Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഹല്യ മണി എക്സ്ചേഞ്ചിൽ പിടിയിലായത് വിമാനം കയറി മറ്റൊരു രാജ്യത്ത് വന്ന് മോഷണം നടത്തി കൈ നിറയെ പണവുമായി തിരികെ മടങ്ങുന്ന വിരുതൻ; തിരുവല്ലയിൽ അറസ്റ്റിലായ ഇറാനി അടിമുടി ഉഡായിപ്പ്; പാസ്പോർട്ട് മുതൽ പേര് വരെ വ്യാജം; വിമാനം കയറി മോഷ്ടിക്കാനെത്തുന്ന ഇറാനിയൻ റോബിൻഹുഡിന്റെ യഥാർഥ പേര് ഹാദി അബ്ബാസി: മോഷണത്തിന് ഇന്ത്യൻ സഹായിയും

അഹല്യ മണി എക്സ്ചേഞ്ചിൽ പിടിയിലായത് വിമാനം കയറി മറ്റൊരു രാജ്യത്ത് വന്ന് മോഷണം നടത്തി കൈ നിറയെ പണവുമായി തിരികെ മടങ്ങുന്ന വിരുതൻ; തിരുവല്ലയിൽ അറസ്റ്റിലായ ഇറാനി അടിമുടി ഉഡായിപ്പ്; പാസ്പോർട്ട് മുതൽ പേര് വരെ വ്യാജം; വിമാനം കയറി മോഷ്ടിക്കാനെത്തുന്ന ഇറാനിയൻ റോബിൻഹുഡിന്റെ യഥാർഥ പേര് ഹാദി അബ്ബാസി: മോഷണത്തിന് ഇന്ത്യൻ സഹായിയും

ശ്രീലാൽ വാസുദേവൻ

തിരുവല്ല: മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ ഡോളർ മാറാനെത്തി ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ചതിന് ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറിയ ഇറാനി അടിമുടി വ്യാജൻ. പേര് മുതൽ പാസ്പോർട്ട് വരെ വ്യാജനാണെന്ന് ചോദ്യം ചെയ്ത പൊലീസ് പറഞ്ഞു. വിമാനം കയറി മറ്റൊരു രാജ്യത്ത് വന്ന് മോഷണം നടത്തി കൈ നിറയെ പണവുമായി തിരികെ മടങ്ങുന്ന ഒരുവന്റെ കഥ ഒരു പക്ഷേ, രാജ്യാന്തരതലത്തിൽ തന്നെ പുറത്തു വരുന്നത് ആദ്യമായിരിക്കും.

സൊഹ്റാബ് സാലേഹ് ഘോലിപോർ എന്ന പേരാണ് ഇയാളുടെ പാസ്പോർട്ടിലും ഇന്റർ നാഷണൽ ഡ്രൈവിങ് ലൈസൻസിലുമുണ്ടായിരുന്നത്. ഇറാനിയൻ പാസ്പോർട്ടായിരുന്നു കൈവശം. ഇയാളുടെ ശരിക്കുള്ള പേര് ഹാദി അബ്ബാസി എന്നാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ പേര് ഗിൽബർ ജാമിയെന്നും 13 വയസുള്ള മകളുടെ പേര് സൈന എന്നാണെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. 2018 ൽ പത്തനംതിട്ടയിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ മോഷണം നടത്തിയത് താനല്ലെന്ന് ആദ്യം ഇയാൾ പറഞ്ഞിരുന്നു. പിന്നീട് കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ മോഷണത്തിന് പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇയാളെ നാടുകടത്തുകയും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. നേരായ പാസ്പോർട്ടിൽ വരാൻ കഴിയില്ലെന്ന് മനസിലായപ്പോഴാണ് വ്യാജ പേരിൽ പാസ്പോർട്ട് തയാറാക്കിയത്. കഴിഞ്ഞ മാർച്ച് നാലിന് ഡൽഹിയിലാണ് വിമാനം ഇറങ്ങിയതെന്ന് യാത്രാ രേഖകളിൽ കാണാം. ഡിസംബർ വരെ ഇന്ത്യയിൽ തങ്ങാൻ അനുമതിയുണ്ട്.

മാർച്ചിൽ തന്നെ കോവിഡ് വ്യാപനം വർധിക്കുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ഇതെല്ലാം മറികടന്ന് ഒരു കാറിൽ നാലു മാസം കൊണ്ട് ഇയാൾ എങ്ങനെ കേരളം വരെ വന്നുവെന്നതാണ് സംശയത്തിന് ഇട നൽകുന്നത്. ഇയാൾക്ക് വേണ്ട സഹായം നൽകിയ ഇന്ത്യാക്കാരനെ പിടികൂടിയെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ. രാജ്യത്തിലെ എല്ലാ ഭാഗങ്ങളിലുമുള്ള മണി എക്സ്ചേഞ്ച് സ്ഥാപനമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. ഇതിനായുള്ള റൂട്ട് മാപ്പാണ് തയാറാക്കിയിരിക്കുന്നത്.

ഇന്നലെ പൊലീസും റോയും ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ഇയാളിൽ നിന്ന് ലഭിച്ചത്. ഇയാൾ പറഞ്ഞ പേര്, കൈവശമുണ്ടായിരുന്ന പാസ്പോർട്ട്, ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ്, മറ്റു രേഖകൾ എന്നിവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ഇയാൾ ഇറാൻ സ്വദേശി തന്നെയാണോ എന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ തനിക്ക് അറബി അറിയില്ലെന്ന് ഇയാൾ പറഞ്ഞു. മുറി ഇംഗ്ലീഷിലാണ് സംസാരം.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് അഹല്യ മണി എക്സ്ചേഞ്ചിൽ ഇയാൾ തട്ടിപ്പിന് ശ്രമിച്ചത്. 100 യു.എസ്. ഡോളർ മാറി നൽകണം എന്നാവശ്യപ്പെട്ടാണ് ഇയാൾ സ്ഥാപനത്തിൽ ചെന്നത്. 50 യു.എസ്. ഡോളറും 50 ഡോളറിന്റെ ഇന്ത്യൻ കറൻസിയുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതിനിടയിൽ കുറച്ചു പണം ദിർഹമാക്കി ലഭിക്കുമോ എന്നും ചോദിച്ചു. തുടർന്ന് അവിടെ നിന്ന് ദിർഹത്തിന്റെ ഒരു കെട്ട് വാങ്ങി ഇയാൾ പരിശോധിച്ചു.

ദിർഹം എണ്ണുന്നതിലെ പ്രത്യേകത കണ്ട് സംശയം തോന്നിയ സ്ഥാപനത്തിന്റെ മാനേജർ ശ്രീരാജ് ഇയാളെ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്‌ഐ. സലിമിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇയാളുടെ പഴ്സ് പരിശോധിച്ചപ്പോൾ നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഓരോ ഇന്ത്യൻ കറൻസി കണ്ടത്. കൂടാതെ 2820 രൂപയും നൂറിന്റെ ഒന്നും ഒന്നിന്റെ 84 ഉം യു.എസ്. ഡോളറും ഉണ്ടായിരുന്നു. ഇറാനിയൻ പാസ്പോർട്ടും ഇന്റർ നാഷണൽ ഡ്രൈവിങ് ലൈസൻസും വാങ്ങി പരിശോധിച്ച പൊലീസിന് അസ്വാഭ്വാവികമായി ഒന്നും തോന്നിയില്ല.

തുടർന്ന് ഇയാളെ വിട്ടയയ്ക്കാൻ നടപടിയും തുടങ്ങി. ഇതിനിടെ രഹസ്യാന്വേഷണ വിഭാഗം ഡിവൈഎസ്‌പിമാരായ ആർ ജോസ്, കെഎ വിദ്യാധരൻ എന്നിവർ ഇടപെട്ടു. ഇവർ വിവരം ഐബിക്കും റോയ്ക്കും കൈമാറി. ഇവിടെ നിന്ന് ഉദ്യോഗസ്ഥർ വരാതെ അയാളെ വിട്ടയ്ക്കരുതെന്നും നിർദ്ദേശം നൽകി. എല്ലാവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് 2018 ജൂലൈ 31 ന് ഇയാൾ പത്തനംതിട്ട ടൗണിലെ റോയൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്ന് 60,000 രൂപ സമാന രീതിയിൽ തട്ടിയെടുത്തെന്ന സംശയം ഉയർന്നത്.

തുടർന്ന് ആ സ്ഥാപനം ഉടമയെ വിളിച്ചു വരുത്തി. ഇയാൾ തന്നെയാണ് തട്ടിപ്പുകാരൻ എന്ന് ഉടമ തിരിച്ചറിയുകയും ചെയ്തതോടെ അറസ്റ്റിലേക്ക് നീങ്ങി. ഹരിയാന രജിസ്ട്രേഷനിലുള്ള മാരുതി ബലേനോ കാറിലാണ് ഇയാൾ ഇവിടെ തട്ടിപ്പിന് എത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്തിട്ടും താൻ വന്നത് കാറിലാണെന്ന് ഇയാൾ പറഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ സിപിഓ ആണ് കാർ കണ്ടെത്തിയത്. കുരിശുകവലയ്ക്ക് സമീപം ടൗണിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ.

ഇത് പിന്നീട് സ്റ്റേഷനിൽ എത്തിച്ച് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും പരിശോധിച്ചു. കാറിനുൾവശം ഒരു 'മിനി ഹോം' ആക്കി പരുവപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ, പാകം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ, ആവശ്യത്തിന് മദ്യം, തുണി, വിശ്രമത്തിനുള്ള കിടക്ക, ഷീറ്റ് തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഇതിനുള്ളിൽ ഉണ്ട്. കാറിന്റെ ലോഗോ, എംബ്ളം എന്നിവ നീക്കം ചെയ്തിട്ടുണ്ട്. പഴയ മോഡൽ ബലേനോ വാഹനമാണിത്.

രജിസ്ട്രേഷൻ നമ്പർ വ്യാജമാണോ വാഹനം മോഷ്ടിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. ഇന്ത്യാക്കാരനായ ഒരു സഹായി തനിക്കുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. അതൊരു മലയാളിയല്ലെന്നും വടക്കേ ഇന്ത്യക്കാരനാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP