Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൃദ്ധ ദമ്പതികളെ തേടിപ്പിടിച്ച് കൊല്ലുന്ന ഒരു സൈക്കോപാത്ത് മാഞ്ചെസ്റ്റർ പരിസര പ്രദേശത്ത് കറങ്ങുന്നുണ്ടോ? അഞ്ച് ദമ്പതികളുടെ മരണം സമാനമായതിന്റെ പൊരുൾ തേടി പൊലീസ്

വൃദ്ധ ദമ്പതികളെ തേടിപ്പിടിച്ച് കൊല്ലുന്ന ഒരു സൈക്കോപാത്ത് മാഞ്ചെസ്റ്റർ പരിസര പ്രദേശത്ത് കറങ്ങുന്നുണ്ടോ? അഞ്ച് ദമ്പതികളുടെ മരണം സമാനമായതിന്റെ പൊരുൾ തേടി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മാഞ്ചെസ്റ്റർ: അഞ്ച് വൃദ്ധരായ ദമ്പതികൾ സമാനമായ രീതിയിൽ കൊല്ലപ്പെട്ടതിന്റെ പുറകിൽ ഒരു സീരിയൽ കില്ലർ ആണെന്ന് സംശയിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നു. 1996 നും 2011 നും ഇടയിൽ ചെഷയർ, മാഞ്ചെസ്റ്റർ, കംബ്രിയ എന്നിവിടങ്ങളിൽ നടന്ന അഞ്ച് ഇരട്ടമരണങ്ങൾ തമ്മിൽ അദ്ഭുതകരമായ സമാനതകളുണ്ടെന്ന് ഒരു മുതിർന്ന കൊറോണർ അവകാശപ്പെടുന്നു. ഈ അഞ്ച് കേസുകളിലും ഭർത്താവ് സമനില തെറ്റി ഭാര്യയെ തലയ്ക്ക് അടിക്കുകയും പിന്നീട് കുത്തിക്കൊല്ലുകയുമായിരുന്നു. പിന്നീട് ഭർത്താവ് ആത്മഹത്യ ചെയ്തു. കൊലപാതകവും അതിന് ശേഷമുള്ള ആത്മഹത്യയുമായാണ് ഈ കേസുകൾ എല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്.

ചെഷയർ പൊലീസിനൊപ്പമുള്ള കൊറോണർ ആയ സ്റ്റെപാനി ഡേവിസ് പറയുന്നത് ഇതിൽ ചുരുങ്ങിയത് രണ്ട് കേസുകളെങ്കിലും അസാധാരണമാം വിധം സമാനതകൾ ഉള്ളതാണ് എന്നാണ്. അതുകൊണ്ടുതന്നെ ഒരു സീരിയൽ കൊലപാതകമാകാം എന്നും അവർ പറയുന്നു. ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ടെന്നും 179 പേജ് വരുന്ന അന്വേഷണ റിപ്പോർട്ട് വിശദമായി പഠിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മരണമടഞ്ഞ ദമ്പതികളുടെ ബന്ധുക്കൾ ഈ റിപ്പോർട്ടിനെ തള്ളിക്കളഞ്ഞു. മാനസിക പ്രശ്നങ്ങൾ തന്നെയാണ് കൊലപാതകത്തിനും അതിന് പുറകേയുള്ള ആത്മഹത്യക്കും കാരണമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.

2008 നവംബറിൽ മാഞ്ചസ്റ്ററിലെ വീടിൽ മരിച്ച നിലയിൽ കണ്ടപ്പെട്ട എയ്ലീൻ-കെൻ മാർട്ടിൻ ദമ്പതിമാരുടെ ബന്ധു പറയുന്നത് മാർട്ടിൻ, മറവിരോഗത്താൽ വർഷങ്ങളായി കഷ്ടപ്പെടുന്ന തന്റെ ഭാര്യയെ കൊന്നത് തന്നെയാണെന്നാണ്. അതിന് ശേഷം അയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഭാര്യയുടെ രോഗം കാരണം വളരെയധികം മാനസിക സംഘർഷം അനുഭവിക്കുന്ന വ്യക്തിയായിരുന്നു അയാൾ.

അതുപോലെ, ചെഷയറിലെ ഹോവാർഡ് എയ്ൻസ്വർത്തും ഭാര്യ ബിയാട്രീസും അയൽക്കാർക്കൊക്കെ ആദർശ ദമ്പതികളായിരുന്നു. 1996 ഏപ്രിൽ 28 നായിരുന്നു അവർ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ നിശാവസ്ത്രമണിഞ്ഞ് മരിച്ചുകിടന്ന ബിയാട്രിസിന്റെ നെറ്റിയിൽ ഒരു കത്തി കുത്തിയിറക്കിയിട്ടുണ്ടായിരുന്നു. കൂടാതെ, ചുറ്റിക കൊണ്ട് ധാരാളം അടിയേറ്റിട്ടെന്നപോലെ തലയുടെ പല ഭാഗങ്ങളിലും പരിക്കുകളും ഉണ്ടായിരുന്നു.

തൊട്ടടുത്തായി മരിച്ചുകിടന്ന ഹോവാർഡിന്റെ മുഖം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിരുന്നു. അടുത്തുനിന്നും കിട്ടിയ ഒരു ആത്മഹത്യാ കുറിച്ച്, ഹോവാർഡ് ഭാര്യതെ വധിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന അനുമാനത്തിൽ പൊലീസിനെ എത്തിച്ചു. മാത്രമല്ല, ഏകദേശം ആറ് മാസങ്ങൾക്ക് മുൻപ് അവർ മരിക്കാൻ തയ്യാറായവർ എന്നൊരു സാമൂഹിക കൂട്ടായ്മയി അംഗത്വമെടുക്കുകയും ചെയ്തിരുന്നു. ഇവിടെ, ബിയാട്രീസ് രോഗത്താൽ വലയുന്ന ഒരു സ്ത്രീയായിരുന്നു എന്നതും ഈ അനുമാനത്തിന് ബലമേകി.

രണ്ട് പതിറ്റാണ്ടുകൾക്കിപൂറം ഈ മരണങ്ങളിൽ സംശയം ഉയരുകയാണ്. ഇതിന് സമാനമായ വേറെ നാല് ഇരട്ടമരണങ്ങളിലും സംശയം ഉയർന്നു വരുന്നു. ഈ നാല് കേസുകളിലും ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ വളരെയധികം സ്നേഹത്തോടെ കഴിഞ്ഞവരായിരുന്നു. ഒരു ദിവസം, പെട്ടെന്ന് ഭർത്താവ് മാനസിക നില തെറ്റിയവനെ പോലെ ഭാര്യയെ വധിക്കുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ആയിരുന്നു.

ഹോവാർഡ് എയ്ൻസ്വർത്തിന്റെയും ബിയാട്രീസിന്റെയും മരണത്തിൽ നിന്നാണ് സംശയങ്ങളും തുടങ്ങുന്നത്. അവരുടെ മൃതദേഹങ്ങൾക്കരികിൽ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിലെ അവസാന വരികൾ ''ഞങ്ങൾ ജീവിച്ചത് ഒരു നല്ല ജീവിതമായിരുന്നു'' എന്നായിരുന്നു. ഇത് ഹോവാർഡിന് ബിയാട്രീസിനോടുള്ള സ്നേഹത്തെ കാണിക്കുന്നു. എന്നാൽ, മരിച്ചു കിടക്കുന്ന ബിയാട്രീസിന്റെ വസ്ത്രത്തിന്റെ അടിഭാഗം അരയ്ക്ക് മുകളിലായി കയറ്റിവച്ചിരുന്നു. തീർത്തും നിസ്സഹായാവസ്ഥയിൽ, മറ്റൊരു വഴിയുമില്ലെന്ന് കണ്ട് സ്നേഹിക്കുന്ന ഭാര്യയെ കൊല്ലേണ്ടി വരുന്ന ഒരു ഭർത്താവ് ഒരിക്കലും ഭാര്യയെ ഇതുപോലെ അർദ്ധനഗ്‌നയാക്കി അപമാനിക്കെല്ലെന്നാണ് ഇതുകൊലപാതകമാണെന്ന് വാദിക്കുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

ബിയാട്രീസ് വയറുവേദനയാൽ കഷ്ടപ്പെടുകയായിരുന്നു എന്ന് പറയുമ്പോഴും, ദീർഘനാളത്തേക്ക് ആവശ്യമായ മരുന്നുകൾ ഒന്നും തന്നെ അവർ കഴിച്ചിരുന്നില്ല. അതുപോലെ ഹോവാർഡും ആരോഗ്യമുള്ളയാൾ തന്നെയായിരുന്നു. ചില വേദനാ സംഹാരികളുടെ കുപ്പി മുറിയിൽ ഉണ്ടായിരുന്നെങ്കിലും ഇവർ മരുന്നുകൾ ഒന്നും കഴിച്ചിരുന്നില്ല എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറഞ്ഞിട്ടുള്ളത്.

ഏകദേശം മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ, ഇവിടെ നിന്നും ഏറെ അകലെയല്ലാതുള്ള ഒരു വീട്ടിൽ ഡൊണാൾഡ്, ഓറീൽ എന്നീ വൃദ്ധ ദമ്പതികളെ സമാനമായ രീതിയിൽ മരണപ്പെട്ടതായി കണ്ടു. ഇവിടെയും ഭാര്യയുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ച പരിക്കുകൾ ഉണ്ടായിരുന്നു. മാത്രമല്ല, ബിയാട്രീസിനെ ശ്വാസം മുട്ടിച്ചതുപോലെ തലയണകൊണ്ട് അമർത്തിയിട്ടുമുണ്ടായിരുന്നു. 73 കാരനായ ഭർത്താവിന്റെ കഴുത്ത് കത്തികൊണ്ട് മുറിച്ച രീതിയിലായിരുന്നു. 45 വർഷമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതികളായിരുന്നു ഇവർ.

അന്ന് കൊറോണർ ആയിരുന്ന ഹസ്റ്റ്, ഈ രണ്ട് സ്ത്രീകളുടെ തലയിൽ ഏറ്റിരുന്ന പരിക്കുകളിലെ സമാനത കുറിച്ചുവച്ചിട്ടുണ്ട്. അവർ വിരമിച്ചപ്പോൾ ഈ ഫയൽ തന്റെ പിൻഗാമിയായി ചുമതലയേറ്റ ഡേവീസിന് നൽകുകയായിരുന്നു. ഡേവീസ് ഈ ഫയലുകൾ വീണ്ടും പരിശോധിക്കുകയും പുതിയ സംശയങ്ങൾ ഉയർത്തുകയുമായിരുന്നു.

76 കാരിയായ മുൻ പൊലീസ് ഉദ്യോഗസ്ഥ വയല്റ്റും ഭർത്താവ് മൈക്കിളും സമാനമായ രീതിയിൽ മരണമടഞ്ഞു.അതുപോലെത്തന്നെയായിരുന്നു സ്റ്റാൻലി പെഗ്ഗി ദമ്പതികളുടേ കാര്യവും. ഈ മരണങ്ങളിലെ സമാനതകളാണ് ഇപ്പോൾ ഇതിന് പുതിയ ഒരു തലം നൽകിയിരിക്കുന്നത്. ഏതായാലും പൊലീസ് ഈ പുതിയ കണ്ടെത്തലുകൾ ഗൗരവമായി എടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP