Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ രാജ്യവുമായി അഞ്ച് ലക്ഷത്തിനു മുകളിൽ ഇടപാട് നടന്നാൽ അത് എഫ്‌സിആർഎ ചട്ടങ്ങളുടെ ഗുരുതര ലംഘനം; യുഎഇ കോൺസുലേറ്റ് വഴി സ്വപ്‌ന സുരേഷ് കേരളത്തിൽ എത്തിച്ചത് 90 ലക്ഷം രൂപയുടെ 18 ടൺ ഈന്തപ്പഴം; ഈന്തപ്പഴ വിതരണ ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനൊപ്പം കുരുക്കിൽ; വിദേശസഹായം വഴി സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയതും മതഗ്രന്ഥം ഇറക്കുമതി ചെയ്തതും നഗ്നമായ ചട്ട ലംഘനങ്ങൾ തന്നെ; ജലീലിനു കുരുക്കായത് അഡ്വ. കോശി ജേക്കബിന്റെ പരാതി

വിദേശ രാജ്യവുമായി അഞ്ച് ലക്ഷത്തിനു മുകളിൽ ഇടപാട് നടന്നാൽ അത് എഫ്‌സിആർഎ ചട്ടങ്ങളുടെ ഗുരുതര ലംഘനം; യുഎഇ കോൺസുലേറ്റ് വഴി സ്വപ്‌ന സുരേഷ് കേരളത്തിൽ എത്തിച്ചത് 90 ലക്ഷം രൂപയുടെ 18 ടൺ ഈന്തപ്പഴം; ഈന്തപ്പഴ വിതരണ ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനൊപ്പം കുരുക്കിൽ; വിദേശസഹായം വഴി സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയതും മതഗ്രന്ഥം ഇറക്കുമതി ചെയ്തതും നഗ്നമായ ചട്ട ലംഘനങ്ങൾ തന്നെ; ജലീലിനു കുരുക്കായത് അഡ്വ. കോശി ജേക്കബിന്റെ പരാതി

എം മനോജ് കുമാർ

തിരുവനന്തപുരം: കെ.ടി.ജലീലിനെതിരെ അന്വേഷണം നടത്താൻ കേന്ദ്രം തീരുമാനിച്ചപ്പോൾ അതിനു ആധാരമാക്കിയത് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കോശി ജേക്കബ് നൽകിയ പരാതി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും ഫോറിൻ കോൺട്രിബ്യുഷൻ റെഗുലേറ്ററി ആക്റ്റ് ലംഘിച്ചുവെന്ന പരാതിയാണ് സുപ്രീം കോടതി അഭിഭാഷകന്റെ പരാതിയാണ് കേന്ദ്രം ഗൗരവമായി എടുത്തത്. ഒരു വിദേശ രാജ്യവുമായി ഇടപെടുമ്പോൾ സംസ്ഥാനം എന്ന നിലയിൽ കേരളം അധികാര പരിധി ലംഘിച്ചു എന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്, അതിഗുരുതരമായ ലംഘനമാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും മന്ത്രി എന്ന നിലയിൽ കെ.ടി.ജലീലും നടത്തിയിട്ടുള്ളത്.

ഒരു വിദേശ രാജ്യവുമായി നേരിട്ട് ഇടപെടാൻ കേരളത്തിനു കഴിയില്ല. വിദേശകാര്യാമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് രണ്ടു ഇടപെടലുകളും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും മന്ത്രി എന്ന നിലയിൽ കെ.ടി.ജലീലും നടത്തിയിട്ടുള്ളത്. ഇതിനെതിരേ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ മന്ത്രി ജലീലിനു എതിരായ പരാതിക്ക് മുഖ്യ പരിഗണന കൊടുത്തു. എഫ്‌സിആർഎ ലംഘനത്തിന്റെ കാര്യത്തിൽ പരാതി വന്നാൽ അത് അവഗണിച്ചു മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാരിനു കഴിയില്ല. യുഎഇ കോൺസുലെറ്റിന്റെ സഹായം സ്വീകരിച്ച് സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തി എന്ന് ന്ന് മന്ത്രി ജലീൽ സമ്മതിച്ച പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. മന്ത്രി എന്ന നിലയിൽ ഗുരുതരമായ ചട്ടലംഘനമാണ് ജലീൽ നടത്തിയത്.

മന്ത്രി ജലീലിനെതിരെ വിദേശനാണ്യചട്ടം ലംഘിച്ചതിനാണ് അന്വേഷണം നടത്തുക. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് നടപടി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് അന്വേഷണം നടത്തുക. കൂടാതെ യുഎഇ കോൺസുലേറ്റിൽ നിന്നും ഖുർ ആൻ കൊണ്ടു വന്നതിനെപ്പറ്റിയും അന്വേഷിക്കും. ഇക്കാര്യത്തിൽ എൻഐഎയും അന്വേഷണവും വരും. അന്വേഷണം സംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച പുറത്തിറങ്ങും. കോശി ജെക്കബിന്റെ പരാതിയിൽ കേന്ദ്രം അന്വേഷണം നടത്തുന്ന കാര്യം ഈ മാസം ആദ്യവാരം തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രി ജലീലിന്റെയും ചട്ടലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് നേരിട്ടാണ് കോശി ജേക്കബ് പരാതി നൽകിയത്. കേരളത്തിനെ പോലുള്ള രീതികളല്ല കേന്ദ്രത്തിൽ ഉള്ളത്. ചട്ടലംഘനം ചൂണ്ടിക്കാട്ടി പരാതി നൽകിയാൽ അത് സംബന്ധിച്ച് ഉടനടി നടപടി സ്വീകരിക്കുന്നതാണ് കേന്ദ്രത്തിന്റെ കീഴ്‌വഴക്കം. ഇതനുസരിച്ചുള്ള നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും വന്നത്. മന്ത്രി ജലീൽ നടത്തിയ എഫ്‌സിആർഎ ചട്ടലംഘനത്തിലാണ് കേന്ദ്രം ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത്. സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയതും മതഗ്രന്ഥമായ ഖുറാൻ യുഎഇയിൽ നിന്നും എത്തിച്ചു എന്ന് തുറന്നു സമ്മതിച്ചതുമാണ് ഖലീലിനു വിനയായത്. മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്യാൻ ആർക്കും അനുമതിയില്ല.

കോൺസുലേറ്റ് വഴിയിലൂടെ മന്ത്രി തന്നെ അത് എത്തിച്ചതോടെ ഗുരുതരമായ ചട്ടലംഘനം മന്ത്രിയുടെ ഭാഗത്ത് നിന്നും വരുകയും ചെയ്തു. ഈന്തപ്പഴത്തിൽ 90 ലക്ഷം രൂപയുടെ ഇടപാടാണ് നടന്നത്. ഒരു കിലോ നല്ല ഈന്തപ്പഴത്തിനു മിനിമം അഞ്ഞൂറ് രൂപ കണക്കാക്കിയാൽ തന്നെ ഇത് തന്നെ അഞ്ചു ലക്ഷം രൂപയുടെ ഈന്തപ്പഴമായി. യുഎഇ കോൺസുലേറ്റ് വഴി എത്തിയത് 18 ടൺ ഈന്തപ്പഴമാണ്. ഇത് തന്നെ 90 ലക്ഷം രൂപയുടെ ഇടപാടായി. അഞ്ച് ലക്ഷത്തിനു മുകളിൽ ഇടപാട് നടന്നാൽ അത് എഫ്‌സിആർഎ ചട്ടലംഘനമായി. 18 ടൺ ഈന്തപ്പഴം വന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇതിന്റെ വിതരണ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുത്തത്. ജലീലിനു പുറമേ മുഖ്യമന്ത്രിക്കും ഇത് കുരുക്കായി മാറുകയാണ്.

പരാതി നൽകിയപ്പോൾ തന്നെ ഇതിന്റെ തുടർ നടപടികൾ കോശി ജേക്കബിനെ കേന്ദ്ര വിദേശകാര്യാ മന്ത്രാലയം അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വിപുൽ ഐഎഫ്എസ് (ഗൾഫ് റീജിയൺ) ആണ് അന്വേഷണം നടത്തുന്നത് എന്നാണ് കോശി ജേക്കബിനെ അറിയിച്ചത്. കെന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതോടെ ജലീൽ രാജിയുടെ വക്കത്തായി. ജലീൽ എപ്പോൾ വെണമെങ്കിലും രാജി വയ്ക്കാം എന്നതാണ് നിലവിലെ അവസ്ഥ. നിലവിലെ സാഹചര്യത്തിൽ ജലീലിനുവേണ്ടി പ്രതിരോധിക്കാൻ സിപിഎമ്മും സിപിഐയും തയ്യാറല്ല. അടുത്ത തിരഞ്ഞെടുപ്പിൽ ഭരണത്തിലേക്കുള്ള തിരിച്ചു വരവ് മങ്ങിയതോടെ ജലീലിനെ സംരക്ഷിക്കേണ്ടതില്ലെന്ന തീരുമാനം ഭരണതലത്തിലും പാർട്ടി തലത്തിലും വന്നിട്ടുണ്ട്.

ശക്തിദുർഗമായി ജലീലിനു പിന്നിൽ നിലയുറപ്പിക്കാറുള്ള മുഖ്യമന്ത്രി പിണറായി വിജയനും പിന്നോട്ടാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയമായി നിൽക്കുകയാണ്. പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ കൂടുതൽ കുരുക്കിലാക്കുന്നതായിരുന്നു ജലീലിന്റെ കോൺസുലേറ്റ് ബന്ധം. ബന്ധുനിയമനം, വിവാദ മോഡറേഷൻ തുടങ്ങി നിരന്തരമായ വിവാദങ്ങളിലൂടെ പ്രതിച്ഛായ തകർന്ന ജലീലിനെ ന് ഇനി അധികം ചുമക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. ഇതെല്ലാം തന്നെ ജലീലിന്റെ രാജി ആസന്നമാക്കുകയാണ്. ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി ക്വാറന്റൈനിലാണ് ഇപ്പോൾ.

അതേസമയം കേന്ദ്ര നടപടികൾക്ക് വിശദീകരണമായി ജലീൽ രംഗത്ത് വന്നിട്ടുണ്ട്. തനിക്കെതിരായ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായാണ് മന്ത്രി വ്യക്തമാക്കിയത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടിവന്നാലും മാപ്പ് എഴുതികൊടുത്ത് തടിയൂരുന്ന പ്രശ്നമില്ലെന്നും ജലീൽ പറഞ്ഞു. ഇതിന്റെ പേരിൽ ഒരു കുറിപ്പും മന്ത്രി പുറത്തിറക്കിയിട്ടുണ്ട്.

കെ.ടി.ജലീലിന്റെ കുറിപ്പ് (പൂർണരൂപം)

എല്ലാ വർഷങ്ങളിലും യുഎഇ എംബസികളും കോൺസുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്തു വരാറുള്ള ഉപചാരങ്ങൾ കോവിഡ് പശ്ചാതലത്തിൽ ഈ വർഷം സമയത്ത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുള്ള യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ സൗഹൃദപൂർണ്ണമായ അന്വേഷണത്തെ തുടർന്ന് ഒരു മതാചാര നിർവഹണത്തിന് സഹായിച്ചത്. ഇതാണ് രാഷ്ട്രീയ എതിരാളികൾ എനിക്കുമേൽ ചാർത്തിയിരിക്കുന്ന മഹാപരാധം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് കൺവീനർ ശ്രീ.ബെന്നി ബഹനൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കോൺഗ്രസ് നേതാവ് പി.ടി.തോമസ് എംഎൽഎ ഗവർണർക്ക് പരാതിയും നൽകിയിരുന്നു. ഇതിനുപുറമെ ബിജെപി യൂത്ത് കോൺഗ്രസ് നേതാക്കൾ കേന്ദ്ര സർക്കാറിന് അന്വേഷണമാവശ്യപ്പെട്ട് മെമോറാണ്ടങ്ങളും സമർപ്പിച്ചിരുന്നു. ഇവയുടെയെല്ലാം വെളിച്ചത്തിലാണത്രെ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നടക്കാൻ പോകുന്നത്.

കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏതന്വേഷണങ്ങളായാലും സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ഒരു തെറ്റും എന്റെ ഭാഗത്ത് സംഭവിച്ചതായി ഞാൻ കരുതുന്നില്ല. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വർത്തമാന ഇന്ത്യയിൽ പാടില്ലെങ്കിൽ അക്കാര്യം കേന്ദ്രസർക്കാർ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്. കോൺസുലേറ്റ്, മസ്ജിദുകൾ നൽകാൻ പറഞ്ഞ വിശുദ്ധ ഖുർആൻ കോപ്പികൾ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ ഇരിപ്പുണ്ട്. യുഎഇ കാലങ്ങളായി ആവശ്യക്കാർക്ക് സാംസ്‌കാരികാചാരത്തിന്റെ ഭാഗമായി നൽകി വരാറുള്ള വേദഗ്രന്ഥങ്ങൾ, ഇവിടെ കൊടുക്കാൻ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കിൽ, വേദനയോടെയാണെങ്കിലും കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുർആൻ കോപ്പികളും കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കും. ഇക്കാര്യം ഞാൻ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.

ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടി വന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്ന പ്രശ്നമേയില്ല. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും. കാലം സാക്ഷി, അന്തിമ വിജയം സത്യത്തിനു തന്നെയാകും-കുറിപ്പിൽ മന്ത്രി വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP