Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ഥാനം ഒഴിയുമെന്ന നിലപാടിൽ സോണിയ ഗാന്ധി ഉറച്ചു നിന്നാൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി; രാഹുൽ വീണ്ടും അധ്യക്ഷനായി എത്തില്ലെന്ന് വാശി പിടിച്ചാൽ കോൺഗ്രസ് പാർട്ടി നാഥനില്ലാ കളരിയായി മാറും; രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക വരട്ടെ എന്ന അഭിപ്രായക്കാരും സജീവം; ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് മന്മോഹൻ സിങ്, എ.കെ.ആന്റണി, അമരീന്ദർ സിങ് തുടങ്ങിയവരുടെ പേരുകളും; 20 വർഷത്തിനിടെ കോൺഗ്രസിൽ ഉയർന്ന നേതൃമാറ്റ ചർച്ചയിൽ അടിമുടി പ്രതിസന്ധി

സ്ഥാനം ഒഴിയുമെന്ന നിലപാടിൽ സോണിയ ഗാന്ധി ഉറച്ചു നിന്നാൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി; രാഹുൽ വീണ്ടും അധ്യക്ഷനായി എത്തില്ലെന്ന് വാശി പിടിച്ചാൽ കോൺഗ്രസ് പാർട്ടി നാഥനില്ലാ കളരിയായി മാറും; രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക വരട്ടെ എന്ന അഭിപ്രായക്കാരും സജീവം; ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് മന്മോഹൻ സിങ്, എ.കെ.ആന്റണി, അമരീന്ദർ സിങ് തുടങ്ങിയവരുടെ പേരുകളും; 20 വർഷത്തിനിടെ കോൺഗ്രസിൽ ഉയർന്ന നേതൃമാറ്റ ചർച്ചയിൽ അടിമുടി പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 20 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പാർട്ടിക്കുള്ളിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. കോൺഗ്രസ് തീർത്തും നിർജ്ജീവമായ അവസ്ഥയിലാണ് ഇത്തരമൊരു ആവശ്യവുമായി നേതാക്കൾ കളത്തിലിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഇതോടെ കോൺഗ്രസിന്റെ താൽക്കാലിക അധ്യക്ഷ പദവിയിൽ നിന്നും ഒഴിയാൻ സോണിയ തയ്യാറായെന്ന വാർത്തകളും പുറത്തുവന്നു. ഇതോടെ നേതൃമാറ്റ പ്രതിസന്ധി കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കു്‌നത്. ഇന്നത്തെ പ്രവർത്തക സമിതി യോഗം വലിയ അലയൊലികളും ഉയർത്തുന്നുണ്ട്.

52 പേരോടും നിർബന്ധമായും വിഡിയോ കോൺഫറൻസിൽ പങ്കെടുക്കണമെന്നാണു നിർദ്ദേശം. 5 മുൻ മുഖ്യമന്ത്രിമാരും, ഒട്ടേറെ പ്രവർത്തക സമിതി അംഗങ്ങളും മുൻ കേന്ദ്രമന്ത്രിമാരും പിസിസി പ്രസിഡന്റുമാരും എംപിമാരും ഉൾപ്പെട്ട 23 നേതാക്കളുടെ കത്ത് രണ്ടാഴ്ച മുൻപാണു തയാറാക്കിയത്. നേതൃത്വം സജീവമല്ലാതായതോടെ യുവാക്കൾ നരേന്ദ്ര മോദിയെ തിരഞ്ഞെടുക്കുന്ന അവസ്ഥ വന്നുവെന്നും ഇതു പാർട്ടിക്കു വലിയ ക്ഷീണമായി എന്നും കത്തിൽ പറയുന്നതു രാഹുൽ ഗാന്ധിക്കു നേരെയുള്ള പരോക്ഷമായ വിരൽചൂണ്ടലാണെന്നു വ്യാഖ്യാനമുയർന്നിട്ടുണ്ട്. കത്തു പുറത്തു വന്നതോടെ ഗാന്ധി കുടുംബത്തിനു പിന്തുണ പ്രഖ്യാപിച്ചു നിരവധി നേതാക്കൾ രംഗത്തെത്തി.

സോണിയ ഗാന്ധി അധ്യക്ഷപദം രാജിവച്ചാലും പുതിയ സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാവില്ല. താൽക്കാലിക പ്രസിഡന്റിനെ നിശ്ചയിക്കാനേ പ്രവർത്തകസമിതിക്കു കഴിയൂ. അതിനെക്കാൾ നല്ലതു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ സോണിയ തന്നെ തുടരുന്നതാണ് എന്നാണ് ഇന്നലെ പുതിയ കത്തെഴുതിയ എംപിമാരുടെ നിലപാട്. കോൺഗ്രസ് ഭരണഘടന പ്രകാരം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതും സ്ഥാനമേൽക്കേണ്ടതും പ്ലീനറി സമ്മേളനത്തിലാണ്. പ്ലീനറിയിൽ എഐസിസി അംഗങ്ങൾക്കു പുറമേ പിസിസി അംഗങ്ങളും പ്രതിനിധികളാണ്. കോൺഗ്രസ് പ്രവർത്തക സമിതിക്കു തിരഞ്ഞെടുപ്പിനുള്ള സമയക്രമം നിശ്ചയിക്കാം.

തിരഞ്ഞെടുപ്പിന്റെ മേൽനോട്ടത്തിനായി 10 അംഗ സമിതിയെയും തീരുമാനിക്കണം. മറ്റു തിരഞ്ഞെടുപ്പുകളിൽ എന്നപോലെ പത്രിക നൽകാൻ സമയവും അതു പിൻവലിക്കാൻ 7 ദിവസ സമയവും നൽകണം. ഒരു സ്ഥാനാർത്ഥി മാത്രമേ ഉള്ളൂവെങ്കിലും പ്ലീനറിയിലാണ് പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുക. ബിജെപിയോടു പോരാടാൻ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നേതൃമാറ്റം വേണം എന്നാണ് 23 നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും യുപിഎ ഭരണ കാലത്തു സുപ്രധാന പദവികൾ വഹിച്ചിരുന്നവരാണ്.

പോയ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ നാണക്കേടിൽനിന്നും മധ്യപ്രദേശിലെയും കർണാടകയിലെയും അധികാരനഷ്ടത്തിന്റെ ഖേദങ്ങളിൽനിന്നും മുക്തി നേടുന്നതിനു മുൻപാണു സോണിയ ഗാന്ധി മൂന്നാമതും ഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെടുന്നത്. 1999ലും 2006ലും സോണിയ രാജിക്കു തയാറായെങ്കിലും പാർട്ടി ഒറ്റക്കെട്ടായി അവരുടെ നേതൃത്വത്തിൽ വിശ്വാസം പ്രഖ്യാപിക്കുകയായിരുന്നു. 1999 ൽ ശരദ് പവാറിന്റെ നേതൃത്വത്തിൽ 3 കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ സോണിയയുടെ വിദേശ പൗരത്വത്തെയും 2006ൽ മന്മോഹൻ സർക്കാരിൽ ദേശീയ ഉപദേശക സമിതിയുടെ കാബിനറ്റ് റാങ്ക് വഹിക്കാനുള്ള യോഗ്യതയെയും ചോദ്യം ചെയ്തു.

ഇപ്പോഴിതാ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്‌നിക്, പൃഥ്വിരാജ് ചൗഹാൻ, കപിൽ സിബൽ എന്നിവരുൾപ്പെടെ 23 സഹപ്രവർത്തകർ സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനെയും പാർട്ടിയെ ദുർബലപ്പെടുത്തുന്നതിനെയും ചോദ്യം ചെയ്തിരിക്കുന്നു. ഇതേസമയം, കോൺഗ്രസിന്റെ ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കേരളം ഉൾപ്പെടെയുള്ള പിസിസികൾ എന്നിവ വീണ്ടും സോണിയയിൽ വിശ്വാസമർപ്പിക്കുകയും പാർട്ടി നേതൃത്വത്തിൽ തുടരാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത പദവിയിലേക്കു തങ്ങളില്ലെന്ന് രാഹുലും പ്രിയങ്കയും തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു.

മുതിർന്ന നേതാക്കളായ മന്മോഹൻ സിങ്, എ.കെ.ആന്റണി, മോത്തിലാൽ വോറ, അമരീന്ദർ സിങ് തുടങ്ങിയവരുടെ പേരുകൾ സംഘടനാതിരഞ്ഞെടുപ്പുവരെ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്കു കേൾക്കുന്നുണ്ടെങ്കിലും സോണിയയെ അധികാരത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെപ്പേർ ഇവരിൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇന്നത്തെ യോഗത്തിന്റെ ആദ്യഭാഗത്ത് സോണിയ മാറിനിൽക്കുമെന്ന് എഐസിസി വൃത്തങ്ങൾ പ്രതീക്ഷിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് അവരുടെ അസാന്നിധ്യത്തിൽ ചർച്ച ചെയ്യാമെന്നു ചുരുക്കം.

പാർട്ടി ട്രഷറർ അഹമ്മദ് പട്ടേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള നേതാക്കളെല്ലാം ഏകകണ്ഠമായ ഒരു പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയാണ് ആരായുന്നത്. ഇതേസമയം, 23 നേതാക്കൾ ഒപ്പുവച്ച കത്തിനെ പൂർണമായും അവഗണിക്കണമെന്ന് നേതൃത്വത്തോട് ഏറ്റവും അടുപ്പമുള്ള വിശ്വസ്തർ ആവശ്യപ്പെടുന്നു. പാർട്ടിയെയും സർക്കാരിനെയും സോണിയ നയിച്ചപ്പോൾ നേട്ടമുണ്ടാക്കിയവരാണു കത്തിൽ ഒപ്പുവച്ചവരിൽ ഭൂരിഭാഗവും എന്നതിൽ രാഹുൽ ഗാന്ധിയോട് അടുപ്പമുള്ളവർ അസ്വസ്ഥരാണ്. യൂത്ത് കോൺഗ്രസിലും ദേശീയ വിദ്യാർത്ഥി യൂണിയനിലും ജനാധിപത്യപരമായി രാഹുൽ നടത്തിയ തിരഞ്ഞെടുപ്പിനെ കത്തിൽ വിമർശിക്കുന്നതും അവരിൽ നീരസമുണർത്തുന്നു.

കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്തരം വെല്ലുവിളികൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധി 1969ൽ സിൻഡിക്കറ്റിൽ നിന്നും 1975ൽ യുവതുർക്കികളിൽ നിന്നും 1978ൽ റെഡ്ഡി കോൺഗ്രസിൽനിന്നും. രാജീവ് ഗാന്ധിയാകട്ടെ, വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള കലാപത്തെ നേരിട്ടു. പക്ഷേ, എല്ലായ്‌പോഴും പാർട്ടിയിലെ ഭൂരിപക്ഷം ഗാന്ധിമാരോടൊപ്പം നിന്നു. സ്വയം വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചില്ലെങ്കിൽ ഇത്തവണയും ചരിത്രം ആവർത്തിച്ചേക്കാം.

അതേസമയം സോണിയ ഗാന്ധിയെയും രാഹുലിനെയും പിന്തുണച്ചു കൊണ്ട് നേതാക്കളും രംഗത്തുണ്ട്. കോൺഗ്രസിനു ശക്തിയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പിന്തുണ പ്രഖ്യാപിച്ചു. നേതൃമാറ്റവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവന നടത്തുന്നതു ശരിയല്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മോദി സർക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലപാടെടുക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയാണ്. രാഹുൽ നേതൃത്വം ഏറ്റെടുക്കുമെന്ന പ്രത്യാശയാണു കെപിസിസിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, സഞ്ജയ് നിരുപം തുടങ്ങിയവർ ഗാന്ധി കുടുംബത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കത്ത് രാഹുൽഗാന്ധിക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് സഞ്ജയ് നിരുപം ആരോപിച്ചു. രാഹുൽ കടുംപിടിത്തം അവസാനിപ്പിച്ചു നേതൃത്വം ഏറ്റെടുത്തു പാർട്ടിയെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ നേതൃത്വത്തിലേക്കു തിരിച്ചു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് മറ്റൊരു നേതാവ് ചല്ല വംശി ചന്ദ് റെഡ്ഡി പ്രവർത്തക സമിതി അംഗങ്ങൾക്കു കത്തയച്ചിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിനു പുറപ്പെടും മുൻപ് സമന്വയ സാധ്യതകൾ പരീക്ഷിക്കണമെന്ന് മുൻ മന്ത്രി സൽമാൻ ഖുർഷിദ് പറഞ്ഞു. രാഹുൽ നേതൃത്വത്തിലേക്കു തിരിച്ചു വരണമെന്നും ആവശ്യപ്പെട്ടു. നേതൃത്വ പ്രശ്‌നം ചർച്ച ചെയ്യേണ്ടതു പാർട്ടി ഫോറങ്ങളിലാണെന്നും മാധ്യമങ്ങളിൽ ചർച്ചയാക്കുന്നതു ശരിയായ രീതിയിലല്ലെന്നും കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP