Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കരുത്; കള്ളങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് മേൽക്കൈ നേടാനാണ് പ്രതിപക്ഷ ശ്രമം; മറുപടി പറയാൻ ശ്രമിച്ചാൽ ബഹളത്തിൽ മുക്കാമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി; വിമാനത്താവള പ്രമേയത്തിൽ സഭയിൽ ക്ഷോഭിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേർക്കുനേർ; പേടിപ്പിക്കാൻ നോക്കെണ്ടെന്ന് പ്രതിപക്ഷം  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾക്ക് സിറിൽ അമർചന്ദ് മംഗൾദാസിനെ ഏൽപ്പിച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ച് സഭയിൽ മുഖ്യമന്ത്രി. സർക്കാർ നടപടിയെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമാണ് മുഖ്യമന്ത്രിയുടെ മറുപടി. പ്രമുഖമായ നിയമ സ്ഥാപനമായതുകൊണ്ടാണ് സിറിൽ അമർചന്ദ് മംഗൾദാസിനെ സംസ്ഥാനം സമീപിച്ചത്. നിയമപരമായ കാര്യങ്ങൾ മാത്രമാണ് കമ്പനി നോക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

അദാനിയെ ഒരെ സമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാരെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നടന്നത് ക്രിമിനൽ ഗൂഢാലോചനയാണ്. മംഗൾദാസ് കുപ്രസിദ്ധമായ കമ്പനിയാണെന്നും പ്രമേയത്തെ എതിർത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു, സിയാലിനെ കൺസൾട്ടന്റ് ആക്കാത്തത് എന്തുകൊണ്ട്?. അദാനിയെ സഹായിക്കാൻ ഗൂഢാലോചന നടന്നു. പ്രമേയത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്നു. സംസ്ഥാന താൽപര്യം ആയതുകൊണ്ട് മാത്രമാണ് പിന്തുണക്കുന്നതെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.

അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്‌നം എന്ന് മുഖ്യമന്ത്രിയുടെ മറുപടി സഭയിൽ പ്രതിപക്ഷ ബഹളത്തിനിടയാക്കി, പ്രതിപക്ഷത്തിന് വെപ്രാളമാണെന്ന് തിരിച്ചടിച്ച മുഖ്യമന്ത്രി കള്ളങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് മേൽക്കൈ നേടാനാണ് പ്രതിപക്ഷ ശ്രമമെന്നും ആരോപിച്ചു. ആകെ വല്ലാത്ത വെപ്രാളത്തിലാണ് പ്രതിപക്ഷം . അതുകൊണ്ടാണ് സഭയിൽ ഓരോന്ന് വിളിച്ച് പറയുന്നത്. പറഞ്ഞ് തുടങ്ങുന്നതിന് മുൻപ് ഇരിപ്പുറക്കാത്ത വിധം പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്‌കാരത്തോടെ ഇടപെടണം. എന്ത് ആരോപണവും ഉന്നയിക്കാം. അതിന് മറുപടി പറയാൻ ശ്രമിച്ചാൽ ബഹളത്തിൽ മുക്കാമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പേടിപ്പിക്കാൻ വരരുതെന്നായിരുന്നു പ്രതിപക്ഷ പ്രതികരണം. എന്തെങ്കിലും പറഞ്ഞ് പോയാൽ അത് പേടിപ്പിക്കലായോ എന്ന് മുഖ്യമന്ത്രി. ബഹളത്തിനിടെ ഒരിടക്ക് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേർക്കുനേർ വരുന്ന അവസ്ഥയും ഉണ്ടായി.

മുഖ്യമന്ത്രി അവതരിപ്പിച്ച വിമാനത്താവള പ്രമേയത്തിന്റെ പൂർണരൂപം:

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേൽനോട്ടവും അദാനി എന്റർപ്രൈസസിനെ ഏൽപ്പിക്കുവാൻ 19.08.2020 ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുത്തിരിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളിൽ നിക്ഷിപ്തമാക്കണം എന്ന സംസ്ഥാന സർക്കാരിന്റെ ശക്തിയായ ആവശ്യം പരിഗണിക്കാതെയാണ് ഈ തീരുമാനം.ഇക്കാര്യത്തിൽ ബഹു. പ്രധാനമന്ത്രിയുടെയും ബഹു. വ്യോമയാനമന്ത്രിയുടെയും മുമ്പാകെ അതാത് അവസരങ്ങളിൽ സംസ്ഥാന സർക്കാർ കത്തുകൾ വഴിയും നേരിട്ടും സംസ്ഥാനത്തിന്റെ താൽപ്പര്യം ഉന്നയിച്ചിട്ടുണ്ട്. ബിഡ്ഡിൽ കൂടുതൽ തുക സ്വകാര്യ കമ്പനി ക്വാട്ട് ചെയ്ത സാഹചര്യം കണക്കിലെടുത്തുകൊണ്ട്, അതേ തുക ഓഫർ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഇതെല്ലാം പാടെ അവഗണിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.

2003 ൽ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സർക്കാരിന് നൽകിയ ഉറപ്പിൽ, സംസ്ഥാന സർക്കാർ വിമാനത്താവള വികസനത്തിനായി നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് നൽകാമെന്ന് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന അനുഭവപരിജ്ഞാനമുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള അനുഭവപരിജ്ഞാനമൊന്നുമില്ലാത്ത ഒരു സ്വകാര്യ സംരംഭകനെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും ഇപ്പോൾ ഏൽപ്പിച്ചിട്ടുള്ളത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുൻ തിരുവിതാംകൂർ സംസ്ഥാനം നൽകിയ റോയൽ ഫ്ളൈയിങ് ക്ലബ്ബിന്റെ വക 258.06 ഏക്കർ ഭൂമിയും വിമാനത്താവളത്തിന്റെ 636.57 ഏക്കർ വിസ്തൃതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനുശേഷം സംസ്ഥാന സർക്കാർ തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി 32.56 ഏക്കർ ഏറ്റെടുത്ത് നൽകിയിട്ടുണ്ട്. നിലവിൽ സംസ്ഥാന സർക്കാർ 250 കോടി രൂപ മതിപ്പ് വിലയുള്ള 18 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സൗജന്യമായി നൽകിയ ഭൂമിയുടെ വില സ്പെഷ്യൽ പർപ്പസ് വെഹിക്കിളിൽ (SPV) സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന നിലയിലാണ് ഇത് ഏറ്റെടുത്ത് നൽകിയിരുന്നത്.

ബിഡ്ഡിനുശേഷം കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനിടയിൽ എയർപോർട്ട് സ്വകാര്യവൽക്കരണത്തിനെതിരെ ബഹു: കേരള ഹൈക്കോടതിയിൽ റിട്ട് ഹർജിയും പൊതു താൽപര്യ ഹർജിയും ഫയൽ ചെയ്യപ്പെട്ടു.

ബഹു: ഹെക്കോടതി ഈ വിഷയം പരിശോധിച്ച് പുറപ്പെടുവിച്ച വിധിയിൽ, കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഉൾപ്പെട്ട വിഷയമായതിനാൽ ഈ ഹർജിയുടെ ഒറിജിനൽ ജൂറിസ്ഡിക്ഷൻ ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ബഹു: സുപ്രീംകോടതിക്കാണെന്ന് വിധി പ്രസ്താവിച്ചു.
ഈ വിധി പ്രസ്താവനയിൽ കേന്ദ്രസർക്കാർ എയർപോർട്ട് അഥോറിറ്റി നൽകിയ ശിപാർശകളിന്മേൽ തീരുമാനമെടുത്ത് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടില്ല എന്നും പരാമർശിച്ചിട്ടുണ്ടായിരുന്നു.

ഇതിനെതിരെ ബഹു. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾ അപ്പീൽ ഫയൽ ചെയ്തു.തുടർന്ന് ബഹു. സുപ്രീംകോടതി മേൽപ്പറഞ്ഞ ഹൈക്കോടതിവിധി റദ്ദാക്കുകയും ഹൈക്കോടതി റിട്ട് ഹർജ്ജി കേൾക്കണമെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു.
ബഹു. സുപ്രീംകോടതി വിധിക്ക് അനുസൃതമായി ബഹു: ഹൈക്കോടതിയിൽ കേസിൽ ഹിയറിങ് നടന്നുവരികയാണ്. ഇതിനിടയിലാണ് കേന്ദ്രമന്ത്രിസഭയുടെ 19.08.2020 ലെ തീരുമാനം വന്നിരിക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണ തീരുമാനം സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരത്തിന് അനുസൃതമല്ല എന്ന് 19.08.2020-ന് തന്നെ ബഹു. പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിരുന്നു. പൊതുമേഖലയിൽ നിലനിന്നപ്പോൾ വിമാനത്താവളത്തിന് നൽകിയ സഹായസഹകരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ശക്തമായ അഭിപ്രായത്തെ മറികടന്നുകൊണ്ട് സ്വകാര്യവൽക്കരിക്കപ്പെടുന്ന വിമാനത്താവളത്തിന് നൽകാൻ കഴിയില്ല എന്നും അറിയിച്ചിട്ടുണ്ട്.

ഇതിനെത്തുടർന്ന് ഓഗസ്റ്റ് 20, 2020 ന് എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി വിളിച്ചുചേർക്കുകയും ചെയ്തു. യോഗത്തിൽ ഉയർന്ന പൊതുവികാരം ബഹു. പ്രധാനമന്ത്രിയെ വീണ്ടും കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

അദാനി എന്റർപ്രൈസസ് നൽകാൻ തയ്യാറായ തുക സംസ്ഥാന സർക്കാർ നൽകാമെന്ന് സമ്മതിച്ചിട്ടും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം എടുത്തതിന് യാതൊരു നീതികരണവുമില്ല. സംസ്ഥാനത്തിന്റെ പൊതു താൽപ്പര്യവും, സംസ്ഥാന സർക്കാരിന്റെ യുക്തിസഹമായ അഭിപ്രായങ്ങളും, ബഹുഭൂരിപക്ഷം രാഷ്ട്രീയകക്ഷി നേതാക്കളുടെ അഭിപ്രായവും പരിഗണിച്ചുകൊണ്ട് ഓഗസ്റ്റ് 19, 2020 ലെ കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും, തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള SPVക്ക് നൽകണമെന്നും കേരള നിയമസഭ കേന്ദ്രസർക്കാരിനോട് ഐകകണ്ഠ്യേന അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP