധി അനുവദിച്ച് കേരള സർവ്വകലാശാല; തിരികെ വരുമ്പോൾ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കണം; വരുന്നത് സർവീസ് ബ്രേക്ക്; രണ്ടുവർഷത്തേക്ക് അവധി ചോദിച്ചെങ്കിലും കിട്ടിയത് ഒരുവർഷത്തേക്ക്; അരുൺ കുമാറിന് ഇനി ശ്രീകണ്ഠൻ നായർ തന്നെ ശമ്പളം നൽകണം

കേരള സർവ്വകലാശാലയിൽ നിന്ന്  ശമ്പളവും ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലിയും ഇനി നടക്കില്ല; അരുൺകുമാറിന് ശമ്പളമില്ലാ അവധി അനുവദിച്ച് കേരള സർവ്വകലാശാല; തിരികെ വരുമ്പോൾ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കണം; വരുന്നത് സർവീസ് ബ്രേക്ക്; രണ്ടുവർഷത്തേക്ക് അവധി ചോദിച്ചെങ്കിലും കിട്ടിയത് ഒരുവർഷത്തേക്ക്; അരുൺ കുമാറിന് ഇനി  ശ്രീകണ്ഠൻ നായർ തന്നെ ശമ്പളം നൽകണം

എം മനോജ് കുമാർ

തിരുവനന്തപുരം: ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനായി തുടരാൻ അരുൺ കുമാറിന് ലീവ് അനുവദിച്ച് കേരള സർവ്വകലാശാല. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പ്രൊബേഷനിൽ തുടരുമ്പോഴാണ് വാർത്താവതാരകനാകാൻ അരുൺ കുമാറിന് സർവ്വകലാശാല ലീവ് അനുവദിക്കുന്നത്. പ്രൊബേഷൻ കാലത്ത് ലീവ് എടുത്ത് പോകുമ്പോൾ തിരികെ വന്നാൽ പ്രൊബേഷൻ പൂർത്തിയാക്കണം എന്ന നിബന്ധനയോടെയാണ് ലീവ് അനുവദിച്ചത്. അവധിക്ക് അനുമതി തേടി അരുൺകുമാർ സർവ്വകലാശാലയ്ക്ക് കത്ത് നൽകിയിരുന്നു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് അരുൺ കുമാറിന് ലീവ് അനുവദിക്കാൻ തീരുമാനിച്ചത്. രണ്ടുവർഷത്തേക്കാണ് അവധി ചോദിച്ചത്. എന്നാൽ, ഒരുവർഷത്തേക്കാണ് ലീവ് അനുവദിച്ചത്. ലീവ് അനുവദിക്കാമെന്ന് സ്റ്റാൻഡിങ് കൗൺസലർ ഉപദേശിച്ച കാര്യം വിസി സിൻഡിക്കേറ്റിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അവധി അനുവദിച്ചത്.

ലീവ് അപേക്ഷയിൽ സിൻഡിക്കെറ്റ് സ്റ്റാൻഡിങ് കൗൺസിലറുടെ നിയമോപദേശം തേടിയിരുന്നു. പ്രൊബേഷൻ കാലത്ത് പലർക്കും ശമ്പളം ഇല്ലാത്ത ലീവ് അനുവദിച്ച കീഴ് വഴക്കമുണ്ടെന്നു സ്റ്റാൻഡിങ് കൗൺസിലർ നിയമോപദേശം നൽകിയതോടെയാണ് അരുൺകുമാറിന് ശൂന്യവേതന അവധി അനുവദിച്ച് സർവകലാശാല ഉത്തരവായത്. ഉന്നതതല സമ്മർദ്ദം മുറുകിയതോടെയാണ് 24 ന്യൂസ് ചാനലിൽ വാർത്ത അവതരിപ്പിക്കാനായി സർവ്വകലാശാല ലീവ് അനുവദിക്കുന്നത്. വിദ്യാർത്ഥികളെ പഠിപ്പിക്കാൻ വേണ്ടി നിയമിച്ച അദ്ധ്യാപകനെ അധ്യയനം തുലാസിലാക്കി സർവ്വകലാശാല തന്നെ സ്വകാര്യ ചാനലിൽ വാർത്താവതാരകനാകാൻ വേണ്ടി വിടുകയാണ്. ഇനി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഗസ്റ്റ് ലക്ചർ തസ്തികയിൽ പുറത്ത് നിന്ന് അദ്ധ്യാപകനെ സർവ്വകലാശാല നിയമിക്കേണ്ടി വരും.

പ്രൊബേഷൻ കാലത്ത് ചട്ടലംഘനം നടത്തിയതായി തെളിഞ്ഞതിനെ തുടർന്ന് അരുൺ കുമാർ പ്രശ്‌നത്തിൽ മറുനാടൻ തുടർ റിപ്പോർട്ടുകൾ നൽകിയിരുന്നു. സർവ്വകലാശാലയിൽ യുജിസി ശമ്പളം പറ്റിയാണ് ലീവ് എടുക്കാതെ ചട്ടവിരുദ്ധമായി അരുൺകുമാർ ചാനലിൽ വാർത്താവതാരകൻ ആയി തുടർന്നത്. ഇതാണ് മറുനാടൻ വാർത്തയാക്കിയത്. കള്ളം പിടിക്കപ്പെട്ടതോടെയാണ് സർവ്വകലാശാലയിൽ നിന്ന് പത്ത് മാസം ലീവെടുക്കാൻ അനുമതി ചോദിച്ച് അരുൺ സർവ്വകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയത്.

അരുൺ കുമാർ പ്രശ്നം വിവാദമായി തുടരുന്നതിനാൽ തീരുമാനം സിൻഡിക്കേറ്റിനു വിടുകയാണ് രജിസ്ട്രാർ ചെയ്തത്. ചട്ടപ്രകാരമുള്ള അവധിയല്ലാത്തതിനാൽ രജിസ്ട്രാർക്ക് തീരുമാനം എടുക്കാൻ കഴിയില്ലായിരുന്നു. നിലവിലെ ചട്ടങ്ങൾ കാറ്റിൽപ്പറത്തി സിൻഡിക്കേറ്റ് അവധിക്ക് അപേക്ഷ നൽകിയാൽ സിൻഡിക്കേറ്റ് പ്രതിക്കൂട്ടിലാകും. അവധി അപേക്ഷ അനുവദിച്ചാൽ അരുൺ കുമാർ പ്രശ്നത്തിൽ പ്രതിക്കൂട്ടിൽ തുടരുന്ന കേരള സർവ്വകലാശാല വിസി മഹാദേവൻ പിള്ള കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും. അതുകൊണ്ട് തന്നെയാണ് അരുൺകുമാറിന്റെ അവധി അപേക്ഷ തിരസ്‌ക്കരിക്കാൻ സർവ്വകലാശാല തലത്തിൽ ആലോചന നടന്നത്. പിന്നീട് പ്രശ്‌നം സ്റ്റാൻഡിങ് കൗൺസിലർക്ക് വിടുകയായിരുന്നു.

സർവ്വകലാശാലയിൽ നിന്ന് ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് കേരള സർവ്വകലാശാല തീരുമാനമെടുത്തതോടെയാണ് അരുൺകുമാറിന് ഔദ്യോഗിക ജീവിതത്തിൽ പ്രതിസന്ധി തുടങ്ങുന്നത്. ചട്ടലംഘനം നോക്കി നിൽക്കാൻ കഴിയില്ലെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് 24 ന്യൂസ് ചാനലിൽ വാർത്താവതാരകനാകാൻ നൽകിയ അനുമതി സിൻഡിക്കേറ്റ് പിൻവലിച്ചത്. ഇതേ ചട്ടലംഘനം മുന്നിൽ നിൽക്കുന്നത്കൊണ്ടാണ് അരുൺകുമാറിന്റെ അവധി അപേക്ഷ നിയമോപദേശത്തിനു വിട്ടത്. അരുണിന് അവധി നൽകുന്നത് നല്ല തീരുമാനമായെക്കില്ല എന്ന വിലയിരുത്തലാണ് സർവ്വകലാശാലയിൽ നിന്നും വന്നത്. ഇതു കൊണ്ട് തന്നെയാണ് ലീവ് പ്രശ്നത്തിൽ വിസിയും അരുൺകുമാറിന് എതിരായ തീരുമാനത്തിലേക്ക് നീങ്ങിയത്.

സർവ്വകലാശാലയിൽ പ്രൊബേഷനിൽ തുടരുന്ന അദ്ധ്യാപകന് കോവിഡിന്റെ മറവിൽ വാർത്താവതാരകനാകാൻ അനുമതി നൽകിയ പ്രശ്നത്തിൽ കേരള വിസി പ്രതിക്കൂട്ടിലായിരുന്നു. കടുത്ത വിമർശനമാണ് ഈ പ്രശ്നത്തിൽ വിസിക്ക് എതിരെ ഉന്നത തലത്തിൽ നിന്നും വന്നത്. അക്കാദമിക താത്പര്യങ്ങളുടെ ലംഘനമാണ് വിസിയുടെ ഭാഗത്ത് നിന്നും വന്നത്. സർവ്വകലാശാല ചട്ടങ്ങളും വിസി ലംഘിക്കുന്നു. യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനെ നിയമിച്ച് ആ അദ്ധ്യാപകനെ സർവ്വകലാശാല പുറത്ത് വാടകയ്ക്ക് നൽകുന്നു എന്ന ആരോപണം അരുൺകുമാർ പ്രശ്നത്തിൽ വിസിക്ക് നേരെ വന്നു. . ഇത്തരം വിമർശനങ്ങൾ വിസിക്ക് നേരെ ഉയർന്നതിന് പിന്നിലും കാരണങ്ങളുണ്ട്. വിപുലമായ അധികാരങ്ങളാണ് വിസിക്ക് സർവ്വകലാശാലയിൽ ഉള്ളത്. അഡ്‌മിനിസ്ട്രെറ്റീവ് അധികാരങ്ങൾ വിസിക്ക് വളരെ കൂടുതലാണ്.

ലീവ് പ്രശ്നത്തിൽ വിസിയും സിൻഡിക്കേറ്റും മുൻപ് പരിഗണിച്ചത്:

സർവ്വകലാശാലയിൽ അദ്ധ്യാപകനായി നിയമിക്കും മുൻപ് ഒരാൾക്ക് ലീവ് എടുക്കാം. ജോയിൻ ചെയ്യുന്നതിനു മുൻപ് മൂന്നു മാസത്തേക്ക് ആണ് ആ ലീവ്. ആ മൂന്നു മാസം ലീവ് പിന്നേയും നീട്ടാം. മൂന്നു മാസത്തേക്ക് കൂടി. ഇതിൽ കൂടുതൽ അവധി നല്കാൻ കഴിയില്ല. ജോയിനിംഗിന് മുൻപ് ആവശ്യമായ സമയം ചോദിക്കാം. അതിനു തക്കതായ കാരണവും വേണം. ജോയിൻ ചെയ്ത് കഴിഞ്ഞാൽ പിന്നെ പ്രൊബേഷൻ പരീഡാണ്. പ്രൊബേഷൻ പിരീഡിൽ ലീവ് കൊടുക്കാൻ ചട്ടമില്ല. മെഡിക്കൽ ഗ്രൗണ്ട്സിൽ അവധി നൽകാം. അപ്പോൾ പ്രൊബേഷൻ നീളും. സർവീസ് ബ്രേക്ക് വരും. പക്ഷെ വേറൊരു ജോലിക്ക് ഈ രീതിയിൽ ലീവെടുത്ത് പോകാൻ അനുമതിയില്ല. ലീവ് നൽകിയാൽ അത് ചട്ടവിരുദ്ധമാകും. സർവീസിൽ സ്ഥിരപ്പെട്ടാൽ ലീവ് വേണമെങ്കിൽ അതിനു ഫോറിൻ അഫയേഴ്സിന് വേണ്ടി ലീവ് നൽകാം. സംസ്ഥാനത്തിനകത്ത് ലീവ് നൽകണമെങ്കിൽ അത് സ്പെഷ്യൽ കേസ് ആയിട്ട് മാത്രമേ കൊടുക്കാൻ കഴിയൂ. ഫോറിൻ അഫയേഴ്സ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ വരെ അഞ്ച് വർഷം ലീവ് എടുത്ത് പോകുന്നത്. അരുൺകുമാർ പ്രോബെഷനിൽ ഉള്ളതിനാൽ ലീവ് നൽകാൻ ചട്ടമില്ല. അരുൺ കുമാർ ലീവ് ചോദിച്ചത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനാകാൻ വേണ്ടിയാണ്. ഇത് ചട്ടവിരുദ്ധമാണ്.

യൂണിവേഴ്സിറ്റി അദ്ധ്യാപകരെ നിയമിക്കുന്നത് യുജിസിയുടെ 'നാകി'നു കൂടി വേണ്ടിയാണ്. യുജിസി നാക് ടീം സന്ദർശനത്തിനു വരുമ്പോൾ ഓരോ വിഭാഗത്തിനും അവശ്യം വേണ്ട അദ്ധ്യാപകർ യൂണിവേഴ്സിറ്റിയിൽ കാണണം. വേണ്ടത്ര ടീച്ചേഴ്സ് ഇല്ലെങ്കിൽ അത് നാക് അക്രഡിറ്റെഷനെ ബാധിക്കും. കുട്ടികളെ പഠിപ്പിക്കാൻ അദ്ധ്യാപകരും വേണം. അരുൺകുമാർ മാറിയാൽ ദിവസ വേതനത്തിനു അദ്ധ്യാപകനെ നിയമിക്കേണ്ടി വരും. അപ്പോൾ ക്വാളിറ്റിയിൽ കുറവ് വരും. ഇത് അക്കാദമിക് ജീവിതത്തെ ബാധിക്കും. സർവ്വകലാശാലയ്ക്കും അക്കാദമികമായി അദ്ധ്യാപകൻ ലീവ് എടുത്ത് പോകുന്നത് നഷ്ടമാണ്. അരുൺകുമാറിന്റെ കാര്യത്തിൽ യൂണിവേഴ്സിറ്റി പഴയ ശമ്പളം ഉൾപ്പെടെ പ്രൊട്ടക്റ്റ് ചെയ്ത് നൽകിയിട്ടുണ്ട്.

സർക്കാർ കോളേജിൽ അദ്ധ്യാപകനായിരിക്കെയാണ് കേരള സർവ്വകലാശാലയിൽ അദ്ധ്യാപകനായി അരുൺകുമാർ എത്തുന്നത്,. അപ്പോൾ പഴയ ശമ്പളം സുരക്ഷിതമാക്കിയിട്ടുണ്ട്. സാധാരണ അസിസ്റ്റന്റ് പ്രൊഫസർ വാങ്ങുന്ന ശമ്പളത്തിനു മീതെയാകും ഈ കാരണം കൊണ്ട് തന്നെ അരുൺകുമാറിന്റെ ശമ്പളം. മറ്റൊരു കാര്യം ജോലി പ്രതീക്ഷിക്കുന്ന ഒരാളുടെ ജോലി സാധ്യതയാണ് അരുൺകുമാർ കളഞ്ഞത്. അരുൺ കുമാർ ഇല്ലെങ്കിൽ വേറൊരാൾ അദ്ധ്യാപകനായി വരുമായിരുന്നു. അരുൺകുമാർ ഉള്ളതിനാൽ വേറെ ഒരാളെ അദ്ധ്യാപകനായി നിയമിക്കാൻ കഴിയില്ല. അരുൺ കുമാർ തിരികെ വരും എന്നുള്ളത്കൊണ്ടാണ് ഇത്. ഗസ്റ്റ് ഫാക്കൽറ്റി വന്നാലും കാര്യവുമില്ല. കുട്ടികൾ അടക്കം ഗസ്റ്റ് അദ്ധ്യാപകനെ അവഗണിക്കും എന്നുള്ളത് വേറെ കാര്യവും.

അരുൺകുമാർ പ്രശ്നത്തിൽ തുറിച്ച് നോക്കുന്ന യാഥാർഥ്യം

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനമാണ് യൂണിവേഴ്സിറ്റിക്കുള്ളത്. സിലബസ് തയ്യാറാക്കുന്നതും ചോദ്യങ്ങൾ തയ്യാറാക്കുന്നതും അരുൺകുമാർ തന്നെയാണ്. അരുൺകുമാർ പഠിപ്പിക്കുന്ന പേപ്പറുകൾ ഉണ്ട്. അരുൺ കുമാർ ആവശ്യപ്പെട്ടു നൽകിയ പേപ്പറുകൾ ആണിത്. പത്ത് മാസം അങ്ങനെ ഇട്ടിട്ടു പോകാൻ കഴിയില്ല. കുട്ടികളുടെ കാര്യം ബുദ്ധിമുട്ടാകും. പുതിയ ഒരാൾക്ക് ആ പേപ്പർ എടുക്കാൻ കഴിയില്ല. രജിസ്ട്രാർ ആണ് ലീവ് അനുവദിച്ച് നൽകേണ്ടത്. അരുൺ കുമാറിന്റെ അവധിയുടെ കാര്യത്തിൽ രജിസ്ട്രാർ ഈ കാര്യത്തിൽ കടുത്ത സമ്മർദ്ദത്തിലായിരുന്നു. പ്രൊബേഷൻ കാലത്ത് അരുൺ കുമാറിന് അവധി നൽകുന്നത് ചട്ടവിരുദ്ധമാണ്. സർക്കാർ സർവീസിൽ കയറി അഞ്ച് വർഷം ലീവ് എടുത്ത് പോകുന്നത് പതിവായപ്പോൾ ഇതിനെതിരെ സർക്കാർ ഓർഡർ ഇറക്കിയിട്ടുണ്ട്.

ഇത്തരം അവധി അനുവദിക്കുന്ന കാര്യത്തിൽ. ഇത് പരിഗണിക്കേണ്ടതുമുണ്ട്. ഒരാളുടെ അവസരം, ഡോക്ടറെറ്റ് ഉള്ള ഒരാളുടെ അവസരം നഷ്ടമാക്കിയിട്ടാണ് അരുൺകുമാറിനെ നിയമിച്ചത്. ആ അരുൺകുമാർ പ്രൊബേഷൻ കാലത്ത് തന്നെ ലീവിലാണ്. അപേക്ഷ നൽകിയത് പത്ത് മാസത്തെ ലീവിനും. കുട്ടികളെ പഠിപ്പിക്കാൻ ആള് വേണ്ടേ? പ്രൊബേഷൻ കാലത്ത് ഈ രീതിയിൽ ലീവ് അനുവദിക്കാൻ കഴിയുമോ? ഇത് ചട്ടവിരുദ്ധമല്ലേ? അരുൺകുമാർ നൽകിയത് മെഡിക്കൽ ലീവല്ല. ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യാനുള്ള അനുവാദത്തിനാണ് ലീവിന് അപേക്ഷിക്കുന്നത്. വാർത്താ വായിക്കാൻ താത്പര്യ ഉണ്ടായിരുന്നെങ്കിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് തന്നെ ജോലി ഒഴിവാക്കി പോകാമായിരുന്നു. സെലക്റ്റ് ആയപ്പോൾ അരുൺകുമാറിന് ജോലി വേണ്ടെന്നു തീരുമാനിക്കാമായിരുന്നു. പക്ഷെ ജോലി സ്വീകരിക്കുകയും സർവ്വകലാശാലയിൽ നിന്നും ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലി ചെയ്യുകയുമാണ് അരുൺ കുമാർ ചെയ്തത്. അക്കാദമിക താത്പര്യങ്ങൾക്ക് വിരുദ്ധമാണ് അരുൺകുമാറിന്റെ നടപടികൾ എന്ന് ഇപ്പോൾ സിൻഡിക്കേറ്റ് വിലയിരുത്തിയിരുന്നു. .

തിരിച്ചടിയായത് സിൻഡിക്കേറ്റ് മുൻ തീരുമാനം

സർവ്വകലാശാലയിൽ നിന്ന് ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് കേരള സർവ്വകലാശാല തീരുമാനമെടുത്തതോടെ പ്രതിക്കൂട്ടിലായ അരുൺകുമാർ സർവ്വകലാശാലയിൽ നിന്ന് ലീവ് എടുക്കാൻ തീരുമാനിച്ചിരുന്നു. . പത്ത് മാസത്തെ ലീവിനാണ് അരുൺകുമാർ ഒഅപേക്ഷിച്ചത്. അരുൺ കുമാർ ചട്ടലംഘനം നടത്തുന്നു എന്ന വാർത്ത മറുനാടൻ പുറത്ത് വിട്ടതോടെയാണ് അരുൺകുമാർ ലീവ് എടുക്കാൻ തീരുമാനിച്ചത്. അരുൺകുമാർ സർവീസ് റൂൾസ് ലംഘിച്ചതിനാൽ അരുൺകുമാറിന്റെ കാര്യത്തിൽ രജിസ്ട്രാർ സ്വയം തീരുമാനം തീരുമാനം എടുത്തിരുന്നില്ല. ലീവെടുക്കുമ്പോൾ അരുൺകുമാറിനും ഔദ്യോഗിക ജീവിതത്തിൽ പ്രതിസന്ധി വരും.

പ്രൊബേഷൻ കാലത്ത് ലീവ് എടുക്കുന്നതോടെ സർവീസ് ബ്രേക്ക് വരും. പത്ത് മാസം ലീവ് എടുക്കുമ്പോൾ പത്ത് മാസം പ്രൊബേഷൻ നീളും. നിലവിൽ ബാക്കിയുള്ള പ്രൊബേഷൻ പിരീഡ് കൂടി ഇനി പൂർത്തീകരിക്കേണ്ടി വരും. വാർത്താവതാരകനായതിൽ അരുൺ കുമാർ നേരിടേണ്ടി വരുന്ന പ്രതിസന്ധിയാണ് ഇത്. ശമ്പളം സർവ്വകലാശാലയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് മറുനാടൻ വാർത്തയെ തുടർന്ന് തീരുമാനിച്ചിരുന്നു. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്ത വായിക്കാൻ അരുൺ കുമാറിന് നൽകിയ വിവാദ അനുമതിയാണ് സർവ്വകലാശാല പിൻവലിച്ചത്. അരുൺകുമാറിന്റെ വാർത്ത വായന വിവാദമായി തുടരവേ ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗമാണ് അരുൺകുമാറിന് നൽകിയ അനുമതി പിൻവലിച്ചത്.

കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ്‌റ് പ്രൊഫസർ സ്ഥാനത്തിരുന്നു അരുൺകുമാർ നടത്തുന്ന ചട്ടലംഘനം ചൂണ്ടിക്കാണിച്ച് മറുനാടൻ തുടരൻ വാർത്തകൾ നൽകിയിരുന്നു. പ്രശ്‌നത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസും മന്ത്രി കെ.ടി.ജലീലും രംഗത്ത് വന്നിരുന്നു. വിസിക്ക് എതിരെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് ഉന്നത തലത്തിൽ നിന്നും വന്നത്. മന്ത്രിയിൽ നിന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയിൽ നിന്നും എതിർ പ്രതികരണങ്ങൾ വന്നതോടെയാണ് അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേർന്ന് തെറ്റ് തിരുത്തിയത്. സ്വയം സൃഷ്ടിച്ച തെറ്റാണ് സിൻഡിക്കേറ്റ് യോഗം തിരുത്തിയത്. ഇപ്പോൾ ശൂന്യവേതന അവധിയിൽ സർവീസ് ബ്രേക്കും നേരിട്ട് വാർത്താവതാരകനാകാൻ വേണ്ടി അരുൺ കുമാർ വീണ്ടും പുറപ്പെടുകയാണ്. വിദ്യാർത്ഥികളുടെ ഭാവി അത് തത്ക്കാലം സർവ്വകലാശാല തന്നെ മറക്കുകയാണ്. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP