Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൂക്കക്കുറവ്.. ഗുണനിലവാരമില്ലായ്മ... പിന്നെ അധിക വിലയും! മിക്ക പാക്കിങ് സെന്ററുകളിലേയും ഓണക്കിറ്റുകളിൽ കാണപ്പെട്ടത് 400 മുതൽ 490 രൂപ വരെയുള്ള സാധനങ്ങൾ; 80 ലക്ഷം പേർക്ക് തയ്യാറാക്കുന്ന ഓണകിറ്റിലും അഴിമതിയുടെ മണം; കിറ്റിൽ നൽകുന്ന 11 ഇനങ്ങൾ പൊതുവിപണിയിൽ പോയി വാങ്ങിയാലും 500 രൂപ നൽകേണ്ടി വരില്ലെന്ന കണ്ടെത്തിയത് വിജിലൻസും; കോവിഡുകാലത്തെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി വിജിലൻസിന്റെ 'ഓപ്പറേഷൻ ക്ലീൻ കിറ്റ്'

തൂക്കക്കുറവ്.. ഗുണനിലവാരമില്ലായ്മ... പിന്നെ അധിക വിലയും! മിക്ക പാക്കിങ് സെന്ററുകളിലേയും ഓണക്കിറ്റുകളിൽ കാണപ്പെട്ടത് 400 മുതൽ 490 രൂപ വരെയുള്ള സാധനങ്ങൾ; 80 ലക്ഷം പേർക്ക് തയ്യാറാക്കുന്ന ഓണകിറ്റിലും അഴിമതിയുടെ മണം; കിറ്റിൽ നൽകുന്ന 11 ഇനങ്ങൾ പൊതുവിപണിയിൽ പോയി വാങ്ങിയാലും 500 രൂപ നൽകേണ്ടി വരില്ലെന്ന കണ്ടെത്തിയത് വിജിലൻസും; കോവിഡുകാലത്തെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി വിജിലൻസിന്റെ 'ഓപ്പറേഷൻ ക്ലീൻ കിറ്റ്'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ തട്ടിപ്പു നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തുമ്പോൾ അതും വെട്ടിലാക്കുന്നത് സർക്കാരിനെ. ഓണക്കിറ്റിൽ 500 രൂപയ്ക്കുള്ള സാധനങ്ങളില്ലെന്നാണു കണ്ടെത്തൽ. പറഞ്ഞിരുന്നതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കളാണ് പാക്കറ്റുകളിൽ ഉണ്ടായിരുന്നത്. മിക്ക പാക്കിങ് സെന്ററുകളിലേയും ഓണക്കിറ്റുകളിൽ കാണപ്പെട്ടത് 400 മുതൽ 490 രൂപ വരെയുള്ള സാധനങ്ങളാണ്. വിഷു സമയത്തും സമാനമായ ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്ന് സർക്കാർ അത് കാര്യമായെടുത്തില്ല. ഇതാണ് ഇപ്പോൾ വിവാദമായി മാറുന്നത്.

ബിജെപി നേതാവ് സന്ദീപ് വചസ്പതിയാണ് ഓണക്കിറ്റിലെ അഴിമിത ചർച്ചയാക്കിയത്. ഇതോടെയാണ് വിജിലൻസ് പരിശോധനയ്ക്ക് എത്തിയതും തട്ടിപ്പ് കണ്ടെത്തിയതും. ഇതോടെ ഓണകിറ്റ് മുഴുവൻ പരിശോധിക്കേണ്ട അവസ്ഥയിലാണ് സർക്കാർ. അളവ് കുറച്ചു വച്ചാണ് പാവങ്ങളെ സിവിൽ സപ്ലൈസ് വകുപ്പ് തട്ടിപ്പ് നടത്തുന്നത്. ഇതിന് പിന്നിലും അഴിമതി മണം ഉയരുന്നുണ്ട്. അതിശക്തമായ നിലപാട് എടുക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ ഇതിനെ അഴിമതിയായി കണക്കാക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ല.

500 രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. ശർക്കരയുടെ തൂക്കത്തിൽ 50 ഗ്രാം മുതൽ 100 ഗ്രാം വരെ കുറവുള്ളതായി കണ്ടെത്തി. ചില പാക്കറ്റുകളിൽ നിർമ്മാണ തീയതി, പാക്കിങ് തീയതി എന്നിവ ഉണ്ടായിരുന്നില്ല. ചില കിറ്റുകളിൽ എല്ലാ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തിയിരുന്നില്ല. ഓണക്കിറ്റുകളിലെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിൽ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായും പരിശോധനയിൽ കണ്ടെത്തി. ഇതിനെ ജീവനക്കാരുടെ കൈപ്പിഴയായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ലെന്നാണ് വാദം.

സിവിൽ സപ്ലൈസിൽ വരും ദിവസങ്ങളിലും പരിശോധന തുടരും. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും വിജിലൻസ് അറിയിച്ചു. കിറ്റുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് 'ഓപ്പറേഷൻ ക്ലീൻ കിറ്റ്'എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തിയത്. അതേസമയം, കിറ്റിൽ നൽകുന്ന 11 ഇനങ്ങൾ പൊതുവിപണിയിൽ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു. ഇതാണ് ബിജെപി നേതാവ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ചർച്ചയാക്കിയത്. ഇതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നതും തട്ടിപ്പ് കണ്ടെത്തുന്നതും.

500 രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം. എന്നാൽ സപ്ലൈകോ സർക്കാരിലേക്ക് നൽകിയ കണക്കിലും പായ്ക്കിങ് ചാർജ് ഉൾപ്പെടെ ഒരു കിറ്റിന് ചെലവ് 500 രൂപ. ഇതേ 11 സാധനങ്ങൾ സപ്ലൈകോ ഔട്ട്‌ലറ്റിൽ നേരിട്ടു പോയി വാങ്ങുക. ആകെ ചെലവാകുന്നത് 357 രൂപ. 20 രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാർജും കൂടി കൂട്ടിയാലും ആകെ 382 രൂപയേ ആകൂ. പൊതുവിപണിയിൽ മുന്തിയ ബ്രാൻഡുകൾ നോക്കി വാങ്ങിയാൽ പോലും 500 രൂപ വരുന്നില്ലെന്നതായിരുന്നു സന്ദീപ് വചസ്പതി ചർച്ചയാക്കിയത്. ഇതു തന്നെയാണ് വിജിലൻസും കണ്ടെത്തുന്നത്.

ഇത്രയും സാധനങ്ങൾ ഇടെൻഡർ വഴി വാങ്ങാൻ സപ്ലൈകോയ്ക്ക് എത്ര രൂപ ചെലവായി എന്നതും പരിശോധിക്കേണ്ട വസ്തുതയാണ്. പല വിതരണക്കാരിൽ നിന്ന് പല വിലയ്ക്ക് വാങ്ങിയതിനാൽ ഓരോന്നിന്റെയും ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി കണക്കാക്കി നോക്കിയാലും വലിയ തട്ടിപ്പ് നടന്നിട്ടുണ്ട്. ആകെ ചെലവ് 337രൂപ 18 പൈസ മാത്രം. കിറ്റൊന്നിന് അഞ്ചുരൂപ പായ്ക്കിങ് ചാർജ് കൂടി കൂട്ടിയാലും ഒരു കിറ്റിന് ചെലവ് 342.18 രൂപയേ ചെലവ് വന്നിട്ടുള്ളൂ. അതായത് പറഞ്ഞതിനേക്കാൾ 100 മുതൽ 150 രൂപ വരെ കുറവ്. 88 ലക്ഷം കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് നൽകുന്നത്.

പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലുമാണ് വിജിലൻസ് ഇന്നലെ പരിശോധന നടത്തിയത്. വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും അടക്കം 11 ഇനങ്ങൾ അടങ്ങിയ 500 രൂപ മൂല്യമുള്ള കിറ്റാണ് ഓണം പ്രമാണിച്ചു സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. 13 നാണ് വിതരണം തുടങ്ങിയത്. എന്നാൽ 500 രൂപയ്ക്കുള്ള വസ്തുക്കൾ കിറ്റിൽ ഇല്ലെന്ന് വ്യാപകമായി പരാതിയുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും 58 പാക്കിങ് സെന്ററുകളിലുമാണ് ഓപ്പറേഷൻ ക്ലീൻ കിറ്റ് നടത്തിയത്. പരാതികൾ എല്ലാം ശരിവയ്ക്കുന്നതാണ് വിജിലൻസ് കണ്ടെത്തൽ.

ഓണക്കിറ്റുകളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച പറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തിവയ്ക്കും . ക്രമക്കേട് കണ്ടെത്തിയ ഇടങ്ങളിൽ തുടർഅന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിജിലസിന്റെ അറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP