Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ ഉടമസ്ഥതയിലുള്ള ഓൺലൈൻ ടാക്‌സി സർവീസ് വരുന്നു; കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ചേർന്ന് ആരംഭിക്കുന്ന 'സവാരി' ഓൺലൈൻ ടാക്‌സി സർവീസുകൾ ഓണത്തിന് ശേഷം നിരത്തിലിറങ്ങും

സർക്കാർ ഉടമസ്ഥതയിലുള്ള ഓൺലൈൻ ടാക്‌സി സർവീസ് വരുന്നു; കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ചേർന്ന് ആരംഭിക്കുന്ന 'സവാരി' ഓൺലൈൻ ടാക്‌സി സർവീസുകൾ ഓണത്തിന് ശേഷം നിരത്തിലിറങ്ങും

സ്വന്തം ലേഖകൻ

തൃശ്ശൂർ: സർക്കാർ പങ്കാളിത്തത്തോടെ കേരളത്തിൽ ഓൺലൈൻ ടാക്‌സി സർവീസ് വരുന്നു. 'സവാരി' എന്നാണ് പേര്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐ.ടി.ഐ.) ചേർന്നുള്ള സംരംഭത്തിന്റെ അന്തിമരൂപരേഖയായി. ഓണത്തിന് ശേഷം 'സവാരി'യുടെ കീഴിൽ ടാക്‌സികൾ നിരത്തിലിറങ്ങും. സർക്കാരിനുകൂടി പങ്കാളിത്തമുള്ള ഓൺലൈൻ ടാക്‌സി സേവനം രാജ്യത്ത് ആദ്യമാണ്.

കളമശ്ശേരിയിലെ വി എസ്.ടി. എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് സവാരിക്കായി സോഫ്റ്റ്‌വേർ തയ്യാറാക്കുന്നത്. ഓൺലൈൻ സേവനത്തിന് ട്രാക്കിങ് ഉപകരണം ഐ.ടി.ഐ. നിർമ്മിച്ചുനൽകും. വിപണിയിൽ 11,000 രൂപ വില വരുന്ന ഉപകരണം 5500 രൂപയ്ക്കാണ് നൽകുക. ധനകാര്യം, ഐ.ടി., പൊലീസ് എന്നീ വകുപ്പുകളുടെ അംഗീകാരം കിട്ടിയ പദ്ധതി തൊഴിൽവകുപ്പുമായുള്ള കരാറിനുശേഷമാണ് നിലവിൽ വരുക. മാർച്ചിൽ കരാർ ഒപ്പിടാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോയി. ഓണത്തിനുശേഷം നടപ്പാക്കാനുള്ള തീരുമാനത്തിലാണ് ക്ഷേമനിധി ബോർഡ്.

ക്ഷേമനിധി ബോർഡ് അംഗങ്ങളായ 10 ലക്ഷത്തോളം ടാക്‌സി കാർ, ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി. സവാരിയിലൂടെ സ്വകാര്യ ഓൺലൈൻ ടാക്‌സി വന്നതിനെത്തുടർന്നുള്ള തൊഴിൽനഷ്ടം നികത്താനാകുമെന്നാണ് പ്രതീക്ഷ. മോട്ടോർ വാഹന തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പദ്ധതി. പ്രാഥമികഘട്ടത്തിൽ 10 കോടി രൂപ ചെലവാക്കുന്നത് ഐ.ടി.ഐ. ആണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ല മുഴുവൻ നടപ്പാക്കും. പിന്നീട് വലുതും ചെറുതുമായ പട്ടണങ്ങളിൽ. താമസിയാതെ എല്ലാ ജില്ലകളും 'സവാരി'യുടെ പരിധിയിൽ വരുമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ എം.എസ്. സ്‌കറിയ പറഞ്ഞു.

പദ്ധതിയിൽ ചേരാൻ 200 രൂപയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ഉണ്ടാവും. കോൾ സെന്റർ സജ്ജീകരിക്കുന്നതും ഉപകരണത്തിന്റെ ഇൻസ്റ്റലേഷൻ അടക്കമുള്ള ജോലികളും ഐ.ടി.ഐ. നിർവഹിക്കും.

'സവാരി'യുടെ മെച്ചങ്ങൾ

* 24 മണിക്കൂർ സേവനം സംസ്ഥാനത്തിന്റെ ഏതുകോണിലും

* പദ്ധതിയിൽ ഉൾപ്പെടുന്ന വാഹനങ്ങൾക്ക് ഇന്ധന സബ്സിഡി പരിഗണനയിൽ

* വർക്ക് ഷോപ്പുകൾ, സ്‌പെയർപാർട്സ് കടകൾ എന്നിവയിൽ ആനുകൂല്യങ്ങൾ

* ട്രാക്കിങ് ഉപകരണത്തിൽ വരുന്ന പരസ്യങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ 60 ശതമാനം തൊഴിലാളികൾക്ക്.

* യാത്രക്കാരനും ഡ്രൈവർക്കും പരാതിപ്പെടാനുള്ള സംവിധാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP