Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥമായ സ്ഥാപനം എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽനിന്ന് സുപ്രീം കോടതി വ്യതിചലിച്ചപ്പോൾ രചനാത്മകമായ വിമർശനം ഉയർത്തുകയാണ് ചെയ്തത്; ആത്മർഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്നും പ്രശാന്ത് ഭൂഷൺ; താൻ ദയ യാചിക്കില്ലെന്നും ഔദാര്യത്തിനായി ഇരക്കില്ലെന്നുമുള്ള മുൻ നിലപാട് വീണ്ടും ആവർത്തിച്ച് മുതിർന്ന അഭിഭാഷകൻ

ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥമായ സ്ഥാപനം എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽനിന്ന് സുപ്രീം കോടതി വ്യതിചലിച്ചപ്പോൾ രചനാത്മകമായ വിമർശനം ഉയർത്തുകയാണ് ചെയ്തത്; ആത്മർഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്നും പ്രശാന്ത് ഭൂഷൺ; താൻ ദയ യാചിക്കില്ലെന്നും ഔദാര്യത്തിനായി ഇരക്കില്ലെന്നുമുള്ള മുൻ നിലപാട് വീണ്ടും ആവർത്തിച്ച് മുതിർന്ന അഭിഭാഷകൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: താൻ ദയ യാചിക്കില്ലെന്നും ഔദാര്യത്തിനായി ഇരക്കില്ലെന്നുമുള്ള മുൻ നിലപാട് സുപ്രീംകോടതിയിൽ വീണ്ടും ആവർത്തിച്ച് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ജുഡീഷ്യറിക്കെതിരായി ഉയർത്തിയ വിമർശനങ്ങളിൽ ഞാൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. വിമർശിച്ചുള്ള ട്വീറ്റുകൾ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കോടതിയലക്ഷ്യത്തിനു കാരണമായ ട്വീറ്റുകളുടെ പേരിൽ ഖേദപ്രകടനം നടത്തുന്നതിന് സുപ്രീം കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രശാന്ത് ഭൂഷൺ തന്റെ നിലപാട് കോടതിയെ അറിയിച്ചത്. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കണ്ടെത്തിയിരുന്നു. ആറു മാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടുംകൂടിയോ ആണ് ക്രിമിനൽ കോടതിയലക്ഷ്യത്തിനു ലഭിക്കാവുന്ന ശിക്ഷ.

ആത്മർഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയിൽ നൽകിയ പ്രസ്താവനയിൽ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥമായ സ്ഥാപനം എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽനിന്ന് സുപ്രീം കോടതി വ്യതിചലിച്ചപ്പോൾ രചനാത്മകമായ വിമർശനം ഉയർത്തുകയാണ് താൻ ചെയ്തത്. കോടതിയെയോ ഏതെങ്കിലും ഒരു ചീഫ് ജസ്റ്റിസിനെയോ അപകീർത്തിപ്പെടുത്തുക അതിന്റെ ലക്ഷ്യമായിരുന്നില്ല- പ്രശാന്ത് ഭൂഷൺ പറഞ്ഞു.

സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമർശിച്ച ട്വീറ്റുകളിലൂടെ ക്രിമിനൽ കോടതിയലക്ഷ്യം നടത്തിയതിനു മാപ്പുപറയാൻ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ താൽപര്യപ്പെടുന്നെങ്കിൽ ഈ മാസം 24നകം വേണമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മാപ്പുപറഞ്ഞാൽ കേസ് 25നു പരിഗണിക്കും. കോടതിയലക്ഷ്യത്തിന്റെ ശിക്ഷ സംബന്ധിച്ച വാദം പൂർത്തിയായെന്നും ഉത്തരവിനായി മാറ്റിയെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുകയായിരുന്നു.

ട്വീറ്റ് ന്യായീകരിച്ച് കോടതിയിൽ പ്രശാന്ത് നടത്തിയ പ്രസ്താവന തിരുത്തുന്നോ എന്ന് ആലോചിക്കാൻ തിങ്കൾ വരെ സമയം നൽകുകയാണെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്. ആലോചിച്ചുള്ള പ്രസ്താവനയാണെന്നും തിരുത്താൻ ഉദ്ദേശമില്ലെന്നും പ്രശാന്ത് പറഞ്ഞു. സമയം കൊണ്ടു കാര്യമില്ല; കോടതിയുടെ സമയം പാഴാക്കാമെന്നേയുള്ളു. എന്നാൽ, ആലോചിക്കാൻ സമയം നൽകുന്നുവെന്ന നിലപാടിൽ കോടതി ഉറച്ചുനിൽക്കുകയായിരുന്നു.

രണ്ട് ട്വീറ്റുകളാണ് കോടതി കോടതിയലക്ഷ്യ കേസിന് ആധാരം. ജൂൺ 27 ന് സുപ്രീം കോടതിയെക്കുറിച്ചും ജൂൺ 29 ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെക്കുറിച്ചും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നൽകിയത്. 'അടിയന്തരവസ്ഥ പോലും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്നറിയാൻ ഭാവിയിലെ ചരിത്രകാരന്മാർ കഴിഞ്ഞ ആറ് വർഷ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവർ ഈ നാശത്തിൽ സുപ്രീം കോടതിക്ക് പ്രത്യേക പങ്ക് ഉള്ളതായി രേഖപ്പെടുത്തും. പ്രത്യേകിച്ചും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാർക്ക്', പ്രശാന്ത് ഭൂഷൺ ഒരു ട്വീറ്റിൽ പറഞ്ഞതിങ്ങനെ.

ലോക്ക് ഡൗണിനിടെ മാസ്‌കും ഹെൽമെറ്റുമില്ലാതെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ബിജെപി നേതാവിന്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ മറ്റൊരു ട്വീറ്റ്. ഇതിൽ ബോബ്‌ഡെ ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന എന്ന് പറഞ്ഞതിൽ ഭൂഷൺ ഖേദം പ്രകടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ബൈക്ക് ഓടിക്കുകയല്ല, ബൈക്കിൽ ഇരിക്കുകയാണ് ചെയ്തെന്നും ഇത് താൻ ശ്രദ്ധിച്ചില്ലെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തിരുന്നു.

രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സുപ്രിംകോടതിയെ ആകെയും ചീഫ് ജസ്റ്റിസ് ഓഫീസിനെ പ്രത്യേകമായും കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സദുദ്ദേശ്യത്തോടെയുള്ള വിമർശനമാണ് പ്രശാന്ത് ഭൂഷണിൽ നിന്നുണ്ടാകുന്നതെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനത്തിൽ വിമർശനം ക്ഷണിച്ചു വരുത്തുന്ന പല കാര്യങ്ങളും നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശാന്ത് ഭൂഷൺ മറ്റൊരു കോടതിയലക്ഷ്യ കേസും നേരിടുന്നുണ്ട്. . 2009 ൽ തെഹൽക്ക മാഗസിന് നൽകിയ അഭിമുഖത്തിൽ 16 മുൻ ചീഫ് ജസ്റ്റിസുമാരിൽ എട്ട് പേരും അഴിമതിക്കാരാണെന്ന് പ്രശാന്ത് ഭൂഷൻ നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനം. കഴിഞ്ഞ ആഴ്‌ച്ച കോടതി കേസ് പരിഗണിച്ചപ്പോൾ പ്രശാന്ത് ഭൂഷൺ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. 'ഞാൻ പറഞ്ഞത് അവരിൽ ആരെയെങ്കിലും (ചീഫ് ജസ്റ്റിസുമാരെ) അല്ലെങ്കിൽ അവരുടെ കുടുംബത്തെ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചുവെങ്കിൽ ഞാൻ ഖേദിക്കുന്നു'. അഴിമതി എന്ന വാക്ക് വിശാലമായ അർത്ഥത്തിലാണ് ഉപയോഗിച്ചത്. 'സാമ്പത്തിക അഴിമതിയോ ധനപരമായ നേട്ടമോ മാത്രമല്ല ഉദ്ദേശിച്ചത്', പ്രശാന്ത് ഭൂഷൺ പറഞ്ഞു. എന്നാൽ പ്രശാന്ത് ഭൂഷന്റെ വിശദീകരണവും ഖേദപ്രകടനവും അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയാണ് ഉണ്ടായത്.

താൻ ദയ യാചിക്കില്ലെന്നും ഔദാര്യത്തിന് ഇരക്കില്ലെന്നും പ്രശാന്ത് ഭൂഷൺ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷറിയെ വിമർശിച്ച് ട്വീറ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ മഹിമ ഉയർത്തിപ്പിടിക്കാനാണ് താൻ ശ്രമിച്ചതെന്നും അതിന്റെ പേരിൽ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാക്കുന്നതിൽ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

'അത് എന്റെ കടമയായി കരുതുന്നു. ശിക്ഷിക്കപ്പെടും എന്നതിൽ അല്ല വേദന. അതിയായി തെറ്റിദ്ധരിക്കപ്പെട്ടതിലാണ്. ഒരു തെളിവും മുന്നോട്ടുവയ്ക്കാതെ ഞാൻ ജുഡീഷറിയെ നിന്ദയോടെ ആക്രമിച്ചു എന്ന് കോടതി കണ്ടെത്തിയതിൽ നിരാശയുണ്ട്'.- ഭൂഷൺ പറഞ്ഞു.
തന്റെ ട്വീറ്റുകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണിന്റെ അസ്തിവാരം ഇളക്കുന്നതാണെന്ന കോടതിയുടെ കണ്ടെത്തൽ അവിശ്വസനീയമാണ്. ആ രണ്ടു ട്വീറ്റുകൾ എന്റെ അടിയുറച്ച ബോധ്യമാണ്. ഏത് ജനാധിപത്യത്തിലും അതു പറയാനുള്ള സ്വാതന്ത്ര്യവും അനുവദിക്കേണ്ടതുണ്ട്. ജുഡീഷറിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് പൊതുസമൂഹത്തിന്റെ പരിശോധനകൾ കൂടിയേ തീരു. ഭരണഘടനാക്രമം പരിപാലിക്കാൻ അത് ആവശ്യമാണ്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഈ ഘട്ടത്തിൽ കർത്തവ്യ നിർവഹണത്തിനുള്ള എളിയ ശ്രമം മാത്രമാണ് എന്റെ ട്വീറ്റുകൾ. വ്യക്തമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ചെയ്ത ട്വീറ്റുകളുടെ പേരിൽ മാപ്പ് പറയുന്നത് ആത്മാർഥതയില്ലായ്മ ആകും. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വിചാരണയ്ക്കിടെ പറഞ്ഞതു തന്നെയാണ് തനിക്കു പറയാനുള്ളതെന്ന് പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു.'ഞാൻ ദയ യാചിക്കില്ല, ഔദാര്യത്തിന് ഇരക്കില്ല. കോടതി കുറ്റകരമെന്നും ഞാൻ പൗരന്റെ ഉന്നതമായ ഉത്തരവാദിത്വമെന്നും കരുതുന്ന കാര്യത്തിന്റെ പേരിൽ ഏതു ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കാൻ ഞാൻ തയാറാണെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP