Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരു പാർട്ടിയാകണം; ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാൻ ഇന്ത്യയിലെ മുസ്ലിംകൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഏറ്റവും നല്ല മാർഗം കേരളമാണ്; കേരളത്തിൽ ബിജെപിക്ക് സ്വാധീനം കുറവാണ്; മൂന്ന് പ്രധാന മതങ്ങൾക്കും ഒരുപോലെ സ്വാധീനമുള്ള സ്ഥലമാണ് കേരളം; ബോംബെയും ഹൈദരാബാദും വർഗീയത കുറവുള്ള സ്ഥലങ്ങൾ, ഉത്തർപ്രദേശിൽ വർഗീയത കൂടുതലാണ്; മലേഷ്യയിൽ കഴിയുന്ന സാക്കിർ നായിക്ക് മുസ്ലിം വോട്ടുകൾ ഏകോപിപ്പിക്കാൻ തന്ത്രവുമായി രംഗത്ത്

ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരു പാർട്ടിയാകണം; ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാൻ ഇന്ത്യയിലെ മുസ്ലിംകൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഏറ്റവും നല്ല മാർഗം കേരളമാണ്; കേരളത്തിൽ ബിജെപിക്ക് സ്വാധീനം കുറവാണ്; മൂന്ന് പ്രധാന മതങ്ങൾക്കും ഒരുപോലെ സ്വാധീനമുള്ള സ്ഥലമാണ് കേരളം; ബോംബെയും ഹൈദരാബാദും വർഗീയത കുറവുള്ള സ്ഥലങ്ങൾ, ഉത്തർപ്രദേശിൽ വർഗീയത കൂടുതലാണ്; മലേഷ്യയിൽ കഴിയുന്ന സാക്കിർ നായിക്ക് മുസ്ലിം വോട്ടുകൾ ഏകോപിപ്പിക്കാൻ തന്ത്രവുമായി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മതവിഷം ചീറ്റുന്ന പ്രഭാഷണങ്ങളുമായി വിവാദത്തിൽ ചാടി ഇന്ത്യയിൽ നിന്നും നാടുവിടേണ്ടി വന്ന പ്രഭാഷകനാണ് സാക്കിർ നായിക്. മലേഷ്യയിൽ അഭയാർത്ഥിയായി കഴിയുന്ന സാക്കിർ നായിക്ക് സോഷ്യൽ മീഡിയ വഴിയും തന്റെ വിവാദ പ്രസംഗങ്ങൾ തുടരുകയാണ്. ഇന്ത്യയിൽ മുസ്ലിംങ്ങളെ അടിച്ചമർത്തുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും അതുകൊണ്ട് ഇതിനെ ചെറുക്കാൻ മുസ്ലിംങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം എന്നുമാണ് സാക്കിർ നായിക് അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് സാകിർ നായിക് ഇക്കാര്യം പറഞ്ഞത്. ബിജെപി അത്ര ശക്തമല്ലാത്ത കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മുസ്ലീങ്ങൾ തയ്യാറാകണം എന്നുമാണ് സാക്കിർ മുന്നോട്ടു വെക്കുന്ന കാര്യം.

'കഴിഞ്ഞ അഞ്ചാറ് വർഷമായി ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ ധാരാളം ആക്രമണങ്ങൾ നടക്കുന്നുണ്ട്. നിരവധി കൊലപാതകങ്ങളും ആക്രമണങ്ങളും നടക്കുന്നുണ്ട്' സാക്കിർ നായിക് വീഡിയോയിൽ പറഞ്ഞു. നിലവിലെ സർക്കാരിനു കീഴിൽ ധാരാളം അടിച്ചമർത്തലുകളും പീഡനങ്ങളും മുസ്ലിം വിഭാഗം നേരിടുന്നതായും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് സാക്കിർ നായിക ഇക്കാര്യങ്ങൾ പറഞ്ഞത്. സാക്കിർ നായികിന്റെ പ്രസ്താവനയിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് പറയുന്നത്. മുസ്ലിംകൾ മൊത്തത്തിലും വ്യക്തികളായും ഇസ്ലാമിലെ വിവിധ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കപ്പെട്ടിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളിലും സാമൂഹിക സംഘടനകളിലുമായാണ് ഇവർ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ മുസ്ലിം ഗ്രൂപ്പുകൾ പരസ്പരം പോരടിക്കുകയും പരസ്പരം വിമർശിക്കുകയും ചെയ്യുന്നു. ഇന്ത്യൻ മുസ്ലിങ്ങൾ ഒന്നിച്ച് ഐക്യപ്പെടണമെന്ന് നായിക് ആഹ്വാനം ചെയ്തു.

മുസ്ലിം വോട്ടുകൾ വിഭജിക്കുന്നതിനെ പരാമർശിച്ച് സാക്കിർ നായിക്, താൻ മുമ്പ് ഉന്നയിച്ച മുസ്ലിം ജനതയെക്കുറിച്ച് വിവാദപരമായ ഒരു വാദം ആവർത്തിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 20 കോടി ആയിരിക്കും, ''എന്നാൽ യഥാർത്ഥത്തിൽ ഇത് 25 മുതൽ 30 കോടി വരെ ആയിരിക്കാം'' സാകിർ നായിക് പറഞ്ഞു, ''ഇന്ത്യയിലെ മുസ്ലീങ്ങളെ സർക്കാർ അടിച്ചമർത്തുന്നു''. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്ന് നായിക് പറഞ്ഞു.

'ഇന്ത്യയിലെ മുസ്ലീങ്ങൾ പ്രത്യേകമായി, മറ്റൊരു പാർട്ടി ഉണ്ടാക്കണം'. ഫാസിസ്റ്റ് അല്ലാത്തതും സാമുദായികമല്ലാത്തതുമായ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഈ രാഷ്ട്രീയ പാർട്ടി കൈകോർക്കണം, ''അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരമൊരു മുസ്ലിം രാഷ്ട്രീയ പാർട്ടി ദളിതരുമായി കൈകോർക്കണമെന്ന് സകീർ നായിക് അഭിപ്രായപ്പെട്ടു, ദളിതർ ഹിന്ദുക്കളല്ല'- സാക്കിർ നായിക് പറഞ്ഞു.

'ബാബാസാഹേബ് അംബേദ്കർ ഇസ്ലാമിനെ സ്‌നേഹിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ മുസ്ലിംകൾ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല, അതിനാൽ അദ്ദേഹം ബുദ്ധമതം തിരഞ്ഞെടുത്തു' എന്ന് സാക്കിർ നായിക് വീഡിയോയിൽ പറയുന്നു. ഇന്ത്യൻ ജനസംഖ്യയിൽ മുസ്ലിംകളും ദളിതരും കൂടിചേരുമ്പോൾ 60 ദശലക്ഷത്തോളം ഉണ്ടാകും. അത്തരമൊരു രാഷ്ട്രീയസഖ്യം ഒരു പ്രധാന ശക്തിയായിരിക്കും' സാക്കിർ നായിക് പറഞ്ഞു.

രാജ്യത്തിന് പുറത്തേക്ക് പോകാൻ കഴിയാത്ത മുസ്ലിംകൾക്ക് മറ്റൊരു സംസ്ഥാനത്തേക്ക് പോകാമെന്നും ഇത് മുസ്ലിം സമൂഹത്തിന് ഗുണം ചെയ്യുമെന്നും സാക്കിർ നായിക് പറഞ്ഞു. 'ഇത്തരത്തിൽ എനിക്ക് ചിന്തിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ്' നായിക് കൂട്ടിച്ചേർത്തു. മൂന്ന് പ്രധാന മതങ്ങൾക്കും ഒരുപോലെ സ്വാധീനമുള്ള സ്ഥലമാണ് കേരളം. ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ - ഓരോരുത്തരും കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും' എന്ന് സാക്കിർ നായിക് അവകാശപ്പെട്ടു.

'കേരളത്തിലെ ജനങ്ങൾ തീവ്രമായ സാമുദായിക ചിന്തയുള്ളവരല്ല. വിവിധ മതങ്ങളിലെ ആളുകൾ യോജിപ്പിലാണ് അവിടെ കഴിയുന്നത്. വിവിധ മതങ്ങൾ തമ്മിൽ യാതൊരു സംഘർഷവുമില്ല,' സാക്കിർ നായിക് പറഞ്ഞു. 'ഈ സർക്കാരിന് (ബിജെപി) കേരളത്തിൽ വലിയ സ്വാധീനമില്ല. അതുകൊണ്ടുതന്നെ ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാൻ ഇന്ത്യയിലെ മുസ്ലിംകൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഏറ്റവും നല്ല മാർഗം കേരളമാണ്'സാക്കിർ നായിക് പറഞ്ഞു. 'ബോംബെയും ഹൈദരാബാദും വർഗീയത കുറവുള്ള സ്ഥലങ്ങളാണ്. എന്നാൽ ഉത്തർപ്രദേശിൽ വർഗീയത കൂടുതലാണ്'- അദ്ദേഹം പറഞ്ഞു.

വിവാദ പ്രസ്താവനകൾ നടത്തിയ സാക്കിർ നായിക് 2016 ൽ മലേഷ്യയിലേക്ക് പോയെങ്കിലും ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള അനുയായികളുമായി സോഷ്യൽമീഡിയ വഴി ദിവസേന സംവദിക്കുന്നത് തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ, അക്രമത്തിന് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയ സാക്കിർ നായികിനെ കൈമാറണമെന്ന് ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു.

അടുത്തകാലത്ത് 'മുസ്ലീങ്ങളാരും ക്രിസ്മസ് ആശംസിക്കുകയോ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുകയോ ക്രിസ്മസ് ദിനത്തിൽ ചെയ്യരുത്.... എന്തുകൊണ്ടെന്നാൽ ക്രിസ്മസ് ആഘോഷിക്കുന്നത് ഇസ്ലാമിനും അല്ലാഹിനും നബിക്കും എതിരാണ് എന്നു പറഞ്ഞു കൊണ്ടും സാക്കിർ വിവാദത്തിൽ ചാടിയിരുന്നു. ഇന്ത്യയിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ് സാക്കിർ നായിക്. ധാക്ക ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടർന്നാണ് സാക്കിർ നായിക്കിന് മേൽ കുരുക്ക് വീഴുന്നത്. ഐസിസിൽ ചേരാൻ പ്രചോദനം കിട്ടിയത് സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവർത്തനം തുടങ്ങിയ കേസുകളിൽ ആണ് ദേശീയ അന്വേഷണ ഏജൻസി സാക്കിർ നായിക്കിനെ പ്രതി ചേർത്തിട്ടുള്ളത്. ധാക്ക ഭീകരാക്രണ കേസിലെ പ്രതികളുടെ മൊഴി പുറത്ത് വന്നതിന് പിറകെ ആയിരുന്നു സാക്കിർ നായിക്ക് ഇന്ത്യ വിട്ടത്. അറസ്റ്റ് ഉണ്ടാകും എന്ന് ഉറപ്പായ സാഹചര്യത്തിൽ ആയിരുന്നു ഇത്. തുടർന്ന് മലേഷ്യയിൽ അഭയം തേടുകയായിരുന്നു. ഇത്തരത്തിലൊരു വ്യക്തിയാണ് ക്രീസ്മസിനെ അപാനിച്ച് പോസ്റ്റിടുന്നതെന്നതാണ് ശ്രദ്ധേയം.

2016 ബംഗ്ളാദേശിലെ ധാക്കയിൽ ഭീകരാക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് സാക്കിർ നായിക്ക് ഇന്ത്യയിൽ നിന്നും രാഷ്ട്രീയാഭയം തേടി മലേഷ്യയിൽ എത്തുന്നത്. ധാക്കയിൽ ആക്രമണം നടത്തിയവരിൽ ഒരാൾ, 'തന്നെ ആ പ്രവൃത്തിക്ക് പ്രേരിപ്പിച്ചത് പീസ് ടിവി എന്ന യൂട്യൂബ് ചാനലിലൂടെ സാക്കിർ നായിക്ക് നടത്തിയ മതപ്രഭാഷണങ്ങളാണ്' എന്ന് മൊഴികൊടുത്തതോടെ മുംബൈയിൽ നായിക്കിന്റെ അറസ്റ്റുചെയ്യാനുള്ള സമ്മർദ്ദം മുറുകിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പലായനം. അതിൽ പിന്നെ സാക്കിർ അബ്ദുൽ കരീം നായിക്ക് എന്ന സാക്കിർ നായിക്ക് ഇന്ത്യൻ മണ്ണിൽ കാലുകുത്തിയിട്ടില്ല. ഇന്ത്യയിൽ നായിക്കിനെതിരെ ഗുരുതരമായ പല കുറ്റങ്ങളും ആരോപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പേരിൽ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലാണ് ഇന്ന് സാക്കിർ നായിക്കിന്റെ സ്ഥാനം.

ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങൾ വിസ നിഷേധിച്ച ശേഷമാണ് സാക്കിർ നായിക്ക് മലേഷ്യയിൽ അഭയം തേടിയത്. അവിടത്തെ സർക്കാർ, നായിക്കിനെ സ്വീകരിക്കുകയും പെർമനന്റ് റെസിഡൻസ് പെർമിറ്റ് നൽകുകയും ചെയ്തു. നായിക്കിനുമേൽ കഴിഞ്ഞ കുറെ ആഴ്ചകളായി പല ഭാഗത്തുനിന്നും രാഷ്ട്രീയ, നിയമ സമ്മർദ്ദങ്ങളുണ്ടായിരുന്നു. സക്കീർ നായിക്ക് ഇന്ത്യയിൽ പ്രസിദ്ധനാകുന്നത് തൊണ്ണൂറുകളിലാണ്. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ ഇസ്ലാം മത പ്രചാരണം നടത്തിയാണ് നായിക്ക് പ്രശസ്തനാകുന്നത്. എംബിബിഎസ് ബിരുദധാരിയായിരുന്ന നായിക്ക് അല്പനാളത്തെ പ്രാക്ടീസിന് ശേഷം മുഴുവൻ സമയ മതപ്രചാരണം തൊഴിലായി തെരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം കോടികളുടെ സ്വത്തുവകകളാണ് മോദി സർക്കാർ സാക്കിർ നായിക്കിന്റെതായി ഇന്ത്യയിൽനിന്ന് കണ്ടുകെട്ടിയത്. വിവിധ ഘട്ടങ്ങളിലായി 70 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് കണക്ക് . മുംബൈ, പൂണെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. സാക്കിർ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐ.ആർ.എഫ്) പ്രവർത്തകർക്കുമെതിരേ 2017 ഒക്ടോബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇ.ഡിയുടെ നടപടി.

2016 നവംബർ 15 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരസംഘടനകളുമായുള്ള സംശയകരമായ സാമ്പത്തിക ഇടപാട്, തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര ചാനലായ പീസ് ടീവിയുമായി ദുരൂഹബന്ധം തുടങ്ങിയ ആരോപണങ്ങളെത്തുടർന്നാണ് സാക്കിർ നായിക്കിന്റെ സംഘടനയുടെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ ചെയ്തത്. യുഎപിഎ നിയമപ്രകാരമാണ് വിലക്ക്. നിരോധനത്തെ തുടർന്ന് സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP