Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തിരിച്ചുവരവിന് വഴിയൊരുക്കാൻ കൃത്യമായ നേതൃത്വം വേണം; എഐസിസിയിലും പിസിസികളിലും മുഴുവൻ സമയ അധ്യക്ഷൻ അനിവാര്യം; പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കണം; സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും ആവശ്യം; പ്രവർത്തക സമിതി യോഗങ്ങൾ വെറും ചടങ്ങ് മാറുകയാണെന്നും കുറ്റപ്പെടുത്തൽ; ഇത് കോൺഗ്രസിന്റെ തകർച്ചയുടെ കാലമെന്നും വിലയിരുത്തൽ; കോൺഗ്രസ് അധ്യക്ഷയ്ക്ക് മുതിർന്ന നേതാക്കളുടെ കത്ത്; ഒപ്പിട്ടവരിൽ തരൂരും കുര്യനും; കോൺഗ്രസിൽ തിരുത്തൽവാദികൾ സജീവമാകുമ്പോൾ

തിരിച്ചുവരവിന് വഴിയൊരുക്കാൻ കൃത്യമായ നേതൃത്വം വേണം; എഐസിസിയിലും പിസിസികളിലും മുഴുവൻ സമയ അധ്യക്ഷൻ അനിവാര്യം; പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കണം; സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും ആവശ്യം; പ്രവർത്തക സമിതി യോഗങ്ങൾ വെറും ചടങ്ങ് മാറുകയാണെന്നും കുറ്റപ്പെടുത്തൽ; ഇത് കോൺഗ്രസിന്റെ തകർച്ചയുടെ കാലമെന്നും വിലയിരുത്തൽ; കോൺഗ്രസ് അധ്യക്ഷയ്ക്ക് മുതിർന്ന നേതാക്കളുടെ കത്ത്; ഒപ്പിട്ടവരിൽ തരൂരും കുര്യനും; കോൺഗ്രസിൽ തിരുത്തൽവാദികൾ സജീവമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ തുടങ്ങി 23ഓളം കോൺഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. പാർട്ടിയിൽ അടിമുടി മാറ്റം വേണമെന്നാണ് ആവശ്യം. നിലവിലെ നേതൃത്വത്തിനെതിരെ കത്തിൽ വിമർശനമുണ്ട്. രണ്ടാഴ്ച മുമ്പാണ് കത്ത് അയച്ചതെന്നാണ് വിവരങ്ങൾ. പാർട്ടിക്ക് മുഴുവൻസമയ കാര്യക്ഷമമായ നേതൃത്വമുണ്ടാകണമെന്ന് ഇതിൽ ആവശ്യപ്പെടുന്നുണ്ട്. നാളെ പ്രവർത്തക സമിതി യോഗം ചേരാനിരിക്കെയാണ് ഈ കത്തെഴുത്തൽ.

ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്ന് കത്തിൽ പറയുന്നു. യുവാക്കൾ നരേന്ദ്ര മോദിക്ക് വോട്ടുചെയ്യുന്നതും, കോൺഗ്രസ് പാർട്ടിയുടെ അടിത്തറ നഷ്ടപ്പെടുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവമായി മനസിലാക്കണമെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം എംപി കൂടിയായ ശശിതരൂരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഏറെ കാലത്തിന് ശേഷമാണ് ഇത്തരമൊരു കത്തെഴുത്തു നീക്കം കോൺഗ്രസിൽ നടക്കുന്നത്. പ്രസിഡന്റിനെ ഉടൻ കണ്ടെത്തണമെന്നും പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യമുണ്ട്. പ്രവർത്തക സമിതി യോഗങ്ങൾ വെറും ചടങ്ങ് മാറുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

കത്തിൽ ആറ് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരിച്ചുവരവിന് വഴിയൊരുക്കാൻ കൃത്യമായ നേതൃത്വം വേണമെന്നു കത്തിൽ വിശദീകരിക്കുന്നു. എഐസിസിയിലും പിസിസികളിലും മുഴുവൻ സമയ അധ്യക്ഷൻ വേണം. പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കണം. പാർലമെന്ററി ബോർഡ് രൂപീകരിക്കണം. സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പാർട്ടിക്കുള്ള പിന്തുണ ഇല്ലാതാകുന്നതും യുവാക്കളുടെ ആത്മവിശ്വസം നഷ്ടപ്പെടുന്നതും ഗൗരവമായി കാണണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പൂർണ സമയ സജീവ നേതൃത്വം ആവശ്യപ്പെടുന്ന നേതാക്കൾ ബ്ലോക്ക് തലം മുതൽ എഐസിസി തലം വരെ ഭരണഘടാപരമായ തിരഞ്ഞെടുപ്പ് അത്യാവശ്യമാണെന്ന് പറയുന്നു. പാർട്ടിയിലുടനീളം വിപുലമായ പരിഷ്‌കാരങ്ങൾ, അധികാരം വികേന്ദ്രീകരണം, സംസ്ഥാന ഘടകങ്ങളുടെ ശാക്തീകരണം എന്നിവയും കത്തിലെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.

രാജ്യസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ഗുലാം നബി ആസാദ്, മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി, വിവേക് തൻക, പ്രവർത്തക സമിതി അംഗം മുകുൾ വാസ്നിക്, ജിതിൻ പ്രസാദ, മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഭൂപേന്ദ്രസിങ് ഹൂഡ, രാജേന്ദർ കൗർ ഭട്ടൽ, വിരപ്പ മൊയ്ലി, പൃഥ്വിരാജ് ചവാൻ, പി.ജെ. കുര്യൻ, അജയ് സിങ്, രേണുക ചൗധരി, മിലിന്ദ് ദേവ്റ, മുൻ പിസിസി അധ്യക്ഷന്മാരായ രാജ് ബബ്ബർ, അർവിന്ദർ സിങ് ലവ്ലി, കൗൾ സിങ് താക്കൂർ, ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള അഖിലേഷ് പ്രസാദ് സിങ്, മുൻ ഹരിയാന സ്പീക്കർ കുൽദീപ് ശർമ, മുൻ ഡൽഹി സ്പീക്കർ യോഗനാഥ് ശാസ്ത്രി, മുൻ എംപിയായ സന്ദീപ് ദീക്ഷിത് എന്നിവരാണ് കത്തിൽ ഒപ്പുവെച്ച പ്രമുഖർ.

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പോക്കിനും ദേശീയ അനിവാര്യതയാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായതിൽ വെച്ച് ഏറ്റവും കടുത്ത സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കുമ്പോൾ കോൺഗ്രസിന്റെ തകർച്ച കത്തിൽ വിശദീകരിക്കുന്നുണ്ട്. സുരക്ഷിതത്വമില്ലായ്മ, ഭയത്തിന്റെ അന്തരീക്ഷം, ബിജെപിയുടെയും സംഘപരിവാറിന്റെയും വർഗീയമായി ആളുകളെ ഭിന്നിപ്പിക്കുന്ന അജണ്ട, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ പെരുകുന്നത്, മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധികൾ, അതിർത്തികളിലെ പ്രശ്നങ്ങൾ, വിദേശ നയം തുടങ്ങിയ കാര്യങ്ങളും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് പ്രതികരണം നിരാശാജനകമാണ്.

പാർട്ടിയുടെ മേൽതട്ടുമുതൽ കീഴ്ഘടകങ്ങളിൽ വരെ അടിമുടി മാറ്റമുണ്ടാകണം. പാർട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണം, സംസ്ഥാന ഘടകങ്ങൾ ശക്തിപ്പെടുത്തണം, ബ്ലോക്ക് തലം മുതൽ വർക്കിങ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണം. കേന്ദ്ര പാർലമെന്ററി ബോർഡ് ഉടൻ സംഘടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നേതൃത്വത്തിലെ അനിശ്ചിതത്വം, പാർട്ടിക്കുള്ളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, പാർട്ടി പ്രവർത്തകരുടെ ധാർമികത നഷ്ടപ്പെൽ എന്നിവ കോൺഗ്രസിനെ ദുർബലമാക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ പൊതുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരുന്നതിന് പ്രവർത്തക സമിതിക്ക് സാധിച്ചിട്ടില്ലെന്നും ഇതിൽ കുറ്റപ്പെടുത്തുന്നു.

നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിലുള്ള പ്രതികരണം മാത്രമാണ് പ്രവർത്തക സമിതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. പാർലമെന്ററി പാർട്ടി യോഗം ചേരുന്നതും കുറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഒരുവർഷം കഴിഞ്ഞിട്ടും പാർട്ടിയുടെ പരാജയത്തിനും തകർച്ചയ്ക്കും കാരണം കണ്ടെത്താൻ ആത്മാർഥമായ ശ്രമം ഉണ്ടായില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP