Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരുടെയും പക്ഷം പിടിക്കുന്നവരല്ല ഞങ്ങൾ; നയങ്ങളിൽ വെള്ളം ചേർക്കാറുമില്ല; ആർക്കും സ്വതന്ത്രമായി അഭിപ്രായം പറയാവുന്ന വേദിയാണ് ഫേസ് ബുക്ക്; ഏതുതരത്തിലുള്ള വിദ്വേഷ-വർഗ്ഗീയ പ്രചാരണത്തെയും തള്ളിക്കളയുക എന്നതാണ് നയം; രാഷ്ട്രീയ ബന്ധമോ പദവിയോ നോക്കിയല്ല നയം നടപ്പാക്കുന്നത്; ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിൽ സുതാര്യവും നിഷ്പക്ഷവുമാണ് സമീപനം: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളോട് മൃദുസമീപനം എന്ന ആരോപണങ്ങൾക്ക് ഫേസ് ബുക്ക് ഇന്ത്യ എംഡി അജിത് മോഹന്റെ മറുപടി

ആരുടെയും പക്ഷം പിടിക്കുന്നവരല്ല ഞങ്ങൾ; നയങ്ങളിൽ വെള്ളം ചേർക്കാറുമില്ല; ആർക്കും സ്വതന്ത്രമായി അഭിപ്രായം പറയാവുന്ന വേദിയാണ് ഫേസ് ബുക്ക്; ഏതുതരത്തിലുള്ള വിദ്വേഷ-വർഗ്ഗീയ പ്രചാരണത്തെയും തള്ളിക്കളയുക എന്നതാണ് നയം; രാഷ്ട്രീയ ബന്ധമോ പദവിയോ നോക്കിയല്ല നയം നടപ്പാക്കുന്നത്; ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിൽ സുതാര്യവും നിഷ്പക്ഷവുമാണ് സമീപനം: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളോട് മൃദുസമീപനം എന്ന ആരോപണങ്ങൾക്ക് ഫേസ് ബുക്ക് ഇന്ത്യ എംഡി അജിത് മോഹന്റെ മറുപടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപിയോട് കൂറ് കാട്ടി ഇന്ത്യയിലെ ഫേസ്‌ബുക്ക് നയങ്ങളിൽ വെള്ളം ചേർക്കുന്നതായ ആരോപണങ്ങൾ ഫേസ്‌ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹൻ നിഷേധിച്ചു. ഫേസ്‌ബുക്കിലൂടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിനെ ഫേസ്‌ബുക്ക് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ തടഞ്ഞുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ബിസിനസ് സാധ്യതകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഇടപെടൽ എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഫേസ്‌ബുക്ക് ഒരുപക്ഷപാതഹരിതമായ പ്ലാറ്റ്‌ഫോമാണ്. ഞങ്ങളുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന പൊതുവ്യക്തികളുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് തുടരും. ആളുകൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള പക്ഷപാതരഹിതമായ തുറന്ന വേദിയാണ് ഫേസ്‌ബുക്ക്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ്‌ബുക്കിന്റെ നയങ്ങൾ നടപ്പാക്കുന്നത് പക്ഷപാതപരമെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തരം ആരോപണങ്ങളെ വളരെ ഗൗരവമായി എടുക്കുന്നു. ഏതുതരത്തിലുള്ള വിദ്വേഷ-വർഗ്ഗീയ പ്രചാരണത്തെയും തള്ളിക്കളയുക എന്നതാണ് ഫേസ്‌ബുക്ക് നയം-മലയാളിയായ അജിത് മോഹൻ തന്റെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

ഒരാളുടെയും രാഷ്ട്രീയബന്ധം നോക്കിയല്ല ഫേസ്‌ബുക്ക് നയങ്ങൾ നടപ്പാക്കുന്നത്. ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിൽ തീർത്തും നിഷ്പക്ഷ സമീപനമാണ് ഫേസ്‌ബുക്കിനുള്ളത്. ക്യത്യമായ സമൂഹ മാനദണ്ഡങ്ങളാണ് പാലിച്ചുപോരുന്നത്. ഞങ്ങളുടെ ജീവനക്കാരിൽ പലരും രാഷ്ട്രീയപരമായും സാംസ്‌കാരികപരമായും സമൂഹത്തിന്റെ പല വിഭാഗങ്ങളിൽ നിന്നും വരുന്നവരാണ്. എന്നാൽ എല്ലാ ഭിന്നതകളും മറന്ന് അവർ സ്വന്തം കർത്തവ്യങ്ങൾ ചെയ്യുന്നു. സമാനമായി ഫേസ്‌ബുക്കിന്റെ നിലപാടുകളും ഏകപക്ഷീയമല്ല. എല്ലാ വിഭാഗങ്ങളെക്കൂടി പരിഗണിച്ച് അഭിപ്രായങ്ങൾ കേട്ടതിനുശേഷമാണ് നയങ്ങൾ രൂപീകരിക്കുന്നത്.

ആരുടെയങ്കിലും രാഷ്ട്രീയ പദവിയോ, രാഷ്ട്രീയ ബന്ധമോ, മതപരമോ, സംസ്‌കാരിക വിശ്വാസമോ നോക്കാതെ ആഗോളതലത്തിൽ നയങ്ങൾ നടപ്പാക്കി വരുന്നു. കമ്യൂണിറ്റി സ്റ്റാൻഡേഡ്‌സ് ലംഘിക്കുമ്പോൾ, പൊതുപ്രവർത്തകരുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് തുടരും-അജിത് മോഹൻ കൂട്ടിച്ചേർത്തു.

വിശദീകരണം നൽകാൻ ഫേസ്‌ബുക്കിന് പാർലമെന്ററി സമിതി നോട്ടീസ്

അതേസമയം, ബിജെപി നേതാക്കൾക്കായി വിദ്വേഷ പ്രചാരണ മാനദണ്ഡങ്ങൾ ഫേസ്‌ബുക്ക് തിരുത്തിയെന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ ഹാജരാവാൻ ഫേസ്‌ബുക്ക് ഉദ്യോഗസ്ഥർക്ക് പാർലമെന്റ് ഐടി സ്ഥിരം സമിതിയുടെ നോട്ടീസ്. സെപ്റ്റംബർ രണ്ടിനാണ് ഹാജരാവാൻ നിർദ്ദേശിച്ചിരിക്കുന്നത്.

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്റ് ഐടി സ്ഥിരം സമിതിക്ക് മുൻപിലാണ് ഫേസ്‌ബുക്ക് അധികൃതർ ഹാജരാവേണ്ടത് എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച മാനദണ്ഡങ്ങൾ ബിജെപി നേതാക്കൾക്ക് വേണ്ടി ഫേസ്‌ബുക്ക് തിരുത്തിയതായാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.

ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കുകയോ, പങ്കാളിയാവുകയോ ചെയ്തതിൽ ചുരുങ്ങിയത് നാല് വ്യക്തികൾക്കും, ബിജെപിയുമായി അടുപ്പമുള്ള ഗ്രൂപ്പുകൾക്കും എതിരെ വിദ്വേഷ പ്രചാരണ ചട്ടങ്ങൾ ഫേസ്‌ബുക്ക് മേധാവികൾ ഇന്ത്യയിൽ നടപ്പിലാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ഫേസ്‌ബുക്ക് അധികൃതരോട് ഹാജരാവാൻ നിർദ്ദേശിച്ചതിനെ എതിർത്ത് സമിതിയിലെ ബിജെപി അംഗങ്ങൾ എത്തി. തരൂരിനെ സമിതിയിൽ നിന്ന് പുറത്താക്കണം എന്ന് ഇവർ ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി രാജ്യവർധൻ റാത്തോഡ്, നിഷികാന്ത് ദുബെ എന്നിവർ എന്നിവർ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി.

ബിജെപിയോട് മൃദുസമീപനമെന്ന് കോൺഗ്രസ്

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് ഫെയ്സ് ബുക്കിനോട് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഫേസ്‌ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് കത്തയച്ചു.

ഇന്ത്യയിലെ ഫേസ്‌ബുക്ക് മേധാവികൾ സ്വീകരിക്കുന്ന നയങ്ങളിൽ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നും കെസി വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.

2014 മുതൽ ബിജെപി നേതാക്കളുടെതായി ഫേസ്‌ബുക്കിൽ വന്നിട്ടുള്ള വിദ്വേഷപോസ്റ്റുകളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ നേരത്തെ രാഹുൽ ഗാന്ധി, ശശി തരൂർ തുടങ്ങിയ നേതാക്കളും ഫെയസ്ബുക്കിനെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസും സിപിഎമ്മും വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP