Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് സാമൂഹികവും സാംസ്‌കാരികവുമായ നിരവധി പ്രശ്‌നങ്ങൾക്കിടയാക്കും; കേന്ദ്ര സർക്കാർ ഈ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത; പാർലമെന്റിൽ ചർച്ച ചെയ്യാതെയാണ് കേന്ദ്രമന്ത്രിസഭ നാഷണൽ എഡ്യുക്കേഷൻ പോളിസി-2020 അംഗീകരിച്ചതെന്നും പ്രമേയം

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് സാമൂഹികവും സാംസ്‌കാരികവുമായ നിരവധി പ്രശ്‌നങ്ങൾക്കിടയാക്കും; കേന്ദ്ര സർക്കാർ  ഈ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത; പാർലമെന്റിൽ ചർച്ച ചെയ്യാതെയാണ് കേന്ദ്രമന്ത്രിസഭ നാഷണൽ എഡ്യുക്കേഷൻ പോളിസി-2020 അംഗീകരിച്ചതെന്നും പ്രമേയം

ജംഷാദ് മലപ്പുറം

മലപ്പുറം: പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 വയസ്സാക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ സമിതിയെ നിയോഗിച്ച വിവരം പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് സാമൂഹികവും സാംസ്‌കാരികവുമായ നിരവധി പ്രശ്‌നങ്ങൾക്കിടയാവുമെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

2020 ജൂലായ് 29ന് കേന്ദ്രമന്ത്രി സഭ പാസാക്കിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. കസ്തൂരി രംഗൻ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്മേൽ നേരത്തെ വിവിധ മേഖലയിൽപെട്ടവർ നിരവധി നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നുവെങ്കിലും അവയൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ഇന്ത്യൻ പാർലമെന്റിൽ ചർച്ച ചെയ്യാതെയാണ് കേന്ദ്രമന്ത്രിസഭ നാഷണൽ എഡ്യുക്കേഷൻ പോളിസി-2020 അംഗീകരിച്ചത്.

ജനാധിപത്യ-മതേതര മൂല്യങ്ങൾ അടിസ്ഥാനമാക്കിയും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും രാജ്യ പുരോഗതിയും ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യം നിരാകരിക്കുന്നതാണ് പുതിയനയം. ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും അനന്തമായ തൊഴിൽ സാദ്ധ്യതയുള്ളതും ഇന്ത്യയുടെ സമ്പദ്ഘടനയിൽ മുഖ്യപങ്ക് വഹിക്കുന്നതുമായ അറബിഭാഷയെ പുതിയ വിദ്യാഭ്യാസ നയത്തിൽ പരാമർശിക്കുന്നേയില്ല. പുതിയ തലമുറക്ക് അനുയോജ്യമായ വിദ്യാഭ്യാസ രീതി ആവിഷ്‌കരിക്കുന്നതിന് പകരം കേവലം മിത്തുകളും സങ്കൽപങ്ങളും സന്നിവേഷിപ്പിക്കാനുള്ള ആസൂത്രിത നീക്കമായി വേണം കരുതാൻ.

അടിസ്ഥാന വിഭാഗത്തിന്റെയും ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങളുടെയും വിദ്യാഭ്യാസ ഉന്നതിക്കായി ഏർപ്പെടുത്തിയ സംവരണം അട്ടിമറിച്ച് മെറിറ്റ് മാത്രം ആധാരമാക്കുന്നത് വിദ്യാഭ്യാസം വരേണ്യവൽക്കരിക്കാനും കമ്പോള വൽകരിക്കാനും കാരണമാവും. രാജ്യത്ത് നിലനിന്നുവരുന്ന വിവിധ മത വിദ്യാഭ്യാസ സംവിധാനത്തെ പുതിയ നയത്തിൽ പരാമർശിക്കാത്തതും ഖേദകരമാണ്. പുതിയ വിദ്യാഭ്യാസ നയം കൂടുതൽ ചർച്ചകൾക്കു വിധേയമാക്കി ആശങ്കകൾ ദൂരീകരിച്ച് മാത്രമെ നടപ്പാക്കാവൂ എന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ വിക്ടേർസ് ചാനൽ വഴി നടത്തുന്ന ഫസ്റ്റ്‌ബെൽ ഓൺലൈൻ സ്‌കൂൾ പഠന ക്ലാസിൽ അറബി, ഉറുദു, സംസ്‌കൃതം ഭാഷകൾ കൂടി ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.പുതുതായി മൂന്ന് മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി. ഇതോടുകൂടി സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 10269 ആയി. ഖുവ്വത്തുൽ ഇസ്ലാം മദ്‌റസ പല്ലേടപടപ്പ്, മഞ്ചേശ്വരം (കാസർഗോഡ്), എം.ഐ.സി മദ്‌റസ കൊണ്ടിപറമ്പ്, പള്ളിപ്പടി (മലപ്പുറം), നുസ്‌റത്തുൽ ഇസ്ലാം ബ്രാഞ്ച് മദ്‌റസ പാലിശ്ശേരി (തൃശ്ശൂർ) എന്നീ മദ്‌റസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ, പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാൻ മുസ്ലിർ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഡോ.എൻ.എ.എം അബ്ദുൽഖാദിർ, എം.സി മായിൻഹാജി, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂർ, ഇ.മൊയ്തീൻ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കർ, ഇസ്മായിൽകുഞ്ഞു ഹാജി മാന്നാർ ചർച്ചയിൽ പങ്കെടുത്തു. മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP