Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം കേരള സമൂഹത്തോടുള്ള വെല്ലുവിളി; കേന്ദ്ര സഹമന്ത്രി വി മുരളീധരനും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും നടത്തിയ പ്രസ്താവനകൾ അപഹാസ്യവും വസ്തുതകളെ വളച്ചൊടിക്കുന്നതും. തെറ്റായ കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് ഈ മന്ത്രിമാരുടെ ലക്ഷ്യമെന്ന് എളമരം കരീം

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം കേരള സമൂഹത്തോടുള്ള വെല്ലുവിളി; കേന്ദ്ര സഹമന്ത്രി വി മുരളീധരനും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും നടത്തിയ പ്രസ്താവനകൾ അപഹാസ്യവും വസ്തുതകളെ വളച്ചൊടിക്കുന്നതും. തെറ്റായ കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് ഈ മന്ത്രിമാരുടെ ലക്ഷ്യമെന്ന് എളമരം കരീം

സ്വന്തം ലേഖകൻ

കോഴിക്കോട്; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് മുതിർന്ന സിപിഐഎം നേതാവും രാജ്യസഭ അംഗവുമായ എളമരം കരീം എംപി പ്രസ്താവനയിലൂടെ പറഞ്ഞു. വിമാനത്താവളം ഏറ്റെടുക്കാൻ തയ്യാറാണെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടാണ് കേന്ദ്ര മന്ത്രിസഭ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളവും അനുബന്ധമായുള്ള 635 ഏക്കർ ഭൂമിയും 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനൽകിക്കൊണ്ടുള്ള തീരുമാനം കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും അദ്ദേഹം കത്തു നൽകി.

എയർപോർട്ട് സ്ഥാപിക്കാനും വികസനത്തിനുമായുള്ള ഭൂമി പലപ്പോഴായി സംസ്ഥാന സർക്കാർ സൗജന്യമായി എയർപോർട്ട് അഥോറിറ്റിക്ക് നൽകിയതാണ്. ഈ ഭൂമിയും എയർപോർട്ടും നടത്തിപ്പിനായി സ്വകാര്യ കമ്പനിക്ക് നൽകാനുള്ള തീരുമാനം പകൽക്കൊള്ളയാണ്. വിമാനത്താവള നടത്തിപ്പിൽ യാതൊരു മുൻപരിചയവുമില്ലാത്ത സ്വാകാര്യ കമ്പനിക്കാണ് കേന്ദ്രം തിരുവനന്തപുരം വിമാനത്താവളം ഏല്പിച്ചുനൽകിയിരിക്കുന്നത്. അതേ സമയം കണ്ണൂർ, കൊച്ചി മുതലായ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മികച്ചരീതിയിൽ നടത്തിവരുന്ന കേരള സർക്കാരിന്റെ അഭ്യർത്ഥന തള്ളുകയും ചെയ്തിരിക്കുന്നു. ഇത് കേന്ദ്രത്തിന്റെ കോർപറേറ്റ് ദാസ്യവേലയുടെ മറ്റൊരു ഉദാഹരണമാണ്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോൾ അതിന്റെ വികസനത്തിന് കേരള സർക്കാർ നൽകിയ സംഭാവനകൾ കണക്കിലെടുക്കുമെന്ന് 2003ൽ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സർക്കാരിന് ഉറപ്പ് നൽകിയിരുന്നു. കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ഉറപ്പ് ലഭിച്ചു. ഈ ഉറപ്പുകളെല്ലാം ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നു.

കേരള സർക്കാരിനായി ലേലത്തിൽ പങ്കെടുത്ത കെഎസ്‌ഐഡിസി ബിഡ്ഡിങ് പ്രക്രിയയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ ആവശ്യത്തിൽ മറ്റൊരു ഹർജി സുപ്രീംകോടതിയിലും നൽകുകയുണ്ടായി. നിലവിൽ ഇക്കാര്യം കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2020 മാർച്ച് 11ന് രാജ്യസഭയിലെ എന്റെ ചോദ്യത്തിനുള്ള മറുപടിയായി സിവിൽ ഏവിയേഷൻ മന്ത്രി പറഞ്ഞത് ബിഡ്ഡിങ് പ്രക്രിയ സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ ഈ വിഷയത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ്. അങ്ങനെയെങ്കിൽ ഇപ്പോൾ ഏത് നിലയിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്. പൊതുമേഖലയെല്ലാം സ്വകാര്യ കുത്തകകൾക്ക് തീറെഴുതി നൽകുന്ന കേന്ദ്രസർക്കാർ നയം നമ്മുടെ രാജ്യത്തിന് ഗുണകരമല്ല. ഇവയെല്ലാം കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ കേന്ദ്രസർക്കാർ എടുത്ത ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നും വിമാനത്താവള നടത്തിപ്പിനായുള്ള അധികാരം സംസ്ഥാന സർക്കാരിന്റെ എസ്‌പിവിക്ക് എത്രയും വേഗം ഏൽപ്പിക്കണമെന്നും പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും എളമരം കരീം എംപി നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

അതേ സമയം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും നടത്തിയ പ്രസ്താവനകൾ അത്യന്തം അപഹാസ്യവും വസ്തുതകളെ വളച്ചൊടിക്കുന്ന തരത്തിലുള്ളവയുമാണെന്നും എളമരം കരീം എംപി പറയുന്നു. തെറ്റായ കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് ലക്ഷ്യം. ഈ വിഷയത്തിൽ ആദ്യം മുതൽ കേരളത്തിന് നൽകിയ എല്ലാ ഉറപ്പുകളും ലംഘിച്ചുകൊണ്ടാണ് കേന്ദ്രം തീരുമാനമെടുത്തത്. ബിഡ്ഡിങ് പ്രക്രിയ സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ ഈ വിഷയത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി മാർച്ചുമാസത്തിൽ രാജ്യസഭയിലെ ചോദ്യത്തിന് നൽകിയ ഉത്തരം. മാർച്ചുമാസത്തിലെ സാഹചര്യത്തിൽ നിന്ന് എന്ത് പുരോഗതി ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. 2018ൽ തന്നെ കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയ തീരുമാനം നടപ്പിലാക്കുക മാത്രമാണെന്നും ഈ തീരുമാനത്തിനുമേലുള്ള വിമര്ശനങ്ങളെല്ലാം വസ്തുതാവിരുദ്ധവുമാണെന്നാണ് വ്യോമയാന മന്ത്രി ഇപ്പോൾ അഭിപ്രായപ്പെട്ടത്. അങ്ങനെയെങ്കിൽ ഈ വിഷയത്തിന്മേൽ 2019ലും 2020ലും പാർലമെന്റിൽ അദ്ദേഹം നൽകിയ മറുപടികളും കേരള സർക്കാരിനും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി ഉൾപ്പെടെ നൽകിയ ഉറപ്പുകളും പൊള്ളയായ വാചകക്കസർത്ത് മാത്രമാണെന്ന് പറയാതെപറയുകയാണ് അദ്ദേഹം. വ്യോമയാന മന്ത്രിയുടെ പ്രസ്താവന അത്യന്തം പ്രതിഷേധാർഹമാണ്.

കൈമാറ്റ പ്രക്രിയയ്ക്ക് സുപ്രീം കോടതി ഒരു എതിർപ്പും അറിയിച്ചിട്ടില്ലെന്നും കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകമാത്രമാണ് ചെയ്തതെന്നുമുള്ള വി മുരളീധരന്റെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കുകയാണെങ്കിൽ മാർച്ച്മാസത്തിൽ കേന്ദ്രസർക്കാർ രാജ്യസഭയിൽ നൽകിയ മറുപടി തെറ്റും സഭയെ തെറ്റിദ്ധരിപ്പിക്കുന്ന താരത്തിലുമുള്ളതാണെന്ന് സമ്മതിക്കലാവും. ഈ നിലയിൽ സർവതലത്തിലും പരസ്പരവിരുദ്ധവും ഗൂഡ ലക്ഷ്യങ്ങളും ഉള്ള കാര്യങ്ങളാണ് കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഹൈക്കോടതി വിധി എതിരാവുകയാണെങ്കിൽ ആ സമയത്ത് തക്കതായ തീരുമാനം എടുക്കും എന്നാണ് മുരളീധരന്റെ പ്രസ്താവന. എന്നാൽ വിധി വരുന്നതുവരെയെങ്കിലും കാത്തുനിൽക്കാതെ ഇത്ര തിടുക്കത്തിൽ കൈമാറ്റം നടത്താനുള്ള തീരുമാനം ആരുടെ താല്പര്യത്തെ സംരക്ഷിക്കാനാണ്.

തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തണം എന്ന ആവശ്യവുമായി 2018ൽ കേന്ദ്ര വ്യോമയാന മന്ത്രിയെ സന്ദർശിച്ച അദ്ദേഹം ഇപ്പോൾ സ്വന്തം നിലപാടിൽ നിന്നും മലക്കം മറിയുന്നത് പരിഹാസ്യമാണ്. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കായി സംസ്ഥാന താല്പര്യത്തിനൊപ്പം ചേർന്ന് പ്രയത്നിക്കേണ്ട കേരളത്തിലെ ബിജെപി നേതൃത്വവും മലയാളിയായ കേന്ദ്ര സഹമന്ത്രി മുരളീധരനും എടുക്കുന്ന ഇത്തരം നിലപാടുകൾ ദൗർഭാഗ്യകരമാണ്. അത് നാട് തിരിച്ചറിയുമെന്നും എളമരം കരീം എംപി പ്രസ്താവനയിലൂടെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP