Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് ഐസക് ഒരുകാര്യം വിട്ടുപോയി..തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം; നാട്ടുകാർക്കും ബിസിനസിനും നല്ല സൗകര്യം ഒരുക്കാനും നിക്ഷേപകരെ ആകർഷിക്കാനും കഴിയണം; മുംബൈയിലെയും ഡൽഹിയിലെയും എയർപോർട്ടുകളിൽ നിന്ന് എയർപോർട്ട് അഥോറിറ്റിക്ക് 2500 കോടി രൂപ പ്രതിവർഷം കിട്ടുന്നു; സംസ്ഥാന സർക്കാരിന്റെ നികുതി വരവും കൂടും: കേന്ദ്ര കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന ഐസക്കിന്റെ വിമർശനത്തിന് ശശി തരൂരിന്റെ മറുപടി

തോമസ് ഐസക് ഒരുകാര്യം വിട്ടുപോയി..തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം; നാട്ടുകാർക്കും ബിസിനസിനും നല്ല സൗകര്യം ഒരുക്കാനും നിക്ഷേപകരെ ആകർഷിക്കാനും കഴിയണം; മുംബൈയിലെയും ഡൽഹിയിലെയും എയർപോർട്ടുകളിൽ നിന്ന് എയർപോർട്ട് അഥോറിറ്റിക്ക്  2500 കോടി രൂപ പ്രതിവർഷം കിട്ടുന്നു; സംസ്ഥാന സർക്കാരിന്റെ നികുതി വരവും കൂടും: കേന്ദ്ര കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന ഐസക്കിന്റെ വിമർശനത്തിന് ശശി തരൂരിന്റെ മറുപടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെ ശക്തമായി അനുകൂലിക്കുന്ന ശശി തരൂർ എംപിയെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക് ഫേസ്‌ബുക്ക് കുറിപ്പിട്ടിരുന്നു. തരൂരിന്റെ പലവാദങ്ങളെയും ഖണ്ഡിക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. ഒന്നാമതായി സ്വകാര്യവത്കരണം അനിവാര്യമാണോ എന്ന ചോദ്യം. സിയാൽ കഴിഞ്ഞ വർഷം 380 കോടി ലാഭം ഉണ്ടാക്കി. തിരുവനന്തപുരം എയർപോർട്ട് സിയാൽ പോലൊരു കമ്പനിയെക്കൊണ്ട് ഏറ്റെടുത്ത് നടത്താനാവില്ലേ?-ഐസക് ചോദിച്ചു.

നവീകരണത്തിന് ആവശ്യമായ വലിയ മുതൽമുടക്കിന് അദാനിയെപ്പോലുള്ളവർ വേണമെന്ന തരൂരിന്റെ വാദത്തെയും ഐസക് എതിർക്കുന്നു. സിയാലിന് 600 കോടി രൂപ വായ്പ സമാഹരിക്കാൻ ഒരു പ്രയാസവുമുണ്ടായിട്ടില്ല. കിഫ്ബിയുടേതുപോലുള്ള നൂതനരീതികൾ ധനസമാഹരണത്തിന് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കുത്തകകൾക്ക് പൊതുമേഖലാ സ്ഥാപനങ്ങൾ തീറെഴുതി കൊടുക്കുക എന്നുള്ള നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നതെന്നും ഈ കൊള്ളയുടെ കൂട്ടിക്കൊടുപ്പുകാരായി തരൂറിനെപ്പോലുള്ളവർ മാറുകയാണെന്നും മന്ത്രി വിമർശിച്ചു.പാർലമെന്റിനെയും കോടതികളെയും നോക്കുകുത്തിയാക്കിയാണ് കേന്ദ്രസർക്കാർ ബിജെപിയുടെ ശിങ്കിടിമാരായ കോർപറേറ്റുകൾക്ക് രാജ്യത്തെ വിൽക്കുന്നത്. നിർഭാഗ്യവശാൽ ഡോ. തരൂരിനെപ്പോലൊരു ജനപ്രതിനിധി അക്കൂട്ടരുടെ വക്കാലത്താണെടുക്കുന്നതെന്നും ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു. ഐസക്കിന്റെ വാദങ്ങൾക്ക് മറുപടിയുമായി തരൂർ എത്തി.

തരൂരിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ട ഡോക്ടർ തോമസ് ഐസക്,

തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ എന്റെ നിലപാടിനെക്കുറിച്ച് താങ്കളുടെ സുചിന്തിതമായ വിമർശനത്തിന് നന്ദി. എന്റെ അഭിപ്രായത്തിൽ താങ്കൾ ഒരു കാര്യം വിട്ടു പോയി, അത് വരുമാനത്തെക്കുറിച്ചല്ല. അത് ഈ എയർപോർട്ട് വികസനത്തെക്കുറിച്ചാണ്. വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എയർപോർട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് നാട്ടുകാർക്കും ബിസിനസിനും കുറച്ച് കൂടി നല്ല സൗകര്യം ഒരുക്കുക എന്നതും നിക്ഷേപകരെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുക എന്നതുമാണ്.

ഏതായാലും താങ്കൾ വരുമാനത്തെക്കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറയാൻ ഉദ്ദേശിക്കുന്നു. ഡൽഹി എയർപോർട്ട് നടത്തുന്ന കൺസോർഷ്യത്തിന്റെ മുഖ്യ ഭാഗമായ GMR ഗ്രൂപ്പ് വരുമാനത്തിന്റെ 46% എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് കൊടുക്കാമെന്നാണ് കരാറിൽ സമ്മതിച്ചിട്ടുള്ളത്. ഇത്ര വരുമാനം സർക്കാറിന് ഇതിന് മുൻപ് കൈവന്നിട്ടില്ല എന്ന സത്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് മുംബൈയിലെയും ഡൽഹിയിലെയും എയർപോർട്ടുകളിൽ നിന്ന് AAI ക്ക് 2500 കോടി രൂപ പ്രതിവർഷം ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം, കുറച്ചധികം കൂടി പ്രയോജനങ്ങളുണ്ട്. നമ്മുടെ മോശമായ എയർ കണക്ടിവിറ്റി കാരണം നിക്ഷേപകർ പിൻവലിഞ്ഞ് നിൽക്കുമ്പോൾ അവരെ നമ്മുടെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുക എന്നതാണ് അത്. അതിന്റെ ഉപോല്പന്നങ്ങളാണ് നാട്ടുകാർക്ക് ജോലി ലഭിക്കുന്നതും ബിസിനസുകൾ കാരണം സംസ്ഥാന സർക്കാരിന്റെ നികുതി വരവ് വർധിക്കുന്നതും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

തോമസ് ഐസക്കിന്റെ എഫ്ബി പോസ്റ്റ്

വാക്ചാതുരിയും അവതരണവൈദഗ്ധ്യവും പാണ്ഡിത്യവും കൊണ്ട് വലിയൊരു അനുയായി വൃന്ദത്തെ സൃഷ്ടിച്ച രാഷ്ട്രീയനേതാവാണ് ഡോ. ശശി തരൂർ. ബ്രിട്ടീഷുകാരുടെ കൊള്ളയടിയെ തുറന്നു കാണിച്ച് ഓക്‌സ്‌ഫോഡിൽ അദ്ദേഹം നടത്തിയ ഡിബേറ്റ് എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രകടനമാണ്. ദാദാബായ് നവറോജി മുതൽ ദേശീയ സാമ്പത്തിക പണ്ഡിതന്മാർ പറഞ്ഞുവന്നതും ഇർഫാൻ ഹബീബ് കൃത്യമായ തെളിവുകൾ നിരത്തി സ്ഥാപിച്ചതുമായ കാര്യമാണെങ്കിലും തരൂർ അവതരണം ഗംഭീരമായിരുന്നു.

മാർക്‌സിന്റെ ഭാഷയിൽ ഇത്തരം കൊള്ളയെ പ്രാകൃത മൂലധന സഞ്ചയം (Primitive Accumulation) എന്നാണ് വിളിക്കുന്നത്. ലാഭത്തിൽ നിന്നു മിച്ചംവെച്ച് മൂലധനം സ്വരൂപിക്കുന്നതിനെയാണ് അക്യുമുലേഷൻ എന്നു പറയുന്നത്. എന്നാൽ കൊള്ളയടിച്ചും കുത്തിക്കവർന്നും സ്വരൂപിക്കുന്ന മൂലധനത്തിന് അദ്ദേഹം നൽകിയ നിർവചനമാണ് പ്രിമിറ്റീവ് അക്യൂമുലേഷൻ. അതിനുദാഹരണമാണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തിയ കൊള്ള.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അതിന്റെ വകഭേദം അരങ്ങേറുകയാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെക്കാലം കൊണ്ട് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വരുക്കൂട്ടിയ പൊതുമുതൽ കോർപറേറ്റുകൾ കൊള്ളയടിക്കുകയാണ്. കോവളത്തെ ഐടിഡിസി ഹോട്ടൽ വിൽപ്പന നടത്തിയത് വെറും 43 കോടി രൂപയ്ക്കാണ്. ഇന്നു നടന്നുകൊണ്ടിരിക്കുന്ന പൊതുമേഖല കൊള്ളയുടെ പ്രാകൃത മൂലധന സഞ്ചയം തിരിച്ചറിയാൻ പക്ഷേ, ശശി തരൂരിന് കഴിയുന്നില്ല. പാണ്ഡിത്യത്തിന്റെ കുറവല്ല, കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. പണ്ഡിതനായ ഒരു നിയോലിബറലാണ് അദ്ദേഹം.

ഡൽഹി വിമാനത്താവളം 60 വർഷത്തെ പാട്ടത്തിന് സ്വകാര്യകമ്പനിക്കു കൊടുത്തപ്പോൾ നഷ്ടം 1.63 ലക്ഷം കോടിയാണെന്ന് കണ്ടെത്തിയത് സിഎജിയാണ്. അത്രയും ലാഭം സ്വകാര്യ കമ്പനിക്ക്. ചട്ടങ്ങൾക്കും നിയമത്തിനും വിരുദ്ധമായി അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് ഈ കമ്പനി പിരിച്ചെടുത്തത് 1481 കോടി. അതു തിരിച്ചുകൊടുക്കണമെന്ന് വിധിച്ചത് സുപ്രിംകോടതി. അപ്പോൾ സ്വകാര്യകമ്പനികൾക്ക് യാത്രക്കാരോട് പ്രേമമൊന്നുമില്ല. എത്രത്തോളം ഊറ്റിപ്പിഴിയാമോ, അത്രയും ഊറ്റണം. നിർബാധമായി ആ ഊറ്റലിനുള്ള സമ്മതപത്രം എഴുതിക്കൊടുക്കേണ്ട ചുമതലയാണോ കേന്ദ്രസർക്കാരിന്? അതു ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധിയെന്ന നിലയിൽ ഡോ. തരൂരിനില്ലേ.

തരൂരിന്റെ മുഖ്യവാദം തിരുവനന്തപുരം അർഹിക്കുന്ന നിലവാരമുള്ള വിമാനത്താവളം അദാനിക്കേ സൃഷ്ടിക്കാൻ കഴിയൂ എന്നുള്ളതാണ്. തരൂർ ഒന്നു വിശദീകരിക്കണം എന്താണ് കൊച്ചി സിയാൽ എയർപോർട്ടിനുള്ള കുഴപ്പം? നിരന്തരമായ നവീകരണം നടക്കുന്നു. 380 കോടി രൂപ കഴിഞ്ഞ വർഷം ലാഭവും ഉണ്ടാക്കി. നമുക്ക് തിരുവനന്തപുരം എയർപോർട്ട് സിയാൽ പോലൊരു കമ്പനിയെക്കൊണ്ട് ഏറ്റെടുത്ത് നടത്താനാവില്ലേ?

തരൂരിന്റെ രണ്ടാമത്തെ വാദമാണ് അതിവിചിത്രം. ഭൂമി 50 വർഷത്തെ പാട്ടത്തിനു കൊടുക്കുന്നതേള്ളൂ. സ്വകാര്യവൽക്കരണം ഇല്ല. എയർപോർട്ടിലെ കസ്റ്റംസ്, സെക്യൂരിറ്റി, ട്രാഫിക് കൺട്രോൾ എല്ലാം സർക്കാരാണ്. ചുമതലയെല്ലാം സർക്കാരിനും, ലാഭമെല്ലാം അദാനിക്കും. ഒരു യാത്രക്കാരന് 168 രൂപ വച്ച് കേന്ദ്രത്തിനു കൊടുക്കണമെന്നു മാത്രം.

നവീകരണത്തിന് ആവശ്യമായ വലിയ മുതൽമുടക്കിന് അദാനിയെപ്പോലുള്ളവർ വേണമത്രെ. അതെ. വെറുതേകിട്ടുന്ന ഭൂമി പണയം വച്ച് ആവശ്യമുള്ള പണം സമാഹരിക്കാവുന്നതേയുള്ളൂ. ബജറ്റിൽ നിന്നും മിച്ചം വച്ച് വിമാനത്താവളം വികസിപ്പിക്കാനാവില്ല. പക്ഷെ, ഇതിനായി എത്രയോ നൂതനമായ രീതികളുണ്ട്. കിഫ്ബിയുടെ മുതൽമുടക്ക് അൻപതിനായിരത്തിലേറെ കോടി രൂപയാണ്. സിയാലിന് 600 കോടി രൂപ വായ്പ സമാഹരിക്കാൻ ഒരു പ്രയാസവുമുണ്ടായിട്ടില്ല.

കളിയുടെ നിയമം കേരളം അംഗീകരിച്ചിട്ട് ഇപ്പോൾ കാലുമാറുകയാണെന്നൊക്കെ ഔന്നിത്യത്തിനു ചേരാത്ത വാദങ്ങൾ തരൂരിനെപ്പോലൊരാൾ ഉന്നയിച്ചു കാണുമ്പോൾ ഖേദം തോന്നുന്നു. അദാനി ക്വോട്ടു ചെയ്ത അതേ തുക കേരളം നൽകാമെന്ന് വാഗ്ദാനം ചെയ്തതും അത് കേന്ദ്രം അംഗീകരിച്ചതും അദ്ദേഹം അറിയാത്തതല്ല. അങ്ങനെ കരാർത്തുക മാച്ച് ചെയ്യുന്ന രീതിയൊക്കെ നാട്ടിൽ നിലവിലുള്ളതല്ലേ. 365 ഏക്കർ ഭൂമിയും കേന്ദ്ര സർക്കാരിനു നൽകിയ കേരള സംസ്ഥാനത്തിന് ഒരു സ്വിസ് ചലഞ്ച് അവകാശത്തിനുവേണ്ടിപ്പോലും നിങ്ങൾ വാദിക്കാൻ തയ്യാറല്ല.

ബിഡ്ഡിങ് പ്രക്രിയ സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ ഈ വിഷയത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് രാജ്യസഭാ അംഗം സ. എളമരം കരീമിന്റെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന മന്ത്രി രേഖാമൂലം മറുപടി നൽകിയത്.
കോടതി നടപടികൾ അവസാനിക്കുന്നതിനു മുമ്പാണ് ഈ തീരുമാനം വന്നത്. സഖാവ് കരീം വ്യോമയാന മന്ത്രിയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിക്കഴിഞ്ഞു. സഭയിൽ ഒരു ജനപ്രതിനിധിക്ക് മന്ത്രി നൽകിയ ഉറപ്പു ലംഘിക്കപ്പെട്ടതിനെക്കുറിച്ച് ഡോ. ശശി തരൂരിന് എന്താണ് അഭിപ്രായം? അതു കേൾക്കാൻ തിരുവനന്തപുരം നിവാസികൾക്ക് അവകാശമില്ലേ?

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് രണ്ടുവട്ടം ഉറപ്പുനൽകിയ കാര്യമാണ് ഇന്നിപ്പോൾ കോവിഡിന്റെ മറവിൽ നിർലജ്ജം ലംഘിച്ചിരിക്കുന്നത്. ഇത് എന്തിന്റെ നാന്ദിയാണെന്നു തരൂറിനു ധാരണയുണ്ടോ? ചരിത്രത്തിൽ ഏറ്റവും വലിയ പൊതുസ്വത്തുക്കളുടെ കൂട്ടവിൽപ്പന നടത്തി പ്രതിസന്ധികളിൽ നിന്നും കരകയറാൻ കേന്ദ്രസർക്കാർ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഒന്നര ലക്ഷം കോടി രൂപയാണ് കോർപറേറ്റുകൾക്ക് കഴിഞ്ഞ വർഷം നികുതിയളവ് നൽകിയത്. ഇന്നത്തെ ധനകാര്യ പ്രതിസന്ധിക്ക് പ്രധാന കാരണം ഇതാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ കണ്ടിരിക്കുന്ന മാർഗ്ഗമാണ് ഇതേ മുതലാളിമാർക്കു തന്നെ രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ തീറെഴുതി കൊടുക്കുക എന്നുള്ളത്. ഈ കൊള്ളയുടെ കൂട്ടിക്കൊടുപ്പുകാരായി തരൂറിനെപ്പോലുള്ളവർ മാറുകയാണ്.

പാർലമെന്റിനെയും കോടതികളെയും നോക്കുകുത്തിയാക്കിയാണ് കേന്ദ്രസർക്കാർ ബിജെപിയുടെ ശിങ്കിടിമാരായ കോർപറേറ്റുകൾക്ക് രാജ്യത്തെ വിൽക്കുന്നത്. നിർഭാഗ്യവശാൽ ഡോ. തരൂരിനെപ്പോലൊരു ജനപ്രതിനിധി അക്കൂട്ടരുടെ വക്കാലത്താണെടുക്കുന്നത്. നെഹ്രുവിന്റെ പാരമ്പര്യമാണ് ഒന്നൊന്നായി വിറ്റുകൊണ്ടിരിക്കുന്നത് എന്നതൊന്നും അദ്ദേഹത്തിൽ ഒരു പ്രതിഷേധവും സൃഷ്ടിക്കുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP